Friday, 26 July 2013
പത്തനംതിട്ട: സർക്കാരിലെ പ്രമുഖ മന്ത്രിമാരും എം.എൽ.എ മാരും ടീം സോളാറിന്റെ ജില്ലാതല ഓഫീസുകളുടെ ഉദ്ഘാടനത്തിനും കൊച്ചിയിൽ നടത്തിയ അവാർഡുദാന നിശക്കും എത്തിയതിന്റെ ഫോട്ടോകൾ ചോർന്നത് ആഭ്യന്തര വകുപ്പിനെ ഞെട്ടിച്ചു. സോളാർ തട്ടിപ്പുമായി ബന്ധപെട്ട് സരിത എസ്. നായരെ തിരുവനന്തപുരത്തുള്ള വാടക വീട്ടിൽ നിന്ന് ജൂൺ മൂന്നിന് പെരുമ്പാവൂർ ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ തന്നെ ഇവരുമായി ബന്ധപ്പെട്ടുള്ള ഫോട്ടോകൾ ശേഖരിക്കാൻ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് സരിതയുടെ ലാപ്പ് ടോപ്പിലെയും ഒരോ ജില്ലയിലും നടന്ന ഉദ്ഘാടനത്തിന്റെയും അവാർഡുദാന ചടങ്ങിന്റെയും ഫോട്ടോകൾ പോലീസ് ഓടി നടന്ന് ശേഖരിച്ചു. ഈ ഫോട്ടോയാണ് കഴിഞ്ഞ അഞ്ചിന് കേരളകൗമുദി ഫ്ളാഷിലൂടെ ആദ്യമായി പുറത്തുവന്നത്.
മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ, മന്ത്രിമാരായ പി.ജെ. ജോസഫ്, കെ.പി. മോഹനൻ, ജയലക്ഷ്മി എന്നിവരും എം.എൽ.എ ഹൈബി ഈഡൻ, കൊച്ചി മേയർ ടോണി ചമ്മണി, യു.ഡി.എഫിലെ മുതിർന്ന നേതാക്കൾ എന്നിവർ പ്രതികളുമായി വേദി പങ്കിട്ട ചിത്രങ്ങളാണ് ഫ്ളാഷ് പ്രസിദ്ധീകരിച്ചത്. ആഭ്യന്തര വകുപ്പിലെ ഉന്നതരുടെ അറിവോടെ വകുപ്പ് മന്ത്രിയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ കൈകളിലാണ് ഫോട്ടോകൾ ഉണ്ടായിരുന്നത്. ഇത് എങ്ങനെ പുറത്തുപോയി എന്നതിനെപ്പറ്റി ഇപ്പോഴും പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് അജ്‌ഞാതമാണ്. ഇത് കണ്ടെത്താൻ പൊലീസ് ചില മാധ്യമ പ്രവർത്തകരുടെ ഫോണുകൾ ചോർത്തിയെങ്കിലും ഈ വിവരവും പിന്നീട് പുറത്തായി.
പൊലീസിന്റെ പക്കലുള്ള കൂടുതൽ ചിത്രങ്ങൾ വെളിയിൽ വിട്ട് സർക്കാരിനെ പ്രതിരോധത്തിലാക്കരുതെന്നും പ്രത്യേക അന്വേഷണ സംഘത്തിലുള്ളവർക്ക് സർക്കാർ കഴിഞ്ഞ ദിവസം കർശന നിർദേശം നൽകി. ടീം സോളാർ സംഘടിപ്പിച്ച പരിപാടികളിൽ പ്രതിപക്ഷ എം.എൽ.എമാർ പങ്കെടുത്ത ചിത്രങ്ങൾ പോലീസ് കണ്ടെത്താൻ കഴിയാതിരുന്നതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്. തിരുവഞ്ചൂരിന്റെ വിശ്വസ്തരെ ഉൾപ്പെടുത്തി ഉണ്ടാക്കിയ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും തുടക്കം മുതൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നടപടികളാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നാണ് യു.ഡി.എഫി.ലെ ഒരു വിഭാഗം എം.എൽ.എമാർ ആരോപിക്കുന്നത്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി സെൻകുമാർ എസ്.സി.ആർ.ബി ഐ.ജി ടി.ജെ ജോസിനെതിരേ തയാറാക്കിയ ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നതിന് മുമ്പുതന്നെ ചോർന്നത് ഭരണപക്ഷത്തെ എം.എൽ.എമാരെ പ്രകോപിതരാക്കിയിട്ടുണ്ട്. അന്വേഷണ സംഘം കണ്ടെത്തുന്ന തെളിവുകളും നീക്കങ്ങളും അപ്പോൾ തന്നെ ചോരുന്നത് പോലീസ് സേനയ്ക്കുള്ളിൽ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തിന്റെ ശ്രമമാണെന്നാണ് ഭരണ പക്ഷത്തെ എം.എൽ.എമാരുടെ ആരോപണം.
News Credits Kerala kaumudi
No comments:
Post a Comment