30-Jul-2013
കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ പുതിയ പരാതിയില്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നുമില്ല. അട്ടക്കുളങ്ങര ജയിലില്‍ സൂപ്രണ്ട് തിങ്കളാഴ്ച രാവിലെയാണ് പരാതി എറണാകുളം അഡീ. ജുഡീഷ്യല്‍ മജിസ്ട്രേട്ട് എന്‍ വി രാജുവിന് കൈമാറിയത്. അദ്ദേഹം ഈ പരാതി തുടരന്വേഷണത്തിനായി എറണാകുളം നോര്‍ത്ത് പൊലീസിന് കൈമാറി.
സരിത നേരത്തെ മജിസ്ട്രേട്ടിനോട് നേരിട്ട് വാക്കാല്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍സംവിധാനവും സ്വാധീനവും ഉപയോഗിച്ച് അട്ടിമറിച്ചുവെന്ന് ഇതോടെ വ്യക്തമായി. മജിസ്ട്രേട്ടിനോട് പറഞ്ഞ കാര്യങ്ങള്‍ 22 പേജിലായി അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന് സരിത കൈമാറിയിരുന്നു. ഇത് അട്ടക്കുളങ്ങര ജയിലില്‍ അധികൃതരുടെ ഒത്താശയില്‍ വീണ്ടും "തയ്യാറാക്കിയപ്പോള്‍" വെറും നാല് പേജായി ചുരുങ്ങി. സരിതയുടെ മൊഴി ആദ്യമേ രേഖപ്പെടുത്താതിരുന്ന എറണാകുളം അഡീ. ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ നടപടി ആരോപണവിധേയരായ ഉന്നതര്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കുമെന്ന ആക്ഷേപവും ഇതോടെ ശരിയായി. ഒരു കേന്ദ്രമന്ത്രി, നാല് സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ തന്നെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തുവെന്ന് സരിത പറഞ്ഞിരുന്നു. എന്നാല്‍, പുതിയ പരാതിയില്‍ ഇതൊക്കെ അപ്പാടെ ഒഴിവായി. തനിക്ക് വധഭീഷണിയുണ്ടെന്നാണ് സരിത എഴുതിനല്‍കിയ പരാതിയില്‍ പ്രധാനമായി ഉന്നയിക്കുന്നത്. ഉന്നതരുടെ പേരുചേര്‍ത്ത് തന്നെ മാധ്യമങ്ങള്‍ വേട്ടയാടുന്നുവെന്നും സരിത പറഞ്ഞു.
മാധ്യമങ്ങളെക്കുറിച്ച് നേരത്തെയൊന്നും പരാതി ഉന്നയിക്കാതിരുന്ന സരിത ഇപ്പോള്‍ അത്തരം പരാതി ഉന്നയിച്ചതും മറ്റാരോ തയ്യാറാക്കിയ തിരക്കഥപ്രകാരമെന്നാണ് സൂചന. സരിതയുടെ മൊഴി 31നകം ഏല്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടതെങ്കിലും അതീവരഹസ്യമായി രണ്ടുദിവസം മുന്നേ തിങ്കളാഴ്ച കോടതിയില്‍ എത്തിക്കുകയായിരുന്നു. മുമ്പേ നല്‍കിയ പരാതി അട്ടിമറിക്കാന്‍ പണച്ചാക്കുമായി മന്ത്രിമാര്‍ ഉള്‍പ്പെട്ട ഉന്നതര്‍ രംഗത്തിറങ്ങിയത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. വമ്പന്മാരുടെ പേരുകള്‍ പുറത്തുപറയാതിരിക്കാനും മൊഴിയില്‍ രേഖപ്പെടുത്താതിരിക്കാനും വേണ്ടി വിലപേശല്‍ തുടരുന്നതിനിടെയാണ് അഭിഭാഷകനെ ഒഴിവാക്കാന്‍ സിജെഎം കോടതി നിര്‍ദേശം നല്‍കിയത്. ജയില്‍ സൂപ്രണ്ട് മുഖേന മൊഴി രേഖപ്പെടുത്തി നല്‍കാനാണ് നിര്‍ദേശിച്ചത്. സാധാരണനിലയില്‍ പ്രതി ആവശ്യപ്പെട്ടാല്‍മാത്രമേ അഭിഭാഷകനെ മാറ്റാന്‍ നിര്‍ദേശം നല്‍കാവൂ. മാത്രമല്ല, പ്രതി പറയുന്ന രഹസ്യമൊഴി രേഖപ്പെടുത്താനും കോടതിക്ക് ബാധ്യതയുണ്ട്. ഇതിനിടയിലാണ് ദുരൂഹ സാഹചര്യത്തില്‍ അഭിഭാഷകനെ ഒഴിവാക്കിയത്. സരിതയ്ക്ക് ഇത്രമാത്രമേ പരാതിയുള്ളൂവെങ്കില്‍ അതെന്തിന് ഇങ്ങനെ രഹസ്യാത്മകമായി എഴുതി വാങ്ങിച്ചുവെന്ന നിരീക്ഷണവും ഉയര്‍ന്നിട്ടുണ്ട്.
