വിവിഐപി പരിഗണനയില്‍ തട്ടിപ്പുവീരന്മാര്‍
സ്വന്തം ലേഖകന്‍
07-Jul-2013
തിരു: സോളാര്‍ തട്ടിപ്പുകേസിലെ പ്രതികള്‍ക്ക് വിവിഐപി പരിഗണന നല്‍കുന്നത് ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശപ്രകാരം. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ക്കു പുറമെ വെള്ളിയാഴ്ച അറസ്റ്റിലായ ശാലുമേനോനും പൊലീസ് നല്‍കിയത് വിവിഐപി പരിഗണന. ശാലുവിനെ രക്ഷിക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവസാനനിമിഷം വരെ ശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഒടുവില്‍ തൃശൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാന്‍ ഉത്തരവിടുകയും മന്ത്രിസ്ഥാനം തന്നെ നഷ്ടമാകുമെന്ന ഘട്ടമെത്തുകയും ചെയ്തപ്പോഴാണ് മന്ത്രി അറസ്റ്റിന് സമ്മതിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ചങ്ങനാശേരിയിലെ ശാലുവിന്റെ വീട്ടില്‍നിന്നുള്ള യാത്രപോലും വിനോദയാത്ര പോലെയുള്ള "ചടങ്ങായി". കസ്റ്റഡിയില്‍ എടുക്കുന്നതിന് പൊലീസ് എത്തുന്നതിനും മണിക്കൂറുകള്‍ക്കു മുമ്പേ ശാലു കുളിച്ച് വിലകൂടിയ വസ്ത്രം ധരിച്ച് അതിഥികളെ കാത്തെന്നപോലെ പൂമുഖ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്നു. പൊലീസ് എത്തി നിമിഷങ്ങള്‍ക്കകം എല്ലാം പറഞ്ഞുറപ്പിച്ചപോലെ യാത്ര പുറപ്പെട്ടു. പൊലീസ് വാഹനത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ എസിയില്ലാത്തതിനാല്‍ കറുത്ത ചില്ലിട്ട സ്വന്തം കാറില്‍ സ്വന്തം ഡ്രൈവറോടൊപ്പം യാത്ര ചെയ്യാന്‍ സിഐ അഭ്യര്‍ഥിച്ചു. മറ്റൊരു ആഡംബര കാറില്‍ ശാലുവിന്റെ അമ്മയും. തലസ്ഥാനത്ത് എത്തി അറസ്റ്റ് രേഖപ്പെടുത്തിയശേഷം കന്റോണ്‍മെന്റ് വനിതാ സെല്ലില്‍ എത്തിച്ചപ്പോഴും വിവിഐപി പരിഗണന. ഒരു വനിതാ പൊലീസുകാരി ലോക്കപ്പ് തുറക്കാന്‍ തുടങ്ങിയപ്പോഴേക്കും ഒരു ഉദ്യോഗസ്ഥന്‍ തട്ടിമാറ്റി. ലോക്കപ്പില്‍ ഇടരുതെന്ന് ഉന്നതങ്ങളില്‍നിന്നു നിര്‍ദേശം വന്നിരുന്നു. വനിതാ സെല്ലിലും രാജകീയ പരിഗണന. കോടതിയില്‍ ഹാജരാക്കി അട്ടക്കുളങ്ങര വനിതാ ജയിലില്‍ അടയ്ക്കുന്നതുവരെ ഇത് തുടര്‍ന്നു
