Thursday, May 19, 2016

താമര വിരിഞ്ഞു, ചരിത്രം തിരുത്തി ബി.ജെ.പി ,ഒ രാജഗോപാലിന് ചരിത്ര വിജയം

തിരുവനന്തപുരം: സ്വാതന്ത്ര്യലബ്ധിക്കു ശേഷം ആറു പതിറ്റാണ്ടിനിപ്പുറം കേരള രാഷ്ട്രീയചരിത്രത്തിൽ ഇതാദ്യമായി ഭാരതീയജനതാപാർട്ടിയുടെ ഒരു ജനപ്രതിനിധി, നിയമസഭയിൽ; ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പ്രവേശിക്കുകയാണ്.
ഒ. രാജഗോപാൽ എന്ന ജനങ്ങളുടെ രാജേട്ടൻ നേമം മണ്ഡലത്തിൽ നിന്നുമാണ് ഈ ചരിത്രവിജയം കരസ്ഥമാക്കിയിരിക്കുന്നത്. വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫിന്റെ വി. ശിവൻകുട്ടിയെ അടിയറവു പറയിച്ചു കൊണ്ട് ഒ.രാജഗോപാൽ നേമത്തു നിന്നും വിജയിക്കുന്നത്.
നിരവധി അടിയൊഴുക്കുകളുടെയും, സമാന്തരനാടകങ്ങളുടെയും ഇടയിൽ ഇവയെയെല്ലാം അതിജീവിച്ചു കൊണ്ടുള്ള ഈ വിജയം സത്യത്തിന്റേയും ധർമ്മത്തിന്റേതും കൂടിയാവുകയാണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ നേമം മണ്ഡലം ഇനി മുതൽ മാറ്റത്തിന്റെ ചരിത്രം കുറിച്ച മണ്ഡലമായി അറിയപ്പെടും.
മണ്ഡലത്തിലും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഹർഷാരവത്തോടെയും ഭാരത് മാതാ കീ ജയ് വിളികളോടെയുമാണ് പ്രവർത്തകർ ഓ രാജഗോപാലിന്റെ വിജയത്തെ സ്വാഗതം ചെയ്തത്.



കേരളത്തില്‍ ബിജെപി ഇതുവരെ നേരിടേണ്ടി വന്ന സഹനങ്ങൾക്കുള്ള പ്രതിഫലമാണ് ഈ വിജയം. ഇനിമുതൽ കൂടുതൽ ഉറച്ച ജനശബ്മായിരിക്കും ഞങ്ങൾ. നരേന്ദ്ര മോദി

ഈ തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയി എന്‍ഡിഎ: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയി ദേശീയ ജനാധിപത്യ സഖ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇരു മുന്നണികള്‍ക്കും ബദലായി ദേശീയ ജനാധിപത്യസഖ്യം ഉയര്‍ന്നു വന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാന സവിശേഷത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 9 ശതമാനം വോട്ട് വിഹിതവും 20 ലക്ഷം വോട്ടും ദേശീയ ജനാധിപത്യ സഖ്യം അധികമായി നേടി.
അതേസമയം എല്‍ഡിഎഫിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 890,000 വോട്ടുകള്‍ മാത്രമാണ് കൂടിയത്. രണ്ടു വര്‍ഷം മുന്‍പ് നടന്ന ലോക് സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 12 ലക്ഷം വോട്ടുകളാണ് എന്‍ഡിഎ അധികമായി നേടിയത്. ഇരു മുന്നണികളും ഒത്തു കളിച്ചില്ലായിരുന്നെങ്കില്‍ ദേശീയ ജനാധിപത്യസഖ്യത്തിന്റെ നിരവധി പേര്‍ വിജയിക്കുമായിരുന്നു. 7 മണ്ഡലങ്ങളില്‍ ദേശീയ ജനാധിപത്യ സഖ്യ സ്ഥാനാര്‍ത്ഥികള്‍ രണ്ടാമതെത്തി.
മഞ്ചേശ്വരത്ത് വെറും 89 വോട്ടുകള്‍ക്കാണ് ബിജെപിയുടെ കെ സുരേന്ദ്രന്‍ തോറ്റത്. 3 മണ്ഡലങ്ങളില്‍ അമ്പതിനായിരത്തിന് മുകളില്‍ വോട്ടുനേടാന്‍ ബിജെപിക്കായി. 24 മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തിന് മുകളില്‍ വോട്ടുനേടാനും സഖ്യത്തിനായിട്ടുണ്ട്. കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി വളര്‍ന്നു എന്നാണ് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്. യുഡിഎഫ് ദുഷ്ഭരണത്തിനെതിരായ വിധിയെഴുത്ത് ബിജെപിക്ക് അനുകൂലമാണ്.
140 മണ്ഡലങ്ങളിലും മുന്നേറ്റം നടത്തിയ ഏക മുന്നണി ദേശീയ ജനാധിപത്യ സഖ്യമാണെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
അനന്തപുരിയുടെ ‘രാജ’യോഗം
1929 സെപ്റ്റംബർ 15നാണ് പാലക്കാട് ജില്ലയിലെ പുതുക്കോട് ഓലഞ്ചേരി വീട്ടിൽ മാധവൻ നായരുടെയും കുഞ്ഞിക്കാവമ്മയുടെയും മകനായി ഒ.രാജഗോപാൽ ജനിക്കുന്നത്. കണക്കന്നൂർ എലിമെന്ററി സ്കൂൾ, മഞ്ഞപ്ര അപ്പർ പ്രൈമറി സ്കൂൾ, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ചെന്നൈയിൽ നിന്നു നിയമബിരുദം കരസ്ഥമാക്കി. കുറച്ചുകാലം അഭിഭാഷകനായി ജോലി നോക്കിയ അദ്ദേഹം അതോടൊപ്പം തന്നെ ജനസംഘത്തിന്റെ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു.
ജനസംഘത്തിന്റെയും, ഭാരതീയജനതാപാർട്ടിയുടെയും കേരളത്തിലെ ഉദയത്തിനും വളർച്ചയ്ക്കും എക്കാലത്തും കരുത്തു പകർന്ന ആദർശധീരനായ നേതാവായിരുന്നു ഒ രാജഗോപാൽ. മാരാർജിയുമായി അടുത്തിടപഴകാനും, ഒന്നിച്ചു പ്രവർത്തിക്കാനുമുളള ഭാഗ്യവും അദ്ദേഹത്തിനു സിദ്ധിച്ചു.
കേരളത്തിന്റെയെന്നല്ല, ഭാരതത്തിന്റെ തന്നെ രാഷ്ട്രീയത്തിലെ സൗമ്യവും, ദീപ്തവുമായ സാന്നിദ്ധ്യമാണ് ഒ. രാജഗോപാൽ എന്ന സഹപ്രവർത്തകരുടെയും, ജനങ്ങളുടെയും, എതിരാളികളുടെ പോലും രാജേട്ടൻ. അതേ… അദ്ദേഹത്തെയറിയുന്നവർക്കൊക്കെയും അദ്ദേഹം രാജേട്ടനായി.
പ്രതിസന്ധിയിലും, വളർച്ചയിലും, തളർച്ചയിലുമെല്ലാം ആത്മീയദ്യുതി തിരളുന്ന ഒരു മന്ദഹാസത്തോടെ അദ്ദേഹം നിലയുറപ്പിച്ചു. തന്റെ പ്രഭാഷണങ്ങളിൽ പോലും അതിഭാവുകത്വമോ, വാചാടോപമോ, അമിതാവേശമോ, കടന്നാക്രമണമോ നടത്താതെ ഒരു ഋഷിയുടെ സ്ഥിതപ്രജ്ഞതയോടെ അദ്ദേഹം വ്യവസ്ഥിതിയോട് ഇടപഴകി, പടപൊരുതി.
ഒ.രാജഗോപാൽ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടതു പോലും കേരളത്തിൽ നിന്നല്ല, മദ്ധ്യപ്രദേശിൽ നിന്നുമാണ്. റയിൽവേ സഹമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ച കാലഘട്ടം, കേരളത്തിലെ റയിൽവേയുടെ സുവർണ്ണ കാലമെന്നു തന്നെ പറയാം. പരിപക്വമായ തന്റെ അനുഭവജ്ഞാനവും, മാനവികതയും എന്നും എവിടെയും അതിന്റെ ഏറ്റവും ഉദാത്തമായ ഉണ്മയിൽ പ്രദർശിപ്പിച്ച രാഷ്ട്രീയജീവിതത്തിന്റെ ഉത്തമ മാതൃക തന്നെയാണ് നേമത്തിന്റെ, തിരുവനന്തപുരത്തിന്റെ, കേരളത്തിന്റെ സ്വന്തം രാജേട്ടൻ.
കേരളത്തിന്റെ അംബാസഡർ എന്ന്, ഇന്ന് ഭാരതീയജനതാപാർട്ടിക്കെതിരേ വിമർശനശരങ്ങളെയ്യുന്ന എ.കെ.ആന്റണി പോലും പ്രശംസിച്ച വ്യക്തിത്വത്തിനുടമയാണ് ഒ.രാജഗോപാൽ. നിരവധി തെരഞ്ഞെടുപ്പുകളെ അദ്ദേഹം അഭിമുഖീകരിച്ചെങ്കിലും ഇവിടുത്തെ ഇടതു-വലത് അവിശുദ്ധ കൂട്ടുകെട്ടിന്റെ ചതുരംഗക്കരുക്കൾക്കിടയിൽ തികച്ചും അർഹമായ അദ്ദേഹത്തിന്റെ സ്ഥാനം ചതിവിലൂടെ തട്ടി മാറ്റപ്പെട്ടു. അന്നും ആരോടും പരിഭവിക്കാതെ, പരിതപിക്കാതെ മന്ദഹാസത്തോടെ സേവനസന്നദ്ധനും, ഉത്സുകനുമായി അദ്ദേഹം നില കൊണ്ടു.
ഇത്തവണയുമുണ്ടായി, അടിയൊഴുക്കുകളും, അകം‌കളികളും പലതും. എന്നാൽ ധർമ്മത്തിന്റെ അനിവാര്യമായ ഉയിർത്തെഴുന്നേൽപ്പായി, സത്യത്തിന്റെ, നന്മയുടെ സൂര്യകിരണം ആ ആദർശപത്മത്തെ തൊട്ടുണർത്തുക തന്നെ ചെയ്തു. ജനങ്ങൾക്ക്, ജാതി,മത,കക്ഷി,രാഷ്ട്രീയങ്ങൾക്കപ്പുറം അത്രയിഷ്ടമായിരുന്നു രാജേട്ടനെ. രാഷ്ട്രീയകുതന്ത്രങ്ങളുടെ കൂട്ടിക്കിഴിക്കലുകൾക്കുമപ്പുറം ജനഹൃദയങ്ങൾ ശിഷ്ടമായി കരുതിയ നന്മ; അത് കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന് വിജയതിലകമായി.
കേരളനിയമസഭയിലെ നിയുക്ത എം.എൽ.എയ്ക്ക് ജനം ടി.വിയുടെ സ്നേഹോഷ്മളമായ വിജയാശംസകൾ
News Credits Janamtv News

