തിരു: തനിക്കും അനുചരര്‍ക്കും എതിരായ കേസുകളും പരാതികളും അട്ടിമറിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരം ദുര്‍വിനിയോഗം ചെയ്ത് പരാതിക്കാരെ കള്ളക്കേസിലും നിയമക്കുരുക്കിലും പെടുത്തി ദ്രോഹിക്കുന്നു. കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് കേസുകളിലെ പൊലീസ് അന്വേഷണം പൂര്‍ണമായും പ്രഹസനമാക്കിയ ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണവും അട്ടിമറിച്ചു.
ഇതിന് പുറമെയാണ് തന്റെ അനുചരര്‍ക്കെതിരായ കേസുകളും ഇല്ലാതാക്കുന്നത്. തങ്ങള്‍ക്കെതിരെ പരാതികളുമായി ആരെങ്കിലും രംഗത്തിറങ്ങിയാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന താക്കീതും പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കാനുള്ള തന്ത്രവുമാണ് സര്‍ക്കാര്‍ പയറ്റുന്നത്. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന് ചൊവ്വാഴ്ച കോഴിക്കോട് സെഷന്‍സ് കോടതിയില്‍നിന്ന് ജാമ്യം കിട്ടി.
സോളാര്‍ കേസില്‍ സരിത എസ് നായരും ബിജു രാധാകൃഷ്ണനും മാത്രമേ പുറത്തിറങ്ങാനുള്ളൂ. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പിടിയിലായ ഫയാസിന് സലിംരാജുമായി മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായും ബന്ധമുണ്ട്. ഈ സംഭവം എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പരാതിക്കാരെ കേസില്‍ കുടുക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇടപ്പള്ളി സ്വദേശിയും എഴുപത്തെട്ടുകാരിയുമായ ഷെരീഫയ്ക്കും മക്കള്‍ക്കുമെതിരെ എടുത്ത കേസ്. സലിംരാജിനെതിരെ പരാതി നല്‍കുകയും അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തതിന് പുറമെ കേസില്‍ ഉമ്മന്‍ചാണ്ടി ഇടപെട്ടതിനെ കുറിച്ച് വെളിപ്പെടുത്തിയെന്നതാണ് ഈ കുടുംബം ചെയ്ത "തെറ്റ്".
സലിംരാജിനെതിരായ പരാതിയില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി എടുക്കാത്തവരാണ് എതിര്‍കക്ഷികളുടെ പരാതിയില്‍ രണ്ട് ദിവസത്തിനകം കേസെടുത്തത്. പത്തനംതിട്ടയിലെ മല്ലേലില്‍ ക്രഷര്‍ ഉടമ ശ്രീധരന്‍നായരെ നികുതിവെട്ടിപ്പ് നടത്തിയെന്നാരോപിച്ച് കേസില്‍ കുടുക്കാന്‍ നടത്തിയ ശ്രമം വിവാദമായിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരായ പരാതിയില്‍ ശ്രീധരന്‍നായരും ഉറച്ചുനിന്നു. വ്യവസായി എം കെ കുരുവിളയെ കേസുകളുടെ പരമ്പരയില്‍ കുടുക്കിയിരിക്കുകയാണ്.
Desabhimani Daily Report dt 5th October 2013
No comments:
Post a Comment