സി.ജി. സുനിൽകുമാർ
Kerala KaumudiFriday, 26 July 2013
തൃശൂർ: കേസുകൾ ഒതുക്കാമെന്ന് വാഗ്ദാനംനൽകി സരിതയെക്കൊണ്ട് ഐ ഗ്രൂപ്പുകാരുടെ പേരുകൾ പറയിച്ചെന്ന് സൂചന. സരിത നൽകിയ മൊഴി ഗൂഢാലോചനയുടെ ഭാഗമാണെന്ന സൂചനകൾ പുറത്തു വന്നതിനെ തുടർന്ന് ഐ ഗ്രൂപ്പ് മറുപടിയൊരുക്കത്തിന് തയ്യാറെടുക്കുകയാണ്.
ഭരണസ്വാധീനം ഉപയോഗിച്ച് ഐ ഗ്രൂപ്പിലെ പലരുടെയും പേരുകൾ സരിതയെക്കൊണ്ട് പറയിച്ചുവെന്നും പകരം കേസുകൾ ഒതുക്കിക്കൊടുക്കാമെന്ന് ഉറപ്പു നൽകിയെന്നുമാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ പ്രാഥമിക വിലയിരുത്തൽ.സരിതയുടെ അഭിഭാഷകനുമായി ഒത്തുകളിച്ച് മൊഴി കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
മുഖ്യമന്ത്രിക്കും എ ഗ്രൂപ്പിനുമെതിരെയുള്ള പ്രതിഷേധം ഇതോടെ ഐ ഗ്രൂപ്പിനു നേരെ തിരിയുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. സരിതക്കെതിരെ അൻപതിലേറെ കേസുകളാണ് നിലവിലുള്ളത്. ഇതിൽ പലതും ചെറിയ സംഖ്യകളാണ്. ഈ കേസുകളെല്ലാം ഒതുക്കിതീർക്കാമെന്നാണത്രെ വാഗ്‌ദാനം.
സരിത പറഞ്ഞ മൊഴിയിൽ രണ്ട് ഐ.പി.എസ്. ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉന്നതരാണ് ഉള്ളതെന്നാണ് സൂചന. ഐജി , ഡി.ഐ.ജി റാങ്കുകാരാണത്രെ ഐ.പി.എസുകാർ. മന്ത്രിമാരിൽ രണ്ടു പേർ ഐ ഗ്രൂപ്പുകാരാണ്. എ ഗ്രൂപ്പുകാരനായ മറ്റൊരു സീനിയർ മന്ത്രി ബനിയനിട്ട് സരിതയുടെ തോളിൽ കൈയിട്ടിരിക്കുന്ന ചിത്രം ഉള്ളതായും ഇതിനകംതന്നെ പരസ്യമായിട്ടുണ്ട്. ഡൽഹിയിലെ എം.പിമാരുടെ ഫ്‌ളാറ്റിൽ വച്ച് ഒരു മന്ത്രി സരിതയെ ആദ്യം ബലംപ്രയോഗിച്ച് പീഡിപ്പിച്ചതായും അറിയുന്നു.
കേന്ദ്ര സർക്കാരിൽ നിന്ന് സോളാറുമായി ബന്ധപ്പെട്ട ഒരു കാര്യം നടത്തിയെടുക്കാൻ വേണ്ടിയാണ് ഇദ്ദേഹത്തെ സന്ദർശിച്ചത്. ഐ ഗ്രൂപ്പിലെതന്നെ യുവ എം.എൽ.എയുടെയും പേര് പറഞ്ഞിട്ടുള്ളതായാണ് അറിയുന്നത്. ബാംഗ്ളൂരിൽ സരിതയ്ക്കൊപ്പം താമസിച്ച മന്ത്രിയും ഐ ഗ്രൂപ്പുകാരനാണെന്നാണ് അറിയുന്നത്.
ഇന്ന് കോടതി സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും പരാമർശം നടത്തിയാൽ ബന്ധപ്പെട്ട മന്ത്രിമാർ എന്തു നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് ഡൽഹിയിൽ കേരളത്തിൽ നിന്നുള്ള എം.പിമാർ അടക്കമുള്ളവരുടെ യോഗം നടക്കുന്നുണ്ട്. കോടതിയുടെ പരാമർശം എന്താകുമെന്ന ആശങ്കയിലാണ് എല്ലാവരും.
No comments:
Post a Comment