Wednesday, May 4, 2016

ദളിത് നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധത്തില്‍ തിളച്ച് പാര്‍ലമെന്റ്

ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ലമെന്റിലും പ്രതിഷേധം അലയടിച്ചു. ലോക്സഭയില്‍ ബി.ജെ.പി. അംഗങ്ങളും രാജ്യസഭയില്‍ ഇടത് അംഗങ്ങളുമാണ് വിഷയമുന്നയിച്ചത്.വിഷയം ലോക്സഭയിലുയരുമ്പോള്‍ കേരളത്തില്‍നിന്നുള്ള എല്‍.ഡി.എഫ്-യു.ഡി.എഫ്. അംഗങ്ങള്‍ സഭയില്‍ ഹാജരുണ്ടായിരുന്നില്ല.
തുടര്‍ച്ചയായി കേരളത്തില്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗക്കാര്‍ക്കും നേരേ ആക്രമണങ്ങളുണ്ടായിട്ടും സംസ്ഥാനസര്‍ക്കാര്‍ മൗനംപാലിക്കുകയാണെന്ന് .ബി.ജെ.പി. ആരോപിച്ചു. ഇതിനുപിന്നാലെയാണ്, സംഭവം അതിഗൗരവമുള്ളതാണെന്നും സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി വെങ്കയ്യ നായിഡു ലോക്സഭയെ അറിയിച്ചത്.
ലോക്സഭയുടെ ശൂന്യവേളയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹെയാണ് വിഷയമുന്നയിച്ചത്. സംസ്ഥാനസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഹെ ആവശ്യപ്പെട്ടു. ബി.ജെ.പി. അംഗം മീനാക്ഷി ലേഖിയും മറ്റ് വനിതാ എം.പി.മാരും ഹെയെ പിന്തുണച്ചു.
കേരളത്തില്‍ സ്ത്രീപീഡനം തുടര്‍ക്കഥയാവുകയാണെന്ന് മീനാക്ഷി ലേഖി ആരോപിച്ചു. കിളിരൂരില്‍ ഒരു പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുകൊന്നു. സംഭവത്തില്‍ വി.ഐ.പി.കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചില രാഷ്ട്രീയനേതാക്കള്‍ പറഞ്ഞു. എന്നാല്‍, ഒരു നടപടിയും ഉണ്ടായിട്ടില്ല.
റെയില്‍വേ യാത്രക്കാരിയെ ബലാത്സംഗംചെയ്തു കൊന്ന ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചപ്പോള്‍, വധശിക്ഷ തെറ്റാണെന്നു വാദിക്കുകയാണ് ചിലര്‍ ചെയ്തത്.സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് വധശിക്ഷയാണു നല്‍കേണ്ടതെന്ന് മീനാക്ഷി ലേഖി പറഞ്ഞു.സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് വധശിക്ഷയാണു നല്‍കേണ്ടതെന്ന് മീനാക്ഷി ലേഖി പറഞ്ഞു
സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കുന്നെന്നും സഭയുടെ വികാരം സര്‍ക്കാറിനെ അറിയിക്കുമെന്നും വെങ്കയ്യ പറഞ്ഞു.രാജ്യസഭയില്‍ സി.പി.എം. അംഗം സി.പി. നാരായണനാണ് വിഷയമവതരിപ്പിച്ചത്. കേരളത്തില്‍ പെരുമ്പാവൂരിനു പിന്നാലെ കാസര്‍കോട്ടും തിരുവനന്തപുരത്തും പെണ്‍കുട്ടികള്‍ക്കുനേരേ അക്രമമുണ്ടായെന്നും സംസ്ഥാനസര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു എല്ലാ മലയാളികള്‍ക്കും അപമാനമുണ്ടാക്കുന്ന സംഭവമാണിതെന്ന് ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യനും അഭിപ്രായപ്പെട്ടു.
പാര്‍ലമെന്ററികാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, ബി.ജെ.പി. അംഗം തരുണ്‍ വിജയ്, സി.പി.ഐ. അംഗം ഡി. രാജ, ബി.എസ്.പി. അംഗം എസ്.സി. മിശ്ര എന്നിവരും സംസാരിച്ചു.
ജിഷ വധക്കേസ്‌ : സര്‍ക്കാരിനും ഇടത്‌ എം.എല്‍.എയ്‌ക്കും ഉത്തരവാദിത്വമുണ്ട്‌: കാനം രാജേന്ദ്രന്‍

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട യുവതിയുടെ അമ്മയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും സന്ദര്‍ശിച്ചു. വിഎസിനോടും ഇന്നസെന്റ് എം.പിയോടും പെരുമ്പാവൂര്‍ എംഎല്‍എ സാജു പോളിനും വാര്‍ഡ് മെമ്പര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അമ്മ ഉന്നയിച്ചത്.
വീട് നിര്‍മ്മിക്കാന്‍ സഹായം നല്‍കണമെന്നും സുരക്ഷിതത്വം വേണമെന്നും ആവശ്യപ്പെട്ട് സാജു പോള്‍ എം.എല്‍.എ.യെ പലതവണ കണ്ട് പരാതി നല്‍കിയെന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി
പെരുമ്പാവൂരിലെ ജിഷ വധക്കേസിന്റെ ഉത്തരവാദിത്വത്തില്‍നിന്നു സര്‍ക്കാരിന്‌ ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നു സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
മുഖ്യമന്ത്രി വികസനം ഉയര്‍ത്തിക്കാട്ടുന്ന സംസ്‌ഥാനത്താണ്‌ ഒറ്റമുറിവീട്ടില്‍ ജിഷയും കുടുംബവും താമസിച്ചിരുന്നത്‌. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇടത്‌ എം.എല്‍.എ. സാജു പോളിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്നു കാനം പറഞ്ഞു.