. കൊലക്കേസ് പ്രതിയായ ബിജു രാധാകൃഷ്ണനും ഇതേ പരിഗണനയാണ് നല്‍കുന്നത്. പൊലീസ് കസ്റ്റഡിയില്‍ കഴിയവെ അസുഖം ബാധിച്ചാല്‍ സര്‍ക്കാര്‍ ആശുപത്രിയിലോ മെഡിക്കല്‍ കോളേജ് ആശപത്രിയിലോ എത്തിക്കണമെന്നാണ് ചട്ടം. എന്നാല്‍, ബിജുവിനെ കൊണ്ടുപോയത് സ്വകാര്യ ആശുപത്രിയില്‍. സരിത ഓരോ ദിവസവും പൊലീസ് കസ്റ്റഡിയില്‍ വിവിധ സ്റ്റേഷനുകളിലേക്ക് പോകുമ്പോള്‍ ധരിക്കുന്നത് പുത്തന്‍ ഉടുപ്പുകളാണ്. ഇങ്ങനെ മാറിമാറി ധരിക്കാന്‍ വസ്ത്രം എത്തിക്കുന്നത് ആരെന്ന ചോദ്യമുയരുന്നു. ഫാഷന്‍ പരേഡിന് പോകും പോലെയാണ് സരിത വേഷം മാറുന്നതെന്നാണ് ചീഫ്വിപ്പ് പി സി ജോര്‍ജ് പരിഹസിച്ചത്. കേസിലെ മറ്റൊരു പ്രതി പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസ് പൊലീസ് ഭാഷയില്‍ ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ ഫിറോസ് തലസ്ഥാനത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫിറോസിനെ അറസ്റ്റുചെയ്യാത്തത് എന്തെന്ന് ചോദിച്ചപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത് ആശുപത്രിയില്‍നിന്ന് അറസ്റ്റുചെയ്താല്‍ അതാകും കുറ്റമെന്ന്. എന്നാല്‍, മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതേടെ ഫിറോസ് മുങ്ങി. ഡിജിപി ഉള്‍പ്പെടെ ഹൈക്കോടതിയില്‍ ഉള്ള ദിവസം ഫിറോസ് അവിടെയെത്തി ജാമ്യഹര്‍ജി സമര്‍പ്പിച്ചു മടങ്ങി. ഇനി ഫിറോസിന്റെ അറസ്റ്റും ഉന്നതരുമായി ചേര്‍ന്നുള്ള മറ്റൊരു നാടകമാകും. കേരളം ആദരിക്കുന്ന നടന്‍ കലാഭവന്‍ മണിയെ വനപാലകരുമായുണ്ടായ കശപിശയുടെ പേരില്‍ അറസ്റ്റുചെയ്തപ്പോള്‍ പോലും പൊലീസ് ജീപ്പില്‍ കയറ്റിയാണ് കൊണ്ടുപോയത്.
തിരുവഞ്ചൂര്‍ വന്നത് ക്ഷണിച്ചിട്ടെന്ന് ശാലു
സ്വന്തം ലേഖകന്‍
06-Jul-2013
തിരു: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗൃഹപ്രവേശ ചടങ്ങിന് എത്തിയത് താന്‍ ക്ഷണിച്ചിട്ടാണെന്ന് സോളാര്‍ തട്ടിപ്പുകേസിലെ പ്രതി നടി ശാലുമേനോന്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴിനല്‍കി. തിരുവഞ്ചൂരുമായി അടുത്ത വ്യക്തിബന്ധമാണ് ഉള്ളതെന്നും ഗൃഹപ്രവേശനദിവസം വീട്ടില്‍ വരുന്ന വിവരം അദ്ദേഹം ഫോണില്‍ അറിയിച്ചിരുന്നതായും ശാലു മൊഴിനല്‍കി. പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തിയതിനാലാണ് ശാലുവിന്റെ വീട്ടില്‍കയറിയതെന്ന തിരുവഞ്ചൂരിന്റെ വാദം കളവാണെന്ന് ഇതോടെ വ്യക്തമായി.
