തിരുവനന്തപുരം : സിപിഎം നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുമെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ വക്കീൽ നോട്ടീസയച്ചു . ആരാധനാലയങ്ങളുടെ പരിസരത്ത് കച്ചവടം ചെയ്യുന്ന അന്യമതസ്ഥരെ ഒഴിവാക്കണമെന്ന് കുമ്മനം പ്രസ്താവന നടത്തിയെന്ന അസത്യപ്രചാരണത്തിനെതിരെയാണ് വക്കീൽ നോട്ടീസയച്ചിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകനായ ആർ. കൃഷ്ണരാജാണ് കുമ്മനത്തിന് വേണ്ടി വക്കീൽ നോട്ടീസയച്ചത് .
2015 ഡിസംബർ 19 ന് നടത്തിയ പത്രസമ്മേളനത്തിൽ പറയാത്ത കാര്യങ്ങൾ പറഞ്ഞെന്നാരോപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനും പൊതുവേദികളിൽ പ്രസംഗങ്ങൾ നടത്തിയതിനുമാണ് പിണറായിക്കെതിരെ നോട്ടീസ് അയച്ചത് . കുമ്മനം രാജശേഖരനെ മതഭ്രാന്തനെന്നും വർഗീയവാദിയെന്നും വിളിച്ചു കൊണ്ട് പൊതുവേദിയിൽ നടത്തിയ പരാമർശങ്ങളും നോട്ടീസിൽ അക്കമിട്ട് നിരത്തുന്നുണ്ട് .
ഇത്തരം പരാമർശങ്ങൾ തന്നെ വ്യക്തിഹത്യ ചെയ്യാനും സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാനും വേണ്ടി മനപ്പൂർവ്വം സൃഷ്ടിച്ചതാണെന്ന് നോട്ടീസിൽ ആരോപിക്കുന്നു . ന്യൂനപക്ഷ സമൂഹങ്ങളിൽ അരക്ഷിതാവസ്ഥ വളർത്തി വോട്ട് നേടുകയെന്ന ഹീന ഉദ്ദേശ്യമാണിതിന് പിന്നിലെന്നും നോട്ടീസിൽ പറയുന്നു . ഇന്ത്യൻ പീനൽ കോഡിന്റെ 499 -)0 വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണിത് .
അസത്യ പ്രചാരണങ്ങൾ നടത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേയും ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിട്ടുള്ളത് . ജനങ്ങളെ വിഭജിക്കാനും അന്യമതസ്ഥരോട് വിദ്വേഷം ഉണ്ടാക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ള പ്രസ്താവന നടത്തിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പത്രക്കുറിപ്പിറക്കിയതിനെതിരെയാണ് നോട്ടീസയച്ചത് . ഇങ്ങനെയൊരു പ്രസ്താവന താൻ നടത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി മനപൂർവ്വം വ്യക്തി നടത്തുകയാണെന്ന് കുമ്മനത്തിനു വേണ്ടി അഭിഭാഷകനയച്ച നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു
അതുകൊണ്ട് തന്നെ പത്രസമ്മേളനം വിളിച്ച് നിരുപാധികം മാപ്പപേക്ഷിക്കുകയും അത് ഫേസ്ബുക്കിലും പത്രങ്ങളിലും ദൃശ്യമാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിക്കണമെന്നും വക്കീൽ നോട്ടീസിൽ ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ട് . ഇല്ലെങ്കിൽ സിവിലും ക്രിമിനലും അടക്കുമുള്ള കേസ് കൊടുക്കാൻ താൻ നിർബന്ധിതനാകുമെന്നും കുമ്മനത്തിനു വേണ്ടി അഭിഭാഷകൻ വ്യക്തമാക്കുന്നു.
ക്ഷേത്രങ്ങൾക്ക് സമീപമുള്ള അന്യമതസ്ഥരുടെ കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിക്കണമെന്ന് കുമ്മനം പറഞ്ഞതായി പിണറായി വിജയൻ സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ ആരോപിച്ചതാണ് വിവാദമായത് . പിന്നീട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഈ വാദം ഏറ്റുപിടിച്ചിരുന്നു . എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ കുമ്മനം ഈ അസത്യപ്രചാരണത്തിനെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്യുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു .
News Credits,Janamtv News
No comments:
Post a Comment