Saturday, August 1, 2015

കടപ്പുറത്ത് പോയി കാളകുത്തിയതിന് അമ്മയെ തല്ലരുത് ,സിപിഎമ്മിന് വെള്ളാപ്പള്ളിയുടെ മറുപടി

ആലപ്പുഴ : കടപ്പുറത്ത് പോയി കാളകുത്തിയതിന് അമ്മയെ തല്ലരുതെന്ന് സിപിഎമ്മിനോട് വെള്ളാപ്പള്ളി . ബി ജെ പിയുമായുള്ള വെള്ളാപ്പള്ളിയുടെ ബന്ധം ആത്മഹത്യാപരമാണെന്നുള്ള സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് വെള്ളാപ്പള്ളിയുടെ പരാമർശം .
സിപിഎമ്മിന്റെ മതേതരത്വം കാപട്യമാണെന്ന് അഭിപ്രായപ്പെട്ട വെള്ളാപ്പള്ളി ഇടതു പക്ഷത്തിന്റെ ജനകീയ അടിത്തറ ഹിന്ദുക്കളാണെന്ന് മറന്നു പോകരുതെന്നും ഓർമ്മിപ്പിച്ചു. അതിന് തയ്യാറായില്ലെങ്കിൽ കാലത്തിന്റെ കുത്തൊഴുക്കിൽ പാർട്ടി നാമാവശേഷമാകുമെന്നും വെള്ളാപ്പള്ളി മുന്നറിയിപ്പ് നൽകി .
വെള്ളാപ്പള്ളി നടേശന്റെ ഫേസ്ബുക്ക് പേജിലാണ് സിപിഎമ്മിനുള്ള മറുപടി വന്നത് . എസ് എൻ ഡി പി മുഖപ്രസിദ്ധീകരണമായ യോഗനാദത്തിന്റെ മുഖപ്രസംഗമായി വന്ന ലേഖനമാണിത് .
യോഗത്തിനും യോഗനേതൃത്വത്തിനുമെതിരെ വിഷം ചീറ്റുന്ന നേതാക്കൻമാർ ഒന്നു ചിന്തിക്കുക. പശ്ചിമ ബംഗാളിൽ ഇടതുപക്ഷ അടിത്തറ തകർന്നു തരിപ്പണമായത് എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനമാണോ? ദിവസവും ഇപ്പോൾ നൂറ്റിയൊന്നാവർത്തിച്ച് മൊഴിഞ്ഞുകൊണ്ടിരിക്കുന്ന മതേതരത്വം എന്ന വാക്കിനോട് നീതി പുലർത്തി പ്രവർത്തിച്ചിട്ടുണ്ട് എന്ന് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ പറയുവാൻ കഴിയുമോ?
അടിച്ചമർത്തലുകൾ ഒരു പരിധിക്കപ്പുറം നിലനിൽക്കില്ല...... "

ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ
" സംഘടിത മതന്യൂനപക്ഷ മേഖലയിൽ വരുമ്പോൾ ഇത്തരം നിലപാടുകളെ സാധൂകരിക്കുവാൻ മതേതരജനാധിപത്യത്തിന് ശക്തി പകരുവാനുള്ള അടവുനയം എന്ന് പേരിട്ടു. എന്നാൽ അടിസ്ഥാന ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മറ്റിടങ്ങളിൽ മതേതരത്വമെന്നും, ജനാധിപത്യമെന്നും പേരിട്ടു.
ഇന്നല്ലെങ്കിൽ നാളെ നാം കണ്ട സ്വപ്നം പൂവണിയുവാൻ ഇത്തരം അടവുനയങ്ങൾ ചിലപ്പോഴൊക്കെപ്രായോഗികമാക്കേണ്ടിവരും എന്ന് താത്വികാചാര്യടാർ പാർട്ടിക്ലാസുകൾ എടുത്തപ്പോൾപാടത്തും, പറമ്പിലും, വെയിലത്തും, മഴയത്തും എല്ലുമുറുകെ പണിയെടുത്ത് മതേതരത്വത്തെ നെഞ്ചോടു ചേർത്തുവച്ച സാധാരണക്കാരൻ അതെല്ലാം വിശ്വസിച്ചു. കാരണം ഈ കഷ്ടപ്പാടും ചൂഷണവും ഇന്നല്ലെങ്കിൽ നാളെ മാറും എന്ന വിശ്വാസത്തിൽ. പിന്നോക്ക/ദളിത് വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനാൽ ഇത്തരം കപടമതേതരത്വം തിരിച്ചറിയുവാനുള്ള അറിവ് അവർക്കില്ലായിരുന്നു. ഈ ചൂഷണമാണ് കഴിഞ്ഞ നാലു പതിറ്റാണ്ടായി കേരളത്തിൽ നിലനിൽക്കുന്നത്.
എന്നാൽ വിദ്യകൊണ്ടു സ്വതന്ത്രരാവുക എന്ന ഗുരുവിന്റെ സന്ദേശത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടു ഒരു നൂറ്റാണ്ടിനു ശേഷം മഹാഗുരുവിന്റെ ദർശനങ്ങളും സന്ദേശങ്ങളും പിന്നോക്ക ജനവിഭാഗങ്ങളിൽ തിരിച്ചറിവ് സൃഷ്ടിച്ചപ്പോൾ കപടമതേതരത്വവും അതിന്റെ ഫലമായി സമൂഹത്തിൽ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലയിൽ മതനിരപേക്ഷത നെഞ്ചോടു ചേർത്തുവച്ച വിഭാഗങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതിന്റെ ഫലമായി കുമാരനാശാന്റെ വാക്കുകൾക്ക് ഏറെ പ്രാധാന്യം നൽകി മാറ്റുവിൻ ചട്ടങ്ങളെ സ്വയം അല്ലെങ്കിൽ മാറ്റും അതുകളിനിങ്ങളെത്താൻ ഈ തിരിച്ചറിവിനെയാണ് ഇന്ന് കമ്മ്യൂണിസ്റ്റ് നേതാക്കൻമാരായ പിണറായി വിജയനും, വി.എസ്.അച്ചുതാനന്ദനുമൊക്കെ അതിരൂഷമായ ഭാഷയിൽ വിമർശിക്കുന്നത്."
കത്തോലിക്കാ കോൺഗ്രസിന്റെ യുവജനവിഭാഗം നേതാവായിരുന്ന മനോജ് കുരിശിങ്കലിനെ ആലപ്പുഴ പാർലമെന്റ് സീറ്റിൽ നിറുത്തി മത്സരിച്ചപ്പോൾ തീരദേശങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ തൊപ്പിയും വച്ച് വള്ളത്തിന്റെ അമരത്ത് നിൽക്കുന്ന മനോജിനെ മനോജ് കുരിശിങ്കലെന്നും അവിടെ നിന്നും കയർഫാക്ടറി മേഖലയിൽ വന്നപ്പോൾ ഉടുത്തിരുന്ന ഡബിൾമുണ്ടിന്റെ ഒരു തല കയ്യിൽപ്പിടിച്ചുകൊണ്ടു നടക്കുന്ന മനോജിനെ ഡോ.കെ.എസ്.മനോജ് എന്നും പോസ്റ്റർ അടിച്ചു വോട്ടുവാങ്ങിയത് മതേതരത്വമോ? ന്യൂനപക്ഷ പ്രീണനമോ? എന്നിട്ട് ഇപ്പോൾ ആ മനോജ് എവിടെയാണ് പാർട്ടിയിൽ ഉണ്ടോ? അതുപോലെ മുസ്ലീമിനെ സ്വാധീ നിക്കാൻ കൊണ്ടുവന്ന എ.പി. അബ്ദുള്ളക്കുട്ടി എന്ന കമ്മ്യൂണിസ്റ്റുകാരൻ ഇപ്പോൾ എവിടെയാണ്. എറണാകുളത്തെ ക്രിസ്ത്യൻ വോട്ടുകൾക്കു വേണ്ടി മത്സരിപ്പിച്ച സിന്ധു ജോയിയെ കണ്ടുപിടിച്ച് മതേതരത്വം പറയിക്കാമോ?
