കൊച്ചി/തിരു: സോളാര്‍ തട്ടിപ്പിലെ മുഖ്യപ്രതി സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്ട്രേറ്റിന്റെ നടപടി ഹൈക്കോടതി വിജിലന്‍സ് അന്വേഷിക്കും. എറണാകുളം അഡീഷണല്‍ സിജെഎം എന്‍ വി രാജുവിനെതിരെയാണ് അന്വേഷണം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് സെക്രട്ടറി അഡ്വ. ജയശങ്കറും സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് അന്വേഷണത്തിന് രജിസ്ട്രാര്‍ ഉത്തരവിട്ടത്. ജൂലൈ 20ന് സരിതയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മൊഴി രേഖപ്പെടുത്താത്തത് അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. മൊഴി രേഖപ്പെടുത്താതിരുന്നതും അഭിഭാഷകനെ ഒഴിവാക്കി ജയില്‍ സൂപ്രണ്ട് മുഖേന എഴുതി നല്‍കാന്‍ നിര്‍ദേശിച്ചതുമാണ് പരാതിക്കിടയാക്കിയത്.
പരാതികളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. മജിസ്ട്രേട്ടിന് സരിത രഹസ്യമൊഴി നല്‍കിയിരുന്നെങ്കിലും രേഖപ്പെടുത്തിയിരുന്നില്ല. കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെടെ പലരും ലൈംഗികമായി ചൂഷണംചെയ്തെന്നും പല പ്രമുഖരുമായും ബന്ധമുണ്ടെന്നും സരിത മൊഴി നല്‍കിയെന്നാണ് വിവരം. ഇക്കാര്യം അഭിഭാഷകന്‍ മുഖേന രേഖാമൂലം എഴുതിനല്‍കാന്‍ ആദ്യം ആവശ്യപ്പെട്ടു. ഇതോടെ 22 പേജുള്ള മൊഴി സരിത എഴുതിനല്‍കി. ഈ മൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഉന്നതതലത്തില്‍ അട്ടിമറി ഗൂഢാലോചന നടന്നത്.
സരിതയെ തിരുവനന്തപുരം ജയിലിലേക്ക് സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് മാറ്റി. അഭിഭാഷകനെ ഒഴിവാക്കി ജയില്‍ സൂപ്രണ്ട് മുഖേന മൊഴി രേഖപ്പെടുത്തി നല്‍കണമെന്ന ഉത്തരവും സിജെഎം എന്‍ വി രാജു ഇതിനിടയില്‍ ഇറക്കി. നീതിന്യായ നിര്‍വഹണത്തെ അട്ടിമറിക്കുന്ന അസാധാരണ നടപടിയായാണ് ഇത് വിലയിരുത്തപ്പെട്ടത്. ജയില്‍വകുപ്പ് മേധാവികളുടെ മേല്‍നോട്ടത്തിലാണ് സരിതയുടെ മൊഴിമാറ്റിയത്. 22 പേജുണ്ടായിരുന്ന മൊഴി നാലു പേജിലൊതുങ്ങി. സരിതയുടെ സ്വന്തം കാര്യങ്ങള്‍ മാത്രമായി മൊഴിയില്‍. സരിതയെ കാണാന്‍പോലും അഭിഭാഷകനെ അനുവദിച്ചില്ല. ജയില്‍ സൂപ്രണ്ട് അത്യന്തം നാടകീയമായി മൊഴി മജിസ്ട്രേട്ടിന് എത്തിക്കുകയും അവിടെനിന്ന് ഉടന്‍ പൊലീസിന് കൈമാറുകയുമായിരുന്നു.
സ്വന്തം ലേഖകര്‍, 06-Aug-2013,Deshabhimani Daily
No comments:
Post a Comment