ബങ്കിംചന്ദ്രയുടെ 'ആനന്ദമഠ'ത്തിൽ അമ്മക്കായി പ്രതിജ്ഞ ചെയ്തിറങ്ങുന്ന പരസഹസ്രം സന്താനങ്ങളെപ്പോലെ ലക്ഷക്കണക്കിന് കുട്ടികൾ ഭാരതത്തിനായി കലാമിന്റെ പ്രതിജ്ഞ ഏറ്റുചൊല്ലി. കലാം നൽകിയ അഗ്നി ഇന്ത്യൻ ബാല്യം ആത്മാവിൽക്കൊളുത്തിക്കൊണ്ട് ഏറ്റെടുത്തു. തന്റെ ആത്മാവിൽ കൊളുത്തപ്പെട്ടതും ദിവ്യമായ നിയോഗങ്ങളുടെ അഗ്നിതന്നെയായിരുന്നു എന്ന് തിരിച്ചറിഞ്ഞിരുന്ന കലാം തന്റെ പദ്ധതികളിലെ ഏറ്റവും വലിയ മിസൈൽ സംവിധാനത്തിന് 'അഗ്നി' എന്നാണ് നാമകരണം ചെയ്തിരുന്നത്. സ്വന്തം ആത്മകഥയ്ക്ക് 'അഗ്നിച്ചിറകുകൾ' എന്നും.
എ. പി. ജെ. അബ്ദുൾ കലാം പ്രതിനിധാനം ചെയ്യുന്നത് ഭാരതത്തിന്റെ ബഹുസ്വരതയുടെ സദ്ഫലത്തെയാണ്. 1947-ൽ ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചതും പിന്നീട് ഉത്തരവാദിത്വമുള്ള ഒരു ജാനാധിപത്യരാജ്യമായി മാറിയതും അവളുടെ ജനതയോടും ഈ ലോകത്തോടുമുള്ള ഉത്തരവാദിത്വം നിറവേറ്റാനും, അവളുടെ മക്കളുടെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കാനും, മുഴുവൻ ലോകത്തിനും മാതൃകയാകാനുമായിരുന്നു. പല രാജ്യങ്ങളും അവരുടെ മുഖമുദ്രയായി സ്വീകരിച്ചിട്ടുള്ള എല്ലാവർക്കും തുല്യ അവസരങ്ങൾ എന്നുള്ള തത്വത്തെ ഭാരതം അതിന്റെ പൂർണതയിൽ പ്രാവർത്തികമാക്കാൻ എന്നും ശ്രമിച്ചിട്ടുണ്ട്.
ഡോ. എ. പി. ജെ. അബ്ദുൾ കലാം എന്ന പൗരന്റെ മതം ഒരിക്കലും ഭാരതം ചർച്ചാവിഷയമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ മഹദ്സംഭാവനകൾ ആയിരുന്നു ഭാരതത്തിന് പ്രധാനം. ഒരു വലതുപക്ഷ ഹിന്ദുപാർട്ടി എന്നറിയപ്പെട്ടിരുന്ന ബി. ജെ. പി. ഒരു ന്യൂനപക്ഷമതക്കാരനെ ഇന്ത്യയുടെ രാഷ്ട്രപതിയും സർവ്വസൈന്യാധിപനുമാക്കാൻ തീരുമാനമെടുത്തപ്പോൾ, അതിൽ മതചിന്തകൾ ഉണ്ടായിരുന്നില്ല. ആ തീരുമാനം സർവ്വരാലും ആദരിക്കപ്പെട്ടു.
പ്രചോദനം എന്ന വാക്കിന്റെ നേർപര്യായമായിരുന്നു കലാം . ശത്രുരാജ്യപൌരന്മാരാൽപ്പോലും പ്രകീർത്തിക്കപ്പെടുമ്പോഴും അദ്ദേഹം ചിലരാൽ അപഹസിക്കപ്പെട്ടിരുന്നു എന്ന് പറയാതെവയ്യ. അതിൽ ഒരു കൂട്ടർ, ഇന്ത്യയിലെ ശാസ്ത്രപ്രവർത്തകർ തന്നെയായിരുന്നു. ഔദ്യോഗിക ഗവേഷണബിരുദം ( പി. എച്ച്. ഡി.) എടുക്കാത്ത വ്യക്തി എന്നനിലക്ക് കലാമിനെ ഒരു ശാസ്ത്രജ്ഞൻ ആയി കാണാൻ ബുദ്ധിമുട്ടാണ് എന്ന് തുറന്നുപറഞ്ഞവരുണ്ട്.
