തിരു: സോളാര്‍ തട്ടിപ്പു കേസിലെ പ്രധാന പ്രതി സരിതാനായരെ തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നതിനിടെ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത്. കോട്ടയം കടപ്ലാമറ്റത്ത് "ജലനിധി" പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ ഉമ്മന്‍ചാണ്ടിയുടെ കാതില്‍ സരിത സ്വകാര്യം പറയുന്ന ചിത്രമാണ് കൈരളി-പീപ്പിള്‍ ടിവി ഞായറാഴ്ച രാത്രി പുറത്തുവിട്ടത്.
കടപ്ലാമറ്റത്ത് 2012 ജനുവരി 14നായിരുന്നു പരിപാടി. മുഖ്യമന്ത്രിയുടെ കീഴിലാണ് പൊതുജനസമ്പര്‍ക്ക വകുപ്പ്. ആ സാഹചര്യത്തില്‍ സര്‍ക്കാര്‍ പരിപാടിയില്‍ വകുപ്പ് ഉദ്യോഗസ്ഥയെന്ന വ്യാജേനയാണ് സരിത പങ്കെടുത്തത്.
സരിതാനായരെ തനിക്ക് അറിയില്ലെന്ന മുഖ്യമന്ത്രിയുടെ നിരന്തരവാദങ്ങള്‍ ചിത്രം പുറത്തുവന്നതോടെ പൊളിഞ്ഞു.
സരിതയുമായി ബന്ധമുണ്ടെന്നു തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഇരുവരുടെയും ബന്ധം വ്യക്തമാക്കുന്ന ഫോട്ടോ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം അതിതീക്ഷ്ണമായ സമരത്തിന് തുടക്കം കുറിക്കുന്നതിന്റെ തലേന്ന് രാത്രി പുറത്തുവന്നത് യുഡിഎഫിന് കനത്ത ആഘാതമായി. നിരവധി മൊഴികളും തെളിവുകളും പുറത്തുവന്നിട്ടും സരിതയുമായി ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു ഇതുവരെ മുഖ്യമന്ത്രി. ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ മുഖ്യമന്ത്രിയുമായി സരിത കൂടിക്കാഴ്ച നടത്തിയ കാര്യം പുറത്തുവിട്ട സന്തതസഹചാരി തോമസ് കുരുവിളയെ ആദ്യം തള്ളിപ്പറഞ്ഞു. തൃശൂരില്‍ സുവോളജി പാര്‍ക്ക് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ സരിതയുടെ സാന്നിധ്യം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടും പരിചയം അംഗീകരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല. സരിതയുടെ തട്ടിപ്പിനിരയായ ടി സി മാത്യു പരാതിയുമായി എത്തിയപ്പോഴും സരിതയുമായി ഒരു ബന്ധവുമില്ലെന്നതായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിതയോടൊപ്പം എത്തി സംസാരിച്ചെന്ന ശ്രീധരന്‍നായരുടെ വെളിപ്പെടുത്തലും ഉമ്മന്‍ചാണ്ടി പാടെ നിഷേധിക്കുകയായിരുന്നു.
സരിതയുമായി ബന്ധമുണ്ടെന്നു തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്
Staff Reporter Deshabhimani Daily
No comments:
Post a Comment