കേന്ദ്രമന്ത്രിമാര്‍ക്ക് കൂട്ടതോല്‍വി
ഇടതുപക്ഷത്തെ ബംഗാളില്‍ അപ്രസക്തമാക്കി
ന്യൂഡല്‍ഹി: നരേന്ദ്രമോദിതരംഗത്തില്‍ കോണ്‍ഗ്രസും യു.പി. എ.യും കടപുഴകി. പത്തുകൊല്ലത്തെ ഇടവേളയ്ക്കുശേഷം, ബി. ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. സഖ്യം 335 സീറ്റുമായി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലേക്ക്.
എന്‍.ഡി.എ.യുടെ വിജയത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്റെ രാജി ശനിയാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൈമാറും. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അടുത്തയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
ബി.ജെ.പി.യുടെ തകര്‍പ്പന്‍ വിജയത്തിന്റെ സൂചനകള്‍ വെള്ളിയാഴ്ച രാവിലെ വന്നുതുടങ്ങിയതോടെ ''ഇന്ത്യ ജയിച്ചു. നല്ലകാലം വരവായി'' എന്ന് ട്വിറ്ററില്‍ മോദി കുറിച്ചു. ഉത്തര്‍പ്രദേശിലെ വാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും വിജയിച്ച നരേന്ദ്രമോദി, ശനിയാഴ്ച ഡല്‍ഹിയിലെത്തും. തുടര്‍ന്ന് ചേരുന്ന ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡ് യോഗം സര്‍ക്കാറുണ്ടാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കും.
ഉത്തര്‍പ്രദേശിലെ മിന്നുന്ന പ്രകടനമാണ് ബി.ജെ.പി.യെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കിയത്. ആകെയുള്ള 80 സീറ്റില്‍ എഴുപത്തിയൊന്നും നേടിയ ബി.ജെ.പി., ഒറ്റയ്ക്ക് ഭരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷത്തിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടി. 285 സീറ്റ്. 1984-ന് ശേഷം ആദ്യമായിട്ടാണ് ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാനാവശ്യമായ 272-നേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നത്.
കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട നിലയായ രണ്ടക്ക സംഖ്യയിലേക്ക് കൂപ്പുകുത്തി. ആകെ 46 സീറ്റ് മാത്രമാണ് കോണ്‍ഗ്രസ്സിന് നേടാന്‍ കഴിഞ്ഞത്. സഖ്യത്തിലെ മറ്റ് കക്ഷികള്‍ക്ക് ലഭിച്ചതും കൂടി ചേര്‍ത്താല്‍ യു.പി.എ.ക്ക് 543 അംഗസഭയില്‍ ആകെ 61 സീറ്റുകള്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസ്സിതര, ബി.ജെ.പി.യിതര കക്ഷികള്‍ക്ക് 147 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ യു.ഡി.എഫിനാണ് മേല്‍ക്കൈ. 12 സീറ്റ്. എല്‍.ഡി.എഫ്. എട്ട് സീറ്റും നേടി. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനുള്ള ബി.ജെ.പി.യുടെ ആഗ്രഹം ഇക്കുറിയും വിജയിച്ചില്ല.
മന്‍മോഹന്‍ സര്‍ക്കാറിലെ മന്ത്രിമാരില്‍ പലരും തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും മകനും ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും ഉത്തര്‍പ്രദേശിലെ റായ് ബറേലിയിലും അമേഠിയിലും വിജയിച്ചു. മന്ത്രിമാരായ സുശീല്‍കുമാര്‍ ഷിന്‍ഡെ, സല്‍മാന്‍ ഖുര്‍ഷിദ്, ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ശ്രീപ്രകാശ് ജയ്‌സ്വാള്‍, പള്ളം രാജു, സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ പരാജയപ്പെട്ടവരില്‍ പെടുന്നു. അസമില്‍ ആകെയുള്ള 14-ല്‍ ബി.ജെ.പി. ഏഴ് സീറ്റുകള്‍ നേടിയതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്.
മോദി തരംഗത്തിലും കുലുങ്ങാതെ പിടിച്ചുനിന്നത് കേരളവും തമിഴ്‌നാടും പശ്ചിമബംഗാളും ഒഡിഷയുമാണ്. തമിഴ്‌നാട് മുഖ്യന്ത്രി ജയലളിതയുടെ എ.ഐ.എ.ഡി.എം. കെ 37 സീറ്റുമായി മൂന്നാമത്തെ വലിയ കക്ഷിയായി. നാലാം സ്ഥാനത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സാണ്. ആകെയുള്ള 42 സീറ്റില്‍ 34 സീറ്റു നേടിയ തൃണമൂല്‍ ഇടതുപക്ഷത്തെ ബംഗാളില്‍ അപ്രസക്തമാക്കി. ഒഡിഷയില്‍ ബിജുജനതാദള്‍ 21 സീറ്റില്‍ ഒന്നൊഴികെ എല്ലാം നേടി.