രാഷ്ട്രപതിയാകുംമുൻപ് ഒരിക്കൽ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ വന്ന കലാമിനായി അവിടെ ഇരുന്നവരിൽ ഒരാൾപോലും സീറ്റ് നൽകാതെയിരുന്നതിനാൽ സെമിനാർ ഹാളിന്റെ ഒരു ഭാഗത്തുള്ള പടിക്കെട്ടിൽ ഇരിക്കേണ്ടിവന്ന സംഭവം കേട്ടിട്ടുണ്ട്. അതേപോലെയാണ്, അദ്ദേഹം ജനിച്ച മതത്തിലെ ചില വിശ്വാസികൾ, കലാം വച്ചു പുലർത്തുന്ന സർവ്വമതസമഭാവനയുടെ പേരിൽ കലാമിനെ അവിശ്വാസിയെന്നപോലെ അവഹേളിച്ചിരുന്നതും. ഒരു സൂഫിയുടെ മനസ്സായിരുന്നു അദ്ദേഹത്തിന്. അവിടെ എല്ലാ ധർമ്മങ്ങളും നിരീശ്വരവാദവും സമാദരിക്കപ്പെട്ടിരുന്നു.
വിക്രം സാരാഭായിയുടെ ശരിയായ പിൻഗാമി എന്നാണു കലാമിനെ വിളിക്കേണ്ടത്. വിക്രം സാരാഭായി രാഷ്ട്രത്തിനായി നെയ്ത ആകാശസ്വപ്നങ്ങളെ അവയുടെ പരിധിയും കടത്തിയ ആളായിരുന്നു അബ്ദുൾ കലാം. പി. എസ്. എൽ. വി. എഞ്ചിനോടെ രോഹിണിയിൽത്തുടങ്ങിയ കലാം ദൌത്യം അവസാനിച്ചത് മിസൈലുകളിൽ മാത്രമല്ല, ഇന്ത്യക്കായി ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കൽ, സൂപ്പർപ്ലെയ്ൻ വികസനം, ബഹിരാകാശദൗത്യശേഷി നമ്മുടെ ഗവേഷണത്തിനു നൽകൽ എന്നീ അനേകം കാര്യങ്ങളിലാണ്.
ഭാരതത്തിന്റെ അഭിമാനമായ ചന്ദ്രയാനും മംഗൾയാനും താരതമ്യേന പറക്കൽപരിധികുറഞ്ഞ വിഭാഗത്തിൽപ്പെട്ട റോക്കറ്റ് എഞ്ചിനായ പി. എസ്. എൽ. വി. ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. മാത്രവുമല്ല, മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ പോലും ഇന്ന് നമ്മൾ ബഹിരാകാശത്ത് എത്തിക്കുകയും, ബഹിരാകാശവ്യവസായം എന്നൊരു മേഖലയിൽ ഇന്ത്യക്ക് അപരിമേയമായ സാധ്യതകൾ തുറന്നുനൽകുകയും ചെയ്ത വികസനം ആണ് കലാമിന്റെ നേതൃത്വത്തിൽ നടന്നത്. ഇന്ത്യയുടെ സൂപ്പർ പ്ലെയ്ൻ പദ്ധതികൾ വിജയത്തിലെത്തിയാൽ കൈവരിക്കുന്നത് 'നക്ഷത്രയുദ്ധം' പോലുള്ള ബഹിരാകാശത്തുനിന്നും ആയുധങ്ങൾ ഉപയോഗിച്ച് എവിടെയും ആക്രമിക്കാനുള്ള ശേഷി ആയിരിക്കും.
റോക്കറ്റുകൾ, മിസൈലുകൾ, ആണവായുധം എന്നിവയ്ക്കപ്പുറം മറ്റു ചില മേഖലകളിൽക്കൂടി കലാം ഗവേഷണതാൽപര്യം പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ചും മെഡിക്കൽ ഗവേഷണത്തിൽ. 1998-ൽ കാർഡിയോളജിസ്റ്റ് ഡോ. ബി. സോമരാജുവുമായിച്ചേർന്ന് കലാം വളരെ വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കാവുന്ന കൊറോണറി സ്റ്റെന്റ് വികസിപ്പിച്ചിരുന്നു. 'കലാം- രാജു സ്റ്റെന്റ്' എന്ന് അതറിയപ്പെടുന്നു. 2012-ൽ വീണ്ടും ഇവർ ഒരുമിച്ച്, മെഡിക്കൽ മേഖലയിലെ ആവശ്യങ്ങൾക്കായി 'കലാം- രാജു ടാബ്ലെറ്റ്' എന്ന് വിളിക്കുന്ന ഒരു ടാബ്ലെറ്റ് കമ്പ്യൂട്ടർ വികസിപ്പിക്കുകയുണ്ടായി. കൂടാതെ പല അന്താരാഷ്ട്രസ്ഥാപനങ്ങളുമായും കലാം ബന്ധം പുലർത്തിയിരുന്നു.
