Tuesday, September 24, 2013

സരിതയുടെ പദ്ധതിക്ക് മുഖ്യമന്ത്രി പ്രചോദനമായി: ശ്രീധരന്‍നായര്‍

കൊച്ചി: സരിത എസ് നായരുടെ പാലക്കാട്ട് കിന്‍ഫ്രയിലെ സോളാര്‍ പ്ലാന്റ് പദ്ധതിക്ക് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും പ്രചോദനം നല്‍കിയെന്ന് തട്ടിപ്പിനിരയായ മല്ലേലില്‍ ശ്രീധരന്‍നായര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പ്ലാന്റിന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ 2012 ജൂലൈ ഒമ്പതിന് രാത്രി എട്ടിന് സരിത തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയതായും ശ്രീധരന്‍നായര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറല്‍ സമര്‍പ്പിച്ച അപേക്ഷ നിലനില്‍ക്കെയാണ് ശ്രീധരന്‍നായര്‍ കോടതിയില്‍ പ്രസ്താവന നല്‍കിയത്. കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് സത്യവാങ്മൂലം സമര്‍പ്പിക്കുന്നതെന്ന് ശ്രീധരന്‍നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് താന്‍ അഡീഷണല്‍ ഡിജിപിക്ക് മൊഴി നല്‍കിയിട്ടില്ലെന്ന് ശ്രീധരന്‍ നായര്‍ ആവര്‍ത്തിച്ചു. മജിസ്ട്രേട്ടിനു നല്‍കിയ മൊഴിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് പ്രസ്താവന നല്‍കിയെന്ന എഡിജിപിയുടെ വിശദീകരണം ശരിയല്ല. പൊലീസ് ഹൈക്കോടതിയില്‍ ഹാജരാക്കിയ മാധ്യമറിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് താന്‍ നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ടതല്ല. മജിസ്ട്രേട്ട് മുമ്പാകെ നല്‍കിയതാണ് സത്യമായ വസ്തുത. മുഖ്യമന്ത്രിയുടെ പങ്കാളിത്തത്തെപ്പറ്റി മജിസ്ട്രേട്ടിനു രഹസ്യമൊഴി നല്‍കിയശേഷം അന്വേഷണ ഉദ്യോഗസ്ഥനു മൊഴി നല്‍കിയിട്ടില്ല. മൊഴി നല്‍കിയെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് കളവാണ്. കേസിലെ ഇരയായതിനാല്‍ പോളിഗ്രാഫ് നാര്‍ക്കോ പരിശോധനകള്‍ നിരസിച്ചു. മുഖ്യമന്ത്രിക്കു പങ്കില്ലെന്നു വ്യക്തമാക്കി തന്റേതെന്ന തരത്തില്‍ ഹൈക്കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാക്കിയ മൊഴി കൃത്രിമമായി കെട്ടിച്ചമച്ചതാണ്. ശ്രീധരന്‍നായരെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജി നിയമപരമായി നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ പ്രാഥമികവാദം കേള്‍ക്കമെന്നും ആവശ്യപ്പെട്ട് എജി സമര്‍പ്പിച്ച ഹര്‍ജിയാണ് തിങ്കളാഴ്ച കോടതിയുടെ പരിഗണനയ്ക്കു വന്നത്. ഹര്‍ജിയുടെ കാര്യകാരണങ്ങളിലേക്ക് കടക്കുംമുമ്പ് പ്രാഥമികവാദം കേള്‍ക്കണമെന്ന് എജി ആവശ്യപ്പെട്ടെങ്കിലും കേസിന്റെ മുഴുവന്‍ വശങ്ങളും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. അതിനിടെ, സരിത ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതില്‍ തെറ്റെന്തെന്ന് ഹൈക്കോടതി ചോദിച്ചു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത് കുറ്റകരമല്ലെന്നും സരിത, മുഖ്യമന്ത്രിയുമായുള്ള അടുപ്പം ദുരുപയോഗം ചെയ്തതാവാമെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ക്യാമറാ ദൃശ്യങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോയി കൈതാരം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ ചോദിച്ചത്. സരിതയ്ക്കൊപ്പം താന്‍ മുഖ്യമന്ത്രിയെ കണ്ടുവെന്ന ശ്രീധരന്‍ നായരുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാകുറ്റം ചുമത്തണമെന്നും ചോദ്യംചെയ്യണമെന്നും ഹര്‍ജിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമകാര്യ ലേഖകന്‍,Deshabhimani Daily,23-Sep-2013

No comments:

Post a Comment