കൊച്ചി: സരിതാ എസ്. നായരുടെ സോളാര്‍ രഹസ്യമൊഴി അട്ടിമറിക്കാന്‍ കള്ളപ്പണമൊഴുക്കിയത് എറണാകുളത്തെ അബ്‌കാരികള്‍. ഒറ്റരാത്രികൊണ്ട് ആദ്യഗഡുവായി ഒരുകോടി രൂപ രൊക്കം പണം സരിതയുടെ ഉറ്റബന്ധുവിനെ ഏല്‍പ്പിച്ചതായാണു സൂചന. ഒരു മന്ത്രിയും എം.എല്‍.എയും നേരിട്ടിടപെട്ട് അബ്‌കാരി സംഘടനയുടെ ഒരു സംസ്‌ഥാന നേതാവു വഴിയാണു പണം സംഘടിപ്പിച്ചത്. രണ്ടുമാസത്തിനകം മദ്യത്തിന്റെ വില വര്‍ധിപ്പിച്ച് ഇപ്പോള്‍ മുടക്കുന്ന പണംതിരിച്ചു പിടിക്കാന്‍ അവസരമുണ്ടാക്കാമെന്ന ഉറപ്പ് അബ്‌കാരികള്‍ക്കു ലഭിച്ചതായും സൂചനയുണ്ട്.
ഒരുകോടി രൂപ ഒറ്റദിവസംകൊണ്ട് രൊക്കം പണമായി മറിച്ചത് വമ്പന്‍ അബ്‌കാരി കുടുംബവുമായി അടുത്ത ബന്ധമുള്ള, പേരിനൊപ്പം ഒരു ഉഭയജീവിയുടെ വിളിപ്പേരില്‍ അറിയപ്പെടുന്ന ഫൈനാന്‍സുകാരനാണെന്നും അറിയുന്നു. കേന്ദ്ര-സംസ്‌ഥാന മന്ത്രിസഭയിലെയും ഒട്ടേറെ രാഷ്‌ട്രീയ നേതാക്കളുടെയും പേരുള്‍പ്പെടുമെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ വെളിപ്പെടുത്തിയ സരിതയുടെ രഹസ്യമൊഴി അട്ടിമറിക്കാന്‍ 15 കോടിയാണ് വാഗ്‌ദാനമെന്ന് മംഗളം നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
ഇതില്‍ ഒരുകോടി രൂപയും രൊക്കം പണമായി വേണ്ടപ്പെട്ടവരുടെ പക്കല്‍ എത്തിയശേഷമാണ് കോടതിയിലെത്തിയ സരിതയുടെ പരാതി ഭരണപക്ഷത്തിന്റെ സത്യസന്ധതയെ പുകഴ്‌ത്തുന്നതായി മാറിയതെന്നാണ് വിശ്വസനീയമായ വിവരം.
ഭരണപക്ഷത്തെ പ്രകീര്‍ത്തിച്ചും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്തിയും സരിത നല്‍കിയ പരാതി കോടതിയില്‍ എത്തിയശേഷം ബാക്കി പണം എങ്ങനെ കൈമാറിയെന്നു വ്യക്‌തമല്ല. ഈ പണം കൈമാറിയിട്ടുണ്ടോ എന്ന കാര്യത്തിലും അവ്യക്‌തത നിലനില്‍ക്കുന്നു. ഒട്ടേറെ അഴിമതിക്കേസുകളില്‍ ആരോപണ വിധേയനായി സി.ബി.ഐ. അന്വേഷണമുള്‍പ്പെടെ നേരിട്ടിട്ടുള്ള അബ്‌കാരി സംഘടനാ നേതാവാണ് അട്ടിമറി പണത്തിനായി ഓടിയത്. ഇദ്ദേഹം പുതുതായി അപേക്ഷ നല്‍കിയിട്ടുള്ള ഒരു ഡിസ്‌റ്റിലറിക്ക് സര്‍ക്കാരില്‍നിന്ന് എത്രയും വേഗം അനുമതി ലഭ്യമാക്കാമെന്ന ഉറപ്പും ലഭിച്ചിട്ടുള്ളതായാണ് അറിയുന്നത്.
കെ.കെ. സുനില്‍,August 9, 2013,Mangalam Daily
No comments:
Post a Comment