Thursday, October 3, 2013

മുഖ്യമന്ത്രിയും ഭീഷണിപ്പെടുത്തി - തട്ടിപ്പിനിരയായ എ കെ നാസര്‍.


കൊച്ചി: ഭൂമി തട്ടിപ്പുകേസില്‍ സലിംരാജിനെതിരെ പരാതിപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തന്നെ ഭീഷണിപ്പെടുത്തിയതായി തട്ടിപ്പിനിരയായ കെ ഷരീഫയുടെ മകന്‍ എ കെ നാസര്‍. കഴിഞ്ഞ ജൂണ്‍ 21നാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി പറഞ്ഞ തനിക്ക് ഈ തിക്താനുഭവം ഉണ്ടായതെന്ന് നാസര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സലിംരാജാണോ സംസ്ഥാനം ഭരിക്കുന്നത് എന്ന ഹൈക്കോടതിയുടെ പരാമര്‍ശം വന്നതിനു പിന്നാലെയാണ് തട്ടിപ്പിനിരയായ നാസറും മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. സലിംരാജിനെതിരെ പരാതിപ്പെട്ടാല്‍ 40 കോടി വിലമതിക്കുന്ന ഭൂമി, സര്‍ക്കാരിലേക്ക് കണ്ടുകെട്ടും എന്നാണ് ഉമ്മന്‍ചാണ്ടി ഭീഷണിപ്പെടുത്തിയത്. അന്വേഷിച്ചപ്പോള്‍ ഭൂമി നാസറിന്റെയും ബന്ധുക്കളുടെയും പേരിലുള്ളതാണെന്ന് ബോധ്യപ്പെട്ടുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, പരാതി പ്രതിപക്ഷ നേതാവിനും നല്‍കിയതിനാല്‍ ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുകയാണെന്ന് ഭീഷണിസ്വരത്തില്‍ പറഞ്ഞതായി നാസര്‍ വെളിപ്പെടുത്തി. തന്റെ പരാതിയില്‍ കൈപ്പറ്റ് രശീതി ആവശ്യപ്പെട്ടപ്പോള്‍ ആദ്യം വഴങ്ങാതിരുന്ന മുഖ്യമന്ത്രി പിന്നീട് രശീതി തന്നു. എന്നാല്‍, സലിം രാജിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട തന്റെ പരാതി പൊലീസിന് കൈമാറാതെ റവന്യൂ വകുപ്പിന് നല്‍കി ഒഴിഞ്ഞുമാറുകയായിരുന്നു മുഖ്യമന്ത്രി. കേസിനിടെ, സലിംരാജ് വീട്ടില്‍ക്കയറിയും ഭീഷണിപ്പെടുത്തി. 2011 ജൂണ്‍ 26നായിരുന്നു സംഭവം. തന്റെ കൈവശമുള്ള 1.16 ഏക്കര്‍ സ്ഥലത്തിന് നാലുകോടി രൂപ തരാമെന്നും ഉടന്‍ അവിടെനിന്ന് ഇറങ്ങിക്കൊടുക്കണമെന്നും പറഞ്ഞാണ് സലിം രാജ് വീട്ടിലെത്തിയത്. ഇതിനു വിസമ്മതിച്ചപ്പോള്‍ "നിന്നെയൊക്കെ ഞാന്‍ അടിച്ചിറക്കും. ടെന്റടിച്ച് റോഡില്‍ കിടത്തും. ഞാന്‍ ആരാണെന്ന് അറിയാമോ. ഭരണമൊക്കെ ഞാനാണ് നിയന്ത്രിക്കുന്നത്. നീയൊക്കെ അനുഭവിക്കും" എന്നായിരുന്നു ഭീഷണിയെന്ന് നാസര്‍ ദേശാഭിമാനിയോട് പറഞ്ഞു. ഭൂമിതട്ടിപ്പു കേസില്‍ സലിംരാജിനെ ഒഴിവാക്കി എഫ്ഐആര്‍ തയ്യാറാക്കാന്‍ പൊലീസും ഒത്തുകളിച്ചു. കേസിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കാനെന്നു പറഞ്ഞ് ഡിസിപി മുഹമ്മദ് റഫീഖ് തന്റെ മൊഴി എടുത്തിരുന്നു. പരാതിയിലുള്ളതിനാല്‍ സലിം രാജിനെതിരെ മൊഴിവേണ്ടെന്നും ഡിസിപി അറിയിച്ചു. എന്നാല്‍, തന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം സലിംരാജിനെ ഒഴിവാക്കി എഫ്ഐആര്‍ തയ്യാറാക്കി പൊലീസ് കള്ളക്കളി കളിച്ചുവെന്നും നാസര്‍ പറഞ്ഞു. സലിംരാജ് അവിഹിതമായി ഇടപെട്ട് തങ്ങളുടെ കുടുംബസ്വത്ത് റവന്യൂ ഭൂമിയാക്കി മാറ്റാന്‍ ശ്രമിക്കുന്നതായാണ് ഇടപ്പള്ളി പത്തടിപ്പാലം ആഞ്ഞിക്കാത്ത് വീട്ടില്‍ ഷരീഫയുടെയും മകന്‍ എ കെ നാസറിന്റെയും പരാതി. വര്‍ഷങ്ങളായി ഇവരുടെ കൈവശമുള്ള 1.16 ഏക്കര്‍ ഭൂമിക്ക് കരം അടയ്ക്കാന്‍ ചെന്നപ്പോള്‍ വസ്തു എളങ്ങല്ലൂര്‍ സ്വരൂപത്തിന്റെ പേരിലാണെന്നും നാസറിന് ഭൂമിയില്‍ അവകാശമില്ലെന്നുമായിരുന്നു റവന്യൂ അധികൃതരുടെ മറുപടി. സലിംരാജിന്റെ ബന്ധുവും അയല്‍വാസിയുമായ കാട്ടിപ്പറമ്പില്‍ അബ്ദുള്‍ മജീദിന്റെ പരാതിയിലാണ് റവന്യൂ അധികൃതരുടെ നീക്കം. നാസറും അബ്ദുള്‍ മജീദുമായി സിവില്‍ കേസ് നിലവിലുണ്ട്. ഇതിന്റെ പ്രതികാരമായാണ് തന്റെ കുടുംബസ്വത്ത് റവന്യൂ ഭൂമിയാക്കാന്‍ അബ്ദുള്‍ മജീദിന്റെ ഭാര്യാ സഹോദരനായ സലിംരാജ് ശ്രമിക്കുന്നതെന്നും നാസര്‍ പറഞ്ഞു.
Reports Deshabhimani Daily,സ്വന്തം ലേഖകന്‍ 02-Oct-2013

