കോട്ടയം: വി.എസ്. അച്യുതാനന്ദന്റെ നൂറുകോടിയുടെ കണക്കിന് വെള്ളാപ്പള്ളിയുടെ തിരിച്ചടി.
തനിക്കെതിരേ കള്ളക്കണക്കുകള്‍ തട്ടിവിടുന്ന വി.എസിന് പലതവണ വീട്ടില്‍പോയി ലക്ഷങ്ങള്‍ കൊടുത്തിട്ടുണ്ടെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുറന്നടിച്ചു.
രസീത് ഇല്ലാതെ വാങ്ങിയ തുകയെങ്ങനെ സംഭാവനയാകുമെന്നും അദ്ദേഹം മാതൃഭൂമി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.
അഴിമതിയെപ്പറ്റി പറഞ്ഞും പാടിയും നടക്കുന്ന വി.എസ്. സ്വന്തം കുടുംബത്തില്‍ നിന്നാണ് ആദ്യം അഴിമതി തുടച്ചുനീക്കേണ്ടത്. മാന്യതകൊണ്ടു താന്‍ കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ പാര്‍ട്ടി ഫണ്ടിലേക്കും ഡെപ്പോസിറ്റ് ചെയ്യിച്ചു.
പോരാത്തതിന് കൂടെ നില്‍ക്കുന്നവര്‍ക്കുവേണ്ടി വി.എസ്. ജോലിക്ക് എത്രതവണയാണ് ശിപാര്‍ശയുമായി വന്നത്. എത്രപേരെ വി.എസിന്റെ നോമിനികളായി നിയമിച്ചു. ജോലി വാഗ്‌ദാനം ചെയ്‌താണ് ഏരിയാ സെക്രട്ടറിയായിരുന്ന ടി.കെ. പളനിക്കെതിരേ വി.എസ്. നീക്കം നടത്തിയതുപോലും. സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ എസ്.എന്‍.ഡി.പിയില്‍ എടുക്കാനാകില്ല. വേണമെങ്കില്‍ അദ്ദേഹത്തിന് എസ്.എന്‍. ട്രസ്‌റ്റില്‍ അംഗമാകാം.
എന്നിട്ട് അതിന്റെ കണക്കു ചോദിച്ചാല്‍ മതി. പിണറായിയും കോടിയേരിയുമൊക്കെ ഇപ്പോള്‍ എസ്.എന്‍.ഡി.പി. വേട്ടയ്‌ക്ക് ഇറങ്ങിയിരിക്കുകയാണ്. അവര്‍ക്കൊക്കെ എന്നാണ് ഗുരുഭക്‌തിയുണ്ടായതെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഈഴവ സമുദായം കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ നട്ടെല്ലാണെന്ന് ഇന്നലെയാണോ മനസിലായതെന്നും അദ്ദേഹം ചോദിച്ചു.
മാരാരിക്കുളത്ത് വി.എസ്. ആദ്യം മല്‍സരിക്കാനെത്തിയപ്പോള്‍ അംബാസഡര്‍ കാറിന്റെ മുന്‍ സീറ്റിലിരുന്നായിരുന്നു യാത്ര. അന്ന് ആ കാറിന്റെ പിന്‍സീറ്റില്‍ വോട്ടു പിടിക്കാന്‍ ഞാനും ഭാര്യയുമുണ്ടായിരുന്നു. അടുത്ത തവണ മല്‍സരിക്കാനെത്തിയപ്പോള്‍ താന്‍ മുഖ്യമന്ത്രിയാണെന്ന രീതിയായിരുന്നു വി.എസിന്. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിനു മുമ്പു കേരളത്തില്‍ ഭൂരിപക്ഷ സമുദായങ്ങളുടെ കൂട്ടായ്‌മയില്‍ പാര്‍ട്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സമ്പാദിച്ച കള്ളപ്പണം വെള്ളാപ്പള്ളി സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചെന്നും ഇതു പിടിക്കാതിരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും സംഘപരിവാറിനെയും കൂട്ടുപിടിക്കാന്‍ ശമിക്കുന്നതെന്നുമുള്ള വി.എസിന്റെ ആരോപണത്തെയും വെള്ളാപ്പള്ളി പരിഹസിച്ചു. നൂറു കോടിയുമായി ചെന്നാല്‍ സ്വിസ് ബാങ്കുകാര്‍ ഓടിക്കില്ലേയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ഫലിതം.
പത്ത് പന്തീരായിരം കോടിയെങ്കിലുമില്ലാതെ ചെന്നാല്‍ രക്ഷയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഇപ്പോള്‍ എസ്.എന്‍ഡി.പി. ബി.ജെ.പിയോട് അടുക്കുന്നെന്നും പാര്‍ട്ടിയുണ്ടാക്കുമെന്നുമൊക്കെ കേള്‍ക്കുമ്പോള്‍ ഇടതുപക്ഷത്തിന് എന്താണിത്ര തലവേദനയെന്നും അഭിമുഖത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി ചോദിച്ചു. കേരളം പതിറ്റാണ്ടു ഭരിച്ചവര്‍ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് എന്തു ചെയ്‌തു. അവര്‍ക്കു സംവരണം കൊടുക്കുന്നതില്‍ എസ്.എന്‍.ഡി.പിക്ക് എതിര്‍പ്പില്ല.
കാന്തപുരവും തൃശൂര്‍ ബിഷപ്പുമൊക്കെ പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ ആര്‍ക്കും എന്താ പ്രശ്‌നമില്ലാത്തത്. എസ്.എന്‍.ഡി.പി യോഗം നേരിട്ടു പാര്‍ട്ടിയുണ്ടാക്കില്ല. ഭൂരിപക്ഷക്കാര്‍ ഒന്നുചേര്‍ന്ന് ഒരു പ്രസ്‌ഥാനം ഉണ്ടാക്കും.
അതില്‍ എന്‍.എസ്.എസുമുണ്ടാകും.അതിലുണ്ടാകില്ലെന്ന് എന്‍.എസ്.എസ്. അല്ല, ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ മാത്രമാണ് പറയുന്നത്. അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്.സംവരണ കാര്യത്തില്‍ തങ്ങളുടെ നിലപാട് ബി.ജെ.പി. അംഗീകരിക്കുകയായിരുന്നു.
എസ്.എന്‍.ഡി.പിയെ ഇത്രയും കാലം തഴഞ്ഞവരും ഗുരുവിനെ അപമാനിച്ചവരുമാണ് ഇപ്പോള്‍ ഗുരുവചനങ്ങള്‍ തന്നെ പഠിപ്പിക്കാനെത്തുന്നതെന്നും സി.പി.എമ്മിനെതിരേ വെള്ളാപ്പള്ളി ഒളിയമ്പെയ്‌തു.
ഇവരൊക്കെ സമുദായത്തിന് എന്തെങ്കിലും തന്നോ. എത്ര സ്‌കൂളുകള്‍ മലബാറില്‍ അനുവദിച്ചു. സ്‌കൂള്‍ പേയിട്ട് കോഴ്‌സുപോലും തങ്ങള്‍ക്കു കിട്ടിയില്ല. തങ്ങളെ പരിഗണിക്കുന്നവരെ തങ്ങള്‍ പരിഗണിക്കും.
അതിനാണ് അധികാരമുള്ള ബി.ജെ.പി നേതാക്കളെ കണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ന്യൂനപക്ഷത്തെ താങ്ങി മുസ്ലിം -ക്രിസ്‌ത്യന്‍ പ്രീണനം നടത്തി കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയും കട്ടുമുടിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
News Credit,Mangalam Daily,October 4, 2015
No comments:
Post a Comment