പത്തനംതിട്ട: ടീം സോളാറിനു പണം കൈമാറാന്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രേരണയായെന്ന മല്ലേലില്‍ ശ്രീധരന്‍നായരുടെ വിവാദപരാമര്‍ശം ശരിവച്ച് അദ്ദേഹത്തിന്റെ രഹസ്യമൊഴിപ്പകര്‍പ്പ്. ശ്രീധരന്‍നായരുടെ പരാതി അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച ഉദ്യോഗസ്‌ഥര്‍, സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കു ക്ലീന്‍ചിറ്റ് നല്‍കിയത് യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ലെന്ന് രഹസ്യമൊഴി വെളിപ്പെടുത്തുന്നു. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായര്‍ക്ക് മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ബന്ധമുണ്ടെന്നും ശ്രീധരന്‍നായരുടെ രഹസ്യമൊഴിയില്‍ സൂചനയുണ്ട്. സോളാര്‍ പദ്ധതിക്കു പണം മുടക്കുന്നതില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രിയോടോ വ്യവസായമന്ത്രിയോടോ നേരിട്ടു സംസാരിക്കാമെന്നു സരിത പറഞ്ഞിരുന്നതായി ശ്രീധരന്‍നായരുടെ മൊഴി വ്യക്‌തമാക്കുന്നു. ശ്രീധരന്‍നായര്‍ മുമ്പു മാധ്യമങ്ങളോട് വ്യക്‌തമാക്കിയതില്‍നിന്നു രഹസ്യമൊഴിക്ക് അണുവിട വ്യത്യാസമില്ല.
കഴിഞ്ഞവര്‍ഷം ജൂലൈ ഒന്‍പതിനാണ് ശ്രീധരന്‍നായര്‍ ലക്ഷ്‌മിനായര്‍ എന്ന സരിതയുമൊത്ത് മുഖ്യമന്ത്രിയെ കണ്ടത്. സെക്രട്ടേറിയറ്റ് ഗേറ്റിനു മുന്നില്‍ സെക്യൂരിറ്റി ഉദ്യോഗസ്‌ഥര്‍ തടസം പറയാതെ ശ്രീധരന്‍നായരുടെ വാഹനം കയറ്റിവിട്ടു. ലക്ഷ്‌മിനായര്‍ പറഞ്ഞിട്ടാണിതെന്നു മൊഴിയില്‍ വ്യക്‌തമാക്കുന്നു. നോര്‍ത്ത് ബ്ലോക്കിനു മുന്നില്‍ ലക്ഷ്‌മിനായര്‍ കാത്തുനിന്നിരുന്നു. ബഹുമാനത്തോടെയാണു കാവല്‍കാരന്‍ ലക്ഷ്‌മിനായരെ കടത്തിവിട്ടത്. ജോപ്പനുമായി സംസാരിച്ചശേഷമാണു മുഖ്യമന്ത്രിയെ നേരില്‍കണ്ടത്. അപ്പോള്‍ ആര്‍. ശെല്‍വരാജ് എം.എല്‍.എയും അവിടെയുണ്ടായിരുന്നു. ലക്ഷ്‌മിനായരാണ് ശ്രീധരന്‍നായരെ മുഖ്യമന്ത്രിക്കു പരിചയപ്പെടുത്തിയത്. ഈ സമയം ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്റെ ഒരു നിവേദനവും ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിക്കു കൈമാറി. നിങ്ങളെപ്പോലുള്ളവര്‍ ഇത്തരം പ്ലാന്റുകള്‍ സ്‌ഥാപിച്ചാലേ നമ്മുടെ നാട്ടിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനാവൂ എന്നും സബ്‌സിഡിയടക്കം സഹായസഹകരണങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി രഹസ്യമൊഴിയില്‍ വ്യക്‌തമാക്കുന്നു. ടീം സോളാര്‍ കമ്പനിയുടെ സി.ഇ.ഒ: ഡോ.ആര്‍.ബി. നായര്‍ എന്ന ബിജു രാധാകൃഷ്‌ണന്‍, തനിക്കു ഡല്‍ഹിയില്‍ വലിയ ബന്ധമുണ്ടെന്നും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരുമായി അടുത്ത പരിചയമുണ്ടെന്നും പറഞ്ഞതായി ശ്രീധരന്‍നായരുടെ മൊഴിയിലുണ്ട്.
മല്ലേലില്‍ ശ്രീധരന്‍നായര്‍ നല്‍കിയ രഹസ്യമൊഴിയുടെ പൂര്‍ണരൂപം
-------------------------
കോന്നി അട്ടച്ചാക്കലാണ് വീട്. എനിക്ക് ബിസിനസ് ആണ് ജോലി. മല്ലേലില്‍ ഇന്‍ഡസ്‌ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടറാണ്..... വ്യാവസായിക ആവശ്യവുമായി ബന്ധപ്പെട്ട് എനിക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയോളം വൈദ്യുതിചാര്‍ജ് വരും. ഉപയോഗത്തിനും പരിമിതികള്‍ വേറെയുമുണ്ട്.