ദക്ഷിണകൊറിയയിലെ സോൾ നഗരത്തിലുള്ള കൊറിയ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രശസ്ത ന്യൂറോസയന്റിസ്റ്റ് ഡോ. ഹീ സപ് ഷിൻ എന്ന കൊറിയയുടെ ആദ്യ നാഷണൽ സയന്റിസ്റ്റിന്റെ ഗവേഷണശാലയുമായി കലാം പുലർത്തിയിരുന്ന ബന്ധം അതിനുള്ള ഉദാഹരണങ്ങളിൽ ഒന്നുമാത്രം. പല വിദേശശാസ്ത്രജ്ഞരും കലാമുമായി സഹകരിക്കാൻ ഉത്സുകരായിരുന്നു. 2003-ൽ എൻ. ബി. ആർ. സി. ഉദ്ഘാടനവേളയിൽവച്ച് വൈദ്യശാസ്ത്രനോബേൽ ജേതാവായ ഡോ. ടോർസ്റ്റൻ വീസൽ കലാമിന് സ്വന്തം പ്രബന്ധങ്ങളുടെ മുഴുവൻ ഒരു കോപ്പി വീതം സമ്മാനിച്ചിരുന്നു.
ഭാരതത്തിന്റെ പതിനൊന്നാം രാഷ്ട്രപതിയായിരുന്ന അബ്ദുൾ കലാം 1931 ൽ തമിഴ്നാട്ടിലെ രാമായണകഥാപ്രശസ്തവും ഇന്ത്യയുടെ ഇതിഹാസനായകനായ ശ്രീരാമചന്ദ്രൻ പ്രതിഷ്ഠ നടത്തിയ മഹാക്ഷേത്രം നിലകൊള്ളുന്നതുമായ രാമേശ്വരം ദ്വീപിലാണ് ജനിച്ചത്. പിതാവ് അവിടെ ഒരു ബോട്ടുടമയായിരുന്ന ജൈനുലാബിദീൻ. മാതാവ് വീട്ടമ്മയും വാത്സല്യനിധിയുമായിരുന്ന ആഷിയമ്മ. അവുൾ പക്കിർ ജൈനുലാബിദീൻ അബ്ദുൾ കലാം എന്ന പൂർണനാമധാരിയായ ശ്രീ. കലാമിന്റെ ബാല്യം രാമേശ്വരം ദ്വീപിൽത്തന്നെയായിരുന്നു.
ദരിദ്രമായ സാഹചര്യങ്ങളിൽനിന്നുംവന്ന കലാമിന്റെ പിതാവ് ശ്രീ. ജൈനുലാബിദീൻ രാമേശ്വരത്തെത്തുന്ന തീർഥാടകരെ സ്വന്തം ബോട്ടിൽ ധനുഷ്കോടിയിലെത്ത്ക്കുന്ന പ്രവർത്തികൾ ചെയ്തിരുന്നു. വൈദ്യുതിയില്ലാത്ത ആ വീട്ടിൽ അച്ഛനമ്മമാർ കലാമിന്റെ പഠനത്തിൽ ശ്രദ്ധ ചെലുത്തുകയും രാത്രിയിലും അവിരാമം പഠനം തുടരാൻ അദ്ദേഹത്തിന് പ്രത്യേകമായി ഒരു വിളക്ക് നൽകുകയും ചെയ്തിരുന്നു. കൊച്ചുകലാം വീടുകളിൽ പത്രങ്ങൾ എത്തിക്കുന്ന ചുമതലയും ഏറ്റെടുത്തിരുന്നു. പ്രതികൂലമായിവന്ന നിരവധി സാഹചര്യങ്ങളെ അതിജീവിച്ച് പഠനം മുന്നോട്ടുകൊണ്ടുപോകാൻ കലാമിനായി. ഒപ്പം ആ ബാല്യത്തിൽ തന്റെ പിതാവിന്റെ അടുത്ത സുഹൃത്തായിരുന്ന രാമേശ്വരം ക്ഷേത്രത്തിലെ പ്രധാനപൂജാരി പക്ഷി ലക്ഷ്മണശാസ്ത്രികളുടെ ഭവനത്തിൽ ചെലവിടാനും അദ്ദേഹത്തിന് സാധിച്ചു. സർവ്വധർമസമഭാവനയുടെ സുഗന്ധപുഷ്പങ്ങൾ ഹൃദയത്തിൽ വിടർന്നുപരിലസിച്ച ബാല്യമായിരുന്നു കലാമിന്റേത്.
