ന്യൂഡല്‍ഹി: പ്രഭാതഭക്ഷണം കാബൂളില്‍, ഈവനിങ് ടീ ലാഹോറില്‍, അത്താഴം ഇന്ത്യയില്‍. ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളില്‍ ഒറ്റദിനം കൊണ്ട് ഒരു പുതിയ മാതൃക വെട്ടിത്തുറക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. അടച്ചിട്ട മുറികളിലെ അജന്‍ഡയില്ലാ ചര്‍ച്ചകള്‍ക്കും സമ്മാനങ്ങള്‍ ഏറ്റുവാങ്ങാനും ഭക്ഷണം രുചിക്കാനും സുഖവാസത്തിനുമല്ല ഭരണാധികാരികളുടെ വിദേശ സന്ദര്‍ശനമെന്ന് ഒരിക്കല്‍ കൂടി പ്രവര്‍ത്തി കൊണ്ട് തെളിയിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളെ നാളിതുവരെ വിമര്‍ശിച്ചവര്‍ക്കും ഇനി വായടയ്ക്കാം.
ഭരണത്തിലേറിയതു മുതല്‍ നരേന്ദ്രമോദി നടത്തുന്ന സമാനതകള്‍ ഇല്ലാത്ത ചടുല നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് പാകിസ്ഥാനില്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനം. രാവിലെ അഫ്ഗാനില്‍ ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അഫ്ഗാനെ സഹായിക്കാനുളള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ചും വാചാലനായ പ്രധാനമന്ത്രി അടുത്ത നിമിഷം മാത്രമാണ് ലാഹോറില്‍ സന്ദര്‍ശനം നടത്താനുളള തന്റെ തീരുമാനം പുറത്തുവിട്ടത്. മോദിയുടെ തീരുമാനം നയതന്ത്ര നിപുണരില്‍ പോലും അവിശ്വസനീയമായ അമ്പരപ്പായിരുന്നു ഉണ്ടാക്കിയത്. ഭീകരവാദം വെടിഞ്ഞാല്‍ ഇന്ത്യ നല്ല അയല്‍ക്കാരാകുമെന്ന തന്റെ വാക്കുകള്‍ പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയായിരുന്നു നരേന്ദ്രമോദി.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അനുകൂലമായ സാഹചര്യമായിരുന്നില്ല ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്നത്. അല്ലെങ്കില്‍ രാഷ്ട്രീയ നിരീക്ഷകര്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈ സമയം പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന്. നയതന്ത്രലോകത്ത് മേല്‍ക്കോയ്മ നേടാന്‍ മെല്ലെപ്പോക്കല്ല, മുന്‍ധാരണകള്‍ മാറ്റിവെച്ചുള്ള ചടുലതയും എതിരാളിയെ അതിശയിപ്പിക്കുന്ന ചുവടുവെയ്പ്പും ഗുണം ചെയ്യുമെന്ന് വിളിച്ചുപറയുകയായിരുന്നു നരേന്ദ്രമോദി. അധികാരത്തിലേറിയപ്പോള്‍ മുതല്‍ ലോകരാജ്യങ്ങളുമായി ബന്ധമുണ്ടാക്കാനും അതുവഴി ആഗോളതലത്തില്‍ ഇന്ത്യയുടെ സ്വീകാര്യത ഉയര്‍ത്തിക്കൊണ്ടുവരാനും അദ്ദേഹം സ്വീകരിച്ച മാര്‍ഗങ്ങളുടെ മറ്റൊരു തലം. ശത്രുപക്ഷത്തല്ല മിത്രപക്ഷത്ത് ചേര്‍ത്ത്് നിര്‍ത്തിയും ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാമെന്ന് പറയാതെ പറയുകയായിരുന്നു അദ്ദേഹം ഈ സന്ദര്‍ശനത്തിലൂടെ.
ഇന്ത്യ ശക്തമായി ഉന്നയിച്ച ആവശ്യമായിരുന്നു മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളുടെ വിചാരണ വേഗത്തിലാക്കുകയെന്നത്. ഇക്കാര്യത്തില്‍ അനുകൂല നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിച്ചു തുടങ്ങിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ നാമ്പുകള്‍ മുളച്ചു തുടങ്ങിയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇസ്ലാമാബാദ് സന്ദര്‍ശനം അതില്‍ നിര്‍ണായക വഴിത്തിരിവായി. ഇരുരാജ്യങ്ങളും വിത്തിട്ട ചര്‍ച്ചകള്‍ക്ക് വെള്ളവും വളവും നല്‍കി വിവിധ തലങ്ങളില്‍ ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഈ സന്ദര്‍ശനത്തിലാണ് രൂപമായത്.
അതിനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ബാങ്കോക്കില്‍ നടത്തിയ കൂടിക്കാഴ്ചയും നിര്‍ണായകമായി. പ്രധാനമന്ത്രി തലത്തിലും വിദേശകാര്യമന്ത്രാലയങ്ങള്‍ തമ്മിലും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും വിദേശകാര്യ സെക്രട്ടറിമാരും അങ്ങനെ പല തലത്തിലായിരുന്നു ചര്‍ച്ചകള്‍ ട്രാക്കിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനൊടുവിലാണ് ഈ ചര്‍ച്ചകള്‍ക്കൊക്കെ ഊര്‍ജ്ജം പകരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സൗഹൃദ സന്ദര്‍ശനവും.
