Friday, January 15, 2016
പറയാന്‍ ഭയമെന്നു മുന്‍ ജയില്‍ മേധാവി സരിതയുടെ കത്തില്‍ മന്ത്രിമാരുടെ പേരുണ്ട്
കൊച്ചി:സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ വിവാദകത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 13 പ്രമുഖരുടെയും ഒരു ഉന്നത പോലീസ് ഉദ്യോഗസ്‌ഥന്റെയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ടെന്നു മുന്‍ ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ് അന്വേഷണ കമ്മിഷനു മൊഴിനല്‍കി. അപകടം പിടിച്ചതായതിനാല്‍ പേരുകള്‍ പറയാന്‍ സന്നദ്ധനല്ലെന്നും ജസ്‌റ്റിസ് ശിവരാജന്‍ മുമ്പാകെ അലക്‌സാണ്ടര്‍ ജേക്കബ് വ്യക്‌തമാക്കി.
മുഖ്യമന്ത്രിയുടെ പേര് കത്തിലില്ല. മറ്റു പേരുകള്‍ പറയാന്‍ ബുദ്ധിമുട്ടുമുണ്ട്. സര്‍ക്കാര്‍ സര്‍വീസിലുള്ളവരും വിരമിച്ചവരും വിവാദങ്ങളില്‍പെട്ടാല്‍ സ്‌ഥിതി ഗൗരവമുള്ളതാകും. ഒരു ജേക്കബ് തോമസ് ഒഴിച്ചാല്‍, അധികമാര്‍ക്കും പിടിച്ചുനില്‍ക്കാനാകില്ല. അതിനാല്‍ കത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് അലക്‌സാണ്ടര്‍ ജേക്കബ് കമ്മിഷനെ അറിയിച്ചു.
സോളാര്‍ കേസില്‍ അറസ്‌റ്റിലായി പത്തനംതിട്ട ജില്ലാജയിലില്‍ കഴിഞ്ഞ സരിതയെ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി: ഹരികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്‌റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പിനുശേഷം തിരികെയെത്തിച്ച സരിതയെ ജയില്‍ ജീവനക്കാര്‍ ദേഹപരിശോധന നടത്തിയപ്പോഴാണു കത്ത് കണ്ടെടുത്തത്. തുടര്‍ന്നു ജയില്‍ സൂപ്രണ്ട് തന്നെ വിവരമറിയിച്ചു. 21 താളുകളില്‍ ഇരുവശത്തുമായി എഴുതിയ കത്ത് 42 പേജുണ്ടായിരുന്നു. ജയിലില്‍നിന്നോ പോലീസ് സ്‌റ്റേഷനില്‍നിന്നോ ലഭിക്കുന്ന കടലാസല്ല കത്തെഴുതാന്‍ ഉപയോഗിച്ചത്.
ദേഹപരിശോധനയില്‍ കണ്ടെത്തിയ കത്ത് ജയില്‍ അധികൃതരാണു സൂക്ഷിച്ചിരുന്നതെന്നും അലക്‌സാണ്ടര്‍ ജേക്കബ് വ്യക്‌തമാക്കി. പിന്നീടു ജയില്‍ചട്ടപ്രകാരം സൂപ്രണ്ട് ഇതു സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനു കൈമാറി. അഭിഭാഷകനില്‍നിന്ന് പേജുകളുടെ എണ്ണം രേഖപ്പെടുത്തിയ കൈപ്പറ്റ് രസീത് വാങ്ങിയിരുന്നു. ജയില്‍ ജീവനക്കാരാണു കത്തിന്റെ ഉള്ളടക്കം തന്നോടു പറഞ്ഞത്. കത്ത് നേരില്‍ കാണുകയോ വായിക്കുകയോ ചെയ്‌തിട്ടില്ല. ജയില്‍ മേധാവി സ്‌ഥാനത്തുനിന്നു വിരമിച്ചതിനാലും അന്നു വിവരങ്ങള്‍ കൈമാറിയ ജീവനക്കാര്‍ ഇന്നു മാറ്റിപ്പറയുമോയെന്ന ആശങ്കയുള്ളതിനാലുമാണു പേരുകള്‍ വെളിപ്പെടുത്താത്തത്. സരിത കത്ത് പുറത്തുവിടുകയും അതില്‍ താന്‍ പറഞ്ഞ പേരുകള്‍ ഇല്ലാതിരിക്കുകയും ചെയ്‌താല്‍ നിയമനടപടിക്കു വിധേയനാകേണ്ടിവരുമെന്ന ഭയമുണ്ടെന്നും അലക്‌സാണ്ടര്‍ ജേക്കബ് മൊഴിനല്‍കി.
