ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യവാദികള്‍ക്ക് തിരിച്ചടിയാകും. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്തിനെതിരേ തിരിയുന്ന പ്രവണതയെ ആണ് കോടതി ശക്തമായ ഭാഷയില്‍ ചോദ്യം ചെയ്തത്. അതിര്‍ത്തിയില്‍ സൈന്യം കാവല്‍ നില്‍ക്കുന്നതുകൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യം നമുക്ക് ആസ്വദിക്കാന്‍ കഴിയുന്നുതെന്ന കോടതിയുടെ പരാമര്‍ശം രാജ്യത്ത് അടുത്തിടെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്കുളള ശക്തമായ മറുപടി കൂടിയാണ്.
ജെഎന്‍യുവില്‍ നടന്ന പരിപാടിക്കെതിരായ വികാരം രാജ്യത്ത് കത്തിപ്പടരവേ ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസും ഇടത് കക്ഷികളും ഉള്‍പ്പെടെയുളള രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനെ പ്രതിരോധിച്ചത്. പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നുവെന്നും രാജ്യത്തിനെതിരേ അക്രമം നടത്തിയതിന് ശിക്ഷിച്ച തീവ്രവാദിയെ മഹത്വവല്‍ക്കരിച്ച് മുദ്രാവാക്യം വിളിച്ചുവെന്നും പകല്‍ പോലെ വ്യക്തമായിട്ടും ഇതെല്ലാം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ കെട്ടാനായിരുന്നു ഈ രാഷ്ട്രീയ കക്ഷികള്‍ ശ്രമിച്ചത്. ഇവര്‍ക്കുളള ശക്തമായ മറുപടി കൂടിയാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍.
ജെഎന്‍യുവിലെ പരിപാടി അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലിക അവകാശം സംരക്ഷിക്കാനാണെന്ന് കരുതാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് ഒരു തരം അണുബാധയാണ്. ചിലരെ മാത്രം ബാധിച്ചിട്ടുളള രോഗം. അത് നിയന്ത്രിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധിയായി പടരുമെന്നും കോടതി ചൂണ്ടിക്കാട്ടി. അണുബാധ കൂടുതല്‍ അവയവങ്ങളെ ബാധിക്കുന്നതിന് മുന്‍പ് ബാധിച്ച ഭാഗം മുറിച്ചുമാറ്റുകയാണ് ഏക ചികിത്സയെന്നും കോടതി അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബങ്ങളെയാണ് അപമാനിച്ചതെന്നും കോടതി പറഞ്ഞു. സര്‍വ്വകലാശാലാ ക്യാമ്പസ് നല്‍കുന്ന സുരക്ഷിതത്വത്തില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ കഴിയുന്നത് ഇവിടെ ലഭിക്കുന്ന സ്വാതന്ത്ര്യം ആസ്വദിക്കുന്നതുകൊണ്ടാണ്. ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയില്‍ ഓക്‌സിജന്‍ പോലും ലഭ്യമല്ലാത്ത ഇടങ്ങളില്‍ നമ്മുടെ സൈനികര്‍ കാവല്‍ നില്‍ക്കുന്നതുകൊണ്ടാണ് ആ സ്വാതന്ത്ര്യം ലഭിക്കുന്നത്. അഫ്‌സല്‍ ഗുരുവിന്റെയും മഖ്്ബൂല്‍ ഭട്ടിന്റെയും ചിത്രങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് ഇത്തരം അവസ്ഥയില്‍ ഒരു മണിക്കൂര്‍ പോലും പിടിച്ചുനില്‍ക്കാനാകില്ലെന്നും കോടതി പറഞ്ഞു.
അഭിപ്രായ സ്വാതന്ത്രത്തിനു വേണ്ടി മുറവിളി കൂട്ടുമ്പോള്‍ അതിനൊപ്പം ഉത്തരവാദിത്തങ്ങളും നിറവേറ്റണം. വിദ്യാര്‍ത്ഥികളെ നേര്‍വഴിക്ക് നയിക്കേണ്ടത് അധ്യാപകരാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
No comments:
Post a Comment