Monday, September 2, 2013

ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണം നേരിടണം: പി സി ജോര്‍ജ്

തിരു: സോളാര്‍കേസില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും ഉമ്മന്‍ചാണ്ടി വലിയ വേന്ദ്രനാണെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. സ്വയം അപമാനിതനായാണ് ചീഫ് വിപ്പ് സ്ഥാനത്ത് തുടരുന്നതെന്നും ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പി സി ജോര്‍ജ് പറഞ്ഞു. സോളാര്‍കേസില്‍ പൊലീസ് അന്വേഷണം പരാജയമാണ്. നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കായിരിക്കും. മുഖ്യമന്ത്രി ധാര്‍മികമായി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു അന്വേഷണത്തില്‍നിന്നും അദ്ദേഹത്തിന് രക്ഷപ്പെടാനാകില്ല. സലിംരാജിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഹാജരായത് മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് ഏത് കുട്ടിക്കുമറിയാം. സലിംരാജിനെ എന്തുകൊണ്ട് ഇതുവരെയും അറസ്റ്റ് ചെയ്യാത്തത്? എന്തിനാണ് മുഖ്യമന്ത്രി സലിംരാജിനെ ഇങ്ങനെ ഭയക്കുന്നത്? കോണ്‍ഗ്രസുകാര്‍ തനിക്കിട്ട് ഏറ് തുടങ്ങിയത് ഷാഫിമേത്തറുടെ അഴിമതിയെക്കുറിച്ച് പറഞ്ഞതിനുശേഷമാണ്. ഷാഫിമേത്തറുടെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് താന്‍ കത്ത് നല്‍കിയിരുന്നു. പാര്‍ടിയുടെ അനുവാദത്തോടെയാണ് കത്ത് നല്‍കിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇനിയും കത്തുനല്‍കും. മുഖ്യമന്ത്രി വിദേശത്തായ സമയത്തുതന്നെ ടെന്നിജോപ്പനെ അറസ്റ്റ് ചെയ്തതില്‍ തിരുവഞ്ചൂര്‍ കളിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ കേള്‍ക്കുന്നത് മുഖ്യമന്ത്രി സ്വന്തം നിരപരാധിത്വം തെളിയിക്കാന്‍ തിരുവഞ്ചൂരിനെക്കൊണ്ട് ജോപ്പനെ അറസ്റ്റ് ചെയ്തെന്നാണ്. ഇതിലേതാണ് സത്യമെന്ന് എനിക്കറിയില്ല. പാമൊലിന്‍കേസില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അറിയാതെ ക്യാബിനറ്റില്‍ ഒരു തീരുമാനവും വരില്ല. വേണമെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് എതിര്‍ക്കാമായിരുന്നു. അതുചെയ്തില്ല- പി സി ജോര്‍ജ് പറഞ്ഞു.
DD

No comments:

Post a Comment