മാഡിസണെ പിന്നിലാക്കാൻ ദുബായ് ഒരുങ്ങുന്നു
34 വർഷത്തിന് ശേഷമാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി യു എ ഇ സന്ദർശിക്കുന്നത്
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ യു എ ഇ യിലെ ഭാരതീയ സമൂഹം ഒരുങ്ങി. സന്ദർശനത്തിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ഡൽഹിയിൽ നിന്ന് ഉന്നതതല സംഘം യു എ ഇ യിൽ എത്തി.
34 വർഷത്തിന് ശേഷമാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി യു എ ഇ സന്ദർശിക്കുന്നത്. ഇതിന് മുന്നോടിയായി കേന്ദ്ര വിദേശ കാര്യ സെക്രട്ടറി എസ്. ജയശങ്കറിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം യു എ ഇ യിൽ എത്തി. ഈ മാസം 16ന് അബുദാബിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി , യു എ ഇ ഭരണാധികാരികളുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തും.
17 ന് ദുബായിൽ, ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. തുടർന്ന് വൈകിട്ട് ആറിന് ദുബായ് ക്രിക്കറ്‍റ് സ്റ്‍റേഡിയത്തിൽ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ അദ്ദേഹം ഭാരതീയ സമൂഹത്തെ അഭിസംബോധന ചെയ്യും. 40,000 പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.
പൊതുപരിപാടിയിൽ പങ്കെടുക്കാൻ www.namoindubai.ae എന്ന വെബ്സൈറ്‍റ് വഴിയാണ് രജിസ്റ്‍റർ ചെയ്യേണ്ടത്. ഓൺലൈൻ രജിസ്ട്രേഷൻ വഴി ലഭിക്കുന്ന എൻട്രി പാസ്സും, കൂടാതെ എമിരേറ്റ്സ് ഐ ഡി , പാസ് പോർട്ട്, എന്നീ തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശം ഉള്ളവർക്ക് മാത്രമേ പൊതുപരിപാടിയിലേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. ഇതിനോടകംതന്നെ 23000 ത്തോളം പേർ വെബ്സൈറ്‍റിൽ പേര് രജിസ്റ്‍റർ ചെയ്തതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
സമ്മേളനവേദിക്കു സമീപമുള്ള മെട്രോ സ്റ്‍റേഷനുകളിൽ നിന്ന് ഗതാഗതസൗകര്യം ഉണ്ടായിരിക്കും. മാഡിസൺ സ്ക്വയറിലേയും സിഡ്നി, ഷാങ്ഹായ് , ടോറന്റോ എന്നിവിടങ്ങളിലേയും സമ്മേളാനങ്ങൾ ചരിത്ര സംഭവങ്ങളായപ്പോൾ ദുബായും അക്കാര്യത്തിൽ പിന്നാക്കമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത് . പ്രധാനമന്ത്രിയെ വരവേൽക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് യു എ ഇ യിലെ പ്രവാസി ഭാരതീയർ.
News Credits Janamtv
No comments:
Post a Comment