ചര്‍ച്ചകള്‍ക്ക് പുതുജീവന്‍ വെച്ചതിന്റെ പ്രതികരണം പാകിസ്ഥാനിലും അടുത്തിടെ കണ്ടുതുടങ്ങിയിരുന്നു. ഇന്ത്യയ്‌ക്കെതിരേ വിവാദ പ്രസ്താവനകള്‍ നടത്തരുതെന്നും അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫ് സഹമന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ പഴയതുപോലെ എരിതീയില്‍ എണ്ണ ഒഴിക്കുന്ന പ്രസ്താവനകള്‍ കുറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം വഷളായ ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും പാകിസ്ഥാന്‍ പ്രസിഡന്റ് ആയിരുന്ന പര്‍വ്വേസ് മുഷറഫും 2001 ല്‍ ആഗ്രയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ എന്നത്തെയും പോലെ കശ്മീര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചകള്‍ ഇടിച്ചു നിന്നു. ഇതിന്റെ ഒരു രണ്ടാമിന്നിങ്‌സ് ആണ് ലാഹോര്‍ സന്ദര്‍ശനത്തിലൂടെ നരേന്ദ്രമോദി തുടങ്ങിവെച്ചിരിക്കുന്നത്.
നയതന്ത്ര ചര്‍ച്ചകളില്‍ കശ്മീര്‍ വിഷയം മാത്രമല്ല ഇരുരാജ്യങ്ങളെയും ബാധിക്കുന്ന മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്യണമെന്നും കൃത്യമായ അജന്‍ഡകള്‍ വേണമെന്നും കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എല്ലാ ചര്‍ച്ചകളും കശ്മീര്‍ വിഷയത്തില്‍ തട്ടി പാകിസ്ഥാന്‍ വിഫലമാക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന നിരവധി വിഷയങ്ങള്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുണ്ട്. ഇതൊക്കെ പരിഹരിക്കപ്പെടാനുള്ള തടസങ്ങള്‍ നീങ്ങണമെന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാര്‍ നിലപാട്. ആദ്യം കടുംപിടുത്തം സ്വീകരിച്ചെങ്കിലും പിന്നീട് പാകിസ്ഥാന് ഇന്ത്യയുടെ നിലപാട് അംഗീകരിക്കേണ്ടി വന്നു.
പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് മോദി. 2004 ജനുവരിയില്‍ അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു ഇതിന് മുന്‍പ് പാകിസ്ഥാന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. പന്ത്രണ്ടാം സാര്‍ക്ക് ഉച്ചകോടിക്ക് വേണ്ടിയായിരുന്നു അടല്‍ജിയുടെ യാത്ര. തുടര്‍ന്ന് അധികാരത്തിലെത്തിയ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ നിന്ന് പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യമായ നടപടികള്‍ ഉണ്ടായില്ല. പതിവുപോലെ മെല്ലെപ്പോക്ക് നയങ്ങള്‍ വിലങ്ങുതടിയായി. 2008 ലെ മുംബൈ ഭീകരാക്രമണത്തോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഏറെ വഷളാകുകയും ചെയ്തു. ഇതോടെ സന്ദര്‍ശനത്തിന്റെയും സഹകരണത്തിന്റെയും വാതിലുകള്‍ താല്‍ക്കാലികമായി അടഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും സ്വതന്ത്രമായ 1947 ന് ശേഷം അടല്‍ ബിഹാരി വാജ്‌പേയിക്ക് മുന്‍പ് മൂന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ മാത്രമാണ് പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നത്. വിഭജനത്തിന് ശേഷം 1953 ജൂലൈയില്‍ ജവഹര്‍ ലാല്‍ നെഹ്‌റുവായിരുന്നു അവിടം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി. 1960 സെപ്തംബറിലും നെഹ്‌റു പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. ഇന്‍ഡസ് വാട്ടേഴ്‌സ് ഉടമ്പടിയില്‍ ഒപ്പുവെയ്ക്കാന്‍ വേണ്ടിയായിരുന്നു അത്.
പിന്നീട് 28 വര്‍ഷങ്ങള്‍ക്ക് ശേഷം 1988 ല്‍ രാജീവ് ഗാന്ധിയാണ് പാകിസ്ഥാന്‍ സന്ദര്‍ശിച്ച അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി. ഇരുരാജ്യങ്ങളുടെയും ആണവ ശേഖരങ്ങള്‍ പരസ്പരം ആക്രമിക്കില്ലെന്ന കരാര്‍ അന്നത്തെ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുമായി രാജീവ് ഗാന്ധി ഒപ്പുവെച്ചു. തുടര്‍ന്ന് 1989 ലും അദ്ദേഹം പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. അധികാരമേറ്റ ശേഷം അടല്‍ ബിഹാരി വാജ്‌പേയിയും രണ്ട് തവണ പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 1999 ലായിരുന്നു ആദ്യ സന്ദര്‍ശനം. എന്നാല്‍ ഇതിന് പിന്നാലെ കാര്‍ഗില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുകയുമായിരുന്നു.
എന്നാല്‍ നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ ഭരണപ്രതിപക്ഷ ഭേദമില്ലാതെ പാകിസ്ഥാന്‍ സ്വീകരിക്കുകയാണ്. മോദിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അദ്ധ്യായമാകുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിക്കഴിഞ്ഞു
News Credits,JanamTv 26/12/2015
No comments:
Post a Comment