Monday, July 29, 2013
അഭ്യന്തരത്തിൽ തട്ടി തകിടം മറിഞ്ഞു
Tuesday, 30 July 2013
മുൻ നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് രമേശ്
ഉമ്മൻചാണ്ടിയും രമേശും തമ്മിൽ കണ്ടില്ല
ചർച്ചകൾ തുടരുമെന്ന് ഹൈക്കമാൻഡ്
ന്യൂഡൽഹി: ആഭ്യന്തര വകുപ്പിന്റെ വിഷയത്തിൽ വിട്ടുവീഴ്‌ചയില്ലെന്ന ഉറച്ച നിലപാട് കോൺഗ്രസിലെ ഐ, എ വിഭാഗങ്ങൾ സ്വീകരിക്കുകയും വ്യക്തമായ പരിഹാരം നിർദ്ദേശിക്കാൻ ഹൈക്കമാൻഡ് വിസമ്മതിക്കുകയും ചെയ്‌തിനാൽ കേരള വിഷയത്തിൽ ഡൽഹിയിൽ നടന്ന ചർച്ചകളിൽ തീരുമാനമായില്ല. കേരള നേതാക്കൾ ചർച്ച നടത്തി സമവായത്തിൽ എത്തുകയെന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചത്. ഐ, എ വിഭാഗങ്ങൾക്ക് ധാരണയിൽ എത്താൻ കഴിയാത്തതിനാൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്‌ധിയുമായുളള കൂടിക്കാഴ്‌ച നടന്നില്ല. ഡൽഹിയിൽ ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ.പി.സി.സി അദ്ധ്യക്ഷൻ രമേശ് ചെന്നിത്തലയും തമ്മിൽ ഇന്നലെ കൂടിക്കാഴ്‌ചയ്‌ക്കോ ചർച്ചയ്‌ക്കോ തയ്യാറാകാതിരുന്നത് പ്രതിസന്‌ധിയുടെ ആഴം വ്യക്തമാക്കുന്നു. പ്രശ്‌ന പരിഹാര ചർച്ചകൾ തുടരാനാണ് ഹൈക്കമാൻഡ് തീരുമാനം.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കോൺഗ്രസ് അദ്ധ്യക്ഷയുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേൽ ഇന്നലെ രാത്രി ചർച്ച നടത്തിയെങ്കിലും പ്രശ്‌നപരിഹാര ഫോർമുല നിർദ്ദേശിക്കാൻ തയ്യാറായില്ല. രമേശ് ചെന്നിത്തലയും കേരള ചുമതലയുളള ജനറൽ സെക്രട്ടറി മുകുൾ വാസ്‌നികുമായും ചർച്ച നടത്തി. മന്ത്രിസഭയിലേക്കില്ലെന്ന മുൻ നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ചർച്ചയ്‌ക്കു ശേഷം രമേശ് പ്രതികരിച്ചത്. എം.പിമാരുടെ യോഗമുള്ളതിനാൽ ഇന്നു രാവിലെ അടിയന്തിരമായി കേരളത്തിലേക്കു മടങ്ങുമെങ്കിലും ആവശ്യം വന്നാൽ ഉടൻ തന്നെ ഡൽഹിക്കു തിരിച്ചു വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രമേശ് മന്ത്രിസഭയിൽ ചേരണമെന്ന ആവശ്യം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എ വിഭാഗവും ഇന്നലെയും ആവർത്തിച്ചു. എന്നാൽ ആഭ്യന്തര വകുപ്പ് നൽകുന്ന കാര്യത്തിൽ ഒരു ഉറപ്പും നൽകിയില്ല. ഇതോടെ മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് രമേശ് കൂടുതൽ കർക്കശമാക്കി. എ വിഭാഗവുമായി വകുപ്പു സംബന്‌ധിച്ച ചർച്ചയ്‌ക്കില്ലെന്ന ഉറച്ച നിലപാടിലാണ് രമേശും ഐ വിഭാഗവും. മുമ്പുണ്ടായ അപമാനം ആവർത്തിക്കരുതെന്ന നിർബന്‌ധം ഐ വിഭാഗത്തിനുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിൽ പങ്കാളിയായി രമേശിന്റെ പ്രതിച്ഛായ കൂടി മോശമാക്കേണ്ട എന്നതാണ് ഐ വിഭാഗത്തിന്റെ നിലപാട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്‌ട്രീയ സാഹചര്യങ്ങളിലാണ് ഗ്രൂപ്പിന്റെ പ്രതീക്ഷ. ആഭ്യന്തരം ലഭിക്കുകയും ഹൈക്കമാൻഡിന്റെ നിർദ്ദേശം വരികയും ചെയ്‌താൽ മാത്രം തീരുമാനം പുനഃപരിശോധിച്ചാൽ മതിയെന്നതാണ് ധാരണ.
ഭാവിയിൽ തിരിച്ചടിയാകുമെന്നതിനാൽ ആഭ്യന്തര വകുപ്പു വിട്ടു നൽകിയുളള ഒരു ഒത്തുതീർപ്പിനും എ വിഭാഗം തയ്യാറല്ല. ആഭ്യന്തര വകുപ്പു വേണമെന്ന രമേശിന്റെ വാശിയിൽത്തട്ടിയാണ് മന്ത്രിസഭാ പ്രവേശനം വൈകുന്നതെന്ന സന്ദേശമാണ് എ വിഭാഗം ഹൈക്കമാൻഡിനു നൽകുന്നത്. ഇതു മുന്നിൽ കണ്ടാണ് മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് രമേശ് ആവർത്തിക്കുന്നത്. ആഭ്യന്തരം വിട്ടു നൽകാൻ ഹൈക്കമാൻഡ് നിർദ്ദേശിക്കില്ലെന്ന പ്രതീക്ഷ എ ഗ്രൂപ്പിനുണ്ട്. മുഖ്യമന്ത്രിയെ ദുർബലപ്പെടുത്താൻ ഹൈക്കമാൻഡിന് നിലവിൽ താത്പര്യമില്ല.
News Credits:ആർ. കിരൺ ബാബു Kerala Kaumudi Daily
Subscribe to:
Post Comments (Atom)
No comments:
Post a Comment