സുരക്ഷാകാരണങ്ങളാല്‍ സരിതയെ പത്തനംതിട്ട ജയിലില്‍നിന്നു മാറ്റണമെന്ന് ഇപ്പോഴത്തെ സംസ്‌ഥാന പോലീസ് മേധാവിയും അന്ന് ഇന്റലിജന്‍സ് എ.ഡി.ജി.പിയുമായിരുന്ന ടി.പി. സെന്‍കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയതനുസരിച്ചാണ് അവരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലിലേക്കു മാറ്റിയത്. ജയിലില്‍ സരിതയെ അമ്മയ്‌ക്കൊപ്പം സന്ദര്‍ശിച്ച യുവാവ് ബന്ധുവായിരുന്നില്ല. വ്യാജവിലാസം ഉപയോഗിച്ചാണ് ഇയാള്‍ സരിതയെ ജയിലില്‍ സന്ദര്‍ശിച്ചതെന്നു പിന്നീട് അന്വേഷണത്തില്‍ വ്യക്‌തമായി. എന്നാല്‍ സന്ദര്‍ശകന്‍ ആരാണെന്നു കണ്ടെത്താനായില്ല.
സരിതയെ അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ച ഒറ്റദിവസം മാത്രം സന്ദര്‍ശനാനുമതി തേടി നൂറ്റമ്പതോളം അപേക്ഷ ലഭിച്ചു. അതില്‍ ഒട്ടേറെ പ്രമുഖരുണ്ടായിരുന്നെന്നും പേരു പറഞ്ഞാല്‍ കേരളം ഞെട്ടുമെന്നും മുന്‍ ജയില്‍ മേധാവി പറഞ്ഞു. സരിതയ്‌ക്കു വിദേശത്തുനിന്നടക്കം നിരവധി കോളുകള്‍ എത്തിയിരുന്നു. എന്നാല്‍, അമ്മയുടെയും അഭിഭാഷകന്റെയുമൊഴികെ മറ്റു കോളുകള്‍ കണക്‌റ്റ് ചെയേ്ണ്ടെന്നേു ജയില്‍ സൂപ്രണ്ടിനു കര്‍ശനനിര്‍ദേശം നല്‍കി. സരിതയെ അട്ടക്കുളങ്ങര ജയിലിലെത്തിച്ച അന്നുരാത്രി ആയുധവുമായി ഒരുസംഘം വാഹനത്തില്‍ ജയില്‍ പരിസരത്തെത്തി. വിവരം പോലീസ് അറിഞ്ഞതോടെ സംഘം രക്ഷപ്പെട്ടു. ഈ സാഹചര്യത്തില്‍ അഭിഭാഷകനും അമ്മയ്‌ക്കും ഏറ്റവുമടുത്ത ബന്ധുവിനുമൊഴികെ ആര്‍ക്കും സന്ദര്‍ശനാനുമതി നല്‍കരുതെന്നു ജയില്‍ സൂപ്രണ്ടിനോടു നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണു ബന്ധുവായിച്ചമഞ്ഞ് യുവാവ് ജയിലിലെത്തിയത്. ഈ സന്ദര്‍ശനശേഷം സരിതയുടെ മനോഭാവത്തില്‍ മാറ്റംവന്നതായി ജയില്‍ ജീവനക്കാര്‍ പറഞ്ഞിരുന്നു.
ജയില്‍ ഗേറ്റിനു പുറത്തു സമാന്തര സന്ദര്‍ശക ഡയറി സ്‌ഥാപിക്കുകയും ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് ജയില്‍ ഐ.ജിയായിരുന്ന എച്ച്. ഗോപകുമാറിന്റെ സന്ദര്‍ശനം മാധ്യമങ്ങളെ തെറ്റായ രീതിയില്‍ അറിയിക്കുകയും ചെയ്‌തതിനാണു ഹെഡ് വാര്‍ഡന്‍ ശ്രീരാമനെ ചീമേനി തുറന്ന ജയിലിലേക്കു സ്‌ഥലംമാറ്റിയതെന്നും മുന്‍ ജയില്‍ മേധാവി കമ്മിഷനെ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment