Thursday, October 22, 2015
സങ്കൽപ്പം കർമ്മപഥത്തിൽ
കലിയുഗത്തിനാവശ്യം സംഘടനാ ശക്തിയാണ് എന്ന ചിന്തയോടെ 1925 സെപ്റ്റംബർ 27 ന് ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ രാഷ്ട്രീയ സ്വയംസേവക സംഘം ആരംഭിച്ചത് ഒരു വിജയദശമി ദിനത്തിലാണ് . അന്ന് രേഷം ബാഗിലെ മോഹിതെവാഡെ സംഘസ്ഥാനിൽ വിരലിലെണ്ണാവുന്ന കിശോരന്മാരിൽ നിന്ന് ഭാരതത്തിനകത്തും പുറത്തും ശാഖോപശാഖകളായി പടർന്ന് പന്തലിച്ച ഒരു മഹാപ്രസ്ഥാനമായി അത് മാറിയിരിക്കുന്നു . ഇന്ന് ദേശീയ നവോത്ഥാനത്തിന്റെ സാരഥിയായി 90 വർഷങ്ങൾ പിന്നിടുകയാണ് ആർ.എസ്.എസ്
സംഘസ്ഥാപനം കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു . ആത്മ വിസ്മൃതിയിലാണ്ട് കിടന്ന ഒരു ജനതയെ ഉണർത്തിയ വിവേകാനന്ദ സ്വാമികൾ അച്ചടക്കമുള്ള സംഘടനയുടെ അഭാവമാണ് സമാജം നേരിടുന്ന പ്രശ്നമെന്ന് ഉദ്ബോധിപ്പിച്ചു . സംഘം ആരംഭിക്കുമ്പോൾ ഹെഡ്ഗേവാറിന്റെ മനസ്സിലുണ്ടായിരുന്നതും ഈ വിവേകവാണികളായിരുന്നു . യഥാർത്ഥ ദേശീയ ശക്തിയുടെ അഭാവമാണ് വിദേശഭരണത്തിന് കളമൊരുക്കിയത് എന്ന് മനസ്സിലാക്കിയ അദ്ദേഹം ദേശീയതയെ പ്രോജ്ജ്വലിപ്പിക്കുന്ന ഒരു സംഘടനയ്ക്ക് വേണ്ടി ചിന്തിച്ചു .അങ്ങനെ 1925ൽ വിജയദശമി ദിനത്തിൽ ആരംഭിച്ച സംഘം ഇന്ന് സമൂഹത്തിന്റെ എല്ലാ മേഖലകളിലും വിജയക്കൊടി പാറിച്ച് നവതിയിലേക്കെത്തുകയാണ് ..
രാജനൈതിക മേഖലയിൽ ഭാരതീയ ജനതാ പാർട്ടി , വിദ്യാർത്ഥി മേഖലയിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് , തൊഴിൽ മേഖലയിൽ ഭാരതീയ മസ്ദൂർ സംഘ് , ലോകത്തിലെത്തന്നെ ഏറ്റവും വലിയ കുട്ടികളുടെ പ്രസ്ഥാനങ്ങളിലൊന്നായ ബാലഗോകുലം , ക്ഷേത്രങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളാക്കാൻ പ്രവർത്തിക്കുന്ന ക്ഷേത്ര സംരക്ഷണ സമിതി , വിശ്വഹിന്ദു പരിഷദ് , ഏത് പ്രകൃതി ദുരന്തത്തിലും സഹായവുമായി എത്തുന്ന, മാനവസേവ മാധവസേവ എന്ന് പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന സേവാഭാരതി , ശാസ്ത്ര ചിന്തകൾ സമൂഹത്തിലെത്തിക്കാൻ യത്നിക്കുന്ന സ്വദേശി ശാസ്ത്ര പ്രസ്ഥാനം, വനവാസി സഹോദരങ്ങളുടെ ഉയർച്ചക്കു വേണ്ടി പ്രവർത്തിക്കുന്ന വനവാസി കല്യാണാശ്രമം തുടങ്ങി നിരവധി സംഘടനകൾ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ആശയാടിത്തറയിൽ രൂപം കൊണ്ടിട്ടുണ്ട് .
1975 ൽ ഏകാധിപത്യത്തിന്റെ കരാളതയിൽ ഭാരതം അടിയന്തരാവസ്ഥയെ നേരിട്ടപ്പോൾ ജനതയെ സംഘടിപ്പിച്ച് ജനാധിപത്യത്തെ സംരക്ഷിച്ചവരുടെ മുൻ നിരയിലും രാഷ്ട്രീയ സ്വയംസേവക സംഘം ഉണ്ടായിരുന്നു . ഭാരതം നേരിട്ട പാകിസ്ഥാൻ ചൈന ആക്രമണങ്ങളിൽ രാഷ്ട്രം ആവശ്യപ്പെട്ട എല്ലാ സേവനങ്ങൾക്കും സ്വയംസേവകർ മുന്നിലുണ്ടായിരുന്നു. ഭാരതീയ സംസ്കാരത്തിന്റെ ശ്രേഷ്ഠവും ജീവത്പോഷകവുമായ മൂല്യങ്ങളെ വളർത്തിയെടുത്ത് രാഷ്ട്രത്തെ പരമ വൈഭവത്തിലെത്തിക്കുകയെന്നതാണ് സംഘത്തിന്റെ ലക്ഷ്യം
തനതായ വ്യക്തിത്വവും സമ്പത്തും വിദ്യാഭ്യാസവും എല്ലാമുണ്ടായിട്ടും ദേശീയ ബോധത്തിന്റെ അഭാവമാണ് ഭാരതം ദീർഘനാളായി വൈദേശിക അടിമത്തത്തിലാണ്ടു പോകാൻ കാരണമായത് . സ്വപ്രേരണയാലേ രാഷ്ട്രഹിതത്തിനു വേണ്ടി പ്രവർത്തിക്കുന്ന സ്വയം സേവകരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘം മുന്നോട്ടു പോകുകയാണ് . ..
“ കടന്നു ചെൽകയെങ്ങുമേ നഗരഗ്രാമഭാവമായ്
നിറഞ്ഞിടുന്ന ജീവിതത്തുടിപ്പുകൾ തിരഞ്ഞു നാം
അതിൽ പകർന്നൊഴിക്ക ദേശസ്നേഹ ഭാവധാരകൾ
കൊളുത്തി വയ്ക്ക ശുദ്ധ ധ്യേയ ബോധമാം വിളക്കുകൾ..
Subscribe to:
Post Comments (Atom)
No comments:
Post a Comment