Saturday, September 28, 2013

'ഇടത്തും' 'വലത്തും' അടുത്തബന്ധങ്ങള്‍ :ഞെട്ടിച്ച്‌ ഫായിസ്‌

കൊച്ചി: കസ്‌റ്റംസും രഹസ്യാന്വേഷണ ഏജന്‍സികളും കണ്ടെത്തിയ സ്വര്‍ണക്കള്ളക്കടത്തുകാരന്‍ ഫായിസിന്റെ മൊബൈല്‍ ഫോണില്‍ സംസ്‌ഥാന ഭരണത്തിലെ ഒരു ഉന്നതന്റെ മകളുടെ പേര്‌ സേവ്‌ ചെയ്‌തിരിക്കുന്നത്‌ ചേച്ചി എന്ന പേരില്‍. സി.പി.എം വിട്ടു കോണ്‍ഗ്രസില്‍ ചേക്കേറി എം.പിയും എം.എല്‍.എയായ നേതാവിന്റെ വിളിപ്പേര്‌ കുട്ടിക്ക. കോണ്‍ഗ്രസ്‌ എ ഗ്രൂപ്പിലെ ഒരു മുതിര്‍ന്ന നേതാവിന്റെ പേര്‌ അച്ചായന്‍ ബെന്നി. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരായിരുന്ന രണ്ടുപേരുടെ പേരുകള്‍ സേവ്‌ ചെയ്‌തിരിക്കുന്നത്‌ ബാലകൃഷ്‌ണന്‍ ചാണ്ടി, ജിക്കു ചാണ്ടി എന്നിങ്ങനെ. രാജ്യാന്തരബന്ധങ്ങളുള്ള ഫായിസിനു കേന്ദ്രത്തിലും സംസ്‌ഥാനഭരണത്തിലും നിര്‍ണായകസ്വാധീനമുള്ളതിന്റെ ഒട്ടേറെ തെളിവുകളാണ്‌ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിക്കുന്നത്‌. ദേശീയ രാഷ്‌ട്രീയ നേതൃത്വത്തെ പിടിച്ചുലയ്‌ക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്കുമേല്‍ കേന്ദ്രതലത്തില്‍ കനത്ത സമ്മര്‍ദമുണ്ടെന്നാണ്‌ അറിയുന്നത്‌. സംസ്‌ഥാന ഭരണ നേതൃത്വത്തിലെ ഒരുന്നതന്റെ ദുബായിലുള്ള മകളുമായി ചേച്ചി എന്നു വിളിക്കത്തക്ക അടുത്ത ബന്ധമാണു ഫായിസിനുള്ളതെന്ന വിവരം അന്വേഷണ സംവിധാനങ്ങളെ ഞെട്ടിച്ചിട്ടുണ്ട്‌. പ്രായത്തില്‍ ഇളപ്പമാണെങ്കിലും ഫായിസിന്റെ ഈ ചേച്ചി വഴി ഒട്ടേറെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ്‌ അറിയുന്നത്‌.ഫായിസ്‌ അഭിനയിച്ച ശൃംഗാരവേലന്‍ എന്ന സിനിമയ്‌ക്കു യഥാര്‍ഥത്തില്‍ പണം മുടക്കിയത്‌ ചേച്ചിയാണെന്നാണു വിവരം. പണം ആവശ്യംവന്നപ്പോഴൊക്കെ ചേച്ചി ഫായിസിനെ സഹായിച്ചു.ഫായിസുമായി ബന്ധപ്പെട്ട്‌ അബ്‌ദുള്ളക്കുട്ടിക്കും ഐ.പി.എസുകാരനായ ടി. വിക്രമിനുമെതിരേ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ഓരോ ദിവസവും പുറത്തുവരുന്നത്‌. ഫായിസിന്റെ റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ രാഷ്‌ട്രീയ, പോലീസ്‌ ഉന്നതര്‍ ശക്‌തമായ പിന്തുണ നല്‍കിയെന്നും വ്യക്‌തമായിട്ടുണ്ട്‌. സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ക്കും ഫായിസിന്റെ കള്ളക്കടത്തു ശൃംഖലയുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങി. സി.പി.