സലീംരാജിനെതിരായ ഭൂമി തട്ടിപ്പു കേസന്വേഷണം ഊര്‍ജ്ജിതമാക്കുന്നു
കൊച്ചി: സലീംരാജനെതിരായ ഭൂമി തട്ടിപ്പുകേസില്‍ വില്ലേജ് ഓഫീസര്‍മാരെ പൊലീസ് ചോദ്യം ചെയ്തു. തൃക്കാക്കര എസിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. പരാതിക്കാരനായ നാസറില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. സലീം രാജനെതിരായ കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് ഭൂമിതട്ടിപ്പുകേസ് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് തൃക്കാക്കര വില്ലേജ് ഓഫീസര്‍ സാബു, മുന്‍ സ്പെഷ്യല്‍ വില്ലെജ് ഓഫീസര്‍ മുറാദ് എന്നിവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മൂന്നുമണിക്കൂറിലധികം നീണ്ടു. തണ്ടപ്പേര്‍ തിരുത്തിയെന്ന ആക്ഷേപം, സലീം രാജനുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് പൊലീസ് ഇവരില്‍ നിന്നും ചോദിച്ചറിഞ്ഞത്. അതേസമയം ഇപ്പോഴുള്ള എഫ്ഐആര്‍ കൊച്ചി സിറ്റിപൊലീസ് ഡിസിപി മുഹമ്മദ് റഫീഖിന്റെ നിര്‍ദ്ദേശപ്രകാരം തയാറാക്കിയതാണെന്ന ആക്ഷേപത്തില്‍ ഉറച്ചുനില്‍ക്കുന്നതായി നാസര്‍ പറഞ്ഞു. വിശദമായ മൊഴി രേഖപ്പെടുത്തനാണ് തൃക്കാക്കര എസി നാസറിനെ വിളിച്ചുവരുത്തിയത്. വരുംദിവസങ്ങളിലും നാസറിന്‍റെ മൊഴിയെടുപ്പ് തുടരും.
Asianet News Report

No comments:

Post a Comment