ന്യൂഡൽഹി : ത്വരിത ഗതിയിലുള്ള റോഡ് വികസനം ലക്ഷ്യമിട്ട് പത്ത് എക്സ്പ്രസ് ഹൈവേകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. രാഷ്ട്രത്തിന്റെ സാമ്പത്തിക വികസനത്തിനുതകുന്ന രീതിയിൽ കൂടുതൽ റോഡുകളുടെ നിർമാണത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഗഡ്കരി പറഞ്ഞു.
മുംബൈ - പൂനെ എക്സ്പ്രസ് ഹൈവേയുടെ മാതൃകയിലാണ് ഇവ നിർമ്മിക്കുക . പുതിയ പദ്ധതിയിൽ നാഗ്പൂർ - മുംബൈ , ബംഗളൂരു - ചെന്നൈ, ബറോഡ - മുംബൈ , കത്ര - അമൃത്സർ , ലുധിയാന - ഡൽഹി തുടങ്ങിയ റോഡുകൾ ഉൾപ്പെടുന്നതായും ഗഡ്കരി സൂചിപ്പിച്ചു. ഈ റോഡുകൾ നിലവിൽ വരുന്നതോടെ യാത്രാസമയം കുറയുക മാത്രമല്ല സാമ്പത്തിക വികസനം ത്വരിതപ്പെടുക കൂടി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ട് വർഷത്തിനകം റോഡപകടങ്ങളിൽ അൻപത് ശതമാനം കുറവു വരുത്തുക എന്ന ലക്ഷ്യവും മന്ത്രാലയത്തിനുണ്ട് . മാത്രമല്ല ജിഡിപിയുടെ രണ്ട് ശതമാനം സംഭാവന ചെയ്യാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. ആറ് ലക്ഷം കോടിയുടെ പദ്ധതികളാണ് ഉപരിതല ഗതാഗത മന്ത്രാലയം നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി അൻപത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
മുംബൈ - പൂനെ എക്സ്പ്രസ് ഹൈവേ ഗഡ്കരി മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ നിർമ്മിച്ചതാണ് . സംസ്ഥാനത്ത് മേൽപ്പാതകളുടെ ശൃംഖല സ്ഥാപിച്ചതും ഫ്ലൈഓവർ മാൻ എന്ന് വിളിപ്പേരുള്ള ഗഡ്കരിയാണ് .
No comments:
Post a Comment