സ്വന്തമായി വൈദ്യുതി ഉത്‌പാദിപ്പിച്ച് പവര്‍ഗ്രിഡിലേക്ക് ഫീഡ് ചെയ്‌ത് കണ്‍സ്യൂം ചെയ്യുന്നതിനായി ഞാന്‍ ആലോചിച്ചുവരവേ 2012 മേയ്‌മാസം മലയാള മനോരമ വീട്‌പ്രസിദ്ധീകരണം വായിച്ചപ്പോള്‍ സോളാര്‍ പവര്‍ ജനറേഷന്‍ വ്യാവസായിക അടിസ്‌ഥാനത്തില്‍ ചെയ്യാന്‍ ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്‌ഥാപനത്തിന്റെ പരസ്യം കാണാന്‍ ഇടയായി.
പരസ്യത്തില്‍ കാണിച്ചിരുന്ന മൊബൈല്‍ നമ്പരില്‍ ഞാന്‍ കോണ്‍ടാക്‌റ്റ് ചെയ്‌തു. ലക്ഷ്‌മി നായര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ സ്‌ത്രീ ഫോണ്‍ എടുത്തു. ..........വിശദമായി സംസാരിക്കാന്‍ ടിയാള്‍ എന്നോട് ഒരു അപ്പോയ്‌മെന്റ് ആവശ്യപ്പെട്ടു. ഞാന്‍ അപ്പോയ്‌ന്റ്‌മെന്റ് കൊടുത്തപ്രകാരം മേയ് പകുതിക്കുശേഷം ടിയാള്‍ എന്റെ ഓഫീസില്‍ വന്നുകണ്ടു. രാവിലെയാണ് വന്നത്. ഡേറ്റ് ഓര്‍മ്മയില്ല. ടിയാള്‍ക്കൊപ്പം ശരണ്‍ കെ. ശശി എന്ന് പറയുന്നയാളും ഉണ്ടായിരുന്നു. കൂടാതെ അവര്‍ വന്ന കാര്‍ ഡ്രൈവറും ഉണ്ടായിരുന്നു. .................
ആദ്യറൗണ്ട് ചര്‍ച്ചകഴിഞ്ഞ് ലക്ഷ്‌മി നായരും ചരണും മടങ്ങി. കമ്പിനി സി.ഇ.ഒ ഡോ. ആര്‍.ബി. നായര്‍ വിളിക്കുമെന്നുപറഞ്ഞാണ് മടങ്ങിയത്. പിന്നീട് ഒരുദിവസം ഡോ. ആര്‍.ബി. നായര്‍ എന്ന് പരിചയപ്പെടുത്തി എനിക്ക് ഫോണ്‍ വന്നു. കമ്പനി സി.ഇ.ഒ ആണെന്നും ഇന്റര്‍നാഷണല്‍ ടീം സോളാര്‍ കമ്പനിയുടെ യു.കെ ആസ്‌ഥാനമായ ഡയറക്‌ടര്‍ബോര്‍ഡ് മെമ്പറാണെന്നും പറഞ്ഞു. ........
ഒരാഴ്‌ചയ്‌ക്കുശേഷം ലക്ഷ്‌മി നായരും ശരണുംകൂടി വീണ്ടും എന്റെ ഓഫീസില്‍ വന്നു.... എന്നോട് ഓഫീസില്‍ സംസാരിച്ചിരിക്കവേ ലക്ഷ്‌മി നായര്‍ക്ക് ഒരു ഫോണ്‍കോള്‍ വന്നു. എക്‌സ്‌ക്യൂസ് മീ.. എന്നു പറഞ്ഞുകൊണ്ട് കോള്‍ ജോപ്പന്‍ ചേട്ടന്റേതാണെന്നുപറഞ്ഞു പുറത്തേക്കിറങ്ങി സംസാരിച്ചു. സംസാരവിഷയം പുറത്തുനിന്ന് സംസാരിച്ചത് കേട്ടില്ല.
