തിരു: സോളാര്‍ തട്ടിപ്പിലെ മുഖ്യപ്രതി സരിത എസ് നായരുടെ മൊഴിമാറ്റിച്ചത് മുഴുവന്‍ കടബാധ്യതകളും തീര്‍ത്ത് രണ്ടുകോടി രൂപ നല്‍കാമെന്ന ഉറപ്പില്‍. ആദ്യഗഡുവായി രണ്ടുകോടി രൂപ ലഭിച്ചതായി സരിതയുടെ അമ്മ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തി അറിയിച്ചശേഷമാണ് സരിത മൊഴിമാറ്റാന്‍ സമ്മതിച്ചത്. ബന്ധുവെന്ന പേരില്‍ അമ്മയോടൊപ്പം വന്ന അജ്ഞാതനാണ് ഇടനിലക്കാരനായി സരിതയുമായി സംസാരിച്ചതെന്നും സൂചന ലഭിച്ചു. എ ഗ്രൂപ്പിലെ രണ്ട് ഉന്നതനേതാക്കളുടെ ഏജന്റായാണ് ഇയാള്‍ ജയിലിലെത്തിയത്. ആദ്യഗഡുവായി ലഭിച്ച രണ്ടുകോടിയില്‍നിന്ന് 40 ലക്ഷം നല്‍കിയാണ് ഉപഭോക്തൃകോടതിയിലെ കേസ് ഒത്തുതീര്‍ത്തത്. ഈ കാശ് എവിടെനിന്ന് കിട്ടിയെന്നുപോലും പൊലീസ് സംഘം ഇനിയും അന്വേഷിച്ചിട്ടില്ല. മറ്റെല്ലാ കേസും ഒത്തുതീര്‍ത്ത് ഒരുമാസത്തിനകം സരിതയെ പുറത്തിറക്കുമെന്നും ഇടനിലക്കാരന്‍ മുഖേന ഉറപ്പുനല്‍കി. 30 കേസിലായി നാലുകോടിയോളം രൂപയാണ് സരിത പരാതിക്കാര്‍ക്ക് നല്‍കേണ്ടത്. ഈ തുക നല്‍കുന്നതോടെ കേസ് ഇല്ലതാകും. ഇന്ത്യന്‍ ശിക്ഷാനിയമം 420 പ്രകാരം വെറും വഞ്ചനക്കേസുമാത്രം ചുമത്തിയതിനാലാണിത്. ഇതുമായി നടന്ന ക്രിമിനല്‍ ഗൂഢാലോചനകളെല്ലാം സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു. സോളാര്‍ തട്ടിപ്പില്‍ സര്‍ക്കാരിനോ പൊതുഖജനാവിനോ ഒരു രൂപയും നഷ്ടമായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിക്കുകയാണ്. സോളാര്‍ കേസ് വെറും വഞ്ചനക്കുറ്റമാണെന്നും ക്രിമിനല്‍ ഗൂഢാലോചന ഇല്ലെന്നും വരുത്താനാണിത്. മുഖ്യമന്ത്രിയെയും സംസ്ഥാന മന്ത്രിമാരെയും കേന്ദ്രമന്ത്രിമാരെപ്പോലും കരുവാക്കിയും എല്ലാ സര്‍ക്കാര്‍സംവിധാനങ്ങളും ഉപയോഗിച്ചുമാണ് ജനങ്ങളെ കബളിപ്പിച്ചതെന്നത് മൂടിവച്ചു. 2500 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് സോളാര്‍ പ്ലാന്റ് നിര്‍ബന്ധമാക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത് ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവരും തട്ടിപ്പുസംഘവും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ്. മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും കത്തുകള്‍ ഉപയോഗിച്ച് നടത്തിയ തട്ടിപ്പ്, അഴിമതിയും അധികാരദുര്‍വിനിയോഗവുമാണ്. ഇതെല്ലാം അന്വേഷിക്കാതെ മുക്കുകയായിരുന്നു. കടബാധ്യതകള്‍ തീര്‍ത്തശേഷം നല്‍കുന്ന കാശ് ഉപയോഗിച്ച് കേരളത്തിനു പുറത്തോ വിദേശത്തോ ബിസിനസ് തുടങ്ങാന്‍ സഹായിക്കാമെന്നും വാഗ്ദാനമുണ്ട്. ഇതോടെ തട്ടിപ്പില്‍ ബന്ധമുള്ള ഉന്നതരുടെ പങ്ക് പുറത്തുവരാതിരിക്കുമെന്നും അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയാണ് ഉമ്മന്‍ചാണ്ടിക്ക്. എന്നാല്‍, ഐസ്ക്രീം പാര്‍ലര്‍ കേസിലെ ഇരകളെപ്പോലെ സരിത ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് ബ്ലാക്ക് മെയിലിങ് നടത്തുമെന്ന ഭയവും അടുപ്പക്കാര്‍ക്കുണ്ട്.
Deshabhimani Report
No comments:
Post a Comment