തിരുവനന്തപുരം: വയനാട് ജില്ലയില്‍ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി ക്രിസ്ത്യന്‍ പള്ളികള്‍ക്ക് പതിച്ചു നല്‍കാന്‍ വ്യാപക നീക്കം.
മാനന്തവാടിയിലെ 3.4 കോടി രൂപ വില വരുന്ന 13.67 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കല്ലോടി സെന്റ് ജോര്‍ജ്ജ് ഫെറോന പള്ളിക്ക് വെറും 1300 രൂപയ്ക്കാണ് റവന്യൂ വകുപ്പ് പതിച്ചു നല്‍കിയത്. ഇത് സംബന്ധിച്ച് മെയ് 23 ന് പുറത്തിറക്കിയ ഉത്തരവ് അതീവ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
ആയിരക്കണക്കിന് ആദിവാസികള്‍ സ്ഥലത്തിനായി സര്‍ക്കാരിന്റെ കനിവ് തേടി നെട്ടോട്ടമോടുമ്പോഴാണ് മതപ്രീണനത്തിനായി സര്‍ക്കാരിന്റെ വഴിവിട്ടനീക്കം.
3.4 കോടി രൂപ വിപണി വിലയുള്ള 13.67 ഏക്കര്‍ ഭൂമി കല്ലോടി ഫെറോന പള്ളി വര്‍ഷങ്ങളായി കൈവശം വെച്ച് അനുഭവിച്ച് വരികയായിരുന്നു. ഈ ഭൂമിക്ക് പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം അപേക്ഷ നല്‍കിയത്.
അപേക്ഷ പരിഗണിച്ച വയനാട് ജില്ലാ കളക്ടര്‍ സെന്റിന് 22,309 രൂപ നിരക്കില്‍ 3496403 രൂപ വിലമതിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഭൂമി ദേവാലയത്തിന് പാട്ടത്തിന് നല്‍കാന്‍ മാര്‍ച്ച് 26, ഏപ്രില്‍ 7 തീയതികളില്‍ അയച്ച കത്തുകളിലൂടെ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന് 100 രൂപ നിരക്കില്‍ നിലവിലുള്ള പാട്ടവ്യവസ്ഥകള്‍ക്കും മറ്റ് നിബന്ധനകള്‍ക്കും വിധേയമായി 30 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിച്ച് റവന്യൂവകുപ്പ് മെയ് അഞ്ചിന് ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍ ഇതില്‍ തൃപ്തരാകാതെ ദേവാലയ അധികൃതരുടെ അഭ്യര്‍ഥന പരിഗണിച്ച് ഭൂമി വെറും 1300 രൂപയ്ക്ക് പതിച്ചു നല്‍കാന്‍ മെയ് 23 ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുതിയ ഉത്തരവിറക്കി. മന്ത്രിസഭായോഗത്തില്‍ അജണ്ടയ്ക്ക് പുറത്തുളള വിഷയമായി അവതരിപ്പിച്ചാണ് തിടുക്കത്തില്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കാനും പതിച്ച് നല്‍കാനും മന്ത്രിസഭയ്ക്ക് അധികാരമുണ്ട്. എന്നാല്‍ ഭൂരഹിത കേരളത്തിനായി റവന്യൂവകുപ്പ് ഭൂമി അന്വേഷിച്ചുകൊണ്ടിരിക്കെയാണ് വ്യവസ്ഥകളെല്ലാം കാറ്റില്‍ പറത്തി കോടിക്കണക്കിന് വില മതിക്കുന്ന ഭൂമി തുച്ഛമായ വിലയ്ക്ക് പതിച്ചു നല്‍കിയത്.
ഇത് സംബന്ധിച്ച റവന്യൂവകുപ്പിന്റെ ഉത്തരവുകള്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാതിരുന്നതും സംഭവത്തിന് പിന്നിലെ കള്ളക്കളി വെളിവാക്കുന്നു. 1957 ലെ കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ടിലും 60 ലെ ലാന്‍ഡ് അസൈന്‍മെന്റ്‌സ് ആക്ടിലും പുറമ്പോക്ക് ഭൂമി സര്‍ക്കാരിന്റേതാണെന്നും ഇത് പൊതുജന താല്‍പര്യത്തിന് വിധേയമായി മാത്രമേ ഉപയോഗിക്കാവൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മതപ്രീണനത്തിന് മുന്നില്‍ സര്‍ക്കാര്‍ ഈ നിയമങ്ങളെല്ലാം മനപ്പൂര്‍വ്വം വിസ്മരിച്ചുവെന്ന് വേണം കരുതാന്‍.
News Credits,അനില്‍ നമ്പ്യാര്‍,Janamtv,Thursday 2nd of July 2015
No comments:
Post a Comment