അതിനിടെ ഫോണില്‍ സംസാരിച്ചുകൊണ്ട് ടിയാള്‍ വീണ്ടും ഓഫീസില്‍ കയറിവന്നു. സ്‌പീക്കര്‍ ഫോണില്‍ ഇട്ട് സംസാരം തുടര്‍ന്നു. സംസാരം സ്‌പീക്കര്‍ ഫോണ്‍വഴി ഞാനും കേട്ടു. കുശലാന്വേഷണമായിരുന്നു. വീണ്ടും എന്നാണ് കാണുന്നത്? എന്നിവയൊക്കെയാണ് ഞാന്‍ കേട്ടത്. ആരാണെന്ന് ഫോണ്‍ സംഭാഷണം തീര്‍ന്നശേഷം ഞാന്‍ ചോദിച്ചപ്പോള്‍ ബഹു. സംസ്‌ഥാന മുഖ്യമന്ത്രിയുടെ പെഴ്‌സണല്‍ സെക്രട്ടറി ജോപ്പന്‍ ചേട്ടനാണ് എന്നു ലക്ഷ്‌മി നായര്‍ പറഞ്ഞു....മൂന്ന് മെഗാവാട്ട് സോളാര്‍ പ്രോജക്‌ട് ആണ് ഞാന്‍ ആവശ്യപ്പെട്ടത്. അതിലേക്ക് 45 കോടി രൂപ മുതല്‍മുടക്ക് വരുമെന്നും 60 ശതമാനം തുക സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുമെന്നും ശേഷിച്ച തുകയില്‍ 5 കോടി രൂപ പ്ര?മോട്ടേഴ്‌സ് മാര്‍ജിനലായി തന്നാല്‍ ബാക്കി ലോണ്‍ തരപ്പെടുത്താമെന്നും ടിയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. നെഗോഷിയേറ്റ് ചെയ്‌തതില്‍ 45 കോടി രൂപ എന്നത് 39 കോടി 75 ലക്ഷം രൂപയായി ടിയാള്‍ സമ്മതിച്ചു........ സാറിന് വിശ്വാസക്കുറവുണ്ടെങ്കില്‍, ആധികാരികതയില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രിയോടൊ വ്യവസായ മന്ത്രിയോടോ നേരിട്ട് സംസാരിക്കാമെന്നും ടിയാള്‍കൂടി ഒപ്പം വരാമെന്നും എന്നോട് പറഞ്ഞു. ഞാന്‍ അല്‍പ്പം സാവകാശം ചോദിച്ചു.
2012 ജൂണ്‍ 22 ന് ലക്ഷ്‌മി നായരും ശരണും ഡ്രൈവറുമൊത്ത് എന്നെ വീണ്ടും ഓഫീസില്‍ വന്നുകണ്ടു. ഫോണില്‍ വിളിച്ച് അപ്പോയ്‌മെന്റ് എടുത്താണ് വന്നത്. അതുപോലെ ഇത്തവണയും വന്നു. പ്രോജക്‌ടിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്‌തു. സൈറ്റിനെപ്പറ്റി കൂടുതലായി തിരക്കി. ഏതെങ്കിലും കിന്‍ഫ്രാപാര്‍ക്ക് വി-വണ്‍, ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റ് വി-വണ്‍ പത്തനംതിട്ട ജില്ലയിലാകട്ടെ എന്ന് ഞാന്‍ സജസ്‌റ്റ് ചെയ്‌തു. മാക്‌സിമം ഔട്ട്‌പുട്ട് കിട്ടണമെങ്കില്‍ കേരളത്തില്‍ പാലക്കാട്ട് വാളയാറിലേ ഉള്ളുവെന്നും അല്ലെങ്കില്‍ തമിഴ്‌നാട്ടില്‍ പോകണമെന്നും ലക്ഷ്‌മി നായര്‍ എന്നെ പറഞ്ഞ് മനസിലാക്കി.
പാലക്കാട്ട് കിന്‍ഫ്രയുമായി ധാരണയുണ്ടെന്നും വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ധാരണയാണെന്നും സൈറ്റ് ഇഷ്‌ടപ്പെടുന്നെങ്കില്‍ പ്ര?സീഡ് ചെയ്യാമെന്നും പറഞ്ഞു. 25 ാം തീയതി എത്താമെന്നും അന്നുരാവിലെ പത്തുമണിക്ക് പാലക്കാട്ട് ടിയാള്‍ എത്തിക്കൊള്ളാമെന്നും ടിയാള്‍ പറഞ്ഞപ്രകാരം ഞാന്‍ എന്റെ ആണ്‍മക്കള്‍ രണ്ടുപേരും സുഹൃത്തായ അഡ്വ. അജിത്‌കുമാറും, ജ്യോതിലാലും കൂടി എന്റെ ഡ്രൈവറുമൊത്ത് എന്റെ വാഹനത്തില്‍ പത്തുമണിക്ക് രാവിലെ പാലക്കാട്ട് സൂര്യ റസിഡന്‍സി ഹോട്ടലിന് മുന്‍വശമെത്തി. അവിടെ ലക്ഷ്‌മി നായരും ശരണും എത്തിച്ചേര്‍ന്നു. ഞങ്ങള്‍ ഒരുമിച്ച് വ്യത്യസ്‌ത വാഹനങ്ങളിലായി കിന്‍ഫ്ര പാര്‍ക്കിലെത്തി. .....................