ഏപ്രില്‍ 28നായിരുന്നു ഗൃഹപ്രവേശം നടന്നത്. അതിനു ദിവസങ്ങള്‍ക്കു മുമ്പ് താനും അമ്മയും മന്ത്രിയെ ഫോണില്‍ ക്ഷണിച്ചിരുന്നെന്ന് ശാലു വെളിപ്പെടുത്തി. തിരുവഞ്ചൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുമായുള്ള സൗഹൃദം സംബന്ധിച്ച് കൂടുതല്‍ കാര്യം വെളിപ്പെടുത്തിയെങ്കിലും കേസുമായി ബന്ധമില്ലെന്ന കാരണം പറഞ്ഞ് അവ രേഖപ്പെടുത്തിയില്ലെന്നാണ് സൂചന. ബിജുവുമായി പിരിയാന്‍ വയ്യാത്തവിധം അടുത്തിരുന്നു. വിവാഹിതരാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഒന്നിച്ച് ഉല്ലാസയാത്ര നടത്തി. തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും ഹോട്ടലുകളില്‍ ഒരുമിച്ച് കഴിഞ്ഞിട്ടുണ്ട്. സോളാര്‍ തട്ടിപ്പിലൂടെ കോടികള്‍ കൈവശം വന്നു ചേരുമെന്നും അത് ഉപയോഗിച്ച് സിനിമ നിര്‍മിക്കാമെന്നും കരുതി. കാര്‍ വാങ്ങുന്നതിന് അഞ്ചുലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയത് ബിജുവാണ്. ബാക്കി തുക താന്‍ തന്നെ നല്‍കി.
റാസിഖ് അലിയില്‍ നിന്ന് ഒരു തവണ പത്തു ലക്ഷവും പിന്നീട് 21 ലക്ഷവും നേരിട്ടുവാങ്ങിയെന്നും ശാലു മൊഴിനല്‍കി. പ്രത്യേക അന്വേഷണ സംഘത്തലവന്‍ എഡിജിപി എ ഹേമചന്ദ്രന്‍ നേരിട്ടാണ് ശാലുവിനെ ചോദ്യംചെയ്തത്. തട്ടിപ്പില്‍ പങ്കില്ലെന്നും ബിജു 20 ലക്ഷം തട്ടിയെന്നും ആദ്യം പറഞ്ഞ ശാലു അന്വേഷണ ഉദ്യോഗസ്ഥര്‍ കടുപ്പിച്ചപ്പോഴാണ് കുറ്റം സമ്മതിച്ചത്
1.19 കോടിയുടെ തട്ടിപ്പ് തിരുവഞ്ചൂര്‍ പൂഴ്ത്തി, പിന്നില്‍ ഗൂഢലക്ഷ്യം
തിരു: അമേരിക്കന്‍ മലയാളിയില്‍നിന്ന് സരിത എസ് നായര്‍ 1.19 കോടി തട്ടിയ പരാതി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നുമാസത്തിലധികം പൂഴ്ത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക്മെയില്‍ ചെയ്യാനെന്ന് എ ഗ്രൂപ്പിന് ആക്ഷേപം. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തില്‍ ആഭ്യന്തരമന്ത്രിപദം നഷ്ടപ്പെടാതിരിക്കാന്‍ ഈ പരാതി തിരുവഞ്ചൂര്‍ ഉപയോഗിച്ചെന്നാണ് എ ഗ്രൂപ്പിലെ ഒരുവിഭാഗം പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തെളിവുകളോടെ നല്‍കിയ പരാതി തിരുവഞ്ചൂര്‍ സ്വാര്‍ഥലക്ഷ്യത്തോടെ ഉപയോഗിക്കുകയായിരുന്നു. വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നും ടീംസോളാര്‍ കമ്പനിയുടെ ബിസിനസ് പങ്കാളിയാക്കാമെന്നും വാഗ്ദാനം ചെയ്ത് 1.19 കോടി രൂപ സരിതയും ബിജു രാധാകൃഷ്ണനും തട്ടിയെടുത്തതായി കാണിച്ച് പത്തനംതിട്ട ഇടയാറന്മുള ഇടത്തറ കോട്ടക്കകത്ത് ഇ കെ ബാബുരാജന്‍ മാര്‍ച്ച് പതിനാലിനാണ് പരാതി നല്‍കിയത്. കേസെടുത്തതാകട്ടെ ജൂണ്‍ 18നും. നേരിട്ടുവാങ്ങിയ പരാതി മൂന്നുമാസം തിരുവഞ്ചൂര്‍ പൂഴ്ത്തിവച്ചു. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും തട്ടിപ്പിനെപ്പറ്റി നേരത്തെ അറിയില്ലായിരുന്നെന്ന തിരുവഞ്ചൂരിന്റെ വാദവും ഇതോടെ പൊളിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരുടെ ഒപ്പും സീലുമുള്ള ഔദ്യോഗിക കത്തുകള്‍ കാട്ടിയാണ് പണം വാങ്ങിയതെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പണം വാങ്ങിയതു സംബന്ധിച്ച തെളിവുകളും പരാതിക്കൊപ്പം നല്‍കിയിരുന്നു. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ഓഫീസ് വഴി പരാതിയില്‍ നടപടി സ്വീകരിപ്പിക്കാന്‍ ബാബുരാജന്‍ ശ്രമം നടത്തിയിട്ടും ഫലമുണ്ടായില്ല. സോളാര്‍ തട്ടിപ്പ് വിവാദമായതോടെയാണ് കേസെടുത്ത് അന്വേഷിക്കാന്‍ ആറന്മുള പൊലീസിന് ആഭ്യന്തരമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയത്. നാല്‍പ്പതു വര്‍ഷമായി അമേരിക്കയില്‍ ജോലിചെയ്യുന്ന ബാബുരാജന്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ മലയാളമനോരമ പത്രത്തില്‍ വന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് സരിതയുമായി ബന്ധപ്പെട്ടത്. ബാബുരാജന്റെ വീട്ടിലെത്തിയ സരിത സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി 1.80 ലക്ഷം രൂപ ചെലവാകുമെന്ന് അറിയിച്ചു. 60,000 രൂപ മുന്‍കൂറായി വാങ്ങി. തുടര്‍ന്ന് ഒരു ലക്ഷം രൂപകൂടി കൈപ്പറ്റി. ഒരാഴ്ച കഴിഞ്ഞ് തന്റെ സ്ഥാപനത്തില്‍ ഓഹരി എടുക്കണമെന്ന് ആവശ്യപ്പെട്ട് സരിതയും ബിജുരാധാകൃഷ്ണനും എത്തി. മുഖ്യമന്ത്രി, വൈദ്യുതമന്ത്രി തുടങ്ങിയവരുടെ കത്തുകള്‍ കാട്ടി. 20 ലക്ഷം കമ്പനി നിക്ഷേപമായും ഓഹരിയായും വാങ്ങി. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി 40 ലക്ഷത്തിലധികം രൂപകൂടി തട്ടിയെടുത്തു.
തിരുവഞ്ചൂരിന്റെ നിലയും പരുങ്ങലില്‍
ആര്‍ എസ് ബാബു
Posted on: 06-Jul-2013
തിരു: സോളാര്‍ തട്ടിപ്പ് പ്രതികളുമായുള്ള ഫോണ്‍വിളി യുഡിഎഫ് സര്‍ക്കാരിനെ പിടിച്ചുലച്ചതോടെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നില കൂടുതല്‍ പരുങ്ങലിലായി. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസാണ് കുറ്റം ചെയ്തതെന്ന റിപ്പോര്‍ട്ടുമായി തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ കണ്ടു. പക്ഷേ, അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിഷേധിച്ചതായും സംശയമുന ആഭ്യന്തരമന്ത്രിയിലേക്കാണ് നീളുന്നതെന്നും ചില ഭരണകേന്ദ്രങ്ങള്‍ പറയുന്നു. സോളാര്‍ കുംഭകോണത്തിലെ പ്രതികളായ സരിത നായര്‍, ശാലുമേനോന്‍ എന്നിവരുമായി ബന്ധമുള്ള തിരുവഞ്ചൂര്‍, മറ്റ് മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍വിളി പട്ടിക ടിവി ചാനലുകള്‍ക്ക് ചോര്‍ത്തി എന്ന സംശയം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഭേദമന്യേ ശക്തിപ്പെട്ടത് തിരുവഞ്ചൂരിന്റെ മന്ത്രിപദവിക്കുതന്നെ ഭീഷണിയായി.
