ന്യൂഡല്‍ഹി: വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രകൃതി പ്രതിഭാസങ്ങള്‍ മൂലം വിളനഷ്ടം നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കര്‍ഷകരില്‍ നിന്ന് നാമമാത്രമായ പ്രീമിയം തുക ഈടാക്കി ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ ലക്ഷ്യമിട്ടുളളതാണ് പദ്ധതി.
കാര്‍ഷിക വിളയുടെ 1.5 ശതമാനം മുതല്‍ അഞ്ച് ശതമാനം മാത്രമാണ് പ്രീമിയമായി ഈടാക്കുന്നത്. വിരിപ്പുകൃഷിയ്ക്ക് രണ്ട് ശതമാനവും റാബി ഉല്‍പ്പന്നങ്ങള്‍ക്ക് 1.5 ശതമാനവും ആണ് പ്രീമിയം. വാര്‍ഷിക വിളകള്‍ക്കും തോട്ടകൃഷിക്കും പ്രീമിയം തുക അഞ്ച് ശതമാനം വരും. റബ്ബര്‍ ഉള്‍പ്പെടെയുള്ള തോട്ടകൃഷിക്കും പദ്ധതി ബാധകമാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്കും പദ്ധതി ഗുണകരമാകും.
ഒരു രാജ്യം ഒറ്റ പദ്ധതി എന്ന നിലയ്ക്കാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നിലവിലുള്ള കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതികളിലെ എല്ലാ ഗുണങ്ങളും സംയോജിപ്പിച്ചാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. പദ്ധതി നിലവില്‍ വരുന്നതോടെ നിലവിലുണ്ടായിരുന്ന ഇടക്കാല പദ്ധതികള്‍ അപ്രസക്തമാകും.
സങ്കേതിക വിദ്യകളുടെ സേവനം കൂടി കൂട്ടിയിണക്കിയാണ് പുതിയ പദ്ധതിയെന്നതാണ് ഏറെ ശ്രദ്ധേയം. വിളനഷ്ടത്തിന്റെ വിവരങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ സഹിതം അധികൃതരെ ബോധ്യപ്പെടുത്താം. നടപടിക്രമങ്ങള്‍ വൈകുന്നത് മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പദ്ധതിയില്‍ സര്‍ക്കാരിന്റെ സബ്‌സിഡിക്ക് ഉയര്‍ന്ന പരിധി ഏര്‍പ്പെടുത്തിയിട്ടില്ലെന്നതാണ് കര്‍ഷകര്‍ക്ക് ഗുണകരമായ മറ്റൊരു വസ്തുത. പരമാവധി ഇന്‍ഷുറന്‍സ് തുക കര്‍ഷകര്‍ക്ക് ലഭിക്കാന്‍ ഇത് സഹായകമാകും.
No comments:
Post a Comment