പാര്‍ക്കിന്റെ ലേഔട്ട് പ്ലാന്‍ ടിയാള്‍ തന്റെ ഫയലില്‍നിന്നെടുത്ത് എന്നെ കാണിച്ചു. ടി പ്ലാനില്‍ കുറെ ഭാഗം ടീം സോളാറിനായി നീക്കിവച്ചിട്ടുളളതാണെന്നുപറഞ്ഞ് കുറെ ഗുണനചിഹ്നങ്ങള്‍ എന്നെ കാണിച്ചു. അടുത്തടുത്തുളള നാല് പ്ലോട്ടുകള്‍ ചേര്‍ത്ത് പത്ത് ഏക്കറോളം ഭൂമി കാണിച്ചുതന്നു. പ്ലാന്‍വച്ച് പ്ലോട്ട് ഐഡന്റിഫൈ ചെയ്‌ത് പറഞ്ഞുതന്നു. വാഹനത്തില്‍ ഇരുന്ന് കാണിച്ചുതന്നു. പ്ലോട്ടുകളില്‍ ഇറങ്ങി കൂടുതലായി ടിയാള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അങ്ങനെ കാണിച്ച വിവിധ പത്തേക്കറില്‍ ഞാന്‍ എനിക്ക് സ്വീകാര്യമായ 4 പ്ലോട്ടുകള്‍ ചേര്‍ത്ത് പത്തേക്കറോളം സ്‌ഥലം ടിയാള്‍ക്ക് ചൂണ്ടിക്കാണിച്ചു....................... താമസിപ്പിച്ചാല്‍ പ്ലോട്ട് കൈമോശം വരുമെന്നുപറഞ്ഞ് ലക്ഷ്‌മി നായര്‍ തിടുക്കം കാണിച്ചു. ധാരണയായ തുകയ്‌ക്കുവേണ്ടി ഒരു എം.ഒ.യു. തയാറാക്കണമെന്നും അതനുസരിച്ച് 40 ലക്ഷം രൂപ അഡ്വാന്‍സായി കൊടുക്കാനും അവിടെവച്ച് ധാരണയായി. ഇതിനായി എം.ഒ.യു തയാറാക്കി 26 ാം തീയതി ഓഫീസില്‍ എത്താമെന്ന് ലക്ഷ്‌മി നായര്‍ എന്നോടുപറഞ്ഞു. രാവിലെ പത്തുമണിയോടെ 26 ാം തീയതി ലക്ഷ്‌മിനായരും ശരണും ഡ്രൈവറുമൊത്ത് വന്നു. .........മകന്‍ അജയ് ശ്രീധറുടെ സാന്നിധ്യത്തില്‍ എം.ഒ.യുവില്‍ ഞാന്‍ ഒപ്പിട്ടു. ലക്ഷ്‌മി നായരും സീല്‍ പതിച്ച് ഒപ്പിട്ടു. ...........സി.ഇ.ഒയെ നേരിട്ട് ബന്ധപ്പെട്ടില്ലെന്നും മുഖ്യമന്ത്രിയേയോ വ്യവസായമന്ത്രിയേയോ നേരിട്ട് സംസാരിക്കാനായില്ലെന്നും ഞാന്‍ പരിഭവംപോലെ പറഞ്ഞപ്പോള്‍ പോസ്‌റ്റ് ഡയിറ്റഡ് ചെക്ക് മതിയെന്നും 30.6.12 ലെ ചെക്ക് മതിയെന്നും അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയി പരിചയപ്പെടുത്തി സംസാരിച്ചുകൊളളാമെന്നും ടിയാള്‍ എനിക്ക് ഉറപ്പുതന്നു. 26 ാം തീയതി 30.6.12 തീയതിവച്ച് 40 ലക്ഷം രൂപയുടേയും 15 ലക്ഷം രൂപയുടേയും ഐ.ഡി.ബി.ഐ പത്തനംതിട്ട ശാഖയിലെ ചെക്കുകള്‍ ഞാന്‍ ഒപ്പിട്ടു. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേരില്‍ ക്രോസ് ചെയ്‌ത് ലക്ഷ്‌മി നായരെ ഞാന്‍ ഏല്‍പ്പിച്ചു. ..........
27.6.12 ല്‍ ലക്ഷ്‌മി നായര്‍ എന്നെ ഫോണില്‍ വിളിച്ച് ബഹു. മുഖ്യമന്ത്രി അടിയന്തരമായി ഡല്‍ഹിക്ക് പോയെന്നും രണ്ടാം തീയതിയേ മടങ്ങിവരൂ എന്നും വന്നാലുടന്‍ അപ്പോയ്‌മെന്റ് തരപ്പെടുത്താമെന്നും എന്നെ ധരിപ്പിച്ചു. തുടര്‍ന്ന് 29 ാം തീയതി ടിയാള്‍ എന്നെ വിളിച്ച് ടാര്‍ജറ്റ് ആയില്ല അതിനാല്‍ ചെക്കുകള്‍ രണ്ടെണ്ണം മാറിക്കോട്ടെ എന്ന് വിനീതമായി ചോദിച്ചു. ഞാന്‍ അത് സമ്മതിച്ചു. അടുത്ത ചെക്ക് മാറുന്നതിനുമുമ്പ് മുഖ്യമന്ത്രിയേയും സി.ഇ.ഒയേയും കാണണമെന്ന് ഞാന്‍ പറഞ്ഞു. 30 ാം തീയതി രണ്ട് ചെക്കുകള്‍ മാറി. 25 ലക്ഷം രൂപ എടുത്തു. 3.7.12 രാവിലെ ലക്ഷ്‌മി എന്നെ ഫോണില്‍വിളിച്ചു. മുഖ്യമന്ത്രിയെ കാണുകയാണ്. അപ്പോയ്‌മെന്റ് എടുത്തിട്ട് ഇ-മെയില്‍ ചെയ്യാമെന്ന് പറഞ്ഞു. 5 ാം തീയതി രാവിലെ മെയില്‍ കിട്ടി. ........ 9.7.12 വൈകിട്ട് ഞാനും അഡ്വക്കേറ്റ് അജിത്ത്‌കുമാറും കൂടി തിരുവനന്തപുരത്ത് ഡ്രൈവറുമൊത്ത് പോയി. 7 പി.എമ്മിനോടെ ഞങ്ങള്‍ സെക്രട്ടേറിയറ്റ് ഗേറ്റില്‍ ചെന്നു. വഴിമധ്യേ ഞാന്‍ ലക്ഷ്‌മിയെ വിളിച്ചിരുന്നു. എങ്ങനെ രാത്രിയില്‍ ഗേറ്റ് കടക്കുമെന്ന് ചോദിച്ചപ്പോള്‍ വാഹനത്തിന്റെ നമ്പര്‍ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. ഞാന്‍ നമ്പര്‍ പറഞ്ഞുകൊടുത്തു. സെക്രട്ടേറിയറ്റിന്റെ ഗേറ്റിന്റെ അടുത്തുചെന്നു.