രാമേശ്വരം ഷ്വാർട്സ് മെട്രിക്കുലേഷൻ സ്കൂളിലെ പഠനശേഷം അക്കാലത്തും ഇന്നും മഹാവിദ്യാലയമായി നിലകൊള്ളുന്ന തിരുച്ചിറപ്പള്ളി സെന്റ്. ജോസഫ്സ് കോളേജിൽ ആണ് കലാം ചേർന്നത്. അന്ന് ആ കലാലയം മദ്രാസ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരുന്നു. അവിടെ നിന്നും 1954-ൽ ഭൌതികശാസ്ത്രത്തിൽ ബിരുദം സമ്പാദിച്ച കലാം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ എയ്റോസ്പേസ് എഞ്ചിനീയറിംങ്ങിന് ചേർന്നു. പഠനകാലത്ത് അവിടെവച്ച് ഒരു പ്രൊജക്റ്റ് കൃത്യം മൂന്നുദിവസങ്ങൾക്കുള്ളിൽ തീർക്കണം എന്നുള്ള അന്ത്യശാസനം ഡീനിൽനിന്നും ലഭിച്ചപ്പോൾ, രാവും പകലും അദ്ധ്വാനിച്ച്, കൃത്യമായും വിജയകരമായും ആ പദ്ധതി പൂർണതയിലെത്തിക്കാൻ അന്ന് കലാമിനായി. ആ എഞ്ചിനീയറിംഗ് പഠനകാലം ആയിരിക്കണം ഒരുപക്ഷേ, പിൽക്കാലത്ത് എപ്പോഴും സ്വന്തം ജോലിയായി മാറിയ സമയബന്ധിതമായി പദ്ധതിനിർവ്വഹണം എന്ന ശീലത്തിലേക്ക് കലാമിനെ നയിച്ചത്.
മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിലെ പഠനശേഷം കലാം ബാംഗ്ലൂരിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ ഒരു ട്രെയിനി ആയിട്ട് ഉണ്ടായിരുന്നു. 1958-ൽ അത് പൂർത്തിയാക്കിയ കലാം, ഒരു വൈമാനികൻ ആകണം എന്നുള്ള താല്പര്യത്തോടെ ഒന്നുരണ്ട് കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷിച്ചത്. അവയുടെ അഭിമുഖപരീക്ഷയിലേക്ക് വിളിക്കപ്പെട്ടു എങ്കിലും വിജയം കൈവരിക്കാൻ ആകാത്തതിനാൽ ഒരു പോർവിമാന പൈലറ്റ് ആകണം എന്നുള്ള കലാമിന്റെ ആഗ്രഹം നടപ്പായില്ല. ഈ ഘട്ടത്തിലാണ് കലാം ഋഷികേശ് സന്ദർശിക്കുന്നതും ഗംഗാസ്നാനശേഷം "കണ്ടാൽ ബുദ്ധനെപ്പോലെയുണ്ടാകും" എന്ന് കലാംതന്നെ വിശേഷിപ്പിച്ച സ്വാമി ശിവാനന്ദനെ കാണുന്നതും.
അഭിമുഖപരീക്ഷയിലെ തന്റെ പരാജയവും മോഹഭംഗവും സ്വാമിയോട് കലാം തുറന്നുപറഞ്ഞു. വിധി സ്വീകരിച്ച് മുന്നോട്ടു പോകുക എന്ന് സ്വാമിജി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒരു പൈലറ്റ് ആകാനല്ല കലാമിന്റെ വിധിയെന്നും, അത് ഇപ്പോൾ വെളിപ്പെടുത്താനാകില്ല എങ്കിലും സുനിശ്ചിതമാണ് എന്നും സ്വാമിജി കലാമിനോട് പറഞ്ഞു. കലാമിനെ കാത്തിരിക്കുന്ന ജീവിതനിയോഗങ്ങൾ തേടി യാത്രചെയ്യാനാണ് അന്ന് സ്വാമി ശിവാനന്ദൻ കലാമിനോട് ആവശ്യപ്പെട്ടത്. കലാം ആ ഉപദേശം ചെവിക്കൊണ്ടു. തിരികെ എത്തിയ കലാമിന്, ആയിടയ്ക്ക് അദ്ദേഹം അപേക്ഷിച്ചിരുന്ന ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡവലപ്‌മെന്റ് ആൻഡ് പ്രൊഡക്ഷൻ (ഡി. ടി. ഡി. ആൻഡ് പി.- എയർ) എന്നസ്ഥാപനത്തിൽ പ്രതിമാസം 250 രൂപാ ശമ്പളത്തിൽ സയന്റിക് അസിസ്റ്റന്റ് ആയി ജോലി ലഭിച്ചു. അവിടെവച്ച്, വിമാനങ്ങൾ പറത്തുകയല്ല, ഒരുപക്ഷേ, നിർമ്മിക്കുകയാണ് തന്റെ നിയോഗം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ ജോലി ഏറ്റവും നന്നായി നിർവ്വഹിക്കുന്നതിന്റെ പേരിൽ കലാം അവിടെ മേലധികാരികളാൽ പ്രശംസിക്കപ്പെട്ടിരുന്നു.
