കൊച്ചി: മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് സംബന്ധിച്ച് നിലവില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തില്‍ ജസ്‌റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് അതൃപ്‌തി രേഖപ്പെടുത്തി. തിരുവനന്തപുരം കടകമ്പിള്ളിയിലെ ഭൂമി തട്ടിപ്പിന്റെ അന്വേഷണം ജൂലൈയില്‍ ആരംഭിച്ചിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് കോടതി വിലയിരുത്തി.
അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കാനും പത്തുദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഭൂമിയുടെ ഉടമസ്‌ഥാവകാശത്തെക്കുറിച്ച് സ്വകാര്യ വ്യക്‌തികള്‍ തമ്മില്‍ സിവില്‍ കോടതികളില്‍ തര്‍ക്കം നിലവിലുണ്ടെന്നും അതിനാല്‍ അന്വേഷണം ശ്രമകരമാണെന്നും വിജിലന്‍സ് നിലപാട് സ്വീകരിച്ചു. എന്നാല്‍ കേസ് സി.ബി.ഐക്ക് വിടുന്നതിന് വിജിലന്‍സ് റിപ്പോര്‍ട്ട് സഹായകമാവുമെന്ന് കോടതി പറഞ്ഞു. എറണാകുളം പത്തടിപ്പാലത്തെ ഭൂമി തട്ടിപ്പില്‍ സമഗ്ര അന്വേഷണത്തിനു പുറപ്പെടുവിച്ച ഉത്തരവ് കടകമ്പിള്ളിയിലെ ഭൂമി തട്ടിപ്പ് കേസിലും ബാധകമാക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ബന്ധപ്പെട്ട രേഖകള്‍ ലഭിച്ച് 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂമി ഇടപാടുകളില്‍ മോഹിപ്പിക്കുന്ന തുക ഉള്‍പ്പെട്ടിട്ടുണ്ടെന്നു കരുതേണ്ടിയിരിക്കുന്നുവെന്ന് കോടതി പറഞ്ഞു.
അതേസമയം പത്തടിപ്പാലത്തെ ഭൂമി ഇടപാടില്‍ സലിംരാജ് സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് ആരോപണ വിധേയരായ തഹസില്‍ദാര്‍മാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കണയന്നൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ കൃഷ്‌ണകുമാരി, ഫോര്‍ട്ട്‌കൊച്ചി തഹസില്‍ദാര്‍ സുനിലാല്‍ എന്നിവര്‍ ബോധിപ്പിച്ചു. ഉത്തമ വിശ്വാസത്തോടെയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായുമാണ് തങ്ങള്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചതെന്നും ഇരുവരും സമര്‍പ്പിച്ച എതിര്‍സത്യവാംങ്‌മൂലത്തില്‍ പറയുന്നു.
ഭൂമി തര്‍ക്കത്തിലേക്ക് തങ്ങളെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ഇവര്‍ ബോധിപ്പിച്ചിട്ടുണ്ട്. സലിംരാജും സംഘവും തങ്ങളെ സ്വാധീനിച്ചതിന് തെളിവില്ലെന്നും എതിര്‍സത്യവാംങ്‌മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ തിങ്കളാഴ്‌ചയും വാദം തുടരും.
News Report Mangalam Daily, October 26, 2013
No comments:
Post a Comment