Tuesday, April 26, 2016

വെളളാപ്പളളി നടേശന് ടി.പിയുടെ അവസ്ഥ വരുമെന്ന് ഭീഷണി

കണിച്ചുകുളങ്ങര: എൻ.ഡി. എയുമായി സഹകരിച്ച് ഈ വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മുന്നോട്ടു പോയാൽ വെളളാപ്പളളി നടേശനും, മകൻ തുഷാർ വെളളാപ്പളളിക്കും ടി.പി. ചന്ദ്രശേഖരന്റെ അവസ്ഥ വരുമെന്ന് ഭീഷണിക്കത്ത്.
ഡി.വൈ.എഫ്.ഐ. മാത്തൂർ പഞ്ചായത്ത് കമ്മറ്റിയെന്ന് വിലാസം വച്ചിരിക്കുന്ന കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറൽ ആവുകയാണ്.
News Credits,Janamtv.com

ഇസ്രത്ത് ജഹാൻ കേസ് : മോദിയെ തോൽപ്പിക്കാൻ രാജ്യത്തെ തോൽപ്പിക്കണോ ?

എന്നെങ്കിലുമൊരിക്കൽ ഹിന്ദു ഇന്ത്യയെ കീഴടക്കണം എന്നതായിരുന്നു വിഭജനകാലത്ത് മുതൽ പാക് അനുകൂലികളുടെ മനോഭാവം . വേറിട്ടൊരു രാഷ്ട്രം പടുത്തുയർത്തുക എന്നതിനേക്കാൾ പ്രാധാന്യം അവർ ഇന്ത്യയെ കീഴടക്കലിന് നൽകി .സ്വാഭാവികമായും പാകിസ്ഥാന്റെ രൂപവത്കരണത്തിനു ശേഷവും അത് തുടർന്നു പോന്നു . 47 ലും 65 ലും 71 ലും നടത്തിയ യുദ്ധങ്ങൾ ഇത് ലക്ഷ്യമിട്ടെങ്കിലും വിജയിച്ചില്ല .
ഈ യുദ്ധങ്ങൾക്കൊപ്പം ഐ എസ് ഐയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ആഭ്യന്തരക്കുഴപ്പങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളും പാകിസ്ഥാൻ നടത്തി . ഖാലിസ്ഥാൻ വാദത്തിന് പിന്തുണ കൊടുത്തു . വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദത്തിന് ആയുധങ്ങൾ നൽകി . ചുവപ്പൻ ഭീകരതയ്ക്ക് വേണ്ടുന്ന പിന്തുണ നൽകി . ഒപ്പം ചെറുതും വലുതുമായ ജിഹാദി ആക്രമണങ്ങളും .
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നയത്തിൽ ചെറിയൊരു മാറ്റം വരുത്തി പാകിസ്ഥാൻ . നേരിട്ടുള്ള ആക്രമണങ്ങൾക്ക് പകരം നിഴൽ യുദ്ധങ്ങൾ ആരംഭിച്ചു . അന്താരാഷ്ട്രവേദികളിൽ അയ്യോ പാവം ഞാനൊന്നുമറിഞ്ഞില്ലേ എന്ന ലൈൻ മുന്നോട്ടു വയ്ക്കാനായിരുന്നു ഈ തീരുമാനം . ഇന്ത്യൻ അതിർത്തിക്കുള്ളിൽ തന്നെ പാക് അനുകൂല ബൗദ്ധിക കേന്ദ്രങ്ങൾ വളർത്തി. ഇന്ത്യയെ ഇന്ത്യക്കുള്ളിൽ തന്നെ തകർക്കാൻ ബ്ളീഡ് ഇന്ത്യ പദ്ധതി ആവിഷ്കരിച്ചു.
ആയുധവും പണവും നിർലോഭം ലഭിക്കാൻ അമേരിക്കയോട് കൂടുതൽ അടുത്തു . ഗുഡ് ടെററിസ്റ്റുകളും ബാഡ് ടെററിസ്റ്റുകളുമുണ്ടായി . തെഹരീക് ഇ താലിബാനും ലാൽ മസ്ജിദ് ഭീകരരുമൊക്കെ ബാഡ് ടെററിസ്റ്റുകളായപ്പോൾ ജെയ്ഷ് ഇ മൊഹമ്മദും ലഷ്കർ ഇ തോയ്ബയും ഗുഡ് ടെററിസ്റ്റുകളുമായി .
ബ്ളീഡ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാനാണ് 2004 ൽ അംജത് അലി റാണ , സീഷൻ ജോഹർ എന്നീ പാക് ഭീകരർ ഗുജറാത്തിലെത്തിയത് . അവർക്ക് മറതീർക്കാൻ ദമ്പതികളെന്ന വ്യാജേന ജാവേദ് ഷെയ്ഖും ഇസ്രത്ത് ജഹാനും .
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരമനുസരിച്ച് ഗുജറാത്ത് പോലീസ് ഇവരെ പിന്തുടർന്ന് വധിച്ചു . ആന ചത്താലും ജീവിച്ചാലും പന്തീരായിരം എന്ന പഴയ ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് ഇന്ത്യയിലെ പാക് അനുകൂല ബൗദ്ധിക കേന്ദ്രങ്ങൾ വിഷയം മുതലെടുത്ത് പൊതുസമൂഹത്തിലേക്ക് ഇഞ്ചിഞ്ചായി വിഷമിറക്കി.
ഇസ്രത്ത് ജഹാൻ ഒന്നുമറിയാത്ത പാവമായിരുന്നെന്നും ദിവസം ഓരോ മുസ്ളീമിനെ വച്ച് കൊന്ന് തിന്നുന്ന നരേന്ദ്രമോദി വേവിച്ചെടുത്ത നുണകളാണിതെല്ലാമെന്നും വാർത്തകളിറങ്ങി. പിന്നീട് അതിനെ ആധാരമാക്കി രാഷ്ട്രീയ നുണകൾ , ഉപജാപങ്ങൾ , നെടുവീർപ്പുകൾ , കണ്ണീർ പ്രണാമങ്ങൾ . തങ്ങളുടെ ഭീകരർക്ക് കിട്ടിയ മൈലേജ് കണ്ട് ലഷ്കർ പോലും അത്ഭുതപ്പെട്ടു.