കാലത്ത് ഭാരതം സ്വന്തമായി പ്രതിരോധരംഗത്തെ ഗവേഷണം ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി 1958-ൽ ഭാരതത്തിന്റെ അഭിമാനസ്ഥാപനമായ ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി. ആർ. ഡി. ഓ.) സ്ഥാപിതമായി. ആകാശ യുദ്ധത്തിലെ ഇന്ത്യയുടെ സ്വയം പര്യാപ്തത ലക്ഷ്യമാക്കി ഡി. ആർ. ഡി. ഓ. യുടെ ഉപവിഭാഗമായി എയ്റോനോട്ടിക്കൽ ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്മെന്റ് 1959-ലും തുടങ്ങി. ഈ സ്ഥാപനത്തിൽ അതിന്റെ മേധാവിയായിരുന്ന മേദിരേത്തയുടെ ക്ഷണപ്രകാരം കലാം 1960-ൽ ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ചു. അവിടെ വച്ചാണ്, എയർക്രാഫ്റ്റ് നിർമ്മാണവും വെള്ളത്തിലും കരയിലും ഒരേപോലെ സഞ്ചരിക്കുന്ന വാഹനമായ ഹോവർക്രാഫ്റ്റ് നിർമ്മാണവും സാങ്കേതികമായി പരസ്പരബന്ധമുള്ളവയായി കലാം നിരീക്ഷിക്കുന്നത്. ഈ ആശയത്തിൽ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന വി. കെ. കൃഷ്ണമേനോൻ വളരെയധികം താൽപര്യം കാണിക്കുകയും, ആ പദ്ധതി അംഗീകരിക്കപ്പെടുകയും ചെയ്തു.
അതേത്തുടർന്ന് കലാം ശിവവാഹനമായി 'നന്ദി'യുടെ പേരിൽ രൂപകൽപ്പന ചെയ്ത ആദ്യ ഇന്ത്യൻ ഹോവർക്രാഫ്റ്റ് നിർമ്മിച്ചു. 550 കിലോ ഭാരം 40 മില്ലിമീറ്റർ കനത്തിൽ ഒരു എയർകുഷ്യന് മുകളിൽ ഉയർന്നുനിൽക്കുന്ന തരത്തിൽ ഉണ്ടാക്കപ്പെട്ട ആ വാഹനത്തിന്റെ ടെസ്റ്റിൽ സുരക്ഷാഭടന്മാരുടെ ആശങ്കകളെ അവഗണിച്ചുംകൊണ്ട് പ്രതിരോധമന്ത്രി കൃഷ്ണമേനോനും പങ്കാളിയായി.കലാം എന്ന വൻ ശാസ്ത്രജ്ഞനെ രാജ്യത്തെ മേധാവികൾ തിരിച്ചറിയാൻ സഹായിച്ചത് നന്ദി എന്ന ഹോവർക്രാഫ്റ്റ് കാരണമായിരുന്നു.
ഹോവർക്രാഫ്റ്റ് പരീക്ഷണം വിജയിച്ച് ഏതാനും ദിവസങ്ങൾക്കകം ടാറ്റാ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടി. ഐ. എഫ്. ആർ. ) ഡയറക്ടറും മലയാളിയുമായ പ്രഗൽഭശാസ്ത്രജ്ഞൻ ഡോ. എം. ജി. കെ. മേനോൻ കലാമിനെ കാണാനെത്തി. നന്ദിയിൽ മേനോനെ കയറ്റി കലാം സ്വയം അത് ഓടിച്ച് കാണിച്ചുകൊടുത്തു. ഒരു പ്രതിഭയെയാണ് താൻ കണ്ടെത്തിയത് എന്ന് മനസ്സിലാക്കിയ ഡോ. എം. ജി. കെ. മേനോൻ ടി. ഐ. എഫ്. ആറിലെ പ്രഗൽഭമതികളെ ഒരുമിപ്പിച്ച് രൂപകൽപ്പന നൽകിയ ഇൻകോസ്പാർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഇന്ത്യൻ കമ്മറ്റി ഫോർ സ്പേസ് റിസർച്ചിലേക്ക് കലാമിനെ ഒരു റോക്കറ്റ് എഞ്ചിനീയർ ആയി നിയമിച്ചു.
കലാമിന്റെ റോക്കറ്റ് ചരിത്രം അവിടെ നിന്ന് ആരംഭിക്കുന്നു. ഇൻകോസ്പാറിൽ വച്ചാണ് കലാം വിക്രം സാരാഭായിയെ കാണുന്നത്. അതിപ്രഗത്ഭമതികളായ ആ ടീമംഗങ്ങൾ ഇന്ത്യക്ക് റോക്കറ്റുകൾ നിർമ്മിക്കാൻ അനവരതം യത്നിച്ചു. ആയിടെ, 1962-ൽ കേരളത്തിലെ തുമ്പയിൽ ഇവർ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ സ്ഥാപിച്ചു. അതോടൊപ്പം കലാമിന് ആറുമാസത്തെ അമേരിക്കൻ പരിശീലനം ലഭിക്കാനും അവസരം കിട്ടി.