സെക്യൂരിറ്റി തടസം പറയാതെ വാഹനത്തിന്റെ നമ്പര്‍ നോക്കിയിട്ട് എന്നെ വാഹനം സഹിതം കടത്തിവിട്ടു. നോര്‍ത്ത് ബ്ലോക്കിനുമുന്നില്‍ ലക്ഷ്‌മിയെ കണ്ടു. നോര്‍ത്ത് ബ്ലോക്കിനുതാഴെ സെക്യൂരിറ്റിക്കാരന്‍ ബഹുമാനത്തോടെ ലക്ഷ്‌മിയെ കടത്തിവിട്ടു. എന്നേയും അഡ്വക്കേറ്റ് അജിത്തിനേയും ടിയാളുടെ നിര്‍ദ്ദേശപ്രകാരം അകത്തേക്ക് കടത്തിവിട്ടു. ലിഫ്‌റ്റില്‍ കയറി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുന്നിലുളള ഫ്‌ളോറിലെത്തിച്ചു. മുഖ്യമന്ത്രിയുടെ സ്‌റ്റാഫിന്റെ ഓഫീസിന്റെ വാതില്‍ക്കലേക്ക് ലക്ഷ്‌മി കൊണ്ടുപോയി. അവിടെ ഓഫീസിലിരുന്നവര്‍ ലക്ഷ്‌മി നായരെ വിഷ് ചെയ്‌തു. ജോപ്പനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലക്ഷ്‌മി എന്നെ ജോപ്പന് പരിചയപ്പെടുത്തി. ഈ സാറിന്റെ ഓഫീസിലിരിക്കെയാണ് ഫോണ്‍ വിളിച്ചത് ഞാന്‍ പറഞ്ഞില്ലേ, ക്രഷര്‍ ഓണേഴ്‌സ് സംസ്‌ഥാന പ്രസിഡന്റാണ്. മൂന്ന് മെഗാവാട്ട് സോളാര്‍ പ്ലാന്റിന്റെ എം.ഒ.യു ഒപ്പിട്ടു എന്നൊക്കെ പറഞ്ഞു. ജോപ്പനേയും എനിക്ക് പരിചയപ്പെടുത്തി. ഈ ഓഫീസിലെ എന്ത് ആവശ്യത്തിനും ജോപ്പന്‍ ചേട്ടനെ വിളിച്ചാല്‍ മതിയെന്നും ലക്ഷ്‌മി എന്നോട് പറഞ്ഞു. ലക്ഷ്‌മി നായരും ഞാനും ജോപ്പന്റെ മുന്നിലിരുന്നു. സ്‌റ്റാഫിന്റെ ഒഴിഞ്ഞുകിടന്ന സമീപത്തുള്ള കസേരയില്‍ അഡ്വക്കേറ്റ് അജിത്തുമിരുന്നു. ഞാന്‍ കാര്യങ്ങള്‍ ഒന്നുകൂടി പറഞ്ഞു. ജോപ്പന്‍ കേട്ടിരുന്നു. ഫോണ്‍കോള്‍ വന്നപ്പോള്‍ അതുമായി ലക്ഷ്‌മി പുറത്തിറങ്ങി. നിങ്ങളുടെ ഡിസിഷന്‍ നല്ലതാണ്. നല്ല ടീമുമാണ് എന്ന് ജോപ്പന്‍ എന്നോട് പറഞ്ഞു. എന്നിട്ട് ലക്ഷ്‌മിയുടെ പുറകെ ജോപ്പന്‍ പുറത്തിറങ്ങി. ഇന്ന് മുഖ്യമന്ത്രി ആരേയും കാണുന്നില്ല. കോറിഡോര്‍ ഒഴിഞ്ഞുകിടക്കുന്നത് കണ്ടില്ലേ. അകത്ത് സെല്‍വരാജ് എം.എല്‍.എ ഇരിപ്പുണ്ട്. നിങ്ങളേയും കാണുമായിരിക്കും. എന്നുപറഞ്ഞാണ് ജോപ്പന്‍ പുറത്തേക്കിറങ്ങിയത്. കുറെനേരം കഴിഞ്ഞ് നോക്കിയപ്പോള്‍ ലക്ഷ്‌മി നായരും ജോപ്പനും മാറിനിന്ന് രഹസ്യമായി സംസാരിക്കുന്നതുകണ്ടു. ഉടന്‍ അവര്‍ മടങ്ങിവന്നു. മുഖ്യമന്ത്രി അപ്പോള്‍ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് പോകുന്നത് കണ്ടു.