അങ്ങ് പടിഞ്ഞാറ് നടന്ന സംഭവത്തിന്റെ ചുവട് പിടിച്ച് മലയാളത്തിലെ ഇസ്രത്ത് അനുകൂലികളും വെറുതെയിരുന്നില്ല . ജമാ അത്തെ ഇസ്ളാമിയുടെ മാധ്യമത്തെ തോൽപ്പിക്കുന്ന രീതിയിൽ ദേശാഭിമാനി അച്ചു നിരത്തി . കോയപ്പറമ്പത്ത് സച്ചിദാനന്ദനും വിജയ ലക്ഷ്മിയും കവിതയെഴുതി . വിജയ ലക്ഷ്മിയുടെ ഊഴം കവിതയെ ഉത്തരാധുനികർ വാഴ്ത്തിപ്പാടി. കവിതയുടെ ഒരു വരിക്ക് പത്ത് വച്ച് വ്യാഖ്യാനങ്ങളും നിരത്തി.
അങ്ങനെയിരിക്കെയാണ് മുംബൈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ലഷ്കർ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലി എന്ന ദാവൂദ് ഗിലാനി വെടിപൊട്ടിച്ചത് . ഇസ്രത്ത് ലഷ്കറിന്റെ പറ്റുപടിക്കാരിയെന്ന് ഹെഡ് ലി ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഗുജറാത്ത് ഹൈക്കോടതിയിൽ ഇത് വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസർക്കാർ സത്യവാങ്മൂലവും സമർപ്പിച്ചു.
നരേന്ദ്രമോദിക്കെതിരെ വ്യാപകമായി ഉപയോഗിച്ച ഇസ്രത്ത് ജഹാൻ സംഭവം വഴിത്തിരിവിലെത്തിയതോടെ രാഷ്ട്രീയമായി തങ്ങൾക്ക് തിരിച്ചടി കിട്ടുമെന്ന് കോൺഗ്രസിന് മനസ്സിലായി. ഉടൻ തന്നെ സത്യവാങ്മൂലം തിരുത്തി. ഇസ്രത്തിന്റെ ലഷ്കർ ബന്ധം ഒഴിവാക്കി വീണ്ടും കോടതിയിൽ സമർപ്പിച്ചു.
ഇപ്പോൾ അതിന്റെ കാരണങ്ങൾ ഓരോന്നായി പുറത്ത് വരികയാണ് . നരേന്ദ്രമോദിയെ തോൽപ്പിക്കാൻ വേണ്ടി ഇന്ത്യയെ തോൽപ്പിക്കാനും മടിയില്ലാതെ ചെയ്ത ഗൂഢകൃത്യങ്ങൾ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു . രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടിത്തന്നെയാണ് സത്യവാങ്മൂലം തിരുത്തിയതെന്ന് അന്നത്തെ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള തുറന്നു പറഞ്ഞു .
താൻ ആദ്യ സത്യവാങ്മൂലം കണ്ടില്ലെന്ന് പറഞ്ഞ പി ചിദംബരം ഇപ്പോൾ വെട്ടിൽ വീണിരിക്കുകയാണ് . ആദ്യ സത്യവാങ്മൂലത്തിൽ ചിദംബരം ഒപ്പിട്ടെന്ന് തെളിഞ്ഞു രണ്ടാം സത്യവാങ്മൂലത്തിൽ ചിദംബരം നേരിട്ടിടപെട്ടാണ് ഇസ്രത്തിന്റെ ലഷ്കർ ബന്ധം ഒഴിവാക്കിയതെന്ന സത്യവും പുറത്തുവന്നു.
രാഷ്ട്രീയ എതിരാളിയെ കുടുക്കാൻ രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ബലികൊടുത്ത ഒരു കൂട്ടരാണ് നമ്മെ ഭരിച്ചിരുന്നതെന്ന ദുഖസത്യമാണ് ഇതിലൂടെ വെളിവാകുന്നത് . അവരുടെ രാഷ്ട്രീയ അജണ്ടയ്ക്കൊപ്പം ചേർന്ന് ബ്ളീഡ് ഇന്ത്യ പദ്ധതിയെ പിന്തുണയ്ക്കുന്ന ബൗദ്ധിക ഫ്രോഡുകളേയും നാം കണ്ടു .
അവനവൻ ചവിട്ടി നിൽക്കുന്ന മണ്ണിനെപ്പോലും അധികാരത്തിനു വേണ്ടി ഒറ്റുകൊടുക്കുന്ന ഈ വഞ്ചകരെ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . മനം മയക്കുന്ന വാചാടോപങ്ങളുമായി പെരും നുണകൾ പരത്തുന്ന ഇക്കൂട്ടരെ തിരുത്തുകയോ തിരസ്കരിക്കുകയോ ചെയ്തില്ലെങ്കിൽ രാജ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാകും .
മോദിയും മന്മോഹനും സോണിയയും രാഹുലുമെല്ലാം മണ്മറയേണ്ടവരാണ് . പക്ഷേ വരും തലമുറയ്ക്കു താങ്ങായി തണലായി ഭാരതമെന്ന രാഷ്ട്രം നിലനിൽക്കുക തന്നെ വേണം .
അതുകൊണ്ട് തന്നെ ഈ സൃഗാലബുദ്ധികളോട് സംശയലേശമെന്യേ നമുക്ക് പറയാം
മോദിയെ തോൽപ്പിക്കാൻ വേണ്ടി രാജ്യത്തെ തോൽപ്പിക്കരുതെന്ന്..
Article Credits, വായുജിത്,Janamtv.com

Thursday, March 3, 2016

കോണ്‍ഗ്രസ് രാജ്യത്ത് പാകിയത് ദാരിദ്ര്യത്തിന്റെ വിത്തുകളെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അറുപത് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് രാജ്യത്ത് പാകിയത് ദാരിദ്ര്യത്തിന്റെ വിത്തുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അറുപത് വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാവങ്ങളെ സഹായിച്ചെങ്കില്‍ അത് ആരും നിഷേധിക്കില്ലായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇന്ത്യയിലെ പാവങ്ങള്‍ ഇന്ന് ഇത്രയും കഷ്ടപ്പെടില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്് നന്ദി അറിയിച്ചുകൊണ്ട് നടത്തിയ സുദീര്‍ഘമായ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ പിന്തുടര്‍ന്നാല്‍ ചര്‍ച്ചകള്‍ കൂടുതല്‍ ഫലപ്രദമാകും. പാര്‍ലമെന്റ തടസപ്പെടരുതെന്ന രാഷ്ട്രപതിയുടെ വാക്കുകളും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഒന്നര മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ടാണ് പ്രധാനമന്ത്രി മറുപടി നല്‍കിയത്. ഒപ്പം വികസന പദ്ധതികളില്‍ പ്രതിപക്ഷത്തിന്റെ സഹകരണവും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാത്ത കേരള സര്‍ക്കാരിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്ന അദ്ദേഹം വ്യക്തമാക്കി.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെയാണ് പറഞ്ഞത്. താന്‍ അത് അംഗീകരിക്കുകയും ചെയ്തു. 2012 ലെ സിഎജി റിപ്പോര്‍ട്ടിലെ വിലയിരുത്തലുകളാണ് ഇതിന് തെളിവെന്നും പ്രധാനമന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയെ എതിര്‍ത്ത പ്രധാനമന്ത്രി ബജറ്റില്‍ അതിന് കൂടുതല്‍ തുക വകയിരുത്തിയതിനെ നയപ്രഖ്യാപനത്തിന്‍മേലുളള ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
ചിലര്‍ക്ക് ശാരീരിക വളര്‍ച്ചയുണ്ടായെങ്കിലും മാനസീകപക്വത കൈവരിച്ചിട്ടില്ല. ചിലര്‍ കാര്യം മനസിലായില്ലെങ്കിലും വെറുതെ എതിര്‍ക്കാന്‍ വേണ്ടി പ്രതിഷേധിക്കുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി. മെയ്ക്ക് ഇന്‍ ഇന്ത്യ പോലുളള പദ്ധതികളെ പരിഹസിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അതില്‍ കുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കില്‍ അത് പങ്കുവെയ്ക്കുകയും ചര്‍ച്ച ചെയ്യുകയുമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്യങ്ങള്‍ ചെയ്യാത്തതല്ല പ്രതിപക്ഷത്തിന്റെ പ്രശ്‌നം. അവരെക്കാള്‍ നന്നായി ഈ സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യുന്നതാണ് അവരുടെ പ്രശ്‌നമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ക്രിയാത്മകമായ ഒരു സര്‍ക്കാര്‍ എങ്ങനെയാണ് രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതെന്നും എങ്ങനെയാണ് എല്ലാ മേഖലയിലും പുരോഗതിയുണ്ടാക്കുന്നതെന്നും എന്‍ഡിഎ സര്‍ക്കാരാണ് കാട്ടിത്തന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു. അടുത്ത ദിവസം മാദ്ധ്യമങ്ങളില്‍ എന്ത് വരുത്താമെന്നും എങ്ങനെ മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാമെന്നുമുളള കാര്യങ്ങളിലാണ് നമ്മള്‍ ആശങ്കപ്പെടുന്നതെന്നും ഈ സ്ഥിതി പാടേ മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരസ്പരം ചെളിവാരിയെറിയുകയാണ് നമ്മള്‍ ചെയ്യുന്നത്. പക്ഷെ ആ സമയത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സുതാര്യതയാണ് നഷ്ടപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
സര്‍ക്കാരിന് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെയ്്ക്കണം. അതിന് പ്രതിപക്ഷത്ത് നിന്നും നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണ്. സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന പ്രതിപക്ഷത്തെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഈ ഭരണത്തില്‍ പുതുമുഖമായ തനിക്ക് പരിചയസമ്പന്നരുടെ നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം ഭരണകര്‍ത്താക്കളില്‍ നിന്ന് കൂടുതല്‍ ഒന്നും ആഗ്രഹിക്കുന്നില്ല വികസനമാണ് അവര്‍ക്ക് വേണ്ടത്. അതിന് പ്രതിപക്ഷവും സഹകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
News Credit,Janamtv News