എം. ഉന്നതന്റെ മകളുടെ വിവാഹത്തിനു നടന്‍ മനോജ്‌ കെ. ജയനെയും കൂട്ടിയാണു ഫായിസ്‌ പങ്കെടുത്തത്‌. സി.പി.എമ്മിന്റെ മറ്റൊരു സമുന്നത നേതാവിന്റെ മകനുമായി ഫായിസിന്‌ അടുത്ത ബന്ധമുണ്ടെന്നും വിവരമുണ്ട്‌. നിയമസഭയില്‍ ഉത്തരവാദിത്തപ്പെട്ട സ്‌ഥാനത്തിരിക്കുന്ന ഈ നേതാവിനു ഫായിസുമായി വ്യക്‌തിബന്ധമുള്ളതായും പറയപ്പെടുന്നു. സോളാര്‍ വിഷയത്തില്‍ ശക്‌തമായി ഇടപെട്ട ഈ നേതാവിനെ സ്വര്‍ണക്കള്ളക്കടത്തു കേസില്‍ കാണാതായത്‌ ഈ ബാന്ധവം മൂലമാണെന്നാണ്‌ ആക്ഷേപം.
Reports Mangalam Daily Sep 28, 2013
സ്‌പീഡ്‌ മണി ഒന്നരലക്ഷം; കള്ളക്കടത്തിന്‌ എട്ടക്കം: കസ്‌റ്റംസ്‌ ഉന്നതനെതിരെ കേസെടുത്ത സി.ബി.ഐ ഞെട്ടുന്നു
കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ കേസെടുത്ത കസ്‌റ്റംസ്‌ ഉന്നതന്റെ മാസവരുമാനം കോടികള്‍. വിമാനത്താവളത്തിലെ കൊറിയര്‍ കാര്‍ഗോ കമ്പനികളില്‍ നിന്നും സ്‌പീഡ്‌ മണി എന്ന പേരില്‍ ദിവസേന ഒന്നരലക്ഷത്തോളം രൂപയാണ്‌ ഇദ്ദേഹം കൈപ്പറ്റിയിരുന്നതെന്ന്‌ കസ്‌റ്റംസിന്റെ അന്വേഷണത്തില്‍ വ്യക്‌തമായി. സ്‌പീഡ്‌ മണി ഇടപാടിനെക്കുറിച്ച്‌ സി.ബി.ഐക്കും വിവരം ലഭിച്ചിട്ടുണ്ട്‌. ദിവസേന അമ്പതിനായിരം കിലോ കൊറിയര്‍ കാര്‍ഗോയാണ്‌ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൈകാര്യം ചെയ്ുന്നതയ്‌. സ്‌പീഡ്‌ മണി എന്ന പേരില്‍ ഒരു കിലോയ്‌ക്ക്‌ മൂന്നു മുതല്‍ അഞ്ചു രൂപവരെയാണ്‌ ഈ കസ്‌റ്റംസ്‌ ഉന്നതന്‍ കൊറിയര്‍ കമ്പനികളില്‍ നിന്നും ഈടാക്കിയിരുന്നത്‌. വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന 13 കൊറിയര്‍ കമ്പനികളും ഈ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥന്‌ പണം നല്‍കിയിരുന്നു. അമ്പതിനായിരം കിലോ കൊറിയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുമ്പോള്‍ ശരാശരി ഒന്നരലക്ഷത്തോളം രൂപയാണ്‌ ദിവസേന കസ്‌റ്റംസ്‌ ഉന്നതന്‌ ലഭിച്ചിരുന്നത്‌. സ്വര്‍ണക്കള്ളക്കടത്ത്‌ ഉള്‍പ്പെടെയുള്ള വന്‍ ക്രമക്കേടുകള്‍ക്ക്‌ കോടികള്‍ വരുന്ന കൈക്കൂലിപ്പണം ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ടെന്നാണ്‌ കസ്‌റ്റംസ്‌ അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ ഉദ്യോഗസ്‌ഥന്‌ നിയമനം ശരിയാക്കിയത്‌ കള്ളക്കടത്തുകാരന്‍ ഫായിസാണെന്നും വ്യക്‌തമായിട്ടുണ്ട്‌. ഫായിസിന്റെ ഉന്നത സ്വാധീനംമൂലം ഈ കസ്‌റ്റംസ്‌ ഉന്നതനെ കള്ളക്കടത്തിന്‌ പറ്റിയ താക്കോല്‍ സ്‌ഥാനങ്ങളിലാണ്‌ നിയമിച്ചുപോന്നത്‌. ഒരു കേന്ദ്രമന്ത്രിയാണ്‌ ഇതിനു ചുക്കാന്‍ പിടിച്ചത്‌. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ ഈ കേന്ദ്രമന്ത്രി വന്‍തോതില്‍ വിദേശ കറന്‍സികള്‍ കടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍, കേരള ഭരണത്തില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ള നിര്‍ണായക സ്വാധീനം മൂലം ഇക്കാര്യത്തില്‍ ഒരന്വേഷണവും നടത്താനാവാത്തത്ര ഗതികേടിലാണ്‌ കേന്ദ്ര ഏജന്‍സികള്‍. ആരോപണവിധേയനായ കസ്‌റ്റംസ്‌ ഉന്നതനെതിരേ നടപടിയും സ്വീകരിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയാറാകാത്തത്‌ ശ്രദ്ധേയമാണ്‌. സി.ബി.ഐ എടുത്തിരിക്കുന്ന കേസിന്റെ ഗതിയറിഞ്ഞിട്ടേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂയെന്നാണ്‌ സൂചന. സി.ബി.ഐ കേസില്‍ ഒന്നാം പ്രതിയായ കസ്‌റ്റംസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍ മാധവന്‍, സി.ബി.ഐ മുന്‍ എസ്‌.പിയുടെയും ഡി.ആര്‍.ഐ ഡെപ്യൂട്ടി ഡയറക്‌ടറുടെയുമൊക്കെ പേരുകള്‍ ഫായിസുമായി ബന്ധപ്പെട്ട്‌ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ സി.ബി.ഐയിലും കനത്ത സമ്മര്‍ദമുണ്ടെന്നാണ്‌ അറിയുന്നത്‌.
കെ.കെ. സുനില്‍ Reports Mangalam Daily Sep 28, 2013
ഫായിസ്‌ മലബാറിലെ 'ഡി.ജി.പി'
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി ടി. ഫായിസ്‌ പത്തുവര്‍ഷമായി സംസ്‌ഥാന പോലീസിലെ സ്‌ഥലംമാറ്റങ്ങളും സ്‌ഥാനമാനങ്ങളും നിശ്‌ചയിക്കുകയും അതിലൂടെ കോടികളുടെ ഹവാല പണമിടപാടു നടത്തുകയും ചെയ്‌തതായി അന്വേഷണറിപ്പോര്‍ട്ട്‌. മലബാര്‍ മേഖലയില്‍ ഡി.ജി.പിയെ പോലെ പ്രവര്‍ത്തിച്ച ഫായിസിന്റെ പിണിയാളുകളായി നിന്നത്‌ 26 ഡിവൈ.എസ്‌.പിമാരും അതിലേറെ സി.ഐമാരും മൂന്ന്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരും ഒരു ജില്ലാ കലക്‌ടറും. ഇവരുടെ പേരും ഫോണ്‍വിളിപ്പട്ടികയും ഇന്റലിജന്‍സ്‌ വിഭാഗം ആഭ്യന്തരവകുപ്പിനു കൈമാറി. ഡിവൈ.എസ്‌.പി, സി.ഐ. തലത്തിലുള്ളവരെ ഏകോപിപ്പിച്ചു നിയന്ത്രിച്ചതു ഫായിസായിരുന്നു. മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌, തൃശൂര്‍ ജില്ലകളിലെ ഒട്ടുമിക്ക പോലീസുദ്യോഗസ്‌ഥരും ഫായിസിന്റെ മാസപ്പടിക്കാരായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരായ ടി. വിക്രം, നീരജ്‌ കുമാര്‍ ഗുപ്‌ത, ഒരു സീനിയര്‍ ഐ.ജി. എന്നിവര്‍ നടത്തിയ ഇടപാടുകളെക്കുറിച്ചു കേന്ദ്ര ആഭ്യന്തരസുരക്ഷാ വിഭാഗത്തിനും റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. ദിലീപ്‌, മനോജ്‌ കെ. ജയന്‍, കാവ്യ മാധവന്‍, ജ്യോതിര്‍മയി, അര്‍ച്ചന തുടങ്ങി സിനിമാരംഗത്തെ പല പ്രമുഖരും ഫായിസുമായി മൊബൈലില്‍ ബന്ധപ്പെട്ടതിനു തെളിവു ലഭിച്ചതായി സൂചനയുണ്ട്‌. ദുബായ്‌ കേന്ദ്രീകരിച്ചു യു.ഡി.എഫിലെ പ്രമുഖന്‍ നേതൃത്വം നല്‍കുന്ന ആഡംബര നൗകയുടെ നടത്തിപ്പിലും ഫായിസിന്റെ സാന്നിധ്യമുള്ളതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. കോണ്‍ഗ്രസ്‌ സംഘടനാരംഗത്തെ നേതാവാണ്‌ ഈ പ്രമുഖന്‍. ഇടതുമുന്നണിയിലെ പ്രബലനായ നേതാവുമായും ഫായിസിന്‌ അടുത്ത ബന്ധമാണുള്ളത്‌. പോലീസിന്റെ നീക്കങ്ങളറിയാന്‍ ഫായിസ്‌ ഒരു ഡിവൈ.എസ്‌.പിയുടെ വയര്‍ലെസ്‌സെറ്റ്‌ ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. സ്വര്‍ണക്കടത്ത്‌-ഹവാല നീക്കം സുഗമമാക്കാന്‍ ഇഷ്‌ടക്കാരായ പോലീസുകാരെ താക്കോല്‍ സ്‌ഥാനങ്ങളില്‍ തിരുകിക്കയറ്റാന്‍ ഫായിസ്‌ പണമൊഴുക്കുമായിരുന്നു. കൊച്ചി ഡി.സി.പിയായി (ക്രമസമാധാനം) സുനില്‍ ജേക്കബിനെ നിയമിക്കാനുള്ള നീക്കം അണുവിട വ്യത്യാസത്തിലാണ്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തടഞ്ഞത്‌. ഡി.സി.പി. ഗോപാലകൃഷ്‌ണന്‍ വിരമിച്ചയുടന്‍ സുനില്‍ ജേക്കബിനെ ഈ തസ്‌തികയില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട്‌ ആഭ്യന്തരവകുപ്പില്‍ ഫയലെത്തി. അസാധാരണ വേഗത്തില്‍ ഫയലെത്തിയപ്പോള്‍ സംശയം തോന്നിയ മന്ത്രി ഇടപെടുകയായിരുന്നു. ഭരണത്തിലും രാഷ്‌ട്രീയത്തിലും ക്രമസമാധാനരംഗത്തും ആഴത്തില്‍ വേരോടിയ ബന്ധങ്ങളുള്ള ഫായിസിനെതിരായ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്കു വിടണമെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന പോലീസ്‌ ഉന്നതതല യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച ശിപാര്‍ശ ഡി.ജി.പി: കെ.എസ്‌. ബാലസുബ്രഹ്‌മണ്യം സര്‍ക്കാരിന്‌ ഉടന്‍ കൈമാറും. ഹവാല പണമിടപാടുകാരുമായി പോലീസുദ്യോഗസ്‌ഥര്‍ പുലര്‍ത്തുന്ന അപകടകരമായ ബന്ധത്തില്‍ ഡി.ജി.പിയും ഇന്റലിജന്‍സ്‌ മേധാവിയും അസ്വസ്‌ഥരാണ്‌. ഇവര്‍ക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ച്‌ മേധാവി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ നടക്കും.