ജോപ്പന്‍ ഉടന്‍ ക്യാബിനിലേക്ക് പോകുന്നത് കണ്ടു. മുഖ്യമന്ത്രിയുടെ ക്യാബിനിലേക്ക് എന്നെയും ലക്ഷ്‌മിയേയും ജോപ്പന്‍ കൂട്ടിക്കൊണ്ടുപോയി. ക്രഷര്‍ ഓണേഴ്‌സിന്റെ ഒരു നിവേദനവും കാണാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രിക്കുകൊടുക്കാന്‍ അവസരം വേണമെന്ന് ഞാന്‍ മുമ്പ് ലക്ഷ്‌മിയോട് പറഞ്ഞിരുന്നു. അത് ഞാന്‍ കൈവശം കരുതിയിരുന്നു. ക്യാബിനില്‍ മുഖ്യമന്ത്രിയും സെല്‍വരാജ് എം.എല്‍.എയുമായി സംസാരിച്ചിരിക്കുന്നതുകണ്ടു. ജോപ്പനൊപ്പം ഞാനും ലക്ഷ്‌മിയും കസേരകള്‍ക്ക് പിന്നിലായി നിന്നു. മുഖ്യമന്ത്രി സീറ്റില്‍നിന്നും എഴുന്നേറ്റ് ഞങ്ങളെ സമീപിച്ചു.
ലക്ഷ്‌മി എന്നെ മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി. ക്രഷര്‍ ഓണേഴ്‌സ് സംസ്‌ഥാന പ്രസിഡന്റാണ്. മൂന്ന് മെഗാവാട്ട് സോളാര്‍ പ്ലാന്റ് സ്‌ഥാപിക്കാന്‍ എം.ഒ.യുവില്‍ ഒപ്പിട്ടുവെന്നും അതിന് കിന്‍ഫ്രാ പാര്‍ക്കില്‍ പോയി നടപടി നടത്തുകയാണെന്നും പറഞ്ഞു. ഒപ്പം സാറിന് ക്രഷര്‍ ഓണേഴ്‌സിന്റെ നിവേദനംതരാനുണ്ടെന്നും സ്വാതന്ത്ര്യത്തോടെ പറഞ്ഞു. നിവേദനം ഞാന്‍ മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. വീട്ടില്‍ കൊണ്ടുപോകുന്ന ഫയലിലേക്ക് വയ്‌ക്കുവാനായി അത് ജോപ്പനെ പറഞ്ഞ് ഏല്‍പ്പിച്ചു. എന്നോടായി നിങ്ങളേപ്പോലുള്ളവര്‍ ഇത്തരം പ്ലാന്റുകള്‍ സ്‌ഥാപിച്ചാലേ നമ്മുടെ നാട്ടിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനാവൂവെന്നും സബ്‌സിഡി അടക്കമുള്ള സഹായ സഹകരണങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ലക്ഷ്‌മി കൈയില്‍ കരുതിയിരുന്ന രണ്ടുലക്ഷം രൂപയുടെ ഡി.ഡി എന്നുപറഞ്ഞ് ഒരു കവറിംഗ് ലെറ്റര്‍ ഉള്‍പ്പെടെ ഡി.ഡി മുഖ്യമന്ത്രിയെ ദുരിതാശ്വാസനിധിയിലേക്ക് എന്നുപറഞ്ഞ് ഏല്‍പ്പിച്ചു. അതും മുഖ്യമന്ത്രി അപ്പോള്‍തന്നെ ജോപ്പനെ ഏല്‍പ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഞങ്ങള്‍ ഒന്നിച്ച് ലിഫ്‌റ്റില്‍ താഴേക്ക് ഇറങ്ങി. മുഖ്യമന്ത്രി കാറില്‍ മടങ്ങി. ഞങ്ങള്‍ വീണ്ടും ജോപ്പന്റെ അടുത്തുവന്നു. ജോപ്പന്‍ ടിയാന്റെ മൊബൈല്‍ നമ്പര്‍ തന്നു. എന്താവശ്യമുണ്ടെങ്കിലും വിളിക്കാന്‍ പറഞ്ഞു. ഞാന്‍ ആ നമ്പരില്‍ ലക്ഷ്‌മിയെ അറസ്‌റ്റു ചെയ്‌തശേഷം വിളിച്ചു.
