Friday, May 16, 2014

കേന്ദ്ര മന്ത്രിമാര്‍ കൂട്ടത്തോടെ തോറ്റു

ന്യൂഡല്‍ഹി: ബി.ജെ.പി തരംഗത്തില്‍ വോട്ടുകള്‍ ചോര്‍ന്നപ്പോള്‍ മല്‍സരരംഗത്തുണ്ടായിരുന്ന കേന്ദ്രമന്ത്രിമാരില്‍ നല്ലൊരു പങ്കും ലോക്‌സഭാ സ്‌പീക്കര്‍ മീരാകുമാറും പരാജയം രുചിച്ചു. ബിഹാറിലെ സസാറാമിലാണ്‌ മീരാ കുമാര്‍ പരാജയപ്പെട്ടത്‌. ബി.ജെ.പിയിലെ ചെദി പസ്വാന്‍ അവരെ 63327 വോട്ടിനു തോല്‍പിച്ചു. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ്‌ തോറ്റവരില്‍ ഏറ്റവും പ്രമുഖന്‍. ഷോലാപുറില്‍ ബി.ജെ.പിയിലെ ശരദ്‌ ഭോണ്‍സ്‌ലെയോടാണ്‌ ഷിന്‍ഡെ തോറ്റത്‌. സാംഗ്ലിയില്‍ കേന്ദ്ര മന്ത്രി പ്രതീക്‌ പാട്ടീല്‍ ബി.ജെ.പിയിലെ സഞ്‌ജയ്‌കാക്ക പാട്ടിലിനോട്‌ പരാജയപ്പെട്ടു. ഭണ്ഡാര ഗോണ്ട്യയില്‍ ബി.ജെ.പിയിലെ നനാ പടോലെ എന്‍.സി.പിയുടെ മുന്‍ നിര നേതാവും കേന്ദ്ര മന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെ പരാജയപ്പെടുത്തി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്‍.പി.എന്‍. സിംഗ്‌ ഉത്തര്‍പ്രദേശിലെ കുശി നഗറില്‍ ബി.ജെ.പിയുടെ രാജേഷ്‌ പാണ്ഡേയോട്‌ 85530 വോട്ടിനു പരാജയപ്പെട്ടു. ചിറ്റോര്‍ഗര്‍ സീറ്റില്‍ കേന്ദ്രമന്ത്രി ഗിരിജാ വ്യാസ്‌ ബി.ജെ.പിയിലെ ചന്ദ്ര പ്രകാശ്‌ ജോഷിയോട്‌ 316857 വോട്ടിനു പരാജയപ്പെട്ടു. കേന്ദ്രമന്ത്രിയും രാജസ്‌ഥാന്‍ പി.സി.സി പ്രസിഡന്റുമായ സച്ചിന്‍ പൈലറ്റ്‌ അജ്‌മീറില്‍ ബി.ജെ.പിയുടെ സന്‍വാര്‍ലാല്‍ ജാട്ടിനോട്‌ 171983 വോട്ടിനാണു തോറ്റത്‌. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കൂടിയായ കേന്ദ്ര ആരോഗ്യ മന്തി ഗുലാം നബി ആസാദ്‌ ബി.ജെപിയുടേ ജിതേന്ദ്ര സിംഗിനോട്‌ ഉധംപൂരില്‍ 60976 വോട്ടിനു തോറ്റു. ജീവിതത്തില്‍ ഇതേവരെ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടില്ലാത്ത കേന്ദ്രമന്ത്രി ഫറൂഖ്‌ അബ്‌ദുള്ള ഇത്തവണ ശ്രീനഗറില്‍ പി.ഡി.പിയിലെ ടാരിഖ്‌ ഹമീഡ്‌ കാറയോട്‌ തുടക്കം മുതലേ പിന്നില്ലായിരുന്നു. 35000 വോട്ടിലധികം ഭൂരിപക്ഷത്തോടെയാണ്‌ കാറ ജയിച്ചത്‌. കേന്ദ്ര മന്ത്രി ധിന്‍ഷാ പട്ടേല്‍ ഗുജറാത്തിലെ ഖേദ മണ്ഡലത്തില്‍ ബി.ജെപിയിലെ ദേവുസിന്‍ഹ്‌ ചൗഹാനോടു പരാജയപ്പെട്ടു. ഗുജറാത്തിലെ തന്നെ ആനന്ദില്‍ കേന്ദ്രമന്ത്രി ഭരത്‌ സോളങ്കി ബി.