Thursday, October 15, 2015

ദേവദുർല്ലഭം ഈ ജീവിതം

അഗ്നിച്ചിറകുകളിൽ പറന്ന് നന്മയുടെ തിളക്കം ലോകത്തിന് നൽകാൻ പ്രയത്നിച്ച മഹാമനീഷി. ഭാരതത്തെ ശക്തവും ഐശ്വര്യ പൂർണവുമായ വികസിത രാഷ്ട്രമായി കാണാൻ ആഗ്രഹിച്ച പ്രതിഭാധനൻ . ജ്വലിക്കുന്ന മനസ്സുകൾക്ക് രാഷ്ട്രചിന്തയുടെ പൊൻവെളിച്ചം പകർന്നു നൽകിയ ദേശഭക്തൻ . അതെ അവുൽ പകിർ ജൈനുലാബ്ദീൻ അബ്ദുൾ കലാമിന്റേത് ദേവദുർല്ലഭമായ ജീവിതം തന്നെയായിരുന്നു .
ഇബ്സന്റെ പാരഡൈസ് ലോസ്റ്റിൽ പ്രപഞ്ചത്തിന്റെ അനന്തത കണ്ട് അത്ഭുതം കൂറിയ പഴയ കോളേജ് വിദ്യാർത്ഥി . ഒടുവിൽ ബഹിരാകാശ യാനങ്ങളുടെ നിർമാണ ചുമതലയിലെത്തിയത് കഠിനപ്രയത്നമൊന്ന് കൊണ്ട് മാത്രമായിരുന്നു .രാമേശ്വരത്തെ ചെറുകുടിൽ ഭാരതത്തിന്റെ ആത്മീയസത്തയെ അറിഞ്ഞു വളർന്നത് കലാമിന്റെ പിൽക്കാല ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.ശ്രീരാമന്റെയും പ്രവാചകന്റെയും കഥ കേട്ടു വളർന്ന ബാല്യം ഭാരതത്തിന്റെ സാംസ്കാരിക സ്വഭാവത്തെ അതിന്റെ തനിമയോടെ തന്നെ സ്വീകരിച്ചു.
പ്രാർത്ഥിക്കുമ്പോൾ ഒരാൾ മത , ദേശ , വർണ്ണ വിഭാഗീയതകളില്ലാത്ത ഒരു പ്രപഞ്ചത്തിന്റെ ഭാഗമായിത്തീരുകയാണെന്ന് കലാമിനെ പഠിപ്പിച്ചത് പിതാവ് ജെയ്നുലാബ്ദീനാണ് . ജീവിതയാത്രയിൽ വിഭാഗീയതകളില്ലാത്ത രാഷ്ട്രത്തെ സ്വപ്നം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞതും അതുകൊണ്ട് തന്നെയാകണം.
2015 ജൂലൈ 27 ന് ആ പ്രതിഭാധനനെ മരണം തട്ടിയെടുത്തപ്പോൾ രാജ്യമെങ്ങുമുള്ള കുട്ടികൾക്ക് നഷ്ടമായത് തങ്ങളുടെ സ്വന്തം കൂട്ടുകാരനെയാണ് . താൻ മരിച്ച ദിനം അവധി നൽകരുതെന്നും പകരം ഒരു ദിനം കൂടി പ്രവർത്തി ദിവസമാക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം മരണത്തിൽ പോലും ജീവിതാദർശത്തിന്റെ സന്ദേശം നൽകി .
അറിയപ്പെടാത്തൊരു നാട്ടിൽ പിന്നാക്കം നിൽക്കുന്ന ഏതെങ്കിലും പാവപ്പെട്ട കുട്ടിക്ക് തന്റെ ജീവിതം ഒരു പ്രചോദനമാകുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടാകുമെന്ന് അദ്ദേഹം ആത്മകഥയിൽ കുറിച്ചു .താന്താങ്ങളുടെ സവിശേഷമായ പങ്ക് നിർവഹിക്കാനെത്തിയ എല്ലാ മനുഷ്യജീവിക്കും അത് കഴിയണമെന്നില്ല. എന്നാൽ ഡോ. എ പി ജെ അബ്ദുൾ കലാം പ്രപഞ്ച ശക്തിയുടെ കണക്കുകൂട്ടലുകൾക്കപ്പുറം ജീവിച്ചു മറഞ്ഞു. ഭാരതം മഹത്തായ മുന്നേറ്റങ്ങൾ നടത്തുമെന്ന് പ്രവചിച്ചുകൊണ്ട്..
രാമേശ്വരം ദ്വീപിലെ മോസ്ക് സ്ട്രീറ്റിൽ സഹോദരനെ സഹായിക്കാൻ വർത്തമാനപ്പത്രങ്ങൾ വിറ്റു നടന്ന ഒരു ബാലന്റെ കഥ , ശിവാനന്ദ സ്വാമികളും ശിവസുബ്രഹ്മണ്യ അയ്യരും ഇയ്യാദുരൈ സോളമനും പ്രൊ. കെ എ വി പണ്ടാലയും വളർത്തിയെടുത്ത ഒരു ശിഷ്യന്റെ കഥ, എം ജി കെ മേനോനാൽ കണ്ടെത്തപ്പെട്ട , പ്രൊഫ: വിക്രം സാരാഭായിയാൽ പ്രചോദിതനായ ഒരു എഞ്ചിനീയറുടെ കഥ , പരാജയങ്ങളും തിരിച്ചടികളും ഐതിഹാസികമായ വിജയങ്ങളും ഒരു പോലെ അനുഭവിച്ച ഒരു ശാസ്ത്രജ്ഞന്റെ കഥ, രാജ്യമെങ്ങും ആദരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്ത ഒരു രാഷ്ട്രതന്ത്രജ്ഞന്റെ കഥ ..
അതെ ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ജീവിത കഥ ഐഹികമായ അർത്ഥത്തിൽ 2015 ജൂലൈ 27 ന് അവസാനിച്ചിട്ടുണ്ടാകാം . എന്നാൽ ഭാരത ജനതയ്ക്ക് അനന്തമായ പ്രേരണാ ശ്രോതസ്സായി , അഗ്നിച്ചിറകുകളിൽ പറന്നുയരാനുള്ള പ്രചോദനം നൽകി അവുൾ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം അനശ്വരനായി നിലകൊള്ളുക തന്നെ ചെയ്യും...
Article credits,JanamtvNews

No comments:

Post a Comment