ഹിന്ദി ഹൃദയഭൂമിയിലുള്ള ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ, മഹാരാഷ്ട്രയുമാണ് ബി. ജെ.പി.യുടെ കുതിപ്പിനുള്ള ഊര്‍ജം നല്‍കിയത്. കേരളമൊഴിച്ചുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ബി. ജെ.പി. തങ്ങളുടെ ശക്തമായ സാന്നിധ്യം ഉറപ്പാക്കി. നഗരങ്ങളില്‍ ഒതുങ്ങിയിരുന്ന ബി.ജെ.പി.യുടെ സ്വാധീനം ഗ്രാമങ്ങളിലേക്കും പടരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. ബി.ജെ.പി.യുടെ സഖ്യകക്ഷികളില്‍ ശിവസേന മഹാരാഷ്ട്രയില്‍ 19 സീറ്റ് നേടി.
മോദി തരംഗത്തിലും പരാജയപ്പെട്ടത് നരേന്ദ്രമോദിയുടെ വിശ്വസ്തനായ അരുണ്‍ ജെയ്റ്റ്‌ലിയാണെന്നത് ശ്രദ്ധേയമാണ്. പഞ്ചാബിലെ അമൃത്സറില്‍ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനോട് ജെയ്റ്റ്‌ലി പരാജയപ്പെട്ടു. 1970-കളുടെ മധ്യത്തില്‍ ഡല്‍ഹി സര്‍വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രസിഡന്റായ ശേഷം ജീവിതത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ജെയ്റ്റ്‌ലി പരാജയത്തിന്റെ കയ്പുനീരണിഞ്ഞു.
ഗാന്ധിനഗറില്‍ എല്‍.കെ. അദ്വാനിയും ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ മുരളീമനോഹര്‍ ജോഷിയും ലഖ്‌നൗവില്‍ രാജ്‌നാഥ് സിങ്ങും പിലിബിത്തില്‍ മേനകാഗാന്ധിയും ജയിച്ചു. മധ്യപ്രദേശിലെ വിദിഷയില്‍ നിന്ന് സുഷമാ സ്വരാജും തിരഞ്ഞെടുക്കപ്പെട്ടു.
ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയും ബിഹാറില്‍ ആര്‍. ജെ.ഡി.യും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. ബി.എസ്. പി.യാകട്ടെ ഒറ്റ സീറ്റില്‍ പോലും വിജയിച്ചില്ല. സമാജ്വാദി പാര്‍ട്ടി അഞ്ച് സീറ്റിലും ആര്‍.ജെ.ഡി. മൂന്നു സീറ്റിലും ചുരുങ്ങിയത് പ്രധാനമന്ത്രിപദമടക്കം വലിയ സ്വപ്‌നങ്ങള്‍ നെയ്തിരുന്ന ഈ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് തിരിച്ചടിയായി. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് മെയിന്‍പുരിയിലും അസംഗഢിലും വിജയിച്ചു. ബാഗ്‌പേട്ടില്‍ ആര്‍.എല്‍.ഡി. നേതാവ് അജിത് സിങ് പരാജയപ്പെട്ടു. രാജസ്ഥാനില്‍ 25 സീറ്റും നേടിയെടുത്ത് വന്‍ വിജയമാണ് ബി. ജെ.പി.ക്ക് ലഭിച്ചത്.
ഈ തിരഞ്ഞെടുപ്പില്‍ നിരാശപ്പെടുത്തിയത് ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനമാണ്. വാരാണസിയില്‍ മോദിയെ നേരിടാന്‍ ഇറങ്ങിയ പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന ഡല്‍ഹിയിലെ ഏഴ് സീറ്റിലും തോറ്റു. പഞ്ചാബില്‍ മാത്രമാണ് ആശ്വാസ വിജയമുള്ളത്. നാലിടത്ത് ഇവിടെ ജയിച്ചു.
സംസ്ഥാന വിഭജനത്തിലൂടെ പ്രശസ്തി നേടിയ ആന്ധ്രാപ്രദേശില്‍ ബി.ജെ.പി.യുമായി സഖ്യത്തിലുള്ള തെലുങ്കുദേശം 42-ല്‍ 16 സീറ്റ് നേടി. ടി.ആര്‍.എസ്. 11 സീറ്റു നേടി. കോണ്‍ഗ്രസ് രണ്ട് സീറ്റിലൊതുങ്ങി. കര്‍ണാടകത്തില്‍ സംസ്ഥാന ഭരണം നഷ്ടപ്പെട്ട ബി.ജെ.പി. ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
News Credits,പി. ബസന്ത്,Mathrubhumi Daily
No comments:
Post a Comment