പക്ഷേ ലൈന്‍ കിട്ടിയില്ല. 13.7.12 ല്‍ ഡോ. ആര്‍.ബി. നായര്‍ എന്റെ ഓഫീസില്‍ വന്നു. ഡ്രൈവറുമൊത്തു കാറിലാണ് വന്നത്. സന്തോഷ് എന്നാണ് ഡ്രൈവറുടെ പേരുപറഞ്ഞത്. വിസിറ്റിംഗ് കാര്‍ഡും തന്നു. എത്രയുംവേഗം പ്ര?സീഡ് ചെയ്യണമെന്നും അതിന്റെ പാനല്‍സ് ജര്‍മ്മിനിയില്‍നിന്നും ഇംപോര്‍ട്ട് ചെയ്യണമെന്നും മറ്റും സംസാരിച്ചു. സന്തോഷിന്റെ നമ്പര്‍കൂടി തന്നിട്ട് ലൈന്‍ കിട്ടിയില്ലെങ്കില്‍ ഇതില്‍ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു. ഡല്‍ഹിയിലും മറ്റുമുള്ള കണക്‌ഷനേപ്പറ്റിയും ഡോ. ആര്‍.ബി നായര്‍ പറഞ്ഞു.
പ്രൈംമിനിസ്‌റ്ററുടെ പ്രൈവറ്റ് സെക്രട്ടറി ടി.കെ.എ നായരുമായി വളരെ അടുപ്പമുണ്ടെന്നും പറഞ്ഞു. 14 ാം തീയതിവച്ചുള്ള ചെക്കും കാഷ് ചെയ്‌തുകൊള്ളാന്‍ സമ്മതം ലക്ഷ്‌മിയോട് പറഞ്ഞു. ടിയാള്‍ ഫോണില്‍ വിളിച്ചപ്പോഴാണ് പറഞ്ഞത്. നിരന്തരമായി ലക്ഷ്‌മി എന്നെവിളിച്ചിരുന്നു. ഇ-മെയിലിലും അയച്ചു. മൂന്നുനാലുമാസമായിട്ടും കാര്യങ്ങളൊന്നും നടക്കാതെവന്നപ്പോള്‍ കിന്‍ഫ്രാ ലാന്റ് ലീസിനാണ് നല്‍കുന്നതെന്നും അത് ടൈറ്റിലാക്കാന്‍ നെഗോഷിയേഷന്‍ പ്രൈംമിനിസ്‌റ്ററുടെ ഓഫീസുമായി ചേര്‍ന്ന് നടക്കുകയാണെന്നും ഒരുമാസത്തിനകം അത് റെഡിയാകുമെന്നും പറഞ്ഞു.
ലക്ഷ്‌മി എന്നോട് സൗമ്യമായി ഫോണ്‍ചെയ്‌തു. 2012 ഡിസംബര്‍വരെ ഞാന്‍ കാത്തുനിന്നു. ജനുവരി ഒന്നിന് ഞാന്‍ ലക്ഷ്‌മിക്ക് ഒരു കത്ത് രജിസ്‌റ്റേര്‍ഡ് പോസ്‌റ്റില്‍ അയച്ചു.അഡ്രസി നോട്ട് ഫൗണ്ട് എന്നുപറഞ്ഞ് ഒരുമാസംകഴിഞ്ഞ് ടി കത്ത് മടങ്ങി. ഫെബ്രുവരിയില്‍ ഞാന്‍ വിളിച്ചിട്ടും മറുപടി കിട്ടിയില്ല. ഓഫീസ് സ്‌റ്റാഫിനെക്കൊണ്ട് മാറിമാറി വിളിപ്പിച്ചു. മാര്‍ച്ചില്‍ ഞാന്‍ അഡ്വക്കേറ്റ് മണിലാല്‍ വഴി ഒരു വക്കീല്‍ നോട്ടീസ് കമ്പിനിക്കും ലക്ഷ്‌മിക്കും അയച്ചു. അതും കൈപ്പറ്റാതെ മടങ്ങി. അഡ്വക്കേറ്റിനുപോലും ടിയാളെ ലൊക്കേറ്റ് ചെയ്യാനായില്ല. ഏപ്രിലില്‍ ടിയാള്‍ എന്നെ ഇങ്ങോട്ട് വിളിച്ചു. പിതൃസ്‌ഥാനത്താണ് കരുതുന്നത്. എന്നോട് ഇങ്ങനെ ചെയ്യരുത്.എന്നൊക്കെ പറഞ്ഞു. എന്താണ് തെറ്റ് ചെയ്‌തത് എന്നുപറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാര്യയോട് ക്ലിഫ് ഹൗസില്‍ പോയി ലക്ഷ്‌മിയെപ്പറ്റി മോശമായി സംസാരിച്ചതായി പറഞ്ഞു. അത് കളവാണ്. ഞാന്‍ ക്ലിഫ്‌ഹൗസില്‍ പോയിട്ടില്ല. മുഖ്യമന്ത്രിയുടെ ഭാര്യയെ കണ്ടിട്ടുപോലുമില്ല. എന്നിട്ടും അവസരോചിതമായി കാശ് തരാഞ്ഞതിനാലല്ലേ അങ്ങനെ പറഞ്ഞത്. കാശ് തിരികെ തന്നാല്‍ മതിയെന്നും ഞാന്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ട് നമ്പരും ഐ.എഫ്.എസ്.സി കോഡും തന്നാല്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്‌തേക്കാമെന്നും പറഞ്ഞു. പറഞ്ഞതൊന്നും സാറിന് തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ എന്നുകൂടി ടിയാള്‍ കൂട്ടിച്ചേര്‍ത്തു. അക്കൗണ്ട് നമ്പരും ഐ.എഫ്.എസ്.സി കോഡും ഉടനടി ഞാന്‍ എസ്.എം.എസ് ചെയ്‌തു. പിന്നീട് ഞാന്‍ വീണ്ടും വിളിച്ചു. എസ്.എം.എസ് അയച്ചു. ഇങ്ങോട്ട് വിളിക്കാന്‍ പറഞ്ഞു. ടിയാള്‍ തിരികെ വിളിച്ചു. രണ്ടുതവണയായി തുക ട്രാന്‍സ്‌ഫര്‍ ചെയ്യാമെന്നും ആദ്യഗഡു മേയ് പത്തിനും ബാക്കി മെയ് 25 നും തരാമെന്നുംപറഞ്ഞു. മേയ് 17 ന് ഞാന്‍ കൈലാസത്തില്‍ പോയി. അതിനാല്‍ കുറെനാള്‍ ഫോളോ അപ് നടന്നില്ല. മേയ് 31 ന് മടങ്ങിവന്നു. ജൂണ്‍ ഒന്നിന് രാവിലെ ഞാന്‍ ലക്ഷ്‌മിയെ വിളിച്ചു. പാന്‍കാര്‍ഡ് ഇല്ലാത്തതിനാല്‍ ട്രാന്‍സ്‌ഫര്‍ ചെയ്യാനായില്ലെന്ന് പറഞ്ഞു.