വിദ്യകൊണ്ടു സ്വതന്ത്രരാകുവാൻ ഉദ്‌ബോധിപ്പിച്ച ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലുള്ള കണ്ണൂർ എസ്.എൻ കോളേജിൽ നാക്കിന്റ ഇൻസ്‌പെക്ഷൻ ടീം വന്നപ്പോൾ എസ്.എഫ്.ഐ ക്കാരെ കൊണ്ട് അവരെ തടഞ്ഞ് ആ കോളേജിന് സ്വയംഭരണ സർവ്വകലാശാല പദവി തടഞ്ഞത് തൊട്ടടുത്തുള്ള കോഴിക്കോട് ഫറൂക്ക് കോളേജിന് ആ പദവി ലഭിക്കാൻ വേണ്ടിയായിരുന്നില്ലേ? ശ്രീനാരായണ കോളേജുകളിൽ മാത്രം വിദ്യാർത്ഥികളെക്കൊണ്ടു കലാപമുണ്ടാക്കി അവിടെ സംഘർഷാവസ്ഥ സൃഷ്ടിച്ചു ഈ സമുദായത്തിന് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിന് തടസം സൃഷ്ടിക്കുമ്പോൾ ഏതൊക്കെ ന്യൂനപക്ഷ കോളേജുകളിലുണ്ട് ഇത്തരം സമരാഭാസങ്ങൾ.
എസ്.എൻ.ഡി.പി യോഗമാണ് പരമ്പരാഗത ഇടതുപക്ഷ വിശ്വാസികളിലെ നയവ്യതിയാനത്തിനു കാരണം എന്നു പറഞ്ഞു കൊണ്ട് യോഗത്തിനും യോഗനേതൃത്വത്തിനുമെതിരെ വിഷം ചീറ്റുന്ന നേതാക്കൻമാർ ഒന്നു ചിന്തിക്കുക. പശ്ചിമ ബംഗാളിൽ ഇടതുപക്ഷ അടിത്തറ തകർന്നു തരിപ്പണമായത് എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനമാണോ? ദിവസവും ഇപ്പോൾ നൂറ്റിയൊന്നാവർത്തിച്ച് മൊഴിഞ്ഞുകൊണ്ടിരിക്കുന്ന മതേതരത്വം എന്ന വാക്കിനോട് നീതി പുലർത്തി പ്രവർത്തിച്ചിട്ടുണ്ട് എന്ന് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ പറയുവാൻ കഴിയുമോ? സ്വകാര്യലാഭത്തിനു വേണ്ടി ഗുരുദേവദർശനങ്ങളെ യോഗനേതാക്കൻമാർ വക്രീകരിക്കുന്നു എന്ന് ആക്ഷേപിക്കുന്ന നിങ്ങൾ, എന്തിനു വേണ്ടിയായിരുന്നു 17 കേസുകളിൽ പെട്ട് ജയിലിൽ നിന്ന് പരോളനുവദിച്ചു വന്ന അബ്ദുൾനാ ർ മദനിയുടെ വരവും കാത്ത് രണ്ടര മണിക്കൂർ സമയം കരുനാഗപ്പള്ളിയിൽ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റി വച്ച് കാത്തിരുന്നത് ?
അരുവിക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ അടിയൊഴുക്കിന്റെ യഥാർത്ഥ ചിത്രം മനസിലാക്കിയ കാനം രാജേന്ദ്രൻ ഉള്ളതു പറഞ്ഞപ്പോൾ അതിനെ പ്രതിക്രിയവാദമെന്നും, അന്തർധാരയെന്നും, വലതുപക്ഷ പിന്തിരിപ്പൻശക്തികളുമെന്നുള്ള വാചക കസർത്തിനുമപ്പുറം കാലത്തിന്റെ ചുവരെഴുത്ത് വായിക്കുവാനുള്ള തിരിച്ചറിവ്ഉണ്ടായിരിക്കണം നേതാക്കൻമാർക്ക്. നിരവധി തവണ എസ്.എൻ.ഡി.പി യോഗം പറഞ്ഞിരുന്നന്യൂനപക്ഷപ്രീണനം ഇന്ന് രാഷ്ട്രീയ കേരളവും പൊതുസമൂഹവും ശരിവച്ചിരിക്കുന്നു. ഇതിന് പരിഹാരം ഉണ്ടാക്കേണ്ടത് ബന്ധപ്പെട്ടവരുടെ കടമയാണ് അതു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ്.
ഞങ്ങൾ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എതിരല്ല. ന്യൂനപക്ഷ പ്രീണനമാണ് ഭൂരിപക്ഷത്തിന്റെ കൊഴിഞ്ഞുപോക്കിനു കാരണം. ഇത് തടഞ്ഞു നിർത്തുവാനുള്ള കർമ്മപദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്നാണ് ഞങ്ങൾ ഇതിലൂടെ ആഗ്രഹിക്കുന്നത്. ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ ഹിന്ദുക്കളാണെന്ന തിരിച്ചറിവ് പാർട്ടിക്കുണ്ടാവണം. അതിന് തയ്യാറായില്ലെങ്കിൽ കാലത്തിന്റെ കുത്തൊഴുക്കിൽ പലതും നാമാവശേഷമാവും......
അടിച്ചമർത്തലുകൾ ഒരു പരിധിക്കപ്പുറം നിലനിൽക്കില്ല...... " Article Credits JanamTV

No comments:

Post a Comment