കുറ്റിപ്പുറം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക് വ്യാജ ഡ്രൈവിങ് ലൈസന്‍സ് തരപ്പെടുത്തിക്കൊടുത്ത കുറ്റിപ്പുറം സ്വദേശി ഒളിവില്‍. കുറ്റിപ്പുറം തൃക്കണാപുരം എംഇഎസ് എന്‍ജിനിയറിങ് കോളേജിന് സമീപം ചാലക്കാട്ട് വളപ്പില്‍ ബാദുഷ (38)യാണ് ഒളിവില്‍ പോയത്. ബാദുഷയെ രണ്ടാം പ്രതിയായും ടീം സോളാറിന്റെ ഓഫീസ് സ്റ്റാഫ് കൊടുങ്ങല്ലൂര്‍ കൂളിമുറ്റം മുണ്ടേഞ്ഞത്ത് മണിമോന്‍ എന്ന മണിലാലിനെ ഒന്നാം പ്രതിയായും സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരെ മൂന്നും നാലും പ്രതികളായും കുറ്റിപ്പുറം പൊലീസ് കേസെടുത്തു. സോളാര്‍ തട്ടിപ്പ് കേസിന്റെ ഭാഗമായി ജൂണ്‍ 16ന് പെരുമ്പാവൂര്‍ വാഴക്കാല ചെമ്പുമുക്കിലെ വാടക വീട് പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചപ്പോഴാണ് സരിതയുടെ ഡ്രൈവിങ് ലൈസന്‍സ് കണ്ടെടുത്തത്. കൊല്ലം ആര്‍ടി ഓഫീസില്‍നിന്ന് നല്‍കിയ ഡ്രൈവിങ് ലൈസന്‍സ് വ്യാജമാണെന്നും ലൈസന്‍സ് കൊല്ലം പരവൂര്‍ പടിഞ്ഞാറെതുണ്ട് പുരയിടം നിഷാദ് എന്നയാളുടെ പേരിലാണെന്നും കണ്ടെത്തി. ലൈസന്‍സ് സംഘടിപ്പിച്ച് തന്നത് മണിമോന്‍ ആണെന്ന് സരിത മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ജൂലൈ 18ന് മണിമോനെ അറസ്റ്റ് ചെയ്തു. തൃശൂരില്‍വച്ച് പരിചയമുണ്ടായിരുന്ന ബാദുഷയാണ് തനിക്ക് ലൈസന്‍സ് നല്‍കിയത് എന്ന മണിമോന്റെ മൊഴിപ്രകാരമാണ് പെരുമ്പാവൂര്‍ പൊലീസ് ബാദുഷയെ പ്രതിചേര്‍ത്തത്. എന്നാല്‍ പെരുമ്പാവൂര്‍ പൊലീസ് തൃക്കണാപുരത്തെ ബാദുഷയുടെ വീട്ടില്‍ എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസ് കേസന്വേഷണം കുറ്റിപ്പുറം പൊലീസിന് കൈമാറി. കുറ്റിപ്പുറം എസ്ഐ പി കെ രാജ്മോഹന്റെ നേതൃത്വത്തിലാണ് അന്വേഷണം. പൊന്നാനി സ്വദേശിയായ ബാദുഷയെ കുറിച്ച് ചോദിച്ചാല്‍ "ദുരൂഹത നിറഞ്ഞ വ്യക്തി" എന്നാണ് നാട്ടുകാര്‍ പറയുന്നത്. പത്ത് വര്‍ഷത്തിലധികമായി തൃക്കണാപുരത്ത് ഭാര്യവീട്ടിലാണ് താമസം. അപൂര്‍വമായി മാത്രമാണ് നാട്ടില്‍ ഉണ്ടാകുക. തൃശൂരിലും എറണാകുളത്തും മുംബൈയിലുമായി ബിസിനസ് നടത്തുന്നു എന്നാണ് ബാദുഷ പറയാറുള്ളത്. കുടുംബാംഗങ്ങള്‍ക്കുപോലും ബാദുഷയുടെ തൊഴിലിനെകുറിച്ച് വ്യക്തതയില്ല. കഴിഞ്ഞമാസം മണിമോനുമായി പെരുമ്പാവൂര്‍ പൊലീസ് വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ബാദുഷ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്ന് വീട്ടുകാര്‍ അറിയുന്നത്. ഒന്നരമാസം മുമ്പാണ് അവസാനമായി വീട്ടില്‍നിന്നും പോയത്.
Deshabhimani Daily
No comments:
Post a Comment