Friday, September 20, 2013

ഹൈക്കോടതി ജഡ്ജിമാരെ മാറ്റിയതില്‍ ദുരൂഹത: വി എസ്

തിരു: സോളാര്‍ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിമാരെ മാറ്റിയ നടപടി ദുരൂഹമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. സോളാര്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ജനങ്ങളുടെ സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ വരുത്തിയ മാറ്റമെന്നും വി.എസ്. പറഞ്ഞു. സോളാര്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാരായ എസ്.എസ്. സതീശ് ചന്ദ്രന്‍, വി കെ മോഹനന്‍ എന്നിവരെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇത് ഹൈക്കോടതിയുടെ സാധാരണ നടപടിക്രമത്തിന്റെ ഭാഗം മാത്രമാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.എന്നാല്‍ കേരളത്തിലെ ഭരണരംഗത്തും രാഷ്ട്രീയരംഗത്തും ഏറെ കോളിളക്കണ്ടമുണ്ടാക്കുകയും ഭരണമുന്നണിയെയും, യുഡിഎഫ് ഗവണ്‍മെന്റിനെയും തകര്‍ച്ചയുടെ വക്കിലെത്തിക്കുകയും ചെയ്ത കേസുകള്‍ പരിഗണിച്ചുകൊണ്ടിരുന്ന ജഡ്ജിമാരെ മാറ്റിയതാണ് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്. സോളാര്‍ കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ സര്‍ക്കാരും പോലീസും ശ്രമിക്കുന്നതായി തെളിവുകള്‍ സഹിതം ആക്ഷേപം ഉയര്‍ന്നതാണ്. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചില്‍ നിന്ന് പലതവണ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ ബന്ധപ്പെട്ട ജഡ്ജിമാരെ രൂക്ഷമായി വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യാനാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ കെ.സി.ജോസഫ് ശ്രമിച്ചത്. സോളാര്‍കേസ് അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ എഴുതിയ ലേഖനത്തിനുളള മറുപടിയെന്ന നിലയില്‍ എഴുതിയ കുറിപ്പിലാണ് മന്ത്രി കെ.സി.ജോസഫ്, ഉമ്മന്‍ചാണ്ടിക്കും, സര്‍ക്കാരിനും വേണ്ടി ജഡ്ജിമാര്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നത്.ഇതിന് പിന്നാലെ ബന്ധപ്പെട്ട രണ്ട് ജഡ്ജിമാരെയും സോളാര്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് മാറ്റിയതാണ് സംശയങ്ങള്‍ ഉയര്‍ത്തുന്നത്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്റെ സഹായത്തോടെ നീതിപീഠത്തെ സ്വാധീനിച്ചു എന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നാണ് ഈ നടപടി തെളിയിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ക്കെതിരെ ഉന്നത നീതിപീഠങ്ങള്‍ കൂടുതല്‍ ജാഗ്രത കാട്ടണം. അല്ലാത്തപക്ഷം നീതിന്യായവ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുന്ന അപകടകരമായ സ്ഥിതിവിശേഷമായിരിക്കും ഉണ്ടാവുകയെന്നും വി.എസ്. പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Reports Deshabhimani Daily Sep 19 2013

No comments:

Post a Comment