തിരു: സോളാര്‍തട്ടിപ്പിന്റെ പ്രഭവകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയെയും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എല്‍ഡിഎഫ് കത്ത് നല്‍കി. സോളാര്‍ തട്ടിപ്പുമായി കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കുള്ള പങ്കും ക്രിമിനല്‍ ഗൂഢാലോചനയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം. പരിഗണനാവിഷയം സംബന്ധിച്ച് ആഭ്യന്തരമന്ത്രി അയച്ച കത്തിന് വെള്ളിയാഴ്ച നല്‍കിയ മറുപടിയിലാണ് എല്‍ഡിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തരമന്ത്രിയില്ലാത്തതിനാല്‍ ആഭ്യന്തര സെക്രട്ടറിക്കാണ് 32 നിര്‍ദേശമുള്ള കത്ത് നല്‍കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു.
മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നാണ് എല്‍ഡിഎഫ് നിലപാട്. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ തുടര്‍ന്നുകൊണ്ടുള്ള അന്വേഷണം നീതിപൂര്‍വകമാവില്ല. തന്റെ ഓഫീസുമായി ബന്ധപ്പെടുന്ന ഒരു കാര്യവും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ശ്രീധരന്‍നായര്‍ നല്‍കിയ സ്വകാര്യ അന്യായത്തിലും മജിസ്ട്രേട്ടിന് മുമ്പാകെ നല്‍കിയ സ്റ്റേറ്റ്മെന്റിലും മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് 15 ലക്ഷം രൂപ നല്‍കിയതെന്നും ശ്രീധരന്‍നായര്‍ പറഞ്ഞു. അതേദിവസം സരിത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കി. എന്നിട്ടും ആ വഴിക്ക് അന്വേഷണം നീങ്ങിയില്ല. സോളാര്‍ തട്ടിപ്പിനെക്കുറിച്ച് മുമ്പുതന്നെ ടി സി മാത്യു മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയെങ്കിലും സ്വകാര്യ ഇടപാടില്‍ സര്‍ക്കാരിന് എന്ത് താല്‍പ്പര്യം എന്ന് പറഞ്ഞ് മുഖ്യമന്ത്രി അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞു മാറി. സോളാര്‍തട്ടിപ്പുമായി തന്റെ ഓഫീസിന് ബന്ധമില്ലെന്ന് വാദിക്കുമ്പോഴും ഈ കേസുമായി ബന്ധപ്പെട്ട് നാല് പേരെയാണ് ഉമ്മന്‍ചാണ്ടിക്ക് പുറത്താക്കേണ്ടി വന്നത്. ഗണ്‍മാന്‍ സലിംരാജിനെ ഭൂമിക്കേസില്‍ രക്ഷിക്കാന്‍ അഡ്വക്കറ്റ് ജനറലിനെത്തന്നെ ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരാക്കി.
മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളുടെ ടെലിഫോണ്‍ കോളുകള്‍ ശബ്ദരേഖ ഉള്‍പ്പെടെ പരിശോധിച്ചാല്‍ മുഖ്യമന്ത്രിയ്ക്ക് അഴിമതിയിലുള്ള പങ്കാളിത്തം വ്യക്തമാകും. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണം യഥാര്‍ഥ വസ്തുതകള്‍ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനമായി മാറി. ടെന്നിജോപ്പന്റെ അഭിഭാഷകന്‍തന്നെ മുഖ്യമന്ത്രിക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് പറഞ്ഞിരുന്നു. സരിതയുടെ 21 പേജുള്ള മൊഴി അട്ടിമറിച്ചത് ഉന്നതര്‍ ഇടപെട്ടാണെന്ന കാര്യവും വ്യക്തമായി. മുഖ്യമന്ത്രിയുടെ പങ്ക് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താത്തപക്ഷം ജനകീയ പങ്കാളിത്തത്തോടെ മുഖ്യമന്ത്രിയെ ബഹിഷ്കരിക്കുന്ന പരിപാടി ശക്തമാക്കും. എല്‍ഡിഎഫ് യോഗം ചേര്‍ന്ന് കൂടുതല്‍ ശക്തമായ സമരരൂപങ്ങള്‍ ആവിഷ്കരിക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
പ്രത്യേക ലേഖകന്‍,Deshabhimani Daily
No comments:
Post a Comment