ഇവിടെനിന്നങ്ങോട്ട് എല്ലാം ലോകമറിഞ്ഞ ചരിത്രങ്ങളാണ്. ഭാരതത്തിന്റെ അഭിമാനമായ പി. എസ്. എൽ. വി. റോക്കറ്റ് അവർ വികസിപ്പിച്ചു. ഭാരതത്തിൽ പലയിടങ്ങളിലും ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിതമായി. ഇൻകോസ്പാർ ഐ. എസ്. ആർ. ഓ. അഥവാ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ആയിമാറി. ഇടക്കാലത്ത് അവിചാരിതമായി വിക്രം സാരാഭായി മരണമടഞ്ഞു. തിരുവനന്തപുരത്തെ കേന്ദ്രം വിക്രം സാരാഭായിയുടെ പേരിലുള്ള സ്മരണാഞ്ജലിയായി മാറി. പക്ഷേ, ആരുടേയും വിടവാങ്ങൽ ഒന്നിനെയും തടഞ്ഞില്ല.
ഭാരതം റോക്കറ്റിൽ നിന്നും മിസൈലിലേക്കും ഒപ്പം ആണവസ്വാശ്രയത്വത്തിലേക്കും കടന്നു. അഗ്നിയും പ്രഥ്വിയും അണുബോംബും ജനിച്ചു. അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ നടന്ന ആണവപരീക്ഷണങ്ങൾ വഴി ഒരു ലോകശക്തിയായി ഭാരതം സ്വയം അവരോധിക്കുകയും ലോകം അത് അംഗീകരിക്കുകയും ചെയ്തു. രാജ്യാഭിമാനം വാനോളമുയർന്നു. ഒരൊറ്റ മനുഷ്യൻ ഒരു രാജ്യത്തിന്റെയും, അതിലെ നൂറുകോടിജനതയുടെയും ആശയങ്ങൾക്കും അഭിലാഷങ്ങൾക്കും തീപിടിപ്പിക്കുന്ന നാളുകൾ ആയി അത് മാറി. സ്വതന്ത്രയാകുംമുൻപേ ഭാരതത്തിന് അഭിമാനം നൽകി സി. വി. രാമൻ നോബേൽ പുരസ്കാരിതനായിരുന്നു. പക്ഷേ, സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ശാസ്ത്രജ്ഞൻ ദൈവത്തെപ്പോലെ വാഴത്തപ്പെട്ടു. അദ്ദേഹത്തെ ഒന്നുകാണാൻ ആയിരങ്ങൾ ഓടിയെത്തി. സർവ്വകലാശാലകൾ അദ്ദേഹത്തിന് പി. എച്ച്. ഡി. നൽകാൻ മത്സരിച്ചു.
കലാമിനെക്കാണാൻ തിരക്കുകൂട്ടിയെത്തിവരിൽ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. രാജ്യത്തിന്റെ അഭിലാഷങ്ങളുടെ തീക്കുഞ്ഞുങ്ങൾ ആണവർ എന്ന് അബ്ദുൾ കലാം തിരിച്ചറിഞ്ഞു. അഗ്നി പടർത്തേണ്ടത് ആരിലാണ് എന്ന് വ്യക്തമായി തിരിച്ചറിഞ്ഞ കലാം ഭാരതത്തിന്റെ ഭാവിമുകുളങ്ങളെത്തേടി അവരുടെ അടുക്കലേക്കു പോകാൻ തുടങ്ങി. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്തുനിന്നും സേവനകാലഘട്ടം അവസാനിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന കലാം അതെല്ലാം പെട്ടെന്ന് ഉപേക്ഷിച്ച് കുരുന്നുമനസ്സുകളിൽ ദേശസ്നേഹത്തിന്റെയും സ്വപ്നങ്ങളുടെയും അഗ്നി ജ്വലിപ്പിക്കുന്ന അവധൂതനായി ഭാരതം മുഴുവൻ ചുറ്റിക്കറങ്ങി.
ബങ്കിംചന്ദ്രയുടെ 'ആനന്ദമഠ'ത്തിൽ അമ്മക്കായി പ്രതിജ്ഞ ചെയ്തിറങ്ങുന്ന പരസഹസ്രം സന്താനങ്ങളെപ്പോലെ ലക്ഷക്കണക്കിന് കുട്ടികൾ ഭാരതത്തിനായി കലാമിന്റെ പ്രതിജ്ഞ ഏറ്റുചൊല്ലി. കലാം നൽകിയ അഗ്നി ഇന്ത്യൻ ബാല്യം ആത്മാവിൽക്കൊളുത്തിക്കൊണ്ട് ഏറ്റെടുത്തു. തന്റെ ആത്മാവിൽ കൊളുത്തപ്പെട്ടതും ദിവ്യമായ നിയോഗങ്ങളുടെ അഗ്നിതന്നെയായിരുന്നു എന്ന് തിരിച്ചറിഞ്ഞിരുന്ന കലാം തന്റെ പദ്ധതികളിലെ ഏറ്റവും വലിയ മിസൈൽ സംവിധാനത്തിന് 'അഗ്നി' എന്നാണ് നാമകരണം ചെയ്തിരുന്നത്. സ്വന്തം ആത്മകഥയ്ക്ക് 'അഗ്നിച്ചിറകുകൾ' എന്നും.
