Friday, January 15, 2016
കുമ്മനം രാജശേഖരന്‍ സഹിഷ്‌ണുതയുടെ പ്രവാചകനെന്ന് ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത
പത്തനംതിട്ട: സഹിഷ്‌ണുതയുടെ പ്രവാചകനാണ് കുമ്മനം രാജശേഖരനെന്ന് മാര്‍ത്തോമ്മാസഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത. കുമ്മനം രാജശേഖരന്‍ ക്രിസ്‌ത്യാനികള്‍ക്ക് എതിരല്ലെന്നും ക്രിസ്‌ത്യാനികളെ പല കാര്യങ്ങളും പഠിപ്പിച്ച ക്രിസ്‌തീയ ഗുരുവാണെന്ന് വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റം. ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷനായി ചുമതലയേറ്റ കുമ്മനം രാജശേഖരന് ആറന്മുള നിവാസികളും പരിസ്‌ഥിതി സംഘടനകളും സാംസ്‌കാരിക സംഘടനകളും ചേര്‍ന്ന് ഒരുക്കിയ സ്വീകരണച്ചടങ്ങിലാണു മെത്രാപ്പോലീത്തമാര്‍ പ്രശംസ വാരിച്ചൊരിഞ്ഞത്.
കേരളത്തില്‍ രാഷ്‌ട്രീയമേഖലയില്‍ അസഹിഷ്‌ണുത ഏറെയാണെന്നും സഹിഷ്‌ണുത നിലനിര്‍ത്താനുള്ള നേതാവായാണ് ജനങ്ങള്‍ അദ്ദേഹത്തെ അംഗീകരിച്ചതെന്നും മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. ജനസംഘത്തിന്റേയും പിന്നീടുവന്ന ബി.ജെ.പിയുടേയും മാര്‍ത്തോമ്മാ സഭയുടെയും പൈതൃകങ്ങള്‍ തമ്മില്‍ ഏറെ സാമ്യമുണ്ട്. ജനസംഘത്തിന്റെ കൊടിയില്‍ മണ്‍വിളക്കുണ്ടായിരുന്നു. പിന്നീട് ബി.ജെ.പിയായി മാറിയപ്പോള്‍ ചിഹ്നം താമരയായി. മാര്‍ത്തോമ്മാ സഭയുടെ പതാകയില്‍ മണ്‍വിളക്കും താമരയും എത്രയോ കാലമായി ചിഹ്നങ്ങളാണ്.
നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മാര്‍ത്തോമ്മാ സഭയുടെ പ്രതിനിധിയായി അവിടെച്ചെന്ന തന്നെ സംസ്‌ഥാന അതിഥിയായി പരിഗണിച്ച് ആദരിച്ചതും മധ്യപ്രദേശിലെ ബി.ജെ.പി. സര്‍ക്കാര്‍ നല്‍കിയ സമാനരീതിയിലുള്ള ആദരവ് നല്‍കിയതും ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത വിവരിച്ചു.
ആറന്മുളയില്‍ ഹിന്ദുസംഘടനയുടെ നേതാവിനെ സ്വാഗതം ചെയ്യാന്‍ ക്രൈസ്‌തവ സഭയുടെ ആചാര്യന്മാരെ വിളിച്ച് ഹിന്ദുമതം എത്രമാത്രം വിശാലമാണെന്ന് ലോകത്തിനു കാട്ടിക്കൊടുത്തിരിക്കുകയാണെന്ന് മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. കഴിവുകള്‍ വര്‍ധിക്കുമ്പോള്‍ സമൂഹത്തോടുള്ള കടപ്പാടും വര്‍ധിക്കുമെന്നതിന് കുമ്മനം രാജശേഖരന്റെ ആറന്മുളയിലെ പ്രവര്‍ത്തനം ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment