Thursday, January 7, 2016

സിപിഎമ്മുമായി ചര്‍ച്ച; മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ഭാഗ്യകരമെന്ന് കുമ്മനം രാജശേഖരന്‍

പാലക്കാട്: രാഷ്ട്രീയസംഘര്‍ഷം ഒഴിവാക്കുന്നതിനും സമാധാനം നിലനിര്‍ത്തുന്നതിനുമായി ആര്‍എസ്എസ് -സിപിഎം ചര്‍ച്ചയാകാമെന്ന ആശയത്തെ പരിഹസിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് നിര്‍ഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് കുമ്മനം രംഗത്തെത്തിയത്.
സമാധാനം നാടിന്റെ ആവശ്യമാണ്. ഇത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയുടേയോ സംഘടനയുടെയോ മാത്രം പ്രശ്‌നമല്ല. സമാധാന ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കി പ്രോത്സാഹിപ്പിക്കാന്‍ ബാദ്ധ്യതയുള്ള സംസ്ഥാനത്തിന്റെ തലവന്‍കൂടിയായ മുഖ്യമന്ത്രി അതിനെ പരിഹസിച്ച് സംസാരിക്കുന്നത് അദ്ദേഹത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കുമ്മനം കുറ്റപ്പെടുത്തി.
സമാധാനത്തിനായി ആര്‍എസ്എസും സിപിഎമ്മും തമ്മില്‍ ചര്‍ച്ചയാകാമെന്ന നിലപാടിനെ ജനം രണ്ട് കാലുകൊണ്ട് ചവിട്ടി പുറത്താക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഉമ്മന്‍ചാണ്ടി മാത്രമല്ല കെപിസിസി പ്രസിഡന്റും സമാധാനത്തിന് സിപിഎം -ആര്‍എസ്എസ് ചര്‍ച്ച നടക്കുന്നതിനെതിരെ അസഹിഷ്ണതയും അസ്വസ്ഥതയും പ്രകടപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് സമാധാനം പുലരാന്‍ സഹകരിക്കുന്നിന് പകരം തുരങ്കം വയ്ക്കാനാണ് ഇവരുടെ ശ്രമം. സംഘര്‍ഷം ഉണ്ടാക്കി മുതലെടുക്കാനുള്ള കോണ്‍ഗ്രസിന്റെ എക്കാലത്തേയും സമീപനം തന്നെയാണ് ഇവിടെയും കാണുന്നതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമായി ചാവക്കാടും തൃശൂരും നടന്ന കൊലപാതകങ്ങളെക്കുറിച്ചും മറ്റും മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഓര്‍ക്കുന്നത് നല്ലതാണെന്നും കുമ്മനം ഓര്‍മ്മിപ്പിച്ചു.
News Credits,Janamtv News

No comments:

Post a Comment