ഡല്‍ഹി ഹൈക്കോടതി പരാമര്‍ശം അഭിപ്രായസ്വാതന്ത്ര്യവാദികള്‍ക്ക് തിരിച്ചടിയാകും

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യവാദികള്‍ക്ക് തിരിച്ചടിയാകും. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്തിനെതിരേ തിരിയുന്ന പ്രവണതയെ ആണ് കോടതി ശക്തമായ ഭാഷയില്‍ ചോദ്യം ചെയ്തത്. അതിര്‍ത്തിയില്‍ സൈന്യം കാവല്‍ നില്‍ക്കുന്നതുകൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യം നമുക്ക് ആസ്വദിക്കാന്‍ കഴിയുന്നുതെന്ന കോടതിയുടെ പരാമര്‍ശം രാജ്യത്ത് അടുത്തിടെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്കുളള ശക്തമായ മറുപടി കൂടിയാണ്.
ജെഎന്‍യുവില്‍ നടന്ന പരിപാടിക്കെതിരായ വികാരം രാജ്യത്ത് കത്തിപ്പടരവേ ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസും ഇടത് കക്ഷികളും ഉള്‍പ്പെടെയുളള രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനെ പ്രതിരോധിച്ചത്. പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നുവെന്നും രാജ്യത്തിനെതിരേ അക്രമം നടത്തിയതിന് ശിക്ഷിച്ച തീവ്രവാദിയെ മഹത്വവല്‍ക്കരിച്ച് മുദ്രാവാക്യം വിളിച്ചുവെന്നും പകല്‍ പോലെ വ്യക്തമായിട്ടും ഇതെല്ലാം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ കെട്ടാനായിരുന്നു ഈ രാഷ്ട്രീയ കക്ഷികള്‍ ശ്രമിച്ചത്. ഇവര്‍ക്കുളള ശക്തമായ മറുപടി കൂടിയാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍.
ജെഎന്‍യുവിലെ പരിപാടി അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലിക അവകാശം സംരക്ഷിക്കാനാണെന്ന് കരുതാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് ഒരു തരം അണുബാധയാണ്. ചിലരെ മാത്രം ബാധിച്ചിട്ടുളള രോഗം. അത് നിയന്ത്രിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധിയായി പടരുമെന്നും കോടതി ചൂണ്ടിക്കാട്ടി. അണുബാധ കൂടുതല്‍ അവയവങ്ങളെ ബാധിക്കുന്നതിന് മുന്‍പ് ബാധിച്ച ഭാഗം മുറിച്ചുമാറ്റുകയാണ് ഏക ചികിത്സയെന്നും കോടതി അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബങ്ങളെയാണ് അപമാനിച്ചതെന്നും കോടതി പറഞ്ഞു. സര്‍വ്വകലാശാലാ ക്യാമ്പസ് നല്‍കുന്ന സുരക്ഷിതത്വത്തില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ കഴിയുന്നത് ഇവിടെ ലഭിക്കുന്ന സ്വാതന്ത്ര്യം ആസ്വദിക്കുന്നതുകൊണ്ടാണ്. ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയില്‍ ഓക്‌സിജന്‍ പോലും ലഭ്യമല്ലാത്ത ഇടങ്ങളില്‍ നമ്മുടെ സൈനികര്‍ കാവല്‍ നില്‍ക്കുന്നതുകൊണ്ടാണ് ആ സ്വാതന്ത്ര്യം ലഭിക്കുന്നത്. അഫ്‌സല്‍ ഗുരുവിന്റെയും മഖ്്ബൂല്‍ ഭട്ടിന്റെയും ചിത്രങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് ഇത്തരം അവസ്ഥയില്‍ ഒരു മണിക്കൂര്‍ പോലും പിടിച്ചുനില്‍ക്കാനാകില്ലെന്നും കോടതി പറഞ്ഞു.
അഭിപ്രായ സ്വാതന്ത്രത്തിനു വേണ്ടി മുറവിളി കൂട്ടുമ്പോള്‍ അതിനൊപ്പം ഉത്തരവാദിത്തങ്ങളും നിറവേറ്റണം. വിദ്യാര്‍ത്ഥികളെ നേര്‍വഴിക്ക് നയിക്കേണ്ടത് അധ്യാപകരാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