എസ്‌. നാരായണന്‍ Reports Mangalam Daily Sep 28, 2013
ഫയാസിന്റെ ബാഗേജ് തടഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥനെ രായ്ക്കുരാമാനം സ്ഥലംമാറ്റി
എം.പി. സൂര്യദാസ്‌,Mathrubhumi Daily
കോഴിക്കോട്: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ ഫയാസ്, കോഴിക്കോട് വിമാനത്താവളത്തില്‍ തന്റെ ബാഗേജ് തടഞ്ഞു വെച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിച്ചത് രായ്ക്കുരാമാനം. ഇയാളുടെ പക്കലുണ്ടായിരുന്ന 1405 കിലോ ബാഗേജ് ഡോര്‍-ടു-ഡോര്‍ ക്ലിയറന്‍സ് സംവിധാനത്തിലൂടെ വിട്ടുകൊടുക്കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. ഇതോടെ തൊപ്പി തെറിപ്പിക്കുമെന്ന് ഫയാസ് ഭീഷണി ഉയര്‍ത്തി. ദിവസങ്ങള്‍ക്കകം തന്നെ സ്ഥലം മാറ്റിക്കുകയും ചെയ്തു. ഫയാസിനെതിരെ പരാതി നല്‍കിയതിന്റെ പേരിലാണ് ഉന്നതര്‍ ഇടപെട്ട് ഉദ്യോഗസ്ഥനെ ബലിയാടാക്കിയത്. 2007 ഒക്ടോബര്‍ 31-ന് ഐ.സി. 537 വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഫയാസ് 35 പാക്കറ്റുകളിലായി കൊണ്ടുവന്ന 1405 കിലോയുടെ സാധനമാണ് ഡോര്‍-ടു-ഡോര്‍ ക്ലിയറന്‍സിലൂടെ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യവുമായി ഇയാള്‍ അന്നത്തെ എയര്‍കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ എം.പി. നസീറിനെ സമീപിച്ചു. ആദ്യം വിനീതമായാണ് ഫയാസ് സംസാരിച്ചു തുടങ്ങിയതെന്ന് നസീര്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എകൈ്‌സസ് കമ്മീഷണര്‍ക്ക് അതേദിവസം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. എന്നാല്‍ ഡോര്‍-ടു-ഡോര്‍ കാര്‍ഗോ ക്ലിയറന്‍സ് നടത്താന്‍ കേന്ദ്ര റവന്യൂബോര്‍ഡ് നിയമം അനുവദിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ തട്ടിക്കയറാന്‍ തുടങ്ങി. തന്റെ ചരക്ക് വിട്ടുതരാന്‍ തടസ്സം നിന്നാല്‍ വിമാനത്താവളത്തിലെ അസിസ്റ്റന്‍റ് കമ്മീഷണര്‍ സഥാനത്തുനിന്ന് തെറിപ്പിക്കുമെന്ന് ഭീഷണിയും മുഴക്കി. കള്ളനോട്ടുകള്‍ വ്യാപകമായി ഒഴുകുന്നത് ഡോര്‍-ടു-ഡോര്‍ ബാഗേജുകളിലാണെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ഉത്തരവുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും ബാഗേജ് വിട്ടുകൊടുക്കരുതെന്ന് നസീര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരാതി നല്‍കി ഒരാഴ്ചയ്ക്കകം നസീറിനെ എയര്‍കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് കോഴിക്കോട് സെന്‍ട്രല്‍ എകൈ്‌സസിലേക്ക് സ്ഥലംമാറ്റി. തമിഴ്‌നാട്ടില്‍നിന്നുള്ള അന്നത്തെ കേന്ദ്ര ധനസഹമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് സ്ഥലംമാറ്റിയതെന്ന് ആരോപണമുണ്ട്. നസീര്‍ സ്ഥലംമാറിപ്പോയതിനു പിന്നാലെ ഫയാസിന് ചരക്ക് വിട്ടുകൊടുക്കുകയും ചെയ്തു. കസ്റ്റംസിലെയും സെന്‍ട്രല്‍ എകൈ്‌സസിലെയും ഉന്നതോദ്യോഗസ്ഥരും ഭരണതലത്തിലെ ഉന്നതരും ഫയാസിന്റെ സംരക്ഷണത്തിനായി രംഗത്തുവന്നപ്പോള്‍, ഇയാള്‍ക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥന്‍ ഒറ്റപ്പെടുകയും ബലിയാടാവുകയും ചെയ്തു. പിന്നീട് ഇതേ ഉദ്യോഗസ്ഥനെതിരെ വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ കള്ളക്കേസ് എടുപ്പിക്കാന്‍ ഇതേ ഉന്നതസംഘം ഗൂഢാലോചന നടത്തിയെന്നും ആക്ഷേപമുണ്ട്. നസീര്‍ 2007 നവംബര്‍ അദ്യആഴ്ച തന്നെ എയര്‍കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സ്ഥാനം ഒഴിഞ്ഞ് കോഴിക്കോട് സെന്‍ട്രല്‍ എകൈ്‌സസിലേക്ക് മാറി. രണ്ടുമാസം കോഴിക്കോട് വിമാനത്താവളത്തില്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സ്ഥാനത്ത് ആരും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സി.ബി.ഐ. കേസില്‍ പ്രതിയായ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവനാണ് പിന്നീട് എയര്‍കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണറായി നിയമിതനായത്. ഇതിനുശേഷം ഒട്ടേറെ തവണ ഫയാസ് കോഴിക്കോട് വിമാനത്താവളം വഴി ഡോര്‍-ടു-ഡോര്‍ ചരക്കു കൊണ്ടുവന്നിട്ടുണ്ട്. ദുബായില്‍ പലരുടെയും വീടുകളില്‍നിന്ന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള സാധനങ്ങള്‍ ശേഖരിച്ച് അത് നാട്ടില്‍ അവരുടെ വീടുകളില്‍ എത്തിച്ചുനല്‍കുന്നതാണ് ഡോര്‍-ടു-ഡോര്‍ ക്ലിയറന്‍സ് സംവിധാനം. ഇങ്ങനെ കൊണ്ടുവരുന്ന പായ്ക്കറ്റുകളില്‍ വന്‍തോതില്‍ കള്ളനോട്ട്, സ്വര്‍ണം തുടങ്ങിയവ കടത്തുന്നതായി കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട്.
ഫയാസിന്റെ ഉന്നത ബന്ധം: അന്വേഷണത്തില്‍നിന്ന് പൊലീസ് പിന്മാറി
തിരു: സ്വര്‍ണക്കള്ളക്കടത്തിന് കസ്റ്റംസ് പിടിയിലായ ഫയാസിന് യുഡിഎഫ് സര്‍ക്കാറിലും പൊലീസിലുമുള്ള ഉന്നത ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍നിന്ന് ഇന്റലിജന്‍സ് പിന്‍മാറി. അന്വേഷണം നടത്താന്‍ സമയമില്ലെന്ന് ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാര്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യത്തെ അറിയിച്ചു. കേസ് സിബിഐ അന്വേഷിക്കുന്ന സാഹചര്യത്തില്‍ കേരള പൊലീസിന് ഇടപെടാന്‍ കഴിയില്ലെന്ന് ഡിജിപിയും സൂചിപ്പിച്ചു. അതേസമയം ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ഫയാസിന്റെ ബന്ധം പുറത്തായതാണ് കേരള പൊലീസ് ഫയല്‍ മടക്കാന്‍ കാരണം. ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ എസ്പി സുനില്‍ ജേക്കബ് ഫയാസിന്റെ ബൈക്ക് ഓടിക്കുന്ന ചിത്രം പുറത്തുവന്നതിനെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ ഡിജിപി ഇന്റലിജന്‍സ് മേധാവിയോട് ആവശ്യപ്പെട്ടത്. ഐജി മുതല്‍ ഡിവൈഎസ്പി വരെയുള്ള ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഫയാസുമായി ഉറ്റ ബന്ധമുണ്ടെന്ന് തെളിഞ്ഞു. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയടക്കം ഫയാസിന്റെ സൗഹൃദവലയത്തിലുണ്ടെന്ന് കണ്ടെത്തിയതും ഇന്റലിജന്‍സ് അന്വേഷണത്തിന് തടയിടാന്‍ കാരണമായി. എസ്പി സുനില്‍ ജേക്കബ് ഫയാസിന്റെ ഇറക്കുമതി ചെയ്ത ബൈക്ക് ഓടിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. കൗതുകത്തിന് ബൈക്കില്‍ ഇരുന്നുവെന്നാണ് വിശദീകരണം. പൊലീസ്-ഫയാസ് കൂട്ടുകെട്ടിനെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സിബിഐ ആവശ്യപ്പെട്ടാല്‍ സഹായം ചെയ്യണമെന്ന് മാത്രമാണ് പൊലീസിന് നല്‍കിയ നിര്‍ദേശം. സിബിഐ ആകട്ടെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചുമാത്രമാണ് അന്വേഷിക്കുന്നത്. കേരള പൊലീസിലെ വിവാദ കഥാപാത്രങ്ങളായ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഫയാസുമായി വഴിവിട്ട അടുപ്പമുണ്ടെന്നാണ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ ചോദ്യംചെയ്യലില്‍ തെളിഞ്ഞത്. ഫയാസില്‍നിന്ന് പിടിച്ചെടുത്ത ഫോണ്‍ നമ്പരുകളും മറ്റും കേന്ദ്രീകരിച്ച് ഒരു അന്വേഷണവുമില്ല. പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടാണ് ഫയാസ് സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഹവാല പണമിടപാടിനെക്കുറിച്ചോ, മനുഷ്യക്കടത്തിനെപ്പറ്റിയോ അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. സിബിഐ അന്വേഷിക്കുന്ന കേസില്‍ ഇടപെടാന്‍ സാങ്കേതികമായി തടസ്സമുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഏത് ഘട്ടത്തില്‍ വേണമെങ്കിലും സമാന്തര അന്വേഷണം നടത്താന്‍ കഴിയും. കസ്റ്റഡിയിലുള്ള ഫയാസിനെ ചോദ്യംചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യാം. എന്നാല്‍, അതിനൊന്നും മുതിരാത്തത് ആഭ്യന്തരവകുപ്പിലെ ഉന്നതന്‍ നല്‍കിയ നിര്‍ദേശംമൂലമാണ്. Reports Deshabhimani Daily Sep 28, 2013
