Friday, September 27, 2013

പ്രവാസി യോഗത്തിന് ഉമ്മന്‍ചാണ്ടി ഫയാസിന്റെ വാഹനത്തില്‍

തലശേരി: പ്രവാസിയോഗത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തിയത് സ്വര്‍ണ കള്ളക്കടത്തുകാരന്‍ ഫയാസിന്റെ വാഹനത്തില്‍. 2008 ല്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ ദുബായ് അല്‍ഖറൂദില്‍ ചേര്‍ന്ന പുതുച്ചേരി പ്രവാസി അസോസിയേഷന്‍ (നോര്‍പ്പ) യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഫയാസിന്റെ വാഹനത്തില്‍ പോയത്. കേന്ദ്രമന്ത്രി ഇ അഹമ്മദ് അടക്കമുള്ള ലീഗ് നേതാക്കളുമായും ഫയാസിന് അടുത്ത ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നു. നോര്‍പ്പ ജനറല്‍ സെക്രട്ടറിയും മാഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ റമീസ് അഹമ്മദാണ് ഫയാസിന്റെ വാഹനത്തില്‍ ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്യം പുറത്തറിയിച്ചത്. ഉമ്മന്‍ചാണ്ടിയുമായി ഫയാസിന് വര്‍ഷങ്ങളായുള്ള ബന്ധമാണെന്ന് ദുബായിലുള്ള റമീസ് ഫോണില്‍ ദേശാഭിമാനിയോട് പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോ തന്റെ കൈയിലുണ്ട്. കേരളത്തില്‍ രാഷ്ട്രീയവിവാദമായി പ്രശ്നം മാറുമെന്നതിനാല്‍ തല്‍ക്കാലം പുറത്തുവിടില്ല. തന്റെ ചാനല്‍ അഭിമുഖത്തിന്റെ പേരില്‍ തന്നെ വലിയ വിമര്‍ശമാണ്-റമീസ് വ്യക്തമാക്കി. തലശേരിയില്‍ ഉമ്മന്‍ചാണ്ടി ഫയാസുമായി ഇരുപത് മിനിറ്റ് സംസാരിച്ച കാര്യവും പുറത്തുവന്നു. ഉമ്മന്‍ചാണ്ടി തലശേരിവഴി പോയപ്പോള്‍ ദേശീയപാതയില്‍ വാഹനം നിര്‍ത്തിയാണ് ഫയാസുമായി സംസാരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വാഹനം നിര്‍ത്തി കയറാനും സംസാരിക്കാനും കഴിയുംവിധം അടുത്ത ബന്ധമാണ് ഫയാസിന് ഉള്ളതെന്ന് ഇത് വ്യക്തമാക്കുന്നു. മുസ്ലിംലീഗ് ദേശീയ നേതൃത്വത്തിലേക്ക് പ്രവാസിയായ അമ്മാവന്‍ തൊണ്ടന്റവിട ഇബ്രാഹിംകുട്ടിയെ ഫയാസ് കൈപിടിച്ചുയര്‍ത്തിയത് ഇ അഹമ്മദുമായുള്ള അടുപ്പം വഴിയായിരുന്നു. ദുബായില്‍ മുസ്ലിംലീഗ് സംഘടനയായ കെഎംസിസിയുടെ ഭാരവാഹിമാത്രമായ ഇബ്രാഹിംകുട്ടിയെ നിലവിലുള്ള ഭാരവാഹികളെ വെട്ടിയാണ് ലീഗിന്റെ മാഹി ജില്ലാ സെക്രട്ടറിയും പിന്നീട് ദേശീയസമിതി അംഗവുമാക്കിയത്. ലീഗിന്റെ മാഹിയിലെ സ്ഥാപക നേതാവും പുതുച്ചേരി സംസ്ഥാന മുന്‍ പ്രസിഡന്റുമായ സി വി സുലൈമാന്‍ഹാജിയെ ഒതുക്കിയാണ് ഫയാസ് അമ്മാവനെ ലീഗ് നേതൃത്വത്തിലെത്തിച്ചത്. എന്നാല്‍, തനിക്ക് ഫയാസുമായി ബന്ധമില്ലെന്നും താന്‍ അത്തരക്കാരനല്ലെന്നും ഇ അഹമ്മദ് പ്രതികരിച്ചു. ഇ ടി മുഹമ്മദ്ബഷീര്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുമായും ഫയാസിന് ബന്ധമുണ്ട്. ദുബായ് സന്ദര്‍ശിക്കുന്ന മുസ്ലിംലീഗ്, കോണ്‍ഗ്രസ് നേതാക്കളെ സ്വീകരിക്കുന്നത് ഫയാസ് നേരിട്ടാണ്. ഇതിനിടെ, ഫയാസിന്റെ കോടിയേരി പാറാല്‍ അറബിക് കോളേജിനടുത്ത വീട്ടിലും ഈസ്റ്റ് പള്ളൂരിലെ തറവാട്ടിലും കസ്റ്റംസ്-സിബിഐ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച റെയ്ഡ് നടത്തി. ചിലരേഖകളും വിവരങ്ങളും സംഘത്തിന് ലഭിച്ചതായി സൂചനയുണ്ട്. ഫയാസിന്റെയും സുഹൃത്ത് കുയ്യാലി എംസി എന്‍ക്ലേവിലെ അഷറഫിന്റെയും സാമ്പത്തിക-തീവ്രവാദ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ഐബി ഉദ്യോഗസ്ഥരും തലശേരിയിലെത്തിയിട്ടുണ്ട്. വടകര താഴെ അങ്ങാടിയിലുള്ള ഫയാസിന്റെ ഭാര്യവീട്ടിലും റെയ്ഡ് നടത്തി. ലാപ്ടോപ്പും രേഖകളും ഫോട്ടോ ആല്‍ബവും പിടിച്ചെടുത്തു. ഫയാസിന്റെ ഭാര്യ ഷബിനയും ബാപ്പ റഷീദും ഗള്‍ഫിലായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. താഴെ അങ്ങാടിയിലെ ഭാര്യവീട്ടിനു സമീപത്ത് ഫയാസ് കൂറ്റന്‍ ബംഗ്ലാവ് നിര്‍മിക്കുന്നുണ്ട്. ബുള്ളറ്റ് പ്രൂഫ് സംവിധാനത്തിലാണ് വീടിന്റെ നിര്‍മാണം.

