ആലപ്പുഴ : ആരോപണ പ്രത്യാരോപണങ്ങളുമായി സി പി എം എസ് എൻ ഡി പി പോര് മുറുകുന്നു . വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്തെത്തി . പാർട്ടിക്ക് വേണ്ടി തന്റെയടുത്ത് പണം പിരിക്കാനെത്തിയ കാര്യം അച്യുതാനന്ദൻ മറക്കരുതെന്ന് വെള്ളാപ്പള്ളിയും തിരിച്ചടിച്ചു.
വെള്ളാപ്പള്ളിക്ക് കള്ളപ്പണമുണ്ടെന്നാണ് അച്യുതാനന്ദന്റെ ആരോപണം .എസ് എൻ ട്രസ്‍റ്റിന്‍റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് 100 കോടി രൂപ വെള്ളാപ്പള്ളി നടേശൻ കോഴ വാങ്ങിയതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു .എസ് എൻ ട്രസ്റ്റിലെ നിയമനങ്ങൾക്കാണ് വെള്ളാപ്പള്ളി നടേശൻ കോഴ വാങ്ങിയത്. കോളേജുകൾക്ക് പേരിടുമ്പോൾ വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ ഗുരുവിന്‍റെ സ്ഥാനത്ത് സ്വന്തം പേരിടുകയാണ് .
സ്വിസ് ബാങ്കിലുള്ള കള്ളപ്പണം തിരിച്ചുപിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിൽ വെള്ളാപ്പള്ളി വിറളിപൂണ്ടിരിക്കുകയാണെന്നും വി.എസ് ആരോപിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങരയിൽ സി.പി.എം സംഘടിപ്പിച്ച വർഗീയ വിരുദ്ധ സെമിനാറിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
തനിക്ക് കള്ളപ്പണമുണ്ടെന്ന് വി.എസ്. തെളിയിച്ചാൽ പണി നിർത്താമെന്ന് വി എസിന് മറുപടിയായി വെള്ളാപ്പള്ളി പ്രഖ്യാപിച്ചു . പാർട്ടിക്ക് വേണ്ടി പണം പിരിക്കാൻ വി.എസ് തന്നെ സമീപിച്ച കാര്യം മറക്കരുത്. കൂടുതൽ പറഞ്ഞാൽ തനിക്ക് അക്കാര്യങ്ങളൊക്കെ വെളിപ്പെടുത്തേണ്ടി വരുമെന്നും വെള്ളാപ്പള്ളി ഡൽഹിയിൽ പറഞ്ഞു.
ശ്രീനാരായണ ഗുരുദേവനെ കുരിശിൽ തറച്ചും കഴുത്തിൽ കുടുക്കിട്ടും ചിത്രീകരിച്ച് സി പി എം റാലി നടത്തിയതോടെയാണ് എസ് എൻ ഡി പി - സി പി എം പോര് മൂർച്ഛിച്ചത് . ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു ഭാഗത്തെയും നേതാക്കൾ രംഗത്തെത്തി . വെള്ളാപ്പള്ളി നടേശൻ ബി ജെ പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതാണ് സി പി എമ്മിനെ ചൊടിപ്പിത് . ഗുരുദേവനെ കുരിശിൽ തറച്ച് നടത്തിയ പ്രതിഷേധം ഇതിനു മറുപടിയായിട്ടായിരുന്നു .
News Credits JanamTv News,30th of September 2015
No comments:
Post a Comment