ദളിത് ആക്ടിവിസത്തിന് ചുവട് പിഴയ്ക്കുമ്പോള്‍

അരാജകത്വവും ദേശ വിരുദ്ധതയും ഒരമ്മപെറ്റ മക്കളാണ് എന്ന് തെളിയിക്കുന്ന ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. തെരുവുകള്‍ ചുംബിക്കാനുള്ളതാണ് എന്ന് പ്രഖ്യാപിച്ചു സാമൂഹ്യ വ്യവസ്ഥിതിയെ വെല്ലുവിളിച്ചു തുടങ്ങിയ അരാജകത്വവാദികള്‍ ഇന്ന് രാജ്യത്തിന്റെ നില നില്‍പ്പിനെ തന്നെ ഉറപ്പിച്ചു നിര്‍ത്തുന്ന ദേശീയതയെ കടന്നാക്രമിക്കുബോള്‍ എത്ര അപകടകരമായ അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നു കടന്നു പോകുന്നതെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഈ രാജ്യത്തെ ബഹുഭൂരിപക്ഷവും ജെഎന്‍യുവിലെയോ ഹൈദരാബാദിലെയോ സമാനമായ മറ്റു കലാശാലകളിലെയോ അരാജകത്വവാദികളോ, അതിന്റെ പിന്തുണക്കാരോ അല്ല. അത്യവശ്യം സദാചാര മൂല്യങ്ങള്‍ പാലിച്ചു, കുടുംബമായി തൊഴിലെടുത്ത് രാജ്യത്തെ നിലവിലുള്ള നിയമ സംവിധാനങ്ങളെ മാനിച്ചു സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍. ജനാധിപത്യ വ്യവസ്ഥയിലെ സ്വാതന്ത്ര്യം അനുഭവിച്ചും അംഗീകരിച്ചും അതിനെ വിലയിരുത്തി തെറ്റുകളെ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ തിരുത്താന്‍ അധികാരമുള്ളവര്‍. രാഷ്ട്രത്തിന്റെ നിലനില്‍പ്പിനു വേണ്ടി സ്വന്തം ജീവന്‍ ബലി നല്‍കാന്‍ തയ്യാറുള്ളവര്‍. വ്യക്തിശുദ്ധിയില്‍ നിന്ന് കുടുംബവും കുടുംബത്തില്‍ നിന്ന് സമൂഹവും, സമൂഹങ്ങളില്‍ രാഷ്ട്രവും ഉടലെടുക്കുന്നു. ഓരോന്നിന്റെയും നിലനില്‍പ്പ് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഏതെങ്കിലും ഒന്നിന്റെ പൂര്‍ണമായ തകര്‍ച്ച ഈ സംവിധാനങ്ങളുടെയൊക്കെ നിലനില്‍പ്പിനെ ഇല്ലാതാക്കും.
പ്രപഞ്ചത്തിലെ സൃഷ്ട്ടികള്‍ തുല്ല്യതയെ പ്രധാനം ചെയ്യുന്നതല്ല. ജീവ ജാലങ്ങളിലെ കാര്യം പോകട്ടെ മനുഷ്യരില്‍ പോലും തുല്യത എന്നൊരു അവസ്ഥ സൃഷ്ട്ടിയിലോ സ്ഥിതിയിലോ ഇല്ല. അത്തരമൊരു അവസ്ഥയില്‍ പരസ്പരം കീഴടക്കപ്പെടലുകള്‍ തടയപ്പെടുന്നതും, തുല്യത ഉറപ്പു വരുത്താനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതും രാഷ്ട്രസങ്കല്പം അടക്കമുള്ള സാമൂഹ്യ സംവിധാനങ്ങളാണ്. അതുകൊണ്ടുതന്നെ അത്തരം സംവിധാനങ്ങളുടെ നിലനില്‍പ്പ് ഇന്നത്തെ മാത്രമല്ല നാളത്തെ തലമുറയുടെ കൂടെ പരമപ്രധാനമായ ഒന്നാണ്. നമ്മളില്ലാത്ത ലോകത്ത് ഉറ്റവരും ഉടയവരും സുരക്ഷിതരായിരിക്കും എന്ന സ്വപ്നം കാത്തു സൂക്ഷിക്കാന്‍ എന്ത് വില കൊടുത്തും നമ്മളത് കാത്തു സൂക്ഷിക്കുക തന്നെ വേണം .
ഒരു കുഴലൂത്തുകാരന്റെ കഥ ആ അവസരത്തില്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണ്. രണ്ടു അയല്‍ രാജ്യങ്ങള്‍ തമ്മില്‍ നടന്ന രക്ത രൂക്ഷിതമായ യുദ്ധത്തില്‍ വിജയിയായ രാജാവിനു മുന്നില്‍ തടവുകാരായി പിടിക്കപ്പെട്ട ശത്രുരാജ്യത്തെ പടയാളികള്‍ നിരത്തി നിര്‍ത്തിപ്പെട്ടു. തനിക്കും തന്റെ രാജ്യത്തിനും കഷ്ട നഷ്ടങ്ങള്‍ വരുത്തിയ, തന്റെ സൈനികരെ കൊന്നൊടുക്കിയ ശത്രു സൈനികരെ കണ്ട മാത്രയില്‍ കോപം കൊണ്ട് ജ്വലിച്ച രാജാവ് അവരുടെ തല വെട്ടിയെടുക്കാന്‍ കല്‍പ്പിച്ചു. കല്‍പ്പന കേട്ട മാത്രയില്‍ തടവുകാരില്‍ നിന്നൊരാള്‍ കരഞ്ഞുകൊണ്ട് മുന്നോട്ടുവന്നു രാജാവിന്റെ കാല്‍ക്കല്‍ വീണു ”എന്നെ കൊല്ലരുത് ഞാന്‍ അങ്ങയുടെ സൈനികരെ കൊന്നിട്ടില്ല ,യുദ്ധത്തില്‍ കുഴല്‍ വിളിക്കുക മാത്രമാണ് എന്റെ ജോലി. അതുകൊണ്ട് കരുണ തോന്നി എന്നെ വെറുതെ വിടണം”. രാജാവിന്റെ മുഖം ഒന്ന് കൂടി ചുവന്നു. നിമിഷ മാത്രയില്‍ അടുത്ത കല്‍പ്പന വന്നു ”ആദ്യം ഇവനെ കൊല്ലുക നമ്മുടെ സൈനികരെ കൊല്ലാന്‍ കുഴല്‍ വിളിച്ച് ആവേശം പകര്‍ന്നത് ഇവനാണ്. ഈ നില്‍ക്കുന്ന ഓരോരുത്തരും ഏതാനും പേരെയോ കൊന്നിട്ടുണ്ടാകു. പക്ഷെ ഇവന്‍ ആയിരങ്ങളെ കൊല്ലാന്‍ കുഴല്‍ വിളിച്ചു ആവേശം പകര്‍ന്നവനാണ് . അതുകൊണ്ട് ആദ്യം വെട്ടേണ്ട തല ഇവന്റെയാണ്”.
ജെഎന്‍യുവിലെയും ഹൈദരാബാദിലെയും കലാപകാരികളെ ശ്രദ്ധയോടെ വീക്ഷിച്ചാല്‍ ഈ കുഴലൂത്തുകാരനെ അവരില്‍ കാണാന്‍ കഴിയും . ആ കുഴലൂത്തുകാരനെപ്പോലെ, അല്ല അതിനെക്കാള്‍ വലിയ അപരാധമാണവര്‍ ചെയ്യുന്നത്. മുന്‍പ് കണ്ട കുഴലൂത്തുകാരന്‍ സ്വന്തം സൈനികര്‍ക്ക് വേണ്ടിയാണു കുഴല്‍ വിളിച്ചതെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യം എന്ന പേരില്‍ ഇവര്‍ പിറന്ന നാട്ടില്‍ നിന്ന് ശത്രുവിന് വേണ്ടി കുഴല്‍ വിളിക്കുന്നു. മുന്‍പ് സൂചിപ്പിച്ച സാമൂഹ്യ സംവിധാനങ്ങളുടെ തകര്‍ച്ച സമ്മാനിക്കുന്ന വിലക്കുകളില്ലാത്ത ലോകത്തെ നൈമിഷിക സുഖങ്ങള്‍ക്ക് വേണ്ടി സ്വന്തം നാടിനെ,സഹോദരങ്ങളെ ഒറ്റു കൊടുക്കുകയാണ് കനയ്യമാരും, ഉമര്‍ ഖാലിദുമാരും ചെയ്തത്. അത് തന്നെയാണ് രോഹിത് വെമുല ചെയ്തതും.
ഹൈദരാബാദിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയെ പരാമര്‍ശിക്കാതെ വിഷയത്തിലേക്ക് പോകാന്‍ കഴിയില്ല. കാരണം രാജ്യത്ത് കുഴലൂത്തുകാരെ ഉപയോഗിച്ച് മുല്ലപ്പൂ വിപ്ലവം സ്വപ്നം കാണുന്നവര്‍ സമീപകാലത്ത് സൃഷ്ട്ടിച്ചെടുത്ത പ്രതീകമാണ്, ശക്തമായ ആയുധമാണ് രോഹിത് വെമുല. കണ്ണടച്ച് തുറക്കുന്ന മാത്രയില്‍ രോഹിത് വെമുലയുടെ ആയിരമായിരം പതിപ്പുകളെ മോള്‍ഡ് ചെയ്യാന്‍ അവര്‍ക്കായിരിക്കുന്നു . ആ വിജയം നല്‍കിയ ആവേശമാണ് ജെഎന്‍യു പോലുള്ള സമരമുഖങ്ങള്‍ തുറന്നിടാന്‍ പ്രേരകമായത്.”My birth is my fatal accident. I can never recover from my childhood loneliness. The unappreciated child from my past.” വിശുദ്ധപദവി ലഭിച്ചു കഴിഞ്ഞ രോഹിത് വെമുലയുടെ അവസാന വാക്കുകളില്‍ നിന്നുള്ളവയാണ് ഇത്. രാജ്യത്ത് നൂറ്റാണ്ടുകള്‍ നിലനിന്ന, ഇപ്പോഴും നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയ്ക്ക് എതിരായ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമായി ഇവ ഉപയോഗിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.
ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഒരു അധ:സ്ഥിതനെ സംബന്ധിച്ച് ജനനം ഇപ്പോഴും വലിയ പിഴവ് തന്നെയാണ്. ബാഹ്യവും ആന്തരികവുമായ കാരണങ്ങളുണ്ട്. പഠന വിഷയമാക്കേണ്ടവ. പക്ഷെ രോഹിത് വെമുല ജനിച്ചത് ദളിതനായിട്ടല്ല. 1989 ല്‍ വധേരയെന്ന പിന്നോക്ക സമുദായത്തില്‍ വെമുല മണികുമാര്‍, രാധിക ദമ്പതികളുടെ മകനായിട്ടാണ് രോഹിത് വെമുല ജനിച്ചത്. രാധിക പിന്നീടു ‘ദളിതായി’ എന്നൊക്കെ പറയപ്പെടുന്നു . അതിന്റെ സാങ്കേതിക വശങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ടെത്തി തീര്‍പ്പ് കല്‍പ്പിക്കുന്നതു വരെ കാത്തിരിക്കാം. പക്ഷെ ജാതി എന്ന് പറയുന്നത് ജാത്യാല്‍ ആചരിച്ചു പോരുന്നതാണ്, തരാ തരം പോലെ മാറ്റാന്‍ കഴിയുമെന്നു തോന്നുന്നില്ല. രോഹിതിന്റെ ജനനം ഏതായാലും പട്ടിക ജാതിയലല്ല. അപ്പോള്‍ പിന്നെ ജാതിയല്ല ആ ജനനത്തെ വലിയ പിഴവാക്കി മാറ്റിയത്.
രോഹിതിനു ഏതാണ്ട് ഒരു വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. അത്തരം കുടുംബങ്ങളിലെ കുട്ടികള്‍ സാധാരണഗതിയില്‍ അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലും മാനസിക പ്രശ്‌നങ്ങളും എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. അത് തന്നെയാണ് രോഹിത് തന്റെ അവസാന വാക്കുകളിലും സൂചിപ്പിച്ചത്. കൂട്ടുകാരിയോട് പ്രണയം നിരസിക്കപ്പെട്ടത് അയാളെ കൂടുതല്‍ തകര്‍ത്തു കളഞ്ഞിരിക്കാം. അതോടൊപ്പം സംഘടനയിലെ ”ബ്ലാക്ക് വാട്ടര്‍ പ്രതിഭാസവും”. സ്വയം ഇരയായി സങ്കല്‍പ്പിക്കുന്നവനു അതിജീവിക്കാന്‍ ശേഷിയുണ്ടാകില്ല. . അതിജീവിക്കാന്‍ ശ്രമിക്കുന്നവരെ ഇരവാദികള്‍ക്ക് ആവശ്യവുമില്ല. ദളിതിസം എന്നത് അക്ഷരാര്‍ത്ഥത്തില്‍ ഇരവാദമാണ്, അതുകൊണ്ട് തന്നെ മനുഷ്യന്റെ സ്വാഭാവികമായ അതിജീവന ശേഷിയെ അത് ഇല്ലാതാക്കുന്നു.
ബാലികേറാ മലകളില്ലെന്ന് ജാതിവ്യവസ്ഥ അതിന്റെ തീവ്രഭാവങ്ങളില്‍ നിലനിന്ന കാലത്ത് പോലും ബാബാ സാഹെബ് അംബേദ്കര്‍, മഹാത്മ അയ്യങ്കാളി തുടങ്ങിയവര്‍ തെളിയിച്ചു തന്നിട്ടുണ്ട്. പിഴവുകളെ തിരുത്തി സംഘടിതശക്തിയാവുകയും അതുവഴി വ്യക്തിപരമായും സാമൂഹ്യമായും ആത്മവിശ്വാസവും, ആര്‍ജിക്കാന്‍ കഴിഞ്ഞാല്‍ ഏതു വ്യവസ്ഥയിലും നിര്‍ണായക ശക്തിയാകാന്‍ കഴിയും. അതിനു ശ്രമിക്കാതെ മാറ്റങ്ങള്‍ക്കു വിധേയമാകാന്‍ വിസമ്മതിച്ച് തങ്ങളല്ല പൊതുസമൂഹമാണ് മാറേണ്ടത് എന്ന് പറഞ്ഞു കൊണ്ട് ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതാണ് ദളിതിസം.
പ്രതിസന്ധികളെ അതിജീവിക്കാനല്ല എതിരാളികളുടെ മനം മാറ്റം വരെ കാത്തിരിക്കാനാണ് അത് പഠിപ്പിക്കുന്നത്. രാജ്യത്ത് ഇന്ന് പ്രബല ശക്തിയായി മാറിക്കഴിഞ്ഞ എല്ലാ സമുദായങ്ങളും സ്വയം മാറ്റങ്ങള്‍ക്കു വിധേയരായി സംഘടിച്ചവരാണ്. അത്തരം മാറ്റങ്ങളെ കണ്ടറിഞ്ഞു മുന്നോട്ടു പോകാനല്ല ദളിതിസം പഠിപ്പിക്കുന്നത്. പകരം കൃത്യമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ട ഇസ്ലാം ഇരവാദം പോലുള്ളവയുടെ പാദസേവ ചെയ്യാനാണ്. രോഹിത് വെമുല തന്റെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത delhi universtiy ambedkar reading group ന്റെ പോസ്റ്റര്‍ ദളിതിസം ഇന്നെവിടെയെത്തി നില്‍ക്കുന്നു എന്നതിന് തെളിവാണ്. people unsafe in india എന്ന തലവാചകത്തിലുള്ള പോസ്റ്ററില്‍ ആദ്യസ്ഥാനം ഇസ്ലാമിനാണ്. പിന്നീട് സ്ത്രീകള്‍, ക്രിസ്ത്യാനികള്‍ അതിനും ശേഷമാണ് ദളിത് ആദിവാസികളുടെ സ്ഥാനം. മറ്റു ഇര വാദങ്ങള്‍ക്ക് കീഴ്‌പ്പെട്ട് ദളിതിസത്തിന് സ്വന്തം അസ്ഥിത്വം തന്നെ നഷ്ടപ്പെട്ടു പോയിരിക്കുന്നു. അതുകൊണ്ടാണ് രോഹിത് വെമുല അടക്കമുള്ള ഹൈദരാബാദ് സര്‍വകാലശാലയിലെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് 267 ഭാരതപൗരന്മാരുടെ മരണത്തിനു കാരണമായ മുംബൈ ബോംബ് സ്‌ഫോടന കേസിലെ സൂത്രധാരനായ, രാജ്യം വധശിക്ഷയ്ക്ക് വിധേയനാക്കിയ യാക്കൂബ് മേമനെ ഓരോ വീട്ടിലും സൃഷ്ടിക്കുമെന്നു പോസ്റ്റര്‍ ഉയര്‍ത്തേണ്ടി വന്നത്. ഇരകളായ തീവ്രവാദികള്‍ നടത്തുന്ന ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ജാതി ആരും തിരക്കാറില്ലല്ലോ?
”അടിത്തട്ടില്‍ എല്ലാം തയ്യാറായിരുന്നു എന്ന് വേണം കരുതാന്‍. ഒരവസരം, അത് മാത്രമായിരുന്നു വേണ്ടിയിരുന്നത്. രോഹിത് വെമുല എന്ന പ്രതീകത്തില്‍ അവരതിനെ കണ്ടെത്തി”ശരിയായിരുന്നു ഇന്ത്യയില്‍ മുല്ലപ്പൂ വിപ്ലവം സ്വപ്നം കണ്ടവര്‍ക്ക് രോഹിത് വെമുലമാരെ വേണമായിരുന്നു. അതിനായി, ഇരവാദ സിദ്ധാന്തങ്ങളുടെ കൊച്ചു കൊച്ചു ഷെല്ലുകളില്‍ ഒതുങ്ങി കൂടിയിരുന്ന നേതാക്കളെ ഒന്നൊന്നായി വിലയ്‌ക്കെടുത്തു ‘രോഹിതുമാരുടെ ‘സൃഷ്ട്ടിക്കു ബീജാവാപം ചെയ്യാന്‍ തുടങ്ങിയിരുന്നു.