മൊഴി രേഖപ്പെടുത്തേണ്ട കാലയളവില്‍ സുരക്ഷാകാരണം പറഞ്ഞ് സരിതയെ വട്ടംകറക്കിയതും വിമര്‍ശമുയര്‍ത്തിയിട്ടുണ്ട്. ഒടുവില്‍ അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് "മൊഴി"യെടുത്തപ്പോള്‍മാത്രമാണ് ഉന്നതര്‍ക്ക് ആശ്വാസമായത്. പത്തനംതിട്ട ജയിലില്‍നിന്ന് ഉദ്ദേശിച്ചപോലെ കാര്യങ്ങള്‍ നടക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോഴായിരുന്നു തിരുവനന്തപുരത്തേക്കുള്ള കൂടുമാറ്റം. ഒടുവില്‍, സരിത നല്‍കിയ "മൊഴി" തികച്ചും വ്യക്തിപരമായതോടെ മറനീക്കി പുറത്തുവന്നത് ഉന്നതങ്ങളില്‍ നടന്ന ഞെട്ടിക്കുന്ന ഗൂഢാലോചനയാണ്. സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്ട്രേട്ടിന്റെ നടപടി ആരോപണവിധേയര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുമെന്ന് നിയമവിദഗ്ധരടക്കം ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിനിടെ, വധഭീഷണിയുണ്ടെന്ന സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിജു രാധാകൃഷ്ണനും ശാലുമേനോനുമെതിരെ കേസെടുക്കാന്‍ നോര്‍ത്ത് പൊലീസ് നടപടി ആരംഭിച്ചു.
News credits - സ്വന്തം ലേഖകന്‍ Deshabhimani Daily
--------------------------
മുഖ്യമന്ത്രിക്ക് ഇനി രക്ഷപ്പെടാനാകില്ല:എം എ ബേബി
സ്വന്തം ലേഖകന്‍
സോളാര്‍തട്ടിപ്പു കേസില്‍ മുഖം നഷ്ടപ്പെട്ട യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ചുരിക വിഴുങ്ങിയതിന് ചുക്കുവെള്ളം കുടിക്കുന്നപോലെയാണ്.
തിരു: സോളാര്‍ തീവെട്ടിക്കൊള്ളയ്ക്ക് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അധികനാള്‍ അധികാരത്തില്‍ തുടരാനാകില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. സോളാര്‍തട്ടിപ്പു കേസില്‍ ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല രാപ്പകല്‍ സമരത്തിന്റെ ആറാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെളിവുകളുടെ ഊരാക്കുടുക്കിലായ ഉമ്മന്‍ചാണ്ടിക്ക് ഇനി രക്ഷപ്പെടാനാകില്ല. ഈ സര്‍ക്കാരിനെ ഇനിയും സഹിക്കാനാകില്ലെന്ന് ഭൂരിപക്ഷം ജനങ്ങളും തീരുമാനിച്ചു കഴിഞ്ഞെന്നും ബേബി പറഞ്ഞു.
അഴിമതിക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും മാര്‍ഗദര്‍ശി യുപിഎ സര്‍ക്കാരാണ്. പ്രതിവര്‍ഷം 10,000 ബൊഫോഴ്സ് കുംഭകോണത്തിന് തുല്യമായ വന്‍ അഴിമതികളാണ് രാജ്യത്ത് നടക്കുന്നത്.
ഇത്രയും വലിയ തട്ടിപ്പുകള്‍ക്ക് മുകളിലിരിക്കുന്ന സോണിയഗാന്ധിക്കും കൂട്ടര്‍ക്കും സോളാര്‍തട്ടിപ്പു കേസിലെ മുഖ്യകണ്ണിയായ ഉമ്മന്‍ചാണ്ടിക്ക് എതിരെ നിലപാടെടുക്കാനാകില്ല. അതുകൊണ്ടാണ് ഡല്‍ഹിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ എന്തു തീരുമാനം എടുത്താലും സോളാര്‍തട്ടിപ്പില്‍നിന്ന് ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാനാകില്ല. ചെന്നിത്തലയ്ക്ക് മന്ത്രിസ്ഥാനം നല്‍കിയാലോ മന്ത്രിസ്ഥാനം അദ്ദേഹം സ്വീകരിച്ച് സംതൃപ്തി അടഞ്ഞാലോ ഈ തട്ടിപ്പിന്റെ ഊരാക്കുടുക്കില്‍നിന്ന് രക്ഷപ്പെടാനാകില്ല.
വന്‍ കുംഭകോണം മറച്ചുവയ്ക്കാനും അട്ടിമറിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാണംകെട്ട കളികളാണ് കളിക്കുന്നത്. നിയമസംവിധാനത്തെപോലും ദുരുപയോഗംചെയ്യുന്നു. സത്യം പുറത്തുകൊണ്ടു വന്ന മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയാണ്.
അന്തസ്സായി ഉമ്മന്‍ചാണ്ടി രാജി വയ്ക്കേണ്ട സമയംകഴിഞ്ഞു. രാജിക്ക് തയ്യാറായില്ലെങ്കില്‍ പ്രബുദ്ധ കേരളത്തിന്റെ ജനകീയപ്രക്ഷോഭ കൊടുങ്കാറ്റില്‍ അദ്ദേഹത്തിന് പുറത്തുപോകേണ്ടി വരുമെന്നും ബേബി പറഞ്ഞു
Deshabhimani Daily
No comments:
Post a Comment