-------------------------
സുതാര്യതയില്ലാത്ത സര്‍ക്കാരിന് നിലനില്‍പ്പില്ല: ചെന്നിത്തല നെയ്യാറ്റിന്‍കര: സുതാര്യതയില്ലാത്ത സര്‍ക്കാറിന് നിലനില്‍പ്പില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഒന്നും മറച്ചുവെച്ച് ഭരിക്കാനാകില്ലെന്ന് ഭരണാധികാരികള്‍ മനസിലാക്കണമെന്നും എത്ര മൂടിവെച്ചാലും സത്യം ഒരു ദിവസം പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തല്‍ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസില്‍ ഉമ്മന്‍ചാണ്ടിയും ഓഫീസും പ്രതിക്കൂട്ടില്‍നില്‍ക്കുന്ന സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റിന്റെ ഒളിയമ്പ്. സുതാര്യതയുടെ കാലമാണിപ്പോള്‍. ആര്‍ക്കും ഒന്നും മറച്ചുവെയ്ക്കാനാകില്ല. വിവരാവകാശനിയമം കാര്യക്ഷമമായ ഈ കാലത്ത് സത്യം ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരും. സത്യം കുടത്തിലെ വിളക്കുപോലെയാണ്. വലിയ അഴിമതികള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരികയാണ്. അത് തമസ്കരിക്കാനാകാത്ത നിലയിലാണ് ഇപ്പോള്‍ സമൂഹം നിലനില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സ്വര്‍ണ കള്ളക്കടത്തുകാരന്‍ ഫയാസിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം പാര്‍ടി ഗൗരവത്തോടെയാണ് കാണുന്നതെന്ന് രമേശ് ചെന്നിത്തല നെയ്യാര്‍ ഡാമില്‍ രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവം സമഗ്രമായി അന്വേഷിച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവരണം. തീവ്രവാദിബന്ധവും അന്വേഷിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരുമായി ഫയാസ് ഫോണില്‍ സംസാരിച്ചിട്ടുണ്ടോ ഇല്ലയോ എന്നൊന്നും തനിക്ക് അറിയില്ല. ഓഫീസില്‍ പൊളിച്ചെഴുത്ത് വേണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. വിവിധ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ നാല് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഉയരുന്ന ആരോപണങ്ങള്‍ പാര്‍ടിയെയും കാര്യമായി ബാധിക്കുന്നുണ്ട്. കോണ്‍ഗ്രസ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതില്‍ പാര്‍ടി ഇടപെടാറില്ല. എന്നാല്‍, ഇനിമുതല്‍ പാര്‍ടിയുടെ കൂടുതല്‍ ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകും. സമീപകാലത്ത് സ്വര്‍ണക്കടത്തും മനുഷ്യക്കടത്തും വര്‍ധിക്കുന്നതായാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി കള്ളക്കടത്ത് വ്യാപകമാണ്. ഇത്തരം കേസുകളില്‍ അന്വേഷണത്തിന് സംസ്ഥാന പൊലീസിന് പരിമിതിയുണ്ട്. ഏത് ഏജന്‍സിയാണ് അന്വേഷിക്കേണ്ടതെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. സ്വന്തം ലേഖകന്‍,Deshabhimani Daily, 27-Sep-2013

No comments:

Post a Comment