Posted on: Monday, 22 July 2013
കൊച്ചി : സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായർ മജിസ്ട്രേട്ട് മുമ്പാകെ വെളിപ്പെടുത്തിയത് എന്തൊക്കെയെന്ന് വ്യക്തമാകാതിരിക്കെ, പല പ്രമുഖരും അങ്കലാപ്പിലാണ്.
തട്ടിപ്പുകേസിലെ പ്രതി നൽകിയ മൊഴിക്ക് എന്ത് വിശ്വസനീയതയെന്ന ചോദ്യം ഉയർന്നുകഴിഞ്ഞു. പക്ഷേ, വെറും ആരോപണമാണെങ്കിൽപോലും വിവാദം കെട്ടടങ്ങാതെ തുടരുമ്പോൾ വെട്ടിലാകാൻ അതുമതി. അങ്കലാപ്പ് സൃഷ്ടിക്കുന്നത് ഈ സാദ്ധ്യതയല്ല. ആരോപണമായി പൊന്തിവരുകയും പിന്നീട് കെട്ടടങ്ങുകയും ചെയ്ത പല വിവരങ്ങളും സരിതയ്ക്ക് അനാവരണം ചെയ്യാനാകും. ഇതാണ് അങ്കലാപ്പ് സൃഷ്ടിക്കുന്നത്.
സരിതയുടെ രഹസ്യമൊഴിയിൽ എന്തൊക്കെ രഹസ്യങ്ങളെന്ന് അറിയാതെ ഉത്കണ്ഠയോടെ കഴിയുന്നവരിൽ ചില മന്ത്രിമാരുമുണ്ടെന്നാണ് അഭ്യൂഹം.
അന്വേഷണം തട്ടിപ്പുകേസിൽ മാത്രമായി ചുരുങ്ങിപ്പോകുന്നതിനിടയിലാണ് തനിക്ക് രഹസ്യമായി കുറേ കാര്യങ്ങൾ പറയാനുണ്ടെന്ന് സരിത കോടതിയിൽ ബോധിപ്പിച്ചത്. രഹസ്യമായി മൊഴി നൽകിയതിൽ നിന്നുതന്നെ ഒരു കാര്യം വ്യക്തമാണ്. ഇതുവരെ പുറത്തുവന്ന വിവരങ്ങൾ മാത്രമല്ല സരിത പറഞ്ഞിട്ടുള്ളത്. പൊലീസ് ചോദ്യം ചെയ്യുമ്പോൾ എന്തെങ്കിലുമൊക്കെ പറയുന്നത് പോലെയല്ല കോടതിയിൽ നൽകിയ മൊഴി. മാത്രമല്ല, അഭിഭാഷകനിൽനിന്ന് നിയമോപദേശം തേടിയശേഷമാണ് സരിത ഇതിന് മുതിർന്നത്.
സോളാർ വിവാദത്തിനിടെ സരിതയുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും പേരുകൾ പൊന്തിവന്നിരുന്നു. എന്നാൽ, അന്വേഷണം തട്ടിപ്പിനെക്കുറിച്ച് മാത്രമായി ചുരുങ്ങിയതോടെ ഈ പേരുകൾ കേൾക്കാതായി. പ്രതിയുടെ മൊഴിക്ക് വിശ്വാസ്യതയുണ്ടെങ്കിലും ഇല്ലെങ്കിലും സാഹചര്യത്തെളിവുകളോ രേഖകളോ ഹാജരാക്കാൻ സരിതയ്ക്ക് കഴിഞ്ഞാൽ അന്വേഷണം പിന്നീട് തട്ടിപ്പിൽ മാത്രമായി ഒതുക്കിനിറുത്താനാവില്ല.
തലശേരിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ പൊലീസ് ഒരുങ്ങിയപ്പോൾ സരിത ഒളിവിൽ പോയത് ഉന്നതരുടെ ഒത്താശയോടെയായണെന്ന് ആരോപണം ഉയർന്നിരുന്നു. ആ ആരോപണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്താൻ സരിതയ്ക്ക് കഴിയും. ഫോൺവിളിയുടെ വിദാംശങ്ങൾ നൽകിയാൽ നിഷേധിക്കുക ഒട്ടും എളുപ്പമല്ല.
സരിത പല തവണ ഡൽഹി യാത്ര നടത്തിയിരുന്നു. എന്തിന്? പൊലീസ് അന്വേഷിച്ചിട്ടില്ല. പക്ഷേ, യാത്രകൾ എന്തിനെന്ന് സരിതയ്ക്ക് തെളിവുകൾ സഹിതം വെളിപ്പെടുത്താനാകും.
സരിതയുമായുള്ള ഫോൺവിളിയുടെ ലിസ്റ്റ് പുറത്തുവന്നപ്പോൾ ചില പ്രമുഖർ അസമയത്തും അനവധി തവണയും വിളിച്ചതായി തെളിഞ്ഞിരുന്നു. എന്തായിരുന്നു അസമയത്ത് അവർക്ക് പറയാനുണ്ടായിരുന്നത്? അതും പല തവണ. സരിതയ്ക്കേ അറിയൂ. ആ വിവരങ്ങളും വെളിപ്പെടുത്താനാകും.
സരിത അറസ്റ്റിലായിട്ടും ഒരു തട്ടിപ്പുകേസിലെ പ്രതിയോട് പെരുമാറുന്നതുപോലെയല്ല പൊലീസ് ആദ്യഘട്ടത്തിൽ പെരുമാറിയിരുന്നത്. ഉന്നതങ്ങളിൽനിന്ന് ആരൊക്കെയോ നൽകിയ നിർദ്ദേശങ്ങൾ അനുസരിക്കുന്നതുപോലെയായിരുന്നു സരിതയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുമ്പോൾ പോലും പൊലീസിന്റെ പെരുമാറ്റം. ഇത് വിമർശനത്തിന് ഇടയാക്കിയിരുന്നു. അന്വേഷണം തട്ടിപ്പിലേക്ക് ചുരുങ്ങിയപ്പോൾ പൊലീസിന്റെ പെരുമാറ്റത്തിൽ സ്വാഭാവികമായും മാറ്റം വന്നിട്ടുണ്ടാകണം. പെരുമാറ്റത്തിൽ വന്ന ഈ മാറ്റം തന്നെ ഭയപ്പെട്ടിരുന്നവർ കൈവിടുന്നതിന്റെ സൂചനയാണെന്ന് സംശയിച്ചാവാം സരിത രഹസ്യമൊഴി നൽകാൻ ഒരുങ്ങിയതെന്നാണ് അനുമാനം.
പ്രഭുവാര്യർ -Kerala Kaumudi
No comments:
Post a Comment