----------------
വിക്രം ഐ.പി.എസ്‌. സ്‌റ്റേഷനില്‍ നേരിട്ടെത്തി ഫായിസിനെ ഇറക്കി
കൊച്ചി: വാഹനപരിശോധനയ്‌ക്കിടെ രണ്ടു കോടിയുടെ കള്ളപ്പണവുമായി പോലീസ്‌ പിടിച്ച ഫായിസിനെ സ്‌റ്റേഷനില്‍നിന്നു രക്ഷപ്പെടുത്തിക്കൊണ്ടുപോയത്‌ ഐ.പി.എസ്‌. ഓഫീസര്‍ ടി. വിക്രം. വിക്രത്തെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്നും വകുപ്പുതല അന്വേഷണം വേണമെന്നും പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ ആഭ്യന്തരവകുപ്പിനോട്‌ ആവശ്യപ്പെട്ടു. പ്രസിദ്ധനായ ഒരു കണ്ണടവ്യവസായിയുടെ മകനും ഒരു മോഡലുമായുള്ള ബന്ധം ഉപയോഗിച്ചു ഫായിസ്‌ ഒരു കോടി രൂപ തട്ടിയതിന്റെ കഥകളും പുറത്തുവന്നു. രണ്ടു മാസം മുമ്പു രാത്രി 11 ന്‌ പോലീസ്‌ കലൂര്‍ സ്‌റ്റേഡിയത്തിനു മുമ്പില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണു ഫായിസ്‌ പിടിയിലായത്‌. വണ്ടിയില്‍ രണ്ടു കോടി രൂപ ഉണ്ടായിരുന്നു. അയാള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പാലാരിവട്ടം പോലീസ്‌ സ്‌റ്റേഷനിലേക്കു കൊണ്ടുവന്നു. പോലീസ്‌ കസ്‌റ്റഡിയില്‍ ഇരിക്കെ ഫായിസ്‌ മൂന്നു പേരെ ഫോണില്‍ വിളിച്ചു. കൊച്ചിയിലെ തട്ടിപ്പുകള്‍ക്കു ഫായിസിന്റെ സഹായികളായ നൂല്‍ സുബൈര്‍, മനീഷ്‌ എന്നിവരെയും വിക്രം ഐ.പി.എസിനെയുമാണു ഫായിസ്‌ വിളിച്ചത്‌. വിക്രം സ്‌റ്റേഷനില്‍ കുതിച്ചെത്തി. രണ്ടു കോടിക്കൊപ്പം ഫായിസിനെയും കൂട്ടി സ്വന്തം വസതിയിലേക്കു പോയി. ഫായിസിന്റെ ഇന്നോവ കാറുമായി വീട്ടിലെത്താന്‍ എസ്‌.ഐയോട്‌ ആജ്‌ഞാപിച്ചു. എസ്‌.ഐ. കാര്‍ വീട്ടിലെത്തിച്ചു. വിക്രം ഭീഷണിപ്പെടുത്തിയതിനാല്‍ കേെസടുത്തില്ല. കണ്ണട വ്യവസായിയുടെ മകന്‌ ഒരു മോഡലുമായി ഉണ്ടായിരുന്ന ബന്ധത്തെ ഫായിസ്‌ പ്രോത്സാഹിപ്പിച്ചിരുന്നു. പലയിടങ്ങളിലും അവര്‍ കറങ്ങിനടന്നു. ഒടുവില്‍ വീട്ടുകാര്‍ യുവാവിനു വിവാഹം നിശ്‌ചയിച്ചു. മോഡലും ഫായിസും ചേര്‍ന്നു വിവാഹം കലക്കുമെന്നായി. മോഡലിനൊപ്പം കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ പുറത്തിറക്കുമെന്നായിരുന്നു ഭീഷണി. രണ്ടു തവണയായി ഒരു കോടി രൂപ തട്ടിയശേഷമാണു ഭീഷണി ഒഴിഞ്ഞത്‌. ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം പോലീസ്‌ ഇന്റലിജന്‍സ്‌ ശേഖരിച്ചുകഴിഞ്ഞു. ഫായിസുമായി അടുപ്പമുള്ള എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിക്കാനാണ്‌ ഇന്റലിജന്‍സിന്റെ തീരുമാനം.
September 30, 2013,Mangalam Daily

No comments:

Post a Comment