Friday, July 24, 2015

ജെയിംസ്‌ ജോര്‍ജ്‌ സ്വയംപ്രഖ്യാപിത ബിഷപ്‌; പൊടിപൊടിച്ചത്‌ വ്യാജസര്‍ട്ടിഫിക്കറ്റ്‌ കച്ചവടം

കൊല്ലം: സ്വയം പ്രഖ്യാപിത ബിഷപ്‌ പരിവേഷത്തില്‍ കൊട്ടാരക്കര കിഴക്കേത്തെരുവു സ്വദേശി ജെയിംസ്‌ ജോര്‍ജ്‌ (54) നടത്തിയിരുന്നത്‌ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ കച്ചവടം.
ബിരുദം മുതല്‍ ഡോക്‌ടറേറ്റ്‌ വരെയുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ജെയിംസ്‌ ജോര്‍ജിനെ സ്വന്തം ഉടമസ്‌ഥതയിലുള്ള കൊല്ലത്തെ വിദ്യാഭ്യാസസ്‌ഥാപനത്തില്‍നിന്നു കഴിഞ്ഞദിവസം ഈസ്‌റ്റ്‌ പോലീസ്‌ പിടികൂടിയപ്പോള്‍ വെളിച്ചത്തായതു ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍.
കൊല്ലം കടപ്പാക്കടയില്‍ മോഡേണ്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ എന്ന സ്‌ഥാപനം നടത്തുന്ന ജെയിംസ്‌ ജോര്‍ജ്‌ ഡോ. യാക്കോബ്‌ മാര്‍ ഗ്രിഗോറിയോസ്‌ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. 30 വര്‍ഷം മുമ്പാണ്‌ ജെയിംസ്‌ ജോര്‍ജ്‌ കടപ്പാക്കടയില്‍ എത്തിയത്‌. മോഡേണ്‍ ഗ്രൂപ്പ്‌ എന്ന സ്‌ഥാപനത്തിന്റെ പേരില്‍ വിവിധ കോഴ്‌സുകള്‍ തുടക്കത്തില്‍ നടത്തിയ ഇയാള്‍ 2010 ഒക്‌ടോബറില്‍ അച്ചന്‍പട്ടം നേടി. 2011 ജനുവരിയില്‍ ബിഷപ്പായി സ്വയം പ്രഖ്യാപിച്ചു.
ഇതിനായി ഭാരതീയ ഓര്‍ത്തഡോക്‌സ്‌ സഭയെന്ന പേരില്‍ സ്വന്തം സഭയും സ്‌ഥാപിച്ചു. ബിഷപ്പിന്റെ വേഷത്തിലായിരുന്നു പിന്നീട്‌ സ്‌ഥാപനം നടത്തിയത്‌. ഇതിനിടെ ഡോ. യാക്കോബ്‌ മാര്‍ ഗ്രിഗോറിയോസ്‌ എന്ന പേരും സ്വീകരിച്ചു. സ്‌ഥാപനത്തില്‍ പഠനത്തിനും റഫറന്‍സിനും ആധുനിക സംവിധാനങ്ങളോടെയുള്ള മുറികളും സജ്‌ജമാക്കി. കൊല്ലത്തെ സ്‌ഥാപനത്തിനുപുറമെ പാരിപ്പള്ളി പുലിക്കുഴിയില്‍ രണ്ടരയേക്കറില്‍ പൗള്‍ട്രി ഫാമും കരുനാഗപ്പള്ളിയില്‍ പുരയിടവും ഇയാള്‍ വാങ്ങിയതായി പോലീസ്‌ പറഞ്ഞു. ഇപ്പോള്‍ രണ്ടാമത്തെ ഭാര്യക്കൊപ്പമാണു താമസം. കടപ്പാക്കടയില്‍ ഇപ്പോള്‍ താമസിക്കുന്ന വീട്‌ വാങ്ങാന്‍ അഡ്വാന്‍സ്‌ നല്‍കിയെന്നും അറിയുന്നു. കൊല്ലം ഫാത്തിമമാതാ കോളജില്‍നിന്ന്‌ ബോട്ടണിയില്‍ ബിരുദം നേടിയശേഷം കൊല്ലം ടി.കെ.എം.കോളജില്‍ എന്‍ജിനീയറിങ്ങിന്‌ ചേര്‍ന്നതായും ഇയാള്‍ പോലീസിനോട്‌ പറഞ്ഞു.
ഡിഗ്രി, എന്‍ജിനിയറിങ്‌, ഐ.ടി.ഐ., പിഎച്ച്‌.ഡി. തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളാണ്‌ ഇയാള്‍ വ്യാജമായി തയാറാക്കി നല്‍കിയിരുന്നത്‌. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന്‌ പ്രഥമദൃഷ്‌ട്യാ തെളിഞ്ഞതിനെത്തുടര്‍ന്നാണ്‌ ഇയാളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പിടിച്ചെടുത്ത സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിട്ടിരിക്കുന്നത്‌ ആരാണെന്നും പല സര്‍വകലാശാലകളും ഇപ്പോള്‍ നിലവിലുണ്ടോയെന്ന്‌ അന്വേഷിക്കുമെന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതിയില്‍ തൃശൂര്‍ വിയ്യൂര്‍ കൊട്ടേക്കാട്ട്‌ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന സീനത്തിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തതിനെത്തുടര്‍ന്നാണ്‌ ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്‌. