ബറേലി : ഭീകരപ്രവർത്തനം നടത്തുന്നവരുടെ മയ്യത്ത് നമസ്കാരം ചെയ്യരുതെന്ന് ഫത്വ. ഉത്തർപ്രദേസിലെ ബറേലിയിൽ ദർഗ അല ഹസ്രത്ത് സെമിനാരിയാണ് ഫത്വ പുറപ്പെടുവിച്ചത് . ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് സുപ്രധാനമായ ഫത്വ പുറപ്പെടുവിച്ചത് .
ഭീകരതയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുമായി സഹകരിക്കരുതെന്ന് ദർഗ പണ്ഡിതർ ഈദ് സന്ദേശത്തിൽ നിർദ്ദേശം നൽകി. മതപണ്ഡിതരും മൗലാനയും മുഫ്തിയുമൊന്നും ഭീകരവാദികഉടെ മയ്യത്ത് നമസ്കാരം നടത്തരുതെന്നുള്ള ശക്തമായ സന്ദേശമാണ് സുന്നി ബറെൽവി മർകസ് നൽകിയതെന്ന് തഹരീക് ഇ തഹാഫുസ് സുന്നിയത്ത് ജനറൽ സെക്രട്ടറി മുഫ്തി മൊഹമ്മദ് സലിം നൂറി പറഞ്ഞു . ഭീകരതയ്ക്കെതിരായ ശക്തമായ സന്ദേശമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദർഗ അല ഹസ്രത്ത് സെമിനാരിയുടെ പുരോഗമനത്തിലധിഷ്ഠിതമായ ഫത്വകൾ നേരത്തെയും വാർത്തയായിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസം നേടുന്ന കാര്യത്തിലും സ്ത്രീകൾ ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്ന കാര്യത്തിലും പുരോഗമനത്തിലൂന്നിയ ഫത്വകൾ ദർഗ പുറപ്പെടുവിച്ചിട്ടുണ്ട് .
മുംബൈ ഭീകരാക്രമണം നടത്തിയ അജ്മൽ കസബിനെ തൂക്കിലേറ്റിയപ്പോൾ ചിലയിടങ്ങളിൽ മയ്യത്ത് നമസ്കാരം നടന്നത് ഏറെ വിവാദമായിരുന്നു . ഇത്തരം നിലപാടുകളെ പൂർണമായും തള്ളിക്കളയുന്നതാണ് ദർഗ അല ഹസ്രത്ത് സെമിനാരി പുറപ്പെടുവിച്ച ഫത്വ.
No comments:
Post a Comment