ആലപ്പുഴ: ജോലി തേടി പോയി സൗദിയില്‍ സ്‌പോണ്‍സറുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ആലപ്പുഴ സ്വദേശികളായ യുവാക്കള്‍ക്ക് സ്‌നേഹവും കരുതലും പകര്‍ന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിലൂടെ സൗദിയില്‍ നിന്ന് മോചിതരായി എത്തിയ യുവാക്കളെ രാവിലെ ആലപ്പുഴയിലെ വീടുകളിലെത്തിയാണ് കുമ്മനം സന്ദര്‍ശിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മൂന്ന് യുവാക്കളും തിരുവനന്തപുരത്ത് എത്തിയത്.
ഇവരുടേതിന് സമാനമായ അനുഭവങ്ങള്‍ നിരവധി മലയാളികള്‍ വിദേശത്ത് നേരിടുന്നുണ്ടെന്ന് കുമ്മനം പറഞ്ഞു. വിദേശത്ത് തൊഴില്‍ തേടി പോകുന്ന മലയാളികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉദാസീന മനോഭാവമാണെന്നും യുവാക്കള്‍ മടങ്ങിയെത്തിയപ്പോള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്താഞ്ഞത് ദൗര്‍ഭാഗ്യകരമാണെന്നും കുമ്മനം പറഞ്ഞു.
ഇവരെ തിരിച്ചെത്തിച്ചതുകൊണ്ട് മാത്രമായില്ല, ഈ തട്ടിപ്പ് എങ്ങനെ നടന്നുവെന്നും പിന്നില്‍ ആരൊക്കെയാണെന്നും അന്വേഷിക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള അവസാന സംഭവമായിരിക്കണം ഇതെന്നും കുമ്മനം പറഞ്ഞു. ഇതേ രീതിയില്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ പുറത്തുകൊണ്ടുവരേണ്ട കടമ സര്‍ക്കാരിനുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.
കാര്‍ത്തികപ്പള്ളി സ്വദേശി ബൈജുവിന്റെയും ഹരിപ്പാട് മുട്ടത്തുളള വിമല്‍കുമാറിന്റെയും വീടുകളിലാണ് ബിജെപി അദ്ധ്യക്ഷന്‍ സന്ദര്‍ശനം നടത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഭിലാഷ് ബന്ധുക്കള്‍ക്കൊപ്പം ബിജെപി അധ്യക്ഷനെ കാണാന്‍ വിമലിന്റെ വീട്ടിലെത്തിയിരുന്നു. സൗദിയില്‍ നേരിട്ട ദുരനുഭവം മൂവരും കുമ്മനം രാജശേഖരനോട്് വിവരിച്ചു.
സൗദി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ സാംസ്‌കാരിക സംഘടനയായ സമന്വയ ആണ് യുവാക്കളെ രക്ഷപെടുത്തിയത്. സ്‌പോണ്‍സറുടെ മര്‍ദ്ദനം സഹിക്കാനാകാതെ ഓടി രക്ഷപെട്ടപ്പോള്‍ കടുത്ത നിയമങ്ങള്‍ നിലനില്‍ക്കുന്ന സൗദിയില്‍ പലരും സഹായിക്കാന്‍ മടി കാട്ടിയതായി യുവാക്കള്‍ പറഞ്ഞു. മരണം മുന്നില്‍ കണ്ട ദിവസങ്ങളാണ് കടന്നുപോയതെന്നും ഇവര്‍ വിതുമ്പലോടെ ഓര്‍ത്തെടുത്തു.
മലയാളികള്‍ തന്നെ നേതൃത്വം നല്‍കുന്ന സില്‍വര്‍ ഡോട്ട് എന്ന ഒരു കമ്പനിയിലേക്കെന്ന് പറഞ്ഞാണ് ഇവര്‍ക്ക് വീസ നല്‍കിയിരുന്നത്. ആലപ്പുഴ സ്വദേശികള്‍ തന്നെയായിരുന്നു ഇടനിലക്കാര്‍. പമ്പ് ഓപ്പറേറ്റര്‍ ജോലിയും കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിയും വാഗ്ദാനം ചെയ്ത് സൗദിയിലെത്തിച്ച ഇവരെ തുച്ഛമായ ശമ്പളത്തില്‍ മറ്റ് ജോലികള്‍ക്കായി നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെ സ്‌പോണ്‍സര്‍ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഇതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ യുവാക്കള്‍ വീട്ടില്‍ അയച്ചു കൊടുത്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മലയാള ദൃശ്യ മാദ്ധ്യമങ്ങള്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയാക്കിയതോടെ ദേശീയ മാദ്ധ്യമങ്ങളും വിഷയം ഏറ്റെടുത്തു. തുടര്‍ന്നാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ ഇടപെട്ടത്. തങ്ങളെ കൊണ്ടുപോയ ആലപ്പുഴ സ്വദേശി ഷംനാദിന്റെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു.
News Credits,Janamtv News
No comments:
Post a Comment