ജെ.പിയുടെ ദിലിപ്‌ പട്ടേലിനോട്‌ പരാജയമടഞ്ഞു. ആന്ധ്രാപ്രദേശിലെ ആരുകു ലോക്‌സഭാ മണ്ഡലത്തിലെ കേന്ദ്ര മന്ത്രി വി. കിഷോര്‍ ചന്ദ്ര ദേവ്‌ വൈ.എസ്‌.ആര്‍. കോണ്‍ഗ്രസിലെ കെ.ഗീതയോട്‌ തോല്‍വിയടഞ്ഞു. പട്യാലയില്‍ ആം ആദ്‌മി പാര്‍ട്ടിയാണ്‌ ഒരു കേന്ദ്രമന്ത്രിയുടെ ജയം തടഞ്ഞത്‌. ഇവിടെ പരാജയപ്പെട്ടത്‌ കേന്ദമന്ത്രി പരിണീത്‌ കൗര്‍. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യയായ പരിണീതിനെ ആപ്പിലെ ഡോ. ധരം വീര ഗാന്ധി പരാജയപ്പെടുത്തി. കേന്ദ്ര ധനകാര്യ സഹമന്ത്രി നമോനാരായണ്‍ മീണയെ ദൗസയില്‍ തോല്‌പിച്ചത്‌ സഹോദരനായ ബി.ജെ.പി സ്‌ഥാനാര്‍ഥി ഹരിഷ്‌ ചന്ദ്ര മീണയാണ്‌. പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രിയായ വി.നാരായണ സ്വാമി പുതുച്ചേരിയില്‍ എ.എസ്‌ന്‍.ആര്‍.സിയിലെ ആര്‍. രാധാകൃഷ്‌ണന്‍ പരാജയപ്പെടുത്തി. ജോധ്‌പുരില്‍ കേന്ദ്രമന്ത്രി ചന്ദ്രേഷ്‌ കുമാരി കടോച്‌ പരാജയപ്പെട്ടു. ബി.ജെ.പിയുടെ പുതുമുഖം ഗജേന്ദ്ര സിംഗ്‌ ശേഖാവത്ത്‌ ആണ്‌ അവരെ പരാജയപ്പെടുത്തിയത്‌. രാഹുല്‍ ഗാന്ധിയുടെ ഉറ്റ അനുയായിയും കേന്ദ്ര മന്ത്രിയുമായ ഭന്‍വാര്‍ ജീതേന്ദ്ര സിംഗ്‌ ആള്‍വാറില്‍ ബി.ജെ.പിയുടെ ചന്ദ്രനാഥിനെതിരേ പരാജയപ്പെട്ടു. അതേസമയം കേരളത്തില്‍ നിന്നും മത്സരിച്ച അഞ്ചു കേന്ദ്രമന്ത്രിമാരും വിജയം നേടി. കെ. വി. തോമസ്‌ എറണാകുളത്ത്‌ നിന്നും മുല്ലപ്പള്ളി വടകരയില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷ്‌ മാവേലിക്കരയില്‍ നിന്നും വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്നും ശശി തരൂര്‍ തിരുവനന്തപുരത്ത്‌ നിന്നും വിജയം നേടി. രാഷ്‌ട്രീയ ജനതാദള്‍ നേതാവ്‌ ലാലുപ്രസാദിന്‌ സകല രീതിയിലും കാര്യങ്ങള്‍ കൈവിട്ടു പോയി. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ലാലുവിന്റെ ഭാര്യ റാബ്രിദേവിയും മകള്‍ മിസാ ഭാരതിയും തോല്‍വി ഏറ്റുവാങ്ങി. സരണില്‍ മത്സരിച്ച റാബ്രിദേവി ബിജെപി സ്‌ഥാനാര്‍ത്ഥി രാജീവ്‌ പ്രതാപ്‌ റൂഡിയോട്‌ തോറ്റപ്പോള്‍ മിസാഭാരതി തോറ്റത്‌ മുന്‍ ആര്‍ജെഡി നേതാവ്‌ കൂടിയായ ബിജെപി സ്‌ഥാനാര്‍ത്ഥി രാം കൃപാല്‍ യാദവിനോടായിരുന്നു.

No comments:

Post a Comment