2002-ൽ ആണ് ഭാരതം നൽകിയ ഏറ്റവും വലിയ നിയോഗം, ഭാരതത്തിന്റെ രാഷ്ട്രപതിയാകാനുള്ള ക്ഷണം കലാമിന് ലഭിക്കുന്നത്. അതിനുമുൻപേതന്നെ, 1997-ൽ, രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന അദ്ദേഹത്തിന് നൽകപ്പെട്ടിരുന്നു. 2002-ൽ അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയുടെ നേരിട്ടുള്ള ക്ഷണപ്രകാരം കലാം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് കലാമിനെ പിന്തുണച്ചതോടെ ബി. ജെ. പി. യുടെയും കോണ്‍ഗ്രസിന്റെയും ഒരുമിച്ചുള്ള പിന്തുണയുള്ള സ്ഥാനാർഥിയായി കലാം മാറി.
ഇടതുപക്ഷം, പക്ഷേ, കലാമിനെതിരെ സ്ഥാനാർഥിയായി ക്യാപ്റ്റൻ ലക്ഷ്മിയെ അവതരിപ്പിച്ചു. ദേശീയതയുടെ രണ്ടു പ്രതീകങ്ങൾ തമ്മിലുണ്ടായ പോരാട്ടം. പക്ഷേ, വിജയം പ്രതീക്ഷിച്ചപോലെ കലാമിനു തന്നെയായിരുന്നു. ഭാരതഗണരാജ്യത്തിന്റെ പതിനൊന്നാമത് രാഷ്ട്രപതിയായി കലാം 2002 ജൂലൈ 25-ന് സത്യപ്രതിജ്ഞ ചെയ്തു. അഞ്ചു വർഷങ്ങൾക്കുശേഷം ബി. ജെ. പി. ക്ക് അധികാരം നഷ്ടപ്പെട്ടശേഷം വന്ന രാഷ്ട്രപതിതെരഞ്ഞെടുപ്പിലും കലാം തന്നെയാകണം സ്ഥാനാർഥിയും അടുത്ത രാഷ്ട്രനാഥനും എന്നുള്ള ജനവികാരം ശക്തമായിരുന്നു. പക്ഷേ, അധികാരത്തിൽ തിരികെയെത്തിയ കോണ്‍ഗ്രസ്സ് പ്രതിഭാപാട്ടീലിനെ ആ സ്ഥാനത്തേയ്ക്ക് നിശ്ചയിച്ചപ്പോൾ, രാഷ്ട്രപതിയായി കലാമിനെ കണ്ട ഇന്ത്യൻ ജനതയ്ക്ക് ആ കസേരയിൽ പ്രതിഭാപാട്ടീൽ ഇരിക്കുന്നത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാകുന്ന തരത്തിൽ കലാമിന്റെ വ്യക്തിത്വം ഇന്നാട്ടിലെ ജനതയെ മാറ്റിക്കളഞ്ഞിരുന്നു.
ആണവശാസ്ത്രജ്ഞനും ഗവേഷകനും കവിയും തത്വജ്ഞാനിയും എല്ലാം ആയിരുന്നു ശ്രീ, കലാം. തന്റെ ചിന്തകളെ അദ്ദേഹം പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രകാശിപ്പിച്ചപ്പോൾ ഈ ലോകം അറിഞ്ഞത് അദ്ദേഹം അനതിരസാധാരണനായ ഒരു രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നുവെന്നാണ്. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും രാഷ്ട്രചേതനയെ ഉദ്ദീപിപ്പിക്കാനും, രാജ്യത്തെ വികസിപ്പിക്കാനും അതിനായി, വളരുന്ന തലമുറയെ സജ്ജരാക്കാനും ഉദ്ദേശിച്ചുള്ളവയായിരുന്നു. ആ പ്രവർത്തനം വിഷൻ 2020 എന്ന പേരിൽ സമൂർത്തമായി. കേന്ദ്രവും സംസ്ഥാനങ്ങളും ഗവേഷണ-വിദ്യാഭ്യാസസ്ഥാപനങ്ങളും ആ ദർശനം ഏറ്റെടുത്തു. വികസനപദ്ധതികൾക്ക് 2020 എന്ന ഒരു ലക്ഷ്യമുണ്ടായി.
