കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനു ഫോണ്‍കോള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസിനുള്ളിലെ ചാരനെക്കുറിച്ച് അന്വേഷിക്കുന്നു. കോഴിക്കോട് ചേവായൂര്‍ പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസുമായി ബന്ധപ്പെട്ടാണു സലിംരാജിനു വിവരങ്ങള്‍ നല്‍കിയ കേന്ദ്രത്തെക്കുറിച്ചും ആളെക്കുറിച്ചും അന്വേഷണം നടത്തുന്നത്.
കൊല്ലം ഓച്ചിറ സ്വദേശിയും ഭര്‍തൃമതിയുമായ റഷീദാബീവിയെ കാണാതായ സംഭവത്തിലാണു സലിംരാജിന് ഫോണ്‍കോളുകള്‍ ചോര്‍ത്തി നല്‍കിയത്. ഇവര്‍ക്കൊപ്പം കാണാതായ പ്രസന്നന്റെ മൊബൈല്‍ഫോണ്‍ കോളുകളുടെ വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു സലിംരാജ് കോഴിക്കോട്ടെത്തിയത്. റഷീദാബീവിയെ കാണാതായെന്ന പരാതി രജിസ്‌റ്റര്‍ ചെയ്‌ത ഓച്ചിറ പോലീസ് സ്‌റ്റേഷനില്‍ സൈബര്‍സെല്ലില്‍ നിന്നുള്ള ഫോണ്‍രേഖകള്‍ ഔദ്യോഗികമായി ലഭിച്ചിരുന്നു. റഷീദാബീവിയുടെയും പ്രസന്നന്റെയും ഉള്‍പ്പെടെയുള്ള ഫോണ്‍കോളുകളുടെ റിപ്പോര്‍ട്ടാണ് സ്‌റ്റേഷനില്‍ ലഭിച്ചത്. സൈബര്‍സെല്ലില്‍ എത്തിയ ഈ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണു സലിംരാജും പിടികിട്ടാപ്പുള്ളിയുമടങ്ങിയ സംഘം കോഴിക്കോട്ടെത്തിയത്.
ഓച്ചിറ പോലീസ് സ്‌റ്റേഷനില്‍ നിന്നാണു സലിംരാജിനു ഫോണ്‍കോളുകളുടെ വിവരങ്ങള്‍ ലഭിച്ചതെന്നാണു കോഴിക്കോട്ടെ പോലീസ് ഉദ്യോഗസ്‌ഥരുടെ നിഗമനം. പോലീസിലെ ഉന്നതരുമായി സലിംരാജിനു അടുപ്പമുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഏതു സൈബര്‍സെല്‍ വഴിയും വിവരങ്ങള്‍ ലഭിച്ചേക്കാം. ഈ സാഹചര്യത്തില്‍ സലിംരാജിന്റെ ഫോണ്‍കോളുകളുടെ വിവരങ്ങളും പരിശോധിക്കും. സലിംരാജുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ ഫോണ്‍കോള്‍ സംബന്ധിച്ചുള്ള കാര്യങ്ങളെക്കുറിച്ചറിയാനാവും.
അതേസമയം, സ്‌റ്റേഷനില്‍ നിന്നു യാതൊരു വിവരവും പുറത്തുപോയിട്ടില്ലെന്ന് ഓച്ചിറ എസ്.ഐ. ബാലന്‍ പറഞ്ഞു. പരാതിക്കാര്‍ നല്‍കിയ നമ്പറുകളുടെ വിവരങ്ങള്‍ സൈബര്‍സെല്ലില്‍ നിന്നു അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ആര്‍ക്കും കൈമാറിയിട്ടില്ലെന്നും എസ്.ഐ. പറഞ്ഞു. കോഴിക്കോട്ട് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വകുപ്പതല നടപടിക്കു ശിപാര്‍ശ ചെയ്ുന്നതിനെക്കുറിയച്ച് തീരുമാനമെടുക്കുകയുള്ളൂവെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ജി.സ്‌പര്‍ജന്‍ കുമാര്‍ പറഞ്ഞു.
കേസില്‍ ഫോണ്‍കോളുകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണം ഉടന്‍ പൂര്‍ത്തീകരിച്ചു കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ പത്തിനാണ് സലിംരാജും പിടികിട്ടാപ്പുള്ളി റിജോയും ഉള്‍പ്പെടെ ഏഴംഗസംഘം റഷീദാബീവിയെത്തേടി കോഴിക്കോട്ടെത്തിയത്. പ്രസന്നന്‍ സഞ്ചരിച്ച കാര്‍ പിന്‍തുടര്‍ന്ന സലിംരാജും സംഘവും കരിക്കാംകുളത്തു വച്ചാണു ബലം പ്രയോഗിച്ചു ഇയാളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്. ഇതേതുടര്‍ന്നു നാട്ടുകാര്‍ ഇടപെടുകയായിരുന്നു. ഈ മാസം ഏഴിനാണു ഭാര്യയെ കാണാനില്ലെന്നുകാണിച്ച് അബ്‌ദുള്‍വഹാബ് ഓച്ചിറ പോലീസില്‍ പരാതി നല്‍കിയത്. രണ്ടാം തീയതി മുതലാണ് കാണാതായതെന്നായിരുന്നു പരാതി.
Reports :കെ. ഷിന്റുലാല്‍, September 20, 2013 ,Mangalam Daily
No comments:
Post a Comment