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്‌ കൊല്ലം മോഡേണ്‍ ഗ്രൂപ്പാണെന്നും ജെയിംസ്‌ ജോര്‍ജാണ്‌ സ്‌ഥാപനം നടത്തുന്നതെന്നും സീനത്ത്‌ പോലീസിനോട്‌ പറഞ്ഞു. തുടര്‍ന്നാണു കൊല്ലത്തെ സ്‌ഥാപനത്തില്‍ പോലീസ്‌ പരിശോധന നടത്തിയതും ജെയിംസ്‌ ജോര്‍ജിനെ അറസ്‌റ്റ്‌ ചെയ്‌തതും. ഇതര സംസ്‌ഥാനങ്ങളിലെ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം മോഡേണ്‍ ഗ്രൂപ്പ്‌ സ്വന്തമായി അടിച്ചു വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കുപുറമേ അഞ്ചുലക്ഷം രൂപയും പിടിച്ചെടുത്തു.
ബിലാസ്‌പുരിലെ ഡോ. സി.വി. രാമന്‍ സര്‍വകലാശാല, ഛത്തീസ്‌ഗഡ്‌, മേഘാലയ സി.എം.ജെ., സിംഘാനിയ എന്നീ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളുടേയും നാഗാലാന്‍ഡ്‌, സിക്കിം, ചില വിദേശരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വന്‍ശേഖരവും കണ്ടെത്തി. രജിസ്‌ട്രാറുടെ ഒപ്പ്‌ പല സര്‍ട്ടിഫിക്കറ്റുകളിലും വ്യത്യസ്‌തമാണെന്ന്‌ പോലീസ്‌ കണ്ടെത്തി. ആവശ്യക്കാര്‍ക്കു മൂന്നുവര്‍ഷംമുമ്പ്‌ പരീക്ഷയെഴുതിയെന്ന രീതിയിലാണു വ്യാജ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിവന്നത്‌. ആറുമാസംകൊണ്ട്‌ ഡിഗ്രി, പി.ജി., പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നു പത്രപ്പരസ്യം നല്‍കിയാണ്‌ ആവശ്യക്കാരെ ആകര്‍ഷിക്കുന്നത്‌. വിശ്വാസ്യതയ്‌ക്കുവേണ്ടി സ്‌ഥാപനത്തില്‍ ക്ലാസും പ്രാഥമിക പരീക്ഷകളും നടത്താറുണ്ടായിരുന്നു. 10,000 മുതല്‍ ലക്ഷങ്ങള്‍വരെയാണു വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക്‌ ഈടാക്കിയിരുന്നത്‌. വിദേശരാജ്യങ്ങളില്‍ തൊഴില്‍തേടിപ്പോകുന്നവരാണു വന്‍ തുക നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നത്‌. പലതിലും സ്‌ഥാപനത്തില്‍വച്ചു തന്നെ വ്യാജ ഹോളാഗ്രാമും ഒപ്പും പതിച്ചുനല്‍കുകയാണു പതിവെന്നും പോലീസ്‌ പറഞ്ഞു.
2005ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ ഛത്തീസ്‌ഗഡ്‌ സര്‍വകലാശാലയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകളാണു വ്യാപകമായി നല്‍കിയിരുന്നത്‌. ഇപ്പോള്‍ കടപ്പാക്കടയിലെ ഫ്രാങ്ക്‌ഫിന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എയര്‍ ഹോസ്‌റ്റസ്‌ ട്രെയിനിങ്‌ സെന്ററിന്റെ മറവിലായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റ്‌ വിതരണം. എയര്‍ ഹോസ്‌റ്റസ്‌ പരിശീലനകേന്ദ്രം നടത്താനുള്ള കരാര്‍ ഇതുവരെ നടപ്പായിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. സ്‌ഥാപനം അടച്ചുപൂട്ടി സീല്‍ ചെയ്‌തു. ഇതിനിടെ ഇയാളുടെ സഹായിയായ കൊട്ടാരക്കര ഓടനാവട്ടം സ്വദേശി ഉദയകുമാറും പിടിയിലായി. ജെയിംസ്‌ ജോര്‍ജിന്റെ മുഖ്യസഹായിയും സൂത്രധാരനുമായ കരുനാഗപ്പള്ളി സ്വദേശിയെക്കുറിച്ച്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.
എ.സി.പിമാരായ എം.എസ്‌. സന്തോഷ്‌, റെക്‌സ്‌ ബോബി അര്‍വിന്‍, കണ്‍ട്രോള്‍ റൂം സി.ഐ: ബി.പങ്കജാക്ഷന്‍, ഈസ്‌റ്റ്‌ എസ്‌.ഐ: യു.പി.വിപിന്‍കുമാര്‍, ആര്‍.കുമാര്‍, ഷാഡോ പോലീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.
Article credits Mangalam Daily,25 July 2015

No comments:

Post a Comment