കൊച്ചി സർവ്വകലാശാലയിലെ വൈസ് ചാൻസലർ ആയിരുന്നു ഡോ. പി. കെ. അബ്ദുൾ അസീസ് കൊച്ചിയിൽ സ്വദേശി ശാസ്ത്രപ്രസ്ഥാനം അബ്ദുൾ കാലാമിന്റെ ജന്മദിനവുമായി ബന്ധപ്പെടുത്തി 2005-ൽ സംഘടിപ്പിച്ച സ്വാശ്രയഭാരത് പരിപാടിയിൽ സംസാരിക്കുമ്പോൾ, "ശാസ്ത്രത്തോടും വിദ്യാഭ്യാസത്തോടുമുള്ള അഭിവാഞ്ഛയാണ് ഭാരതത്തിന്റെ ശരിയായ മതം" എന്ന് അഭിപ്രായപ്പെടുകയുണ്ടായി. അബ്ദുൾ കലാമിനെ ഭാരതം ഹർഷോന്മാദത്തോടെ രാഷ്ട്രപതിയായി സ്വീകരിച്ച സംഭവം ഈ പ്രസ്താവനയെ പൂർണമായും ശരിവയ്ക്കുന്നു.
1947-ൽ ബ്രിട്ടൻ ഇന്ത്യ വിടുമ്പോൾ വിനാശകാരിയായ ഒരു വിഭജനത്തിന്റെ ഫലമായി സൃഷ്ടിച്ച രണ്ടു രാജ്യങ്ങളിൽ, ബഹുസ്വരതയെ സ്വീകരിക്കാൻ വിസമ്മതിച്ച രാജ്യം പാകിസ്ഥാൻ ആയിരുന്നു. ആ രാജ്യം ഇന്നനുഭവിക്കുന്ന മുഴുവൻ ദോഷങ്ങൾക്കും കാരണം ഈ ഉപഭൂഖണ്ഡം വച്ചു പുലർത്തുന്ന ബഹുസ്വരതാസങ്കൽപ്പങ്ങളെ നിരാകരിച്ചതുതന്നെയാണെന്ന് നിസ്സംശയം പറയാനാകും.
2007 ജൂലൈയിൽ രാഷ്ട്രപതിയുടെ കേസേരയിൽനിന്നിറങ്ങുംമുൻപേ ഒരു മഹാജനതയെ അവരുടെ ചിന്തയിലും ഭാവനയിലും സ്വപ്നങ്ങളിലും പരിവർത്തനത്തിന് വിധേയമാക്കിയ ആ മഹദ് വ്യക്തിത്വം 2015, മറ്റൊരു ജൂലൈയിൽ സ്വപ്നങ്ങളുടെ തീ നമ്മുടെ മനസ്സുകളിൽ ശേഷിപ്പിച്ചു കൊണ്ട് വിടപറഞ്ഞിരിക്കുന്നു.
ശ്രീ. കലാമിന്റെ ചരമവിവരമറിഞ്ഞ ജനങ്ങളുടെ ഒരു ചോദ്യം, ഇങ്ങനെ ഒരു രാഷ്ട്രപതിയെ ഇന്ത്യക്ക് എന്നെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നുള്ളതായിരുന്നു. അങ്ങനെയൊരു രാഷ്ട്രപതിയെ മാത്രമല്ല, അത്തരമൊരു ശാസ്ത്രകാരനെയും ഭാരതത്തിന് ലഭിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. അത്രയും വ്യത്യസ്തനും മഹാനുംതന്നെ ആയിരുന്നു എ. പി. ജെ. അബ്ദുൾ കലാം. ഒരിക്കലും ഒരു രാഷ്ട്രീയനേതാവാകാതെ ഇന്ത്യയുടെ രാഷ്ട്രപതിയായ വ്യക്തികൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരനാകാതെ രാഷ്ട്രപതിയായി എന്നപോലെ ഗവേഷണഡിഗ്രിക്കായി ഗവേഷണം ചെയ്യാതെ ശാസ്ത്രജ്ഞനായി മാറിയ ആളും കൂടിയായിരുന്നു . ഒരു ഗവേഷകൻ ആകാൻ പി. എച്ച്. ഡി. എന്നൊരു ഡിഗ്രിയല്ല പകരം ഗവേഷകത്വം തികഞ്ഞ മനോഭാവം ആണ് ശാസ്ത്രജ്ഞന്റെ അടിസ്ഥാനയോഗ്യത എന്ന് അദ്ദേഹം തെളിയിച്ചു.
ഭാരതീയ യുവ മനസ്സുകളിൽ അഗ്നി ജ്വലിപ്പിച്ച എ. പി. ജെ.അബ്ദുൾ കലാമെന്ന മഹാമനീഷി വിടവാങ്ങിയപ്പോൾ രാഷ്ട്രത്തിന് നഷ്ടമായത് ഭാരതമെന്നല്ല ലോകം കണ്ട ഏറ്റവും വലിയ സ്വപനദായകനെയാണ് . ആ സ്വപ്നങ്ങളുടെ സമ്പൂർണസാക്ഷാൽക്കാരം തന്നെ ആയിരിക്കും ഭാരതത്തിന്റെ അടുത്ത ലക്ഷ്യവും .
Article credits ഡോ. എസ് ബാലരാമകൈമൾ,Janamtv
No comments:
Post a Comment