ഫോണ്‍വിളി പട്ടിക ചാനലുകള്‍ക്ക് ചോര്‍ത്തിയത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ബാലകൃഷ്ണനാണെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചത്. ഇന്റലിജന്‍സ് എഡിജിപി സെന്‍കുമാറിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മുന്‍ സിറ്റി പൊലീസ് കമീഷണറില്‍ നിന്ന് ആര്‍ കെ സമ്പാദിച്ച പട്ടികയില്‍ ഫോണ്‍ നമ്പരുകള്‍ മാത്രമാണുണ്ടായിരുന്നത്. പട്ടികയില്‍ തന്റെ ഫോണ്‍ നമ്പരുണ്ടോയെന്ന് പരിശോധിക്കാനാണ് ലിസ്റ്റ് സമ്പാദിച്ചതെന്നാണ് ആര്‍ കെ യുടെ വിശദീകരണം. എന്നാല്‍, വിളിച്ചവരുടെ പേരടങ്ങിയ പൊലീസ് രേഖയാണ് ചാനലുകള്‍ക്ക് ലഭിച്ചത്. ഇത് ഡിജിപി, എഡിജിപി ആഭ്യന്തരമന്ത്രി എന്നിവരുടെ മാത്രം പക്കലാണുള്ളത്. അതുകൊണ്ടാണ് ആഭ്യന്തരമന്ത്രിയാണ് ചോര്‍ത്തിയതെന്ന് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി തിരുവഞ്ചൂരിനെ ക്ലിഫ് ഹൗസില്‍ വിളിച്ചുവരുത്തി സംസാരിച്ചത്. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി, ചെന്നിത്തല, തിരുവഞ്ചൂര്‍ എന്നിവര്‍ കൂടിയാലോചന നടത്തി. സോളാര്‍ തട്ടിപ്പ് സൃഷ്ടിച്ച കൊടുങ്കാറ്റില്‍ സര്‍ക്കാര്‍ നിലംപൊത്തുമെന്ന ആശങ്കയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ താല്‍പ്പര്യപ്രകാരം വെള്ളിയാഴ്ച രാവിലെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റില്‍ എത്തി ഉമ്മന്‍ചാണ്ടിയെ കണ്ട് അരമണിക്കൂറോളം ചര്‍ച്ച നടത്തി.
പൊലീസിന്റെ കൈവശമുള്ള രേഖ ചാനലുകള്‍ക്ക് ചോര്‍ത്തിയത് ആഭ്യന്തരമന്ത്രിയാണന്ന സംശയത്തിന് അടിസ്ഥാനമുണ്ടെന്ന് കരുതുന്നതായി ചെന്നിത്തല പറഞ്ഞു. തട്ടിപ്പിലെ പങ്കാളികളെയും സഹായികളെയും രക്ഷിക്കാനാണ് ഈ നടപടി. അതുകൊണ്ടുതന്നെ പട്ടിക ചോര്‍ത്തലിനെതിരെ കര്‍ശന നടപടി വേണമെന്ന് രമേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പി പി തങ്കച്ചനും ചര്‍ച്ചയില്‍ പങ്കാളിയായി. സര്‍ക്കാരിനെ സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്താമെന്നുംരമേശ് പറഞ്ഞു. സംഘടന-മന്ത്രിസഭ പുന:സംഘടന ചര്‍ച്ചയായില്ല. എന്നാല്‍, നിയമസഭാ സമ്മേളനം കഴിഞ്ഞാല്‍ മന്ത്രിസഭ പുന:സംഘനയുണ്ടാകും. രമേശിനെ ആഭ്യന്തരമന്ത്രിയാക്കിയുള്ള അഴിച്ചുപണിക്കാണ് കരുക്കള്‍ നീങ്ങുന്നത്. എന്നാല്‍, സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ കോടതി പരാമര്‍ശം വന്നാല്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കേണ്ടിവരുമെന്നും അതിനായി കാക്കാനും ചില മുതിര്‍ന്ന നേതാക്കള്‍ ചെന്നിത്തലയെ ഉപദേശിച്ചിട്ടുണ്ട്.
News Credits: Desabhimani Daily
Salu Menon's early Statements in Media
No comments:
Post a Comment