Saturday, July 13, 2013

സമിതിയിൽ നിന്ന് സി-ഡാക്കിനെ ഒഴിവാക്കിയതെന്തിനെന്ന് ബിനോയ് വിശ്വം

മുഖ്യമന്ത്രിയോട് പതിനൊന്ന് ചോദ്യങ്ങൾ തൃശൂര്‍: സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി ടി വി ദൃശ്യങ്ങൾ വീണ്ടെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറയുന്നത് ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൈബർ കുറ്റാന്വേഷണ രംഗത്ത് തെളിയിക്കപ്പെട്ട മികവ് പ്രകടിപ്പിച്ച സി-ഡാക്കിനെ വിദഗ്​ദ്ധ സമിതിയിൽ നിന്ന് ഒഴിവാക്കിയത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് 11 ചോദ്യങ്ങൾ അദ്ദേഹം മുഖ്യമന്ത്രിയോട് ഉന്നയിച്ചു.
1. കന്പ്യൂട്ടറിലെ മാഞ്ഞുപോയ വിവരങ്ങൾ തിരികെയെടുക്കാൻ കഴിയുന്ന 'ഡാറ്റാ കാർവിംഗ് ' വിദ്യയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവുണ്ടോ ?
2. തിരിച്ചെടുക്കാൻ കഴിയാത്തവിധം സി.സി ടി വി ദൃശ്യങ്ങൾ നശിപ്പിച്ച് കളഞ്ഞിട്ടുണ്ടോ ?
3. ഉണ്ടെങ്കിൽ അത് ആരാണ് ചെയ്തത്?
4. ആരുടെ താല്പര്യങ്ങളെയാണ് അത് സംരക്ഷിക്കുന്നത് ?
5. സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക് പൊലീസ് കസ്റ്റഡിയിൽ എടുക്കാത്തത് എന്തുകൊണ്ട്?
6. പൊലീസ് അന്വേഷണത്തിലിരിക്കുന്ന കേസിലെ ആധികാരിക തെളിവ് പരിശോധിക്കാൻ രാഷ്ട്രീയ തീരുമാന പ്രകാരം കമ്മിറ്റിയെ വയ്​ക്കുന്നതിന്റെ യുക്തി എന്ത് ?
7. കമ്മിറ്റിയിലേക്ക് മുഖ്യമന്ത്രി നിർദ്ദേശിച്ച രണ്ട് പ്രമുഖ വ്യക്തികൾക്കും സൈബർ കുറ്റാന്വേഷണ രംഗത്ത് എന്ത് പ്രാഗത്ഭ്യമാണുള്ളത് ?
8. സൈബർ കുറ്റാന്വേഷണ രംഗത്ത് തെളിയിക്കപ്പെട്ട മികവ് പ്രകടിപ്പിച്ച സി-ഡാക്കിനെപ്പറ്റി മുഖ്യമന്ത്രിക്ക് അറിയില്ലേ ?
9. സി-ഡാക്കിലെ വിദഗ്ധരായ ഭദ്രൻ, ബി. രമണി എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതില്ല എന്ന് മുഖ്യമന്ത്രി എന്തുകൊണ്ടാണ് തീരുമാനിച്ചത് ?
10. കുറ്റാന്വേഷണ ഏജൻസികളിൽ നിന്ന് രാഷ്ട്രീയ തീരുമാന പ്രകാരമുള്ള സമിതികൾ അന്വേഷണം ഏറ്റെടുക്കുന്നതിന്റെ കാരണം എന്താണ്?
11. സി.സി ടി വിയുടെ ഹാർഡ് ഡിസ്കിലെ തെളിവുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് നശിപ്പിച്ചിട്ടില്ലെന്ന് എങ്ങനെ വിശ്വസിക്കാൻ കഴിയും ?
Kerala kaumudiReport

No comments:

Post a Comment