തിരു: സോളാര്‍ കുംഭകോണവും എല്‍ഡിഎഫ് പ്രക്ഷോഭവും സംബന്ധിച്ച് ഗവര്‍ണര്‍ നിഖില്‍കുമാര്‍ കേന്ദ്രത്തിന് അയക്കുന്ന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അതീവ ഉല്‍ക്കണ്ഠ. ഉപരോധസമരത്തിന്റെ ആദ്യനാളില്‍തന്നെ മുഖ്യമന്ത്രി ഗവര്‍ണറെ രാജ്ഭവനില്‍ സന്ദര്‍ശിച്ചതും അതുകൊണ്ടുതന്നെ. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും സൗഹൃദബന്ധമുള്ള മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് നിഖില്‍കുമാര്‍. കേന്ദ്ര സര്‍ക്കാരിന് രഹസ്യറിപ്പോര്‍ട്ട് നല്‍കുന്നതോടൊപ്പം സ്ഥിതിഗതികള്‍ സോണിയയെ ധരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഇദ്ദേഹത്തിനുണ്ട്.
ഗവര്‍ണറുടെ റിപ്പോര്‍ട്ട് സോണിയയെ സ്വാധീനിക്കുമെന്ന ഭയപ്പാടിലാണ് ഉമ്മന്‍ചാണ്ടി. സര്‍ക്കാരിനെ അട്ടിമറിക്കാനും ഭരണസ്തംഭനം ഉണ്ടാക്കാനുമാണ് ഉപരോധസമരമെന്നും ഭരണസ്തംഭനം ഒഴിവാക്കാനാണ് കേന്ദ്രസേനയെ വിളിച്ചതെന്നും ഉമ്മന്‍ചാണ്ടി ഗവര്‍ണറോട് വിശദീകരിച്ചു. വിളിച്ചുവരുത്തിയ കേന്ദ്രസേനയെ ഉപയോഗിക്കേണ്ടിവന്നില്ല എന്നത് പ്രതിപക്ഷസമരത്തെ മുഖ്യമന്ത്രി തെറ്റായി കണ്ടതുകൊണ്ടാണെന്ന ചിന്ത ഗവര്‍ണര്‍ക്കുണ്ടെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളുമായുള്ള ബന്ധം മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ത്തെന്ന വിലയിരുത്തലാണ് ഗവര്‍ണര്‍ക്കുള്ളത്. പാര്‍ലമെന്റ് സ്തംഭിപ്പിക്കുംവിധം പ്രതിപക്ഷപ്രക്ഷോഭം വളര്‍ന്നതിനെതുടര്‍ന്നാണ് ഗവര്‍ണറോട് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയത്. സോളാര്‍ തട്ടിപ്പുകേസും പ്രക്ഷോഭവും സര്‍ക്കാര്‍നടപടികളും സംബന്ധിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേന്ദ്രത്തിന് ഉടനെ നല്‍കും. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനൊപ്പം പ്രതിപക്ഷം നേരത്തെ നല്‍കിയ നിവേദനത്തിന്റെ ഉള്ളടക്കവും രാജ്ഭവന്‍ പരിശോധിക്കുന്നുണ്ട്.
ഉമ്മന്‍ചാണ്ടി കുറ്റവാളിയാണെന്നതിന് തെളിവുകള്‍ നിരത്തിയ പ്രതിപക്ഷനിവേദനത്തില്‍ രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. മൂന്ന് മുന്‍ ചീഫ് ജസ്റ്റിസുമാരടങ്ങുന്ന ജുഡീഷ്യല്‍ കമീഷന്റെ അന്വേഷണം നേരിടണമെന്നും ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നുമുള്ള ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ പ്രസ്താവനയും ഗവര്‍ണറുടെ ശ്രദ്ധയിലുണ്ട്.
സോളാര്‍ കേസിലെ കോടതിനിരീക്ഷണങ്ങളുടെ റിപ്പോര്‍ട്ടും രാജ്ഭവന്‍ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലുള്ള സമഗ്രമായ റിപ്പോര്‍ട്ടാണ് ഗവര്‍ണര്‍ നല്‍കുക. ആദര്‍ശ് ഫ്ളാറ്റ് തട്ടിപ്പില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക്കുമാര്‍ ചൗഹാന് കസേര നഷ്ടപ്പെട്ടത് ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലായിരുന്നു. സോണിയ ഗാന്ധിയും സംഭവവികാസങ്ങളെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. സോണിയയുടെ നിര്‍ദേശപ്രകാരം കേരളത്തിന്റെ സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോട് തിങ്കളാഴ്ച വിവരങ്ങള്‍ ആരാഞ്ഞു. സോണിയ ഗാന്ധിക്ക് കെപിസിസി ഉടനെ റിപ്പോര്‍ട്ട് നല്‍കും. എല്‍ഡിഎഫ് പ്രക്ഷോഭം ആദ്യദിനത്തില്‍തന്നെ ചരിത്രസംഭവമായതും ഉമ്മന്‍ചാണ്ടിയുടെ കസേരയുടെ ഇളക്കം കൂട്ടി. മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച കെപിസിസിയുടെയും യുഡിഎഫിന്റെയും പ്രമേയങ്ങള്‍ വഴിപാടുമാത്രം. കേന്ദ്രസേനയെ വിളിച്ച ഉമ്മന്‍ചാണ്ടിയുടെ നടപടിയെ ഘടകകക്ഷികളും കോണ്‍ഗ്രസിലെ നേതാക്കളും ചോദ്യംചെയ്തതിനെതുടര്‍ന്ന് ഒറ്റപ്പെട്ട ഉമ്മന്‍ചാണ്ടി, യുഡിഎഫ് നേതാക്കളുടെയും മന്ത്രിമാരുടെയും യോഗം വൈകിട്ട് ക്ലിഫ്ഹൗസില്‍ വിളിച്ചുചേര്‍ത്തു.
ആര്‍ എസ് ബാബു:Deshabhimani Daily
No comments:
Post a Comment