രസീത് കുറ്റി സംഘടനാനേതാക്കളെ അധ:സ്ഥിതസമൂഹം തന്നെ പുറംകാല്‍ കൊണ്ട് തട്ടി നീക്കാന്‍ തുടങ്ങിയിരുന്ന സാഹചര്യത്തില്‍ ഭാവിയെകുറിച്ച് ആശങ്കാകുലരായി നിന്നവര്‍ക്ക് ഇസ്ലാമികരാഷ്ട്രീയം വെച്ചുനീട്ടിയ സൗഭാഗ്യങ്ങള്‍ സ്വപ്നങ്ങള്‍ക്കും അപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ ബാമിയാനിലെ ബുദ്ധപ്രതിമകളെ കണ്ടില്ലെന്നു നടിക്കാനായിരുന്നു അവര്‍ക്കിഷ്ട്ടം. അല്ലെങ്കില്‍ തന്നെ തങ്ങളുടെ വിമോചന നായകന്‍ ബാബാ സാഹെബ് അംബേദ്കര്‍ എഴുതി തയ്യാറാക്കി രാഷ്ട്രത്തിന് സമര്‍പ്പിച്ച ഭരണഘടനയെ അംഗീകരിക്കുന്നില്ല എന്നുറപ്പിച്ചു പറയുന്ന ജമാഅത്ത് ഇസ്ലാമിപോലുള്ള സംഘടനകളുടെ പാളയത്തിലേക്ക് സാമുദായിക കൂട്ടിക്കൊടുപ്പിനായി പോയവര്‍ക്ക് എന്തു ബാമിയന്‍? ഫലം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പട്ടികജാതി-വര്‍ഗ യുവതീയുവാക്കള്‍ക്കിടയില്‍ ഒരു വൈറസ് പോലെ ഇര വാദം പടര്‍ന്നുകയറി.
എന്തുകൊണ്ട് അംബേദ്കറുടെ പിന്‍ഗാമികള്‍? കാരണം മറ്റൊന്നുമല്ല ഈ രാജ്യത്ത് അധസ്ഥിത സമൂഹത്തിനു ഏതെങ്കിലും തരത്തിലുളള സാമൂഹ്യ മുന്നേറ്റം സംഭവിച്ചിട്ടുണ്ട് എങ്കില്‍ അതെല്ലാം ബാബാ സാഹെബ് അംബേദ്കര്‍ നേതൃത്വം വഹിച്ചു തയ്യാറാക്കിയ ഭരണഘടനാ അവകാശങ്ങളുടെയും ആനുകൂല്യങ്ങളുടെയും ബലത്തിലാണ്. ബാബാ സാഹെബ് തന്നെ പറഞ്ഞിട്ടുണ്ട് നിങ്ങളുടെ ക്ഷേത്രം നിയമനിര്‍മ്മാണ സഭകളാണ്, അതിന്റെ താക്കോല്‍ കൈവശപ്പെടുത്തുകയല്ലാതെ മോചന മാര്‍ഗം വേറെയില്ല. അതുകൊണ്ട് തന്നെ ഈ രാജ്യത്ത് മറ്റാരെക്കാളും ദേശീയതയ്ക്ക് വേണ്ടി നിലകൊള്ളേണ്ടത് ആ സമൂഹമാണ്. കാരണം ഭൂമിശാസ്ത്രപരമായ അതിരുകളാല്‍ രൂപം കൊള്ളുന്ന രാഷ്ട്രം എന്ന സങ്കല്‍പ്പത്തിന്റെ നിലനില്‍പ് എന്ന് പറയുന്നത് അതിന്റെ ദേശീയതയാണ്. ദേശീയത ഇല്ലാതായാല്‍ രാഷ്ട്രമില്ല, രാഷ്ട്രമില്ലെങ്കില്‍ പിന്നെ ഭരണഘടനയ്ക്ക എന്ത് പ്രസക്തി? അപ്പോള്‍ പിന്നെ ഭരണഘടന പ്രധാനം ചെയ്യുന്ന സുരക്ഷിതത്വം മാത്രം കൈമുതലായുള്ള അധസ്ഥിത ജനതയുടെ അവസ്ഥയെന്തായിരിക്കുമെന്നു സാമാന്യ ബുദ്ധിക്കു തീരുമാനിക്കാവുന്നതെയുള്ളൂ. അവിടെയാണ് ജമാ അത്ത് ഇസ്ലാമി പോലുള്ള മൗദീദിയന്‍ സംഘടനകള്‍ ദളിത് സംഘടനകള്‍ക്കും ചിന്തകള്‍ക്കും മേല്‍ നേടിയ ആധിപത്യത്തിന്റെ അപകടം മനസ്സിലാകുക.
ഭൂമിശാസ്ത്ര പരമായി അതിരുകളില്ലാത്ത ഇസ്ലാം മാത്രമാണ് രാഷ്ട്രം എന്ന് വാദിക്കുന്നവരാണ് മൗദീദിയന്‍ സംഘടനകള്‍. അല്ലാഹുവിന്റെ സൃഷ്ടിയായ ഭൂമിയില്‍ അതിരുകളിട്ട് ദേശീയതകള്‍ സൃഷ്ടിക്കുന്നതു ദൈവനിഷേധമായി കാണുന്നവര്‍, അവരുടെ കണ്ണില്‍ ദൈവസൃഷ്ടിയായ സമ്പൂര്‍ണ കര്‍മ ശാസ്ത്ര വ്യവസ്ഥ ശരി അത് നിലനില്‍ക്കെ മനുഷ്യന്‍ നിയമം നിര്‍മ്മിക്കുന്നതും അതില്‍ മാറ്റങ്ങള്‍ വരുത്തുന്നതും മാപ്പ് അര്‍ഹിക്കാത്ത ദൈവനിഷേധമാണ്.ആ അര്‍ത്ഥത്തില്‍ ഈ രാജ്യത്ത് മൗദീദിയന്‍ രാഷ്ട്രീയം ആധിപത്യം നേടിയാല്‍ ആദ്യം തച്ചുതകര്‍ക്കുക രാജ്യത്തെ പട്ടിക ജാതി-പട്ടിക വര്‍ഗ സമൂഹത്തിന്റെ ഏക പ്രതീക്ഷയും അശ്രയവുമായ ഭരണഘടനയെയും അതിന്റെ ശില്‍പ്പിയായ ബാബാ സാഹെബ് അംബേദ്കറിന്റെ പ്രതീകങ്ങളെയും ആയിരിക്കും. അതിനു അദേഹത്തിന്റെ അനുയായികളെ തന്നെ ഉപയോഗിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമായി.
രാജ്യത്തെ ദളിത് ഇതര സമുദായങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ അതിജീവിക്കാനും, പ്രതിരോധിക്കാനും ശേഷി നേടിയവരാണ്. അതുകൊണ്ട് രാജ്യത്തെ പട്ടിക ജാതി -പട്ടിക വര്‍ഗ സമൂഹത്തിലെ സാധാരണക്കാര്‍ ചിന്തിക്കേണ്ട വിഷയം ഇതാണ്. ദേശീയതയും ദേശവും ഇല്ലാതാകുന്ന കാലഘട്ടത്തില്‍ അഫ്‌സല്‍ ഗുരുവിന്റെയും യാക്കൂബ് മേമന്റെയും പിന്മുറക്കാരുടെ കമ്പോളങ്ങളില്‍ ഇന്നത്തെ യസീദി പെണ്‍കുട്ടികളുടെ സ്ഥാനത്ത് നിങ്ങളുടെ പെണ്‍മക്കളായിരിക്കും, കാരക്കാടാന്‍ വിനീഷിനെ പോലെ നിങ്ങളുടെ ആണ്‍കുട്ടികള്‍ തെരുവുകളില്‍ മതവിചാരണയ്ക്ക് വിധേയരായി തൂക്കിലേറ്റപ്പെടും. 2006 ന ശേഷം ലവ് ജിഹാദില്‍പ്പെട്ട 6129 പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും പട്ടിക ജാതി പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.
രാജ്യത്തെ നിയമ സംവിധാനങ്ങളുടെ സംരക്ഷണയില്‍ പോലും സ്ഥിതി ഇതായിരിക്കെ ജെഎന്‍യുവിലെ അരാജകത്വ കനയ്യമാരും ഹൈദരാബാദിലെ ദളിത് രോഹിത് വെമുലമാരും സ്വപ്നം കണ്ട മൗദീദിയന്‍ ഭരണകാലത്തെ കുറിച്ച് വെറുതെയൊന്നു ചിന്തിച്ചു നോക്കുക. പര്‍ദയ്ക്കുള്ളില്‍ തന്റെ പെണ്ണിനെ തളയ്ക്കുന്ന ആഗോള ഇസ്ലാമിസം തെരുവില്‍ ചുംബിക്കാനും അഭിപ്രായസ്വാതന്ത്ര്യം ആഘോഷിക്കാനുമായി ചെല്ലും ചിലവും കൊടുത്തു പറഞ്ഞു വിടുന്നതിന്റെ രാഷ്ട്രീയം വിരല്‍ ചൂണ്ടുന്നത് നിലനില്‍പ്പിനെ തന്നെയാണ് എന്ന യാഥാര്‍ഥ്യം ഉറക്കം കെടുത്തുന്നില്ല എങ്കില്‍ ഇരവാദത്തിന്റെ ഷെല്ലുകളില്‍ സ്വസ്ഥമായി മയങ്ങുക. അടിമചന്തകള്‍ നിങ്ങളുടെ മക്കളെ കാത്തിരിക്കുന്നു.
Article credits,Biju Ayyappan,Janamtv News