ഫരീദാബാദ് : ഹരിയാനയിൽ ദളിത് കുട്ടികൾ തീപിടിത്തത്തിൽ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത് . തീ പിടിച്ചത് വീട്ടിനുള്ളിൽ നിന്ന് തന്നെയാണെന്ന് ഫോറൻസിക് റിപ്പോർട്ട് . കുട്ടികളുടെ അച്ഛന്റെ മൊഴികളും കിട്ടിയ തെളിവുകളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും ഫോറൻസിക് വിദഗ്ദ്ധർ വ്യക്തമാക്കി .
തീപിടുത്തത്തിൽ ഭാഗികമായി നശിച്ച കട്ടിലിന് അടിയിൽ നിന്ന് പകുതി കത്തിയ മണ്ണെണ്ണ കുപ്പിയും തൊട്ടടുത്ത് നിന്ന് തന്നെ തീപ്പെട്ടിക്കൊള്ളിയും കണ്ടെത്താൻ കഴിഞ്ഞു. തീപിടിത്തത്തിന്റെ ഉറവിടം വീടിനുള്ളിൽ തന്നെയാണെന്നുള്ള റിപ്പോർട്ട് ഉടൻ തന്നെ സി ബി ഐക്ക് കൈമാറും .
താനും ഭാര്യയും കുട്ടികളും മുറിയിൽ ഉറങ്ങുമ്പോൾ തുറന്ന് കിടന്ന ജനലിൽ കൂടി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നെന്നും മുറി പുറത്ത് നിന്നും പൂട്ടിയതിനാൽ പുറത്ത് കടക്കാനായില്ലെന്നുമാണ് കുട്ടികളുടെ അച്ഛൻ ജിതേന്ദർ പോലീസിനോട് പറഞ്ഞത് . എന്നാൽ മുറി പൂട്ടിയത് ഉള്ളിൽ നിന്ന് തന്നെയാണെന്ന് ഫോറൻസിക് വിദഗ്ദ്ധർ കണ്ടെത്തി . മാത്രമല്ല വീടിനടുത്തേക്ക് അക്രമി സംഘം അതിക്രമിച്ച് കടന്നതിന്റെ യാതൊരു ലക്ഷണങ്ങളുമില്ലെന്നും ഫോറൻസിക് വിദഗ്ദ്ധർ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ
കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ സൂഷ്മമായ പരിശോധനയിൽ പുറത്ത് നിന്ന് ജനൽ വഴി പെട്രോൾ ഒഴിച്ചതിന്റെയല്ല മറിച്ച് അകത്ത് നിന്ന് ഒഴിച്ചതിന്റെ സൂചനകളാണ് കണ്ടെത്താനായത് . തീ പിടിച്ച മേഖലകൾ പരിശോധിച്ചപ്പോൾ ഇതാണ് തെളിയുന്നതെന്നും റിപ്പോർട്ടിലുണ്ട് .
പുറത്ത് നിന്ന് പൂട്ടപ്പെട്ടതിനാൽ തീപിടിച്ച മുറിയിൽ നിന്ന് കുട്ടികളേയും കൊണ്ട് താൻ അടുത്ത മുറിയിലെത്തിയത് ഇടയിലുള്ള ഒരു ദ്വാരത്തിലൂടെയാണെന്ന ജിതേന്ദറിന്റെ വാദവും തെറ്റാണെന്ന് ഫോറൻസിക് വിദഗ്ദ്ധർ കണ്ടെത്തി . ഒരാൾക്ക് കടക്കാൻ കഴിയുന്ന വ്യാസം ആ ദ്വാരത്തിനില്ല എന്ന് തെളിഞ്ഞു .
കേസ് സിബിഐ ഏറ്റെടുത്തതോടെ രാജ്യത്ത് എറെ ചർച്ചകൾക്ക് വഴിതെളിച്ച സംഭവത്തിന്റെ യാഥാർത്ഥ്യം ഉടൻ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .
News Credits,Janamtv News
No comments:
Post a Comment