ന്യൂഡൽഹി : ബഹുഭാര്യാത്വവും മുത്തലാക്കും ഇന്ത്യയിൽ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ മുസ്ലീം വനിതാ സംഘടനകൾ പ്രക്ഷോഭത്തിലേക്ക്. മുസ്ലീം വ്യക്തി നിയമം അപരിഷ്‍കൃതമെന്ന സുപ്രീം കോടതി നിരീക്ഷണം പുറത്തു വന്ന് മണിക്കൂറുകൾക്കകമാണ് വനിതാ സംഘടനകൾ പ്രതിഷേധത്തിനൊരുങ്ങുന്നത്. സ്‍ത്രീകളുടെ മൗലിക സ്വാതന്ത്ര്യം ഉൾപ്പടെ ഹനിക്കുന്ന മുസ്ലീം വ്യക്തി നിയമം അടിയന്തരമായി പരിഷ്കരിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
രാജ്യത്തെ ഭരണഘടന ലിംഗപരമായ വേർതിരിവ് അനുവദിക്കാത്തിടത്തോളം ഇസ്ലാം മത വിശ്വാസികൾക്കിടയിലെ ഇത്തരം പ്രശ്നങ്ങൾ വിലയിരുത്താനും കാലോചിതമായ മാറ്‍റങ്ങൾ നിർദ്ദേശിക്കാനും പ്രത്യേക ബഞ്ച് രൂപീകരിക്കണമെന്നായിരുന്നു ജസ്‍റ്റിസുമാരായ എ.ആർ.ദാവെ, എ.കെ.ഗോയൽ എന്നിവരടങ്ങുന്ന ബഞ്ച് ചീഫ് ജസ്‍റ്റിസ് എച്ച്.എൽ. ദത്തുവിനോട് ആവശ്യപ്പെട്ടിരുന്നത്.
ബഹുഭാര്യത്വവും മുത്തലാക്കും സദാചാരമൂല്യങ്ങൾക്കെതിരെന്ന ജാവേദ് vs സ്‍റ്റേറ്റ് ഓഫ് ഹരിയാന കേസിലെ കോടതി നിരീക്ഷണം കൂടി ഉദ്ധരിച്ചായിരുന്നു ആവശ്യമുന്നയിച്ചത്. ഇതിനെ തുടർന്നാണ് രാജ്യത്തെ പ്രമുഖ മുസ്ലീം വനിതാ സംഘടനയായ ഭാരതീയ മുസ്ലീം വനിത ആന്തോളൻ ഉൾപ്പടെയുള്ളവർ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്. ബഹുഭാര്യത്വത്തിനും മുത്തലാക്കിനുമെതിരെ ഡൽഹിയിൽ പൊതുസഭ സംഘടിപ്പിക്കാനും അഭിപ്രായ സർവ്വേ നടത്താനുമൊരുങ്ങുകയാണ് സംഘടന.
അഖിലേന്ത്യാ മുസ്ലീം വനിതാ വ്യക്തി നിയമ ബോർഡ് ഭാരവാഹികളിൽ ചിലരും നിയമ പരിഷ്ക്കരണമെന്ന ആവശ്യത്തെ പിന്തുണച്ച് മുന്നോട്ടുവന്നെന്നത് ഏറെ ശ്രദ്ധേയമാണ്. ടർക്കി, ടുണീഷ്യ, മൊറൊക്കോ തുടങ്ങി പാകിസ്ഥാൻ വരെയുള്ള ഇസ്ലാമിക രാഷ്‍ട്രങ്ങളിൽ മുസ്ലീം വ്യക്തി നിയമത്തിൽ കാലോചിതമായ മാറ്‍റങ്ങൾ വരുത്തിയിട്ടുണ്ട്. 1961ലെ ഭേദഗതിയിൽ പാകിസ്ഥാനിൽ ബഹുഭാര്യത്വത്തിനും മുത്തലാക്കിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
വിഭജന ശേഷം ബംഗ്ലാദേശിലും ഇതേ നിയമഭേദഗതി തുടർന്നും നടപ്പിലാക്കി. ടുണീഷ്യയിലെ മജാല എന്ന നിയമം ബഹുഭാര്യത്വത്തെയും മുത്തലാക്കിനെയും തടയുന്നതിനായി രൂപീകരിച്ചതാണ്. അൽജീരിയയിലും മൊറോക്കൊയിലും ബഹുഭാര്യത്വത്തിന് തടയിട്ട് കാലാനുസൃത നിയമ പരിവർത്തനങ്ങൾ വന്നിരുന്നു. ഭാരതത്തിൽ 1950ൽ കാലോചിതമായ മാറ്‍റങ്ങൾ ഉൾപ്പെടുത്തി ഹിന്ദു വ്യക്തി നിയമം പരിഷ്‍ക്കരിച്ചിട്ടുണ്ട്. എന്നാൽ നാളിതുവരെ മാറ്‍റമില്ലാതെ തുടരുന്ന മുസ്ലീം വ്യക്തി നിയമം ബഹുഭാര്യത്വവും മുത്തലാക്കും യഥേഷ്‍ടം തുടരാൻ അനുവദിക്കുന്നതിനെതിരെയാണ് നിലവിലെ പ്രതിഷേധം.
News Credits,Janamtv,30/10/2015
No comments:
Post a Comment