ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെതിരേ സുപ്രീംകോടതി നടത്തിയത് ഗുരുതര പരാമര്‍ശങ്ങള്‍. കേസിലെ എതിര്‍കക്ഷികളുടെ രാഷ്ട്രീയ എതിരാളികളുമായും എന്‍ജിഒകളുമായും സഞ്ജീവ് ഭട്ട് സജീവ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ഹര്‍ജി നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരിലാണെന്നും കോടതി വിലയിരുത്തി.
സഞ്ജീവ് ഭട്ട് കോടതിയെ സമീപിച്ചിരിക്കുന്നത് ശുദ്ധമായ കൈകളോടെയല്ലെന്ന് അദ്ദേഹം തന്നെ വിളിച്ചുപറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കാര്യം ആത്മാര്‍ഥമായി തുറന്നുപറയുമ്പോള്‍ ഇത്തരം രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നു നില്‍ക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജഡ്ജിമാരെയും അമിക്കസ് ക്യൂറിയെയും സമ്മര്‍ദ്ദം ചെലുത്തുന്ന തരത്തിലേക്ക് ഇടപെടലുകള്‍ നീണ്ടതായി കോടതി നിരീക്ഷിച്ചു.
സഞ്ജീവ് ഭട്ടിന്റെ ഹര്‍ജി സദുദ്ദേശ്യത്തോടെയാണെന്ന് കരുതുന്നില്ല. എന്‍ജിഒകള്‍ പറഞ്ഞു പഠിപ്പിച്ച പോലെ ഇവരുടെ അഭിഭാഷകര്‍ മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റീസ് എച്ച്. എല്‍ ദത്തു അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന കാര്യം പോലും സഞ്ജീവ് ഭട്ട് മറക്കുന്നതായി കോടതി പറഞ്ഞു. സര്‍ക്കാരിനെതിരേ തെളിവ് നല്‍കാന്‍ പൊലീസ് ഉദ്യോഗസ്ഥനെ നിര്‍ബന്ധിച്ചുവെന്ന് ഉള്‍പ്പെടെയുള്ള കേസുകളാണ് സഞ്ജീവ് ഭട്ടിനെതിരേ നിലനില്‍ക്കുന്നത്.
ഇന്നലെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പ്രതിചേര്‍ക്കണമെന്നും തനിക്കെതിരായ കേസുകളില്‍ പ്രത്യേക അന്വേഷണസംഘം വേണമെന്നും ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. ഗുജറാത്ത് മുന്‍ അഡ്വക്കേറ്റ് ജനറല്‍ തുഷാര്‍ മേത്തയുടെ ഇ മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ സഞ്ജീവ് ഭട്ടിനെതിരേ തുടര്‍ നടപടി സ്വീകരിക്കാനും കോടതി അനുമതി നല്‍കിയിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞ സഞ്ജീവ് ഭട്ട് എന്തുകൊണ്ടാണ് ഇ മെയിലുകളുടെ കാര്യം മറച്ചുവെച്ചതെന്ന് കോടതി ചോദിച്ചു.
സഞ്ജീവ് ഭട്ടിനെതിരായ കേസുകളിലെ തുടര്‍ നടപടികളിലും സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ നിര്‍ണായകമാകും.
News Credits,Jnamtv News
No comments:
Post a Comment