ഉടന്‍ ഞാന്‍ എന്റെ പാന്‍ നമ്പര്‍ എസ്.എം.എസ് ചെയ്‌തു. 3.6.13 ല്‍ കാശ് ഇടുമെന്നാണ് പറഞ്ഞിരുന്നത്. 3.6.13 ല്‍ വിളിച്ചിട്ട് ഫോണ്‍ ലക്ഷ്‌മി എടുത്തില്ല. രാവിലെയാണ് വിളിച്ചത്. അന്നത്തെ പത്രം എന്റെ ഭാര്യ വായിച്ചിട്ട് പറഞ്ഞിട്ട് ഞാന്‍ വായിച്ചപ്പോള്‍ ലക്ഷ്‌മിയെപ്പോലുള്ള ഒരു സ്‌ത്രീയെ അറസ്‌റ്റുചെയ്‌ത വാര്‍ത്ത കണ്ടു. പക്ഷേ സരിത എന്നാണ് പേര്‍ കണ്ടത്. തുടര്‍ന്ന് വായിച്ചപ്പോള്‍ സരിത ലക്ഷ്‌മിതന്നെയാണെന്ന് മനസിലായി. 3.6.13 ആണോ, 4.6.13 ആണോ ഡേറ്റ് എന്ന് ഉറപ്പില്ല. തുടര്‍ന്ന് ഞാന്‍ ജോപ്പനെ വിളിച്ചു. കോള്‍ എടുത്തില്ല. ലൈന്‍ കിട്ടിയില്ല. 12.6.13 ല്‍ ഞാന്‍ അഡ്വ. സോണി ഭാസ്‌കര്‍ മുഖാന്തിരം പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി-2ല്‍ ലക്ഷ്‌മിനായര്‍, ആര്‍.ബി. നായര്‍ എന്നിവര്‍ക്കെതിരെ അന്യായം കൊടുത്തു. ആ അന്യായത്തില്‍ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അറിവോടെയാണ് എന്ന് ആ അന്യായത്തില്‍ ചേര്‍ത്തിരുന്നു. വക്കീല്‍ വായിച്ച് കേള്‍പ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എന്നതിനുമുന്നില്‍ മുഖ്യമന്ത്രിയും എന്നുകൂടി എഴുതിച്ചേര്‍ത്തിട്ടാണ് ഞാന്‍ അന്യായം ഒപ്പിട്ടത്. അന്യായം കോന്നി സി.ഐക്ക് അന്വേഷണത്തിനായി അയച്ചു. പോലീസ് എന്റെ മൊഴിവാങ്ങി. ഞാന്‍ ബിസിനസ്‌കാരനാണ്. മുഖ്യമന്ത്രിക്കെതിരെ പരാതിപ്പെട്ടാലുള്ള ഭവിഷത്ത് മനസിലാക്കി എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി, എ.ഡി.ജി.പി എന്നിവര്‍ക്ക് മൊഴികൊടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കിയിരുന്നു. ഇനിയും സത്യം മറച്ചുവയ്‌ക്കേണ്ട എന്നതിനാല്‍ ഇതെല്ലാം തുറന്നുപറയുകയാണ്. ഇത്രയേ എനിക്ക് പറയാനുള്ളു.
മൊഴി വായിച്ചു കേട്ടു ശരിയാണ് ഒപ്പ്
(12 പേജുള്ള രഹസ്യമൊഴിയാണ് ശ്രീധരന്‍ നായര്‍ റാന്നി ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. സ്‌ഥലപരിമിതി മൂലം ചില വാചകങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.)
News Credits,Mangalam Daily, October 30, 2013
No comments:
Post a Comment