ന്യൂഡല്‍ഹി: മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍, ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതോടെ, സോളാര്‍ തട്ടിപ്പില്‍ ആടിയുലയുന്ന കോണ്‍ഗ്രസിലും യുഡിഎഫിലും പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. വെള്ളിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടശേഷമാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമാകാനില്ലെന്ന് ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചത്. തന്റെ തീരുമാനത്തിന് കോണ്‍ഗ്രസ് അധ്യക്ഷ അംഗീകാരം നല്‍കിയെന്നും ചെന്നിത്തല അറിയിച്ചു.
ചര്‍ച്ചകള്‍ക്കെല്ലാം വിരാമമിട്ട് ചെന്നിത്തല നടത്തിയ ഏകപക്ഷീയപ്രഖ്യാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനും കനത്ത ആഘാതമായി. ഏതു സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രഖ്യാപനമെന്ന് അറിയില്ലെന്നും ഹൈക്കമാന്‍ഡ് ഒന്നും അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ചര്‍ച്ച തുടരുമെന്നും ഹൈക്കമാന്‍ഡാണ് അവസാനവാക്കെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രതികരണം നിരാശാജനകമായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും അഹമ്മദ് പട്ടേലിനെയും കാണാനുള്ള ശ്രമങ്ങള്‍ മുഖ്യമന്ത്രി തുടരുകയാണ്. എന്തുവന്നാലും ആഭ്യന്തരം നല്‍കാനാകില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടും ഉപമുഖ്യമന്ത്രിപദത്തോട് യോജിക്കാനാകില്ലെന്ന മുസ്ലിംലീഗിന്റെയും കേരള കോണ്‍ഗ്രസ് എമ്മിന്റെയും നിലപാടുമാണ് കടുത്ത തീരുമാനമെടുക്കാന്‍ ചെന്നിത്തലയെ പ്രേരിപ്പിച്ചത്. ആഭ്യന്തരമില്ലെങ്കിലും ഉപമുഖ്യമന്ത്രിപദത്തോട് യോജിക്കാന്‍ ചെന്നിത്തല തയ്യാറായിരുന്നു. ലീഗിനെയും മാണിയെയും മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി നീക്കം പൊളിച്ചത് ചെന്നിത്തലയെയും ഐ ഗ്രൂപ്പിനെയും ക്ഷുഭിതരാക്കി.
വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷവും തുടര്‍ന്ന മാരത്തണ്‍ ചര്‍ച്ചകളിലും ഉമ്മന്‍ചാണ്ടി വഴങ്ങാതെവന്നതോടെയാണ് നാണംകെട്ട് മന്ത്രിസഭയിലേക്ക് ഇല്ലെന്ന തീരുമാനത്തില്‍ ചെന്നിത്തല എത്തിയത്. വെള്ളിയാഴ്ച സോണിയ ഗാന്ധിയെയും അഹമ്മദ് പട്ടേലിനെയും കണ്ട് ഉമ്മന്‍ചാണ്ടി നിലപാട് അറിയിച്ചു. ആഭ്യന്തരമല്ലാതെ മറ്റേത് വകുപ്പും നല്‍കാമെന്ന് അറിയിച്ചു. പ്രതിരോധമന്ത്രി എ കെ ആന്റണിയെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. എങ്ങനെയും പ്രശ്നം തീര്‍ക്കണമെന്നായിരുന്നു ആന്റണിയുടെ നിര്‍ദേശം. ഉച്ചയ്ക്കുശേഷം അഹമ്മദ് പട്ടേലിനെ കണ്ടു. ഘടക കക്ഷികളുടെ സമ്മര്‍ദത്തിനും വിലപേശലുകള്‍ക്കും വഴങ്ങി ഉപമുഖ്യമന്ത്രിപദം സ്വീകരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു. ചര്‍ച്ചകള്‍ക്കുശേഷം പുറത്തിറങ്ങിയ ചെന്നിത്തല താന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമാകാനില്ലെന്ന് സ്വരം കടുപ്പിച്ച് പ്രഖ്യാപിച്ചു. ചര്‍ച്ചകള്‍ ഏതുവിധേനയും പുനരാരംഭിക്കാന്‍ മുഖ്യമന്ത്രി കൊണ്ടുപിടിച്ച് ശ്രമിക്കുകയാണെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും ചെന്നിത്തല ഒരുക്കമാകില്ലെന്നാണറിയുന്നത്.
News Credits: എം പ്രശാന്ത് 03-Aug-2013